പപ്പടത്തെ അപകടകാരി ആക്കുന്നത് ഇവയൊക്കെയാണ്

pappadam
മോഡൽ : സാന്ദ്ര ഐപ്. ചിത്രം : വിഘ്നേഷ് കൃഷ്ണമൂർത്തി
SHARE

ഓണക്കാലത്ത് ഇലയിലേക്കാളധികം പപ്പടം വിളമ്പിയതു പത്രങ്ങളിലും ടിവിയിലുമാണ്. ഓണക്കിറ്റിലെ പപ്പടത്തിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ടായിരുന്നു കേരളത്തിൽ പപ്പടത്തിന്റെ ഇമേജ് പൊടിഞ്ഞത്. എന്നാൽ അതൊന്നും മലയാളികളെ ബാധിച്ചിട്ടില്ല. സദ്യയ്ക്ക് ഇലയിട്ടാൽ പപ്പടമില്ലാതെ പിന്നെന്ത്? 

ഉഴുന്നുപൊടി, പപ്പടക്കാരം, നല്ലെണ്ണ, ഉപ്പ് എന്നിവയാണ് പപ്പടം നിർമാണത്തിനായി ഉപയോഗിക്കുന്നത്. ഒട്ടിപ്പിടിക്കാതിരിക്കാൻ പുറത്ത് അരിപ്പൊടി വിതറും. പരമ്പരാഗത രീതിയിൽ, വീടുകളിൽ പപ്പടം ഉണ്ടാക്കുകയാണു നേരത്തെ ചെയ്തിരുന്നത്. അസംസ്കൃത വസ്തുക്കളുടെ വില വർധിച്ചതോടെ വീടുകളിലെ നിർമാണം നിർത്തി. ഇപ്പോൾ വ്യാവസായിക അടിസ്ഥാനത്തിൽ മെഷീനിൽ നിർമിക്കുന്ന പപ്പടമാണു മാർക്കറ്റിൽ കൂടുതലായി എത്തുന്നത്.

വ്യാജന്മാർ അപകടം

മൈദ, ചോളപ്പൊടി, ബജി മാവ് തുടങ്ങിയ വില കുറഞ്ഞ മാവുകൾ ചേർത്തും പപ്പടം ഉണ്ടാക്കുന്നുണ്ട്. ഈ പപ്പടത്തിനു വിലക്കുറവാണ്. ഗുണനിലവാരം ഉണ്ടാകില്ലെന്നു മാത്രമല്ല ഇതുപയോഗിച്ചാൽ രോഗസാധ്യതയും കൂടുതലാണ്. ഗുണമേന്മ ഇല്ലാത്ത എണ്ണയും കാരവും ഉപയോഗിച്ചു പപ്പടം ഉണ്ടാക്കുന്നതും ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. രാസവസ്തുക്കളായ സോഡിയം കാർബണേറ്റ്, സോഡിയം ബെൻസോയേറ്റ് എന്നിവ പപ്പടത്തിൽ ചേർക്കുന്നതായും ആക്ഷേപമുണ്ട്. ‍

വ്യാജനെ  പിടിക്കാൻ

പപ്പടം വെള്ളത്തിലിട്ടു അര മണിക്കൂറിനു ശേഷം എടുത്തു നോക്കുക. മാവ് വേർപെട്ടു പോയാൽ നല്ല പപ്പടം. ഇല്ലെങ്കിൽ മായം. ഉഴുന്നു മാത്രമാണെങ്കിൽ അതു വെള്ളത്തിൽ ലയിച്ചു ചേരുമെന്ന് 40 വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന ചേർത്തല കരുണ പപ്പടം ഉടമ വിശ്വനാഥൻ പറയുന്നു. കാലാവധി കഴിഞ്ഞാൽ രുചി പോകും. മണവും നിറവും മാറും. പഴകിയ പപ്പടം ആദ്യം ഇളം ചുവപ്പും പിന്നീട് കറുപ്പുമായി മാറും.

പപ്പട വിശേഷങ്ങൾ

∙ കാലാവധി കഴിഞ്ഞ പപ്പടം അപകടകാരി. ഭക്ഷ്യവിഷബാധയ്ക്കു സാധ്യത. ‘ലോലനായ’ പപ്പടത്തെ പൂപ്പലും ഫംഗസും വേഗത്തിൽ കീഴടക്കും.

∙ പപ്പടത്തിലുള്ള ഉഴുന്നിന്റെ അംശം ദഹനപ്രക്രിയയിൽ സഹായിക്കും.

∙ അസിഡിറ്റി പ്രശ്നങ്ങൾ ഉള്ളവർ പപ്പടം ഒഴിവാക്കുന്നത് ഉചിതം.

∙ പപ്പടം പലവിധം – കുട്ടിപപ്പടം, മസാല പപ്പടം, കുരുമുളക് പപ്പടം എന്നിങ്ങനെ..

∙ കേരളത്തിലാണ് പപ്പടം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പാപ്പട്, കർണാടകയിൽ ഹപ്പാല, ആന്ധ്രയിൽ അപ്പടം, തമിഴ്നാട്ടിൽ അപ്പളം

∙ബംഗ്ലാദേശ്, ശ്രീലങ്ക, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലും പപ്പടത്തിന്റെ വകഭേദങ്ങൾ കാണാം.

∙ തമിഴ്നാട്ടിൽ നിന്നും വരുന്ന പപ്പടം ഒരു കിലോയ്ക്ക് 80 രൂപയ്ക്ക് കിട്ടും! കേരളത്തിൽ ഉഴുന്നിന് 104 രൂപ വിലയുണ്ട്, ഏറ്റവും കുറഞ്ഞ വിലയിലുള്ള ചേരുവകൾ കൊണ്ടാണ് തമിഴ് നാടൻ പപ്പടങ്ങൾ തയാറാക്കി വിടുന്നത്. അവിടുന്ന് വരുന്ന പപ്പടങ്ങളാണ് കൂടുതലും വ്യാജൻ ഗണത്തിൽ പെടുന്നത്.

പപ്പടത്തെ അപകടകാരി ആക്കുന്നത് ഇവയൊക്കെയാണ്

ഡോ. സുജാത ഏബ്രഹാം, റിട്ട. സീനിയർ ഡയറ്റീഷ്യൻ കോട്ടയം മെഡിക്കൽ കോളജ്

പപ്പടത്തിലെ ഉഴുന്നിന്റെ അംശം ദഹനപ്രക്രിയയിൽ സഹായകരമാണ്. പ്രോട്ടീൻ അടങ്ങിയിരിക്കുന്നതിനാൽ ആരോഗ്യത്തിനും നല്ലതാണ്. കേടുകൂടാതെ സൂക്ഷിക്കുന്നതിനായി പ്രിസർവേറ്റീവ്സ് അളവിൽ കൂടുതൽ ചേർക്കുന്നതും നിലവാരം കുറഞ്ഞ പൊടികൾ നിർമാണത്തിന് ഉപയോഗിക്കുന്നതുമാണു പപ്പടത്തെ അപകടകാരി ആക്കുന്നത്. ഉപ്പിന്റെ അളവു കൂടുതൽ ആയതിനാൽ വൃക്ക സംബന്ധമായ രോഗങ്ങൾ ഉള്ളവർ പപ്പടം ഒഴിവാക്കുന്നതു നല്ലത്. ഉയർന്ന രക്തസമ്മർദം ഉള്ളവരും ഹൃദയസംബന്ധമായ രോഗങ്ങൾ ഉള്ളവരും പപ്പട ഉപയോഗം നിയന്ത്രിക്കുക. വറുത്തെടുക്കുന്നതിനു പകരം ചുട്ടെടുത്തു കഴിക്കുന്നതു കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA