ADVERTISEMENT

ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രണ്ട് പാനീയങ്ങളാണ് കാപ്പിയും ചായയും. രാജ്യാന്തര കാപ്പി ദിനമായ സെപ്റ്റംബർ 29 ന് അൽപം കാപ്പി വിശേഷങ്ങളായാലോ? തിളപ്പിച്ച പാലിൽ കാപ്പിപ്പൊടി ഇട്ടു ഇളക്കുന്ന പൊതു തത്വത്തിന് ഇന്നും മാറ്റമൊന്നുമില്ലെങ്കിലും കോഫീ മെഷീനുകളുടെയും സ്റ്റീമറുകളുടെ വരവോടെ കാപ്പി ഉണ്ടാക്കുകയെന്ന പ്രക്രിയക്കു പരിണാമം സംഭവിച്ചുവെന്നതാണ് യാഥാർഥ്യം. കടക്കാരന്റെ ഇഷ്ടമെന്നതിനു ഉപരിയായി പല കഫേകളിലും ആളുകൾ ആവശ്യപ്പെടുന്ന രീതിയിലാണ് കാപ്പി തയാറാക്കി നൽകുന്നത്. കാരമൽ, ചോക്ലേറ്റ്, വനില അടക്കമുള്ള ഫ്ലേവറുകളിൽ തുടങ്ങി കോഫി സിറപ്പ്, കോൺസൻട്രേറ്റ്, കോഫി ബീൻസ് എന്നിവ ഉപയോഗിച്ചുള്ള കാപ്പിയും കടകളിൽ ലഭ്യമാണ്. സമൂഹ മാധ്യമങ്ങളുടെ സ്വാധീനവും കാപ്പിയുടെ പ്രശസ്തിക്കു പിന്നിലെ പ്രധാന കാരണങ്ങളിലൊന്നാണ്. യുവാക്കളുടെ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം ഫീഡുകളിൽ കാപ്പിക്ക് ഒപ്പമുള്ള ചിത്രങ്ങളും ഹാഷ്ടാഗുകളും ഇന്ന് പതിവ് കാഴ്ചയാണ്.

ട്രെൻഡിങ് താരമായി മാറിയ നമ്മുടെ സ്വന്തം കാപ്പി 

കാപ്പിയിലെ രുചി വിപ്ലവം കേരളത്തിൽ ആദ്യം ആരംഭിച്ചത് ഒരു പക്ഷേ കോൾഡ് കോഫിയുടെ വരവോടെയാകാം. കാലമേറെക്കഴിഞ്ഞിട്ടും കോൾഡ് കോഫി ഇന്നും യുവാക്കളുടെ ഇടയിൽ ട്രെൻഡിങ് താരമാണ്. മിൽക്ക് ഷെയ്ക്കിനോടു കിട പിടിക്കും വിധം തണുത്തുറഞ്ഞ പാലിൽ കാപ്പി രുചി ലഭിച്ചതോടെ മൺമറഞ്ഞത് കാപ്പിയുടെ ‘ചൂടൻ’ സ്വഭാവവും.

പരിചയപ്പെടാം പുതുരുചികളെ

ഓരോ വ്യക്തിക്കും ഓരോ സ്വഭാവമാണെന്നു പറയും പോലെയാണ് കാപ്പിയുടെ കാര്യവും. കാപ്പിയിലെ പത മുതൽ നിറം വരെ ഓരോ കാപ്പിയിലും വ്യത്യസ്തമായിരിക്കും. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും യുവാക്കളുടെ ഇടയിൽ പ്രശസ്തരായി തലയുർത്തി നിൽക്കുന്ന ചില ‘കാപ്പി പ്രമുഖരെ’ പരിചയപ്പെടാം.

അമേരിക്കാനോ:

എസ്പ്രസ്സോ നേർത്തത് അഥവാ നമ്മുടെ കട്ടൻകാപ്പിയുടെ വിദേശി വേർഷൻ. ഒരു ഗ്ലാസ് ചൂട് വെള്ളത്തിൽ ഒരു സിംഗിൾ കോഫി ഷോട്ട് മാത്രം. ചിലർ ഇവയിൽ ക്രീം, ബ്രൗൺ ഷുഗർ എന്നിവ ചേർക്കാറുണ്ട്.

ലാറ്റെ:

ക്യാപ്പുചീനോ പോലെ പാലും എസ്പ്രെസ്സോയും കൂടിചേർന്ന കാപ്പി. എന്നാൽ ഇവിടെ താരം പാലാണ്. കനത്ത രൂചി കുറയ്ക്കുന്ന വിധം പാൽ ചേർക്കുന്നതിനാൽ സാധാ കാപ്പിയുടെ രുചിയെ ലഭിക്കു.

മൊക്ക:

പാലിനൊപ്പം എസ്പ്രസ്സോയും ചോക്ലേറ്റ് സിറപ്പും തുല്യ അളവിൽ. കനത്ത കാപ്പി രുചിക്കു പകരം ചോക്ലേറ്റ് രൂചിയോടുള്ള കാപ്പി.

നിലവിൽ നാട്ടിലെ താരങ്ങൾ ഇവരാണെങ്കിലും വിദേശരാജ്യങ്ങളിൽ മോക്കചീനോ, മൊക്കാലാറ്റെ, ഫ്ലാറ്റ് വൈറ്റ്, ടർക്കിഷ് കോഫി, ഐറിഷ് കോഫി എന്നിങ്ങനെ നെടുനീളൻ ലിസ്റ്റ് വേറെ. ആ രുചികളും നമ്മുടെ നാട്ടിലെന്നു ലാൻഡുമെന്ന കാത്തിരിപ്പിലാണ് യുവ കാപ്പി പ്രേമികൾ.

എസ്പ്രെസ്സോ:

പുതുതലമുറയിലോ കോഫി അധിഷ്ഠിത ഡ്രിങ്കുകളുടെ കാപ്പിയുടെ കനത്ത രുചി ഇഷ്ടമുള്ളവരുടെ പ്രിയപ്പെട്ടത്. പാൽ ഒട്ടും ചേർക്കാതെ കോഫി എക്സ്ട്രാറ്റിൽ വളരെ കുറച്ചു വെള്ളം ചേർത്തു തയാറാക്കുന്നതിനാൽ വളരെ ചുരുക്കം ആളുകൾ ഇഷ്ടപ്പെടുന്നു. മിക്കയിടങ്ങളിലും കോഫി മെഷിനുകളിൽ തന്നെയാണ് തയാറാക്കുന്നത്.

ക്യാപ്പുചീനോ:

പാലും എസ്പ്രെസ്സോയും കൂടിചേർന്ന കാപ്പി. എന്നാൽ പാലിന്റെ അളവ് എസ്പ്രെസ്സോയെക്കാൾ കൂടുതലായിരിക്കുമെങ്കിലും കാപ്പിയുടെ കനത്ത രുചി നിലനിൽക്കും. കോഫി ഓയിൽ, കോക്കോ പൗഡർ, കാപ്പിയുടെ കനത്ത രുചി കുറയ്ക്കാൻ വനില, കാരമൽ, ചോക്ലേറ്റ് ഫ്ലേവറുകളും ചേർക്കാറുണ്ട്.

 

കാപ്പി ചരിത്രം

റൂബിയേസി സസ്യകുടുംബത്തിൽപെടുന്ന കാപ്പിയുടെ ശാസ്ത്ര നാമം കോഫിയ അറബിക്ക (Coffea Arabica). ജന്മദേശം ഇത്യോപ്യയിലെ കാഫ്ഫാ (Kaffa). കോഫി എന്ന പേര് കാഫ്ഫായിൽ നിന്നാണു വന്നത്. കാപ്പിയിലെ ആൽക്കലോയ്ഡ് കഫീൻ (Cafeine).

 

പേരുകൾ

ചൈനയിൽ കയ്ഫെ (Kai Fey), ജപ്പാനിൽ കേഹി (Kehi), ഫ്രാൻസിൽ കഫേ (Cafe), ജർമനിയിൽ കഫീ (Kaffee).

 

ചിക്കറി

ചിക്കറി ചേർത്ത കാപ്പിയാണ് ഫ്രഞ്ച് കാപ്പി. കമ്പോസിറ്റെ സസ്യവംശത്തിൽപെട്ട ചിക്കറിയുടെ ശാസ്ത്രീയനാമം സിക്കോറിയം ഇന്റിബസ് (Cichorium Intybus). ഇതിന്റെ കിഴങ്ങ് പൊടിച്ച് കാപ്പിപ്പൊടിയിൽ ചേർക്കും.

 

യെമൻ വഴി ഇന്ത്യയിൽ

യെമനിൽനിന്ന് ബാബാബുദാൻ എന്ന സഞ്ചാരിയാണ് ഇന്ത്യയിലേക്ക് 1670–ൽ കാപ്പിച്ചെടികൾ കൊണ്ടുവന്നതെന്നു കരുതുന്നു. കർണാടകയിലെ ചിക്കമഗളൂരുവിലാണ് അന്ന് കാപ്പി നട്ടുവളർത്തിയത്.

 

ഭൗമസൂചികാപദവി

അടുത്ത കാലത്ത് ഭൗമസൂചികാ പദവി ലഭിച്ച കാപ്പിയാണ് വയനാടൻ റോബസ്റ്റ. കർണാടകയിലെ കൂർഗ് അറബിക്ക, ചിക്കമഗളൂരുവിലെ അറബിക്ക, വിശാഖപട്ടണത്തെ അരക്കുവാലി അറബിക്ക എന്നിവയ്ക്കും ഇതോടൊപ്പം ഈ നേട്ടം ലഭിച്ചു.

 

സിവെറ്റ് കോഫി

ഒരുതരം മരപ്പട്ടിയാണ് സിവെറ്റ്. പഴുത്ത കാപ്പിക്കുരു ഇവ ഭക്ഷിക്കും. അതിന്റെ വിസർജ്യത്തിൽ ദഹിക്കാതെ വരുന്ന കാപ്പിക്കുരു സംസ്കരിച്ചെടുത്ത് ഉണ്ടാക്കുന്നതാണ് സിവെറ്റ് കോഫി. കാപ്പിക്കുരു ഇവയുടെ ദഹനേന്ദ്രിയ വ്യവസ്ഥയിലൂടെ കടന്നുവരുമ്പോൾ സവിശേഷ ഫ്ലേവറുണ്ടാകുന്നതാണ് ഈ കാപ്പിയുടെ പ്രത്യേകത. കർണാടകയിലെ കൂർഗിൽ ഇത് ഉൽപാദിപ്പിക്കുന്നുണ്ട്. കൂർഗ് ലുവാക് കോഫി എന്നാണു പേര്. കിലോഗ്രാമിന് 25,000 രൂപവരെയാണ് സിവെറ്റ് കോഫിയുടെ വില.

 

കൂടുതലാവണ്ട

ലോകത്ത് ഒരു ദിവസം 300 കോടി കപ്പ് കാപ്പി കുടിച്ചു തീർക്കുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. കണക്ക്. കഫീൻ പരിമിതമായ അളവിൽ കഴിച്ചാലാണ് ഉന്മേഷം ലഭിക്കുന്നത്. കൂടിയാൽ പ്രശ്നമാകും.

 

അമേരിക്ക മുന്നിൽ

കാപ്പി ഉപഭോഗത്തിൽ ലോകത്ത് അമേരിക്കയാണു മുന്നിൽ. ഉൽപാദനത്തിൽ അഞ്ചിൽ നാലു ഭാഗവും മധ്യ, തെക്കേ അമേരിക്കയിലാണ്. കാപ്പി ഉൽപാദനത്തിൽ മുന്നിലുള്ള രാജ്യം ബ്രസീൽ. ഇന്ത്യയ്ക്ക് 6–ാം സ്ഥാനം. ഇന്ത്യയിൽ കർണാടകത്തിലാണ് കൂടുതൽ കാപ്പികൃഷി. രണ്ടാം സ്ഥാനത്തു കേരളവും തമിഴ്നാടും. കേരളത്തിൽ വയനാടാണ് കാപ്പികൃഷിയിൽ മുന്നിൽ.

 

ദിവസം എത്ര കപ്പ് കാപ്പി കുടിക്കാം

ആരോഗ്യത്തോടെ ജീവിക്കണമെങ്കിൽ 5 കപ്പിൽ കൂടുതൽ അരുതെന്നാണു പുതിയ പഠനം. അതുകഴിഞ്ഞു കുടിക്കുന്ന ഓരോ കപ്പും ഹൃദ്രോഗസാധ്യത 22 % വർധിപ്പിക്കുമത്രേ. സൗത്ത് ഓസ്ട്രേലിയ സർവകലാശാലാ ഗവേഷകരുടേതാണു കണ്ടെത്തൽ. ഇതാദ്യമായാണു ഹൃദ്രോഗവുമായി ബന്ധപ്പെടുത്തി പരമാവധി കാപ്പി ഉപഭോഗത്തെപ്പറ്റി ആധികാരികമായ പഠനം വരുന്നത്.

 

അളവിലേറെ കാപ്പി കുടിച്ചാൽ മനംമറിയുകയും ആലസ്യം അനുഭവപ്പെടുകയും ചെയ്യുന്നതു ശ്രദ്ധിച്ചിട്ടില്ലേ? കാപ്പിയിലെ അടിസ്ഥാന ഘടകമായ കഫീൻ ചുരുങ്ങിയ അളവിൽ ലഭിച്ചാലേ ഉന്മേഷം ലഭിക്കൂ. കൂടുതൽ ചെന്നാൽ അതു രക്തസമ്മർദം വർധിപ്പിക്കുകയും ഹൃദയ ധമനികളെ ദോഷകരമായി ബാധിക്കുകയും ചെയ്യും.

 

മഴക്കാലത്ത് കുടിക്കാം തുളസിക്കാപ്പി

ഗ്രീൻ ടീ എന്നൊക്കെ പേരിട്ട് ചില പരിഷ്കാരികളുണ്ട്. പക്ഷേ, ഇവരൊക്കെ വരുന്നതിന് എത്രയോ കാലങ്ങൾക്കു മുൻപേ നല്ല ചൂടു കരുപ്പെട്ടിക്കാപ്പിയിൽ തുളസിയില ഇട്ടുകഴിക്കുന്നതു പതിവായിരുന്നു; പ്രത്യേകിച്ച് മഴക്കാലത്ത്. ബാക്ടീരിയ, ഫംഗസ് രോഗബാധികളെ വിരട്ടിയോടിക്കും നമ്മുടെ തുളസിക്കാപ്പി. പ്രതിരോധ ശേഷി അങ്ങനെ കത്തിക്കയറി വരും. പനി പമ്പയും ഇന്ത്യൻ മഹാസമുദ്രവും കടന്ന് ദൂരെപ്പോവും.

 

വിവരങ്ങൾക്ക് കടപ്പാട് : ജിബിന്‍ ജോര്‍ജ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com