അസാധാരണ സാമ്യമുള്ള രണ്ടു പേർ, ഒരു ഫോൺ കോൾ; വിജയരുചി കണ്ടെത്തിയ ഒരു കഥ

HIGHLIGHTS
  • വറചട്ടിയിൽ പൊട്ടിയമരുന്ന കടുകുപോലെയല്ല നല്ല തിളച്ചുമറിയുന്ന കറിക്കൂട്ടുപോലെയാകണം ജീവിതം
  • കോവിഡിനെ ദം ചെയ്യുന്ന രണ്ടു കൂട്ടുരുചികൾ
SHARE

തമ്മിൽ ഇതുവരെ കണ്ടിട്ടില്ലാത്ത രണ്ടു ചങ്ങാതിമാർ. പക്ഷേ ഇരുവരും വളരെ സ്വകാര്യ അഹങ്കാരമായി കൊണ്ടു നടക്കുന്ന രഹസ്യങ്ങൾ പങ്കുവയ്ക്കുന്നു. ജീവിതമാർഗം തന്നെ ആയേക്കാവുന്ന അറിവുകൾ പകർന്നു കൊടുക്കുന്നു. പുഞ്ചിരിയും കണ്ണീരും കാണാതെ കാണുന്നു. ഇതിനൊരു കാരണമുണ്ട്, ഇവർ തന്നെ കണ്ടെത്തിയ ചില സാമ്യങ്ങൾ...രണ്ടു പേരെയും വിവാഹം ചെയ്ത് അയച്ചത് ചങ്ങനാശേരിയുടെ പരിസര പ്രദേശങ്ങളിൽ രണ്ടുപേർക്കും ഒരേ പ്രായം, 40 വയസ് രണ്ടു പേരും കോവിഡ് കാലത്തിനു മുൻപ് ചെയ്തിരുന്നത് ഒരേ ജോലി, ഡ്രസ് ഡിസൈനിങ്ങും വിപണനവും കോവിഡ് കലത്ത് വിപണി മോശമായപ്പോൾ രണ്ടു പേരും കണ്ടെത്തിയ ജീവിത മാർഗം ഹോംലി ഫുഡിന്റെ വിൽപന അതിനു കണ്ടെത്തിയത് ഒാൺലൈൻ വിപണി.

sareena-juby
സെറീന ഹാരിസും ജൂബി റിജോയും

രണ്ടു പേർക്കും ഒരൊറ്റ ലക്ഷ്യം ജീവിക്കുക, അന്തസായി, നടുവ് നിവർത്തി, തലകുനിക്കാതെ ജീവിക്കുക. എല്ലാറ്റിനും ഉപരിയായി രണ്ടുപേരുടെയും ഭർത്താക്കൻമാർ അകാലത്തിൽ മരണമടഞ്ഞവരാണ്. രണ്ടു പേരുടെയും സംരഭത്തിന്റെ പേര് ഭർത്താക്കൻമാരുമായി ചേർന്നതാണ്. ഇങ്ങനെയുള്ള രണ്ടുപേർക്ക് അവരുടെ ഒരു പൊതു സുഹൃത്തുവഴി ഫോൺ നമ്പരുകൾ കിട്ടുന്നു. പലകാര്യത്തിലും നിങ്ങൾ ഒരുപോലെയല്ലേ ഒന്നു സംസാരിച്ചു നോക്കൂ എന്ന് അവരോടു പറയുന്നു,  പിന്നെ സംഭവിച്ചത് ഇങ്ങനെ..

ഒരു ദിവസം ജോലിത്തിരക്കുകഴിഞ്ഞ് രാത്രി 7. 30നു ചങ്ങനാശേരി പെരുംമ്പനച്ചിയിലെ വീട്ടിൽ നിന്ന് ഒരു ഫോൺ കോൾ കാഞ്ഞിരപ്പള്ളി  26ാം മൈലിലെ വീട്ടിലെയ്ക്ക്, അത്  അവസാനിക്കുന്നത് 11ന്. അവർ പറഞ്ഞു, കരഞ്ഞു, ചിരിച്ചു, പഠിച്ചു. അതിനൊടുവിൽ ഹൃദയം കൊണ്ട് ഒരു എം.ഒ.യുവും ഒപ്പുവച്ചു. സ്നേഹത്തിലും വിശ്വാസത്തിലും വിശപ്പിലും രുചിയിലും ഉറപ്പിച്ച ഒരു ഉടമ്പടി. അതിനെപറ്റി പറയുമ്പോൾ ഇവരെപറ്റി അറിയണം:

സെറിന ഹാരിസ്

മുണ്ടക്കയം സ്വദേശിനി, വിവാഹം ചെയ്തയച്ചത് ചങ്ങനാശേരിയിൽ. ഭർത്താവ് ഹാരിസ്.

രണ്ടു മക്കൾ, സിയാനും സമാനും. 

വിദേശത്ത് ജോലിയുണ്ടായിരുന്ന ഹാരിസ് കുട്ടികളെ ഒന്നു കണ്ടിട്ടു പോകാൻ ചെറിയ അവധിക്കു നാട്ടിലെത്തിയതാണ്. പെട്ടന്നുണ്ടായ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും 30 ദിവസം നീണ്ട ആശുപത്രി ചികിൽസക്കൊടുവിൽ മരണം സംഭവിച്ചു. ചിരിയും കളിയുമായി നടന്നിരുന്ന കുടുംബത്തിനുമേൽ സങ്കടമഴ പെയ്യിച്ച് ഹാരിസ് കടന്നു പോയി. കറുത്തവാവിൽ വഴിയറിയാതെ വലയുന്ന ആളെ പോലെ ആയി  സെറീനയും മക്കളും. ഹാരിസിന്റെ മരണ ശേഷം സെറീന വിദേശത്ത് ഒരു ജോലിക്ക് ശ്രമിച്ചു എങ്കിലും അത് ശരിയാകാത്തതിനാൽ മടങ്ങേണ്ടി വന്നു. കുട്ടികളുടെ പഠനവും താമസിക്കാൻ ഒരു വീടും വേണം എന്ന ചിന്തയുമായി ഒാൺലൈൻ ഫാഷൻ ബുട്ടീക്കും കോഫി വെൻഡിങ് മെഷീന്റെ വിപണനവും ആരംഭിച്ചു. മക്കളുടെ വിദ്യാഭ്യാസ സൗകര്യത്തിനായി കാഞ്ഞിരപ്പള്ളി 26ാം മൈലിനടുത്ത് വീടു വാടകയ്ക്കെടുത്ത് താമസിക്കാൻ ആരംഭിച്ചു. ഹാരിസ് ഇഷ്ടത്തോടെ കൂട്ടുകാർക്കിടയിൽ വിളിച്ചിരുന്ന ‘സാറ’ എന്ന പേരിൽ ആണ് സെറീന ബിസിനസ് ആരംഭിച്ചത്. 

ഒപ്പമുണ്ടായിരുന്ന നിഴൽ വഴിപിരിഞ്ഞു പോയതിന്റെ നടുക്കത്തിൽനിന്നും ചെറുചെടിയെ വെള്ളമൊഴിച്ച് വളർത്താനുള്ള നീക്കം.  വെള്ളത്തിൽ വീണ ഉറുമ്പിന്റെ കരയെത്താനുള്ള ശ്രമം പോലെ ആയിരുന്നു തന്റെ ഒാട്ടമെന്ന് സെറീന. പല ആഗ്രഹങ്ങളും ഉപേക്ഷിച്ച് ഉള്ളതുകൊണ്ട് കരകയറാനുള്ള പാച്ചിൽ. അതിനിടെയാണ് കോവിഡ് അതിന്റെ സർവ പ്രതാപത്തോടെയും വന്നത്. എല്ലാ കീഴ്മേൽ മറിഞ്ഞു. തുണിക്കും കാപ്പിക്കും ആവശ്യക്കാരില്ലാത്ത സ്ഥിതി. തീയിൽ കുരുത്തത് വെയിലത്തു വാടില്ലല്ലോ, തനിക്ക് അറിയാവുന്ന മറ്റൊരു കഴിവിനെ വറുത്തുകോരിയെടുക്കുയാണ്  സെറീന അടുത്തതായി ചെയ്തത്. കോവിഡിന്റെ വെല്ലുവിളിയെ അടുപ്പിലെ വിറകു കഷ്ണം പോലെയാക്കി സെറീന ‘സാറാ ക്ലൗഡ് കിച്ചൺ’ എന്ന പേരിൽ രുചിയിടത്തിന്റെ പാചകപ്പുര തുറന്നു. ഇവിടെ നിന്നും ചിക്കൻ, മട്ടൺ, ബീഫ് ബിരിയാണികൾ രുചിയുടെയും കൊതിയുടെയും മലബാർമണം പരത്തി ദം പൊട്ടിച്ചു ചാടി. ആവശ്യക്കാർക്ക് ഒാർഡർ അനുസരിച്ച് ബിരിയാണി തയാറാക്കി കൊടുത്തുകൊണ്ടിരിക്കുമ്പോഴും അടുപ്പിൽ തിളച്ചുകൂവുന്ന കഞ്ഞിപോലെ മനസിൽ ഒരു ആധി തിളച്ചുകൊണ്ടിരുന്നു. ഇങ്ങനെ എത്രനാൾ എന്ന ആധി.

ഇതേ സമയത്ത് ചങ്ങനാശേരി കുറുമ്പനാടത്തെ വീട്ടിൽ ഏകദേശം സമാന അവസ്ഥയിലുള്ള മറ്റൊരാൾ കി.ക.ബി എന്നൊരു െഎറ്റം തയാറാക്കുന്ന തിരക്കിലാണ്. കി.ക.ബി എന്നാൽ കിഴി കപ്പ ബിരിയാണി. തിളച്ചു മറിഞ്ഞ കപ്പയെ നെയ്പ്പരുവത്തിൽ വെന്ത ഇറച്ചിയുമായി ഇളക്കി ഇഷ്ടത്തിലാക്കുന്നത് ജുബി റിജോ. വിവാഹം ചെയ്തയച്ചത് തൃക്കൊടിത്താനത്ത്, ഭർത്താവ് റിജോ ജേക്കബ്. അമൻ, ഏദൻ എന്ന രണ്ടു കുഞ്ഞു മക്കളും ഗർഭാവസ്ഥയിൽ 2 മാസം മാത്രം പ്രായമായ കുഞ്ഞുമായി (മകളുടെ പേര് എബേസ്) വളരെ സന്തോഷകരമായി പോയിരുന്ന കുടുംബജീവിതത്തെ തകർത്താണ് ബൈക്കപകടം എത്തിയത്. അപകടത്തിൽ പരുക്കേറ്റ റിജോ 7 മാസമാണ് ആശുപത്രിയിലായിരുന്നത്. അതിൽ 6 മാസവും വെന്റിലേറ്ററിലും െഎസിയുവിലും. റിജോയുടെ വേർപാട് ജുബിയെ തകർത്തെറിഞ്ഞു. പക്ഷെ തനിക്ക് തോൽക്കാനാവില്ലായിരുന്നു എന്ന് ജുബി. കുഞ്ഞുങ്ങളെ നന്നായി വളർത്തുക എന്നത് വിവാഹ വാഗ്ദാനം പോലെ ഉറപ്പുള്ള മറ്റൊരു പ്രതിഞ്ജയായി സ്വീകരിച്ചു. മലവെ‌ള്ളപ്പാച്ചിലിൽ കൈവിട്ടുപോയ അവസ്ഥയിൽ നിന്നും മടങ്ങിവരാൻ വളരെ സമയം എടുത്തു എങ്കിലും താൻ പഠിച്ച ഫാഷൻ ഡിസൈനിങ്ങിൽ നിന്നും തന്റെ ജീവിത മാർഗം കണ്ടുപിടിച്ച ജുബി ഒാർമയിലെ കടലിരമ്പമായ തന്റെ ഭർത്താവിന്റെ പേരു തന്നെ സംരംഭത്തിനും ഇട്ടു ‘റിജോയ്സ് ക്രിയേഷൻസ്’. ഡ്രസ് ഡിസൈനിങ്ങും ഡ്രൈ ഫ്ലവർ ബുക്കെ നിർമാണവും ഒക്കെ ആയി അലറിമറിഞ്ഞ കടൽ ഒന്നു അടങ്ങിയൊഴുകുമ്പോൾ ആണ് കോവിഡ് എത്തിയത്. പുറത്തിറങ്ങാത്ത സുന്ദരികൾ പുത്തൻ വസ്ത്രം ധരിക്കുന്നതു കുറച്ചതും വിവാഹ ആഘോഷങ്ങൾ പരിമിതമായതും എല്ലാം കൂടിച്ചേർന്നപ്പോഴാണ് രുചിയുടെ പുതുവഴി തേടിയത്. ഒാണസമയത്ത് ‘റിജോയ്സ് ഹോം മെയ്ഡ് ഫുഡ്’ എന്ന പുത്തൻ തട്ടകത്തിലേയ്ക്ക് നല്ല പായസ മധുരവും വീട്ടടുക്കളയിലെ കറിരുചിയും വിളമ്പിയാണ് ജുബി നടന്നു കയറിയത്. ഉത്രാടത്തിന് 50 സദ്യയും ഒാണത്തിന് 180 സദ്യയും സുന്ദരമായി പൊതിഞ്ഞു നൽകി. 

വീട്ടകത്തെ രുചി നാട്ടുകാർക്ക് നൽകിയതോടെ അതു ക്ലിക്ക്ഡ്. പിന്നെ ഇങ്ങോട്ട് കാശ്മീരി പുലാവും ബട്ടർ ചിക്കനും, ബൊലാനിയും അഫ്കാൻ ചിക്കനും, പി.കോ എന്ന പിടിയും കോഴിയും, ചെമ്മീനുംകൂന്തലും പാറിനടക്കുന്ന സീഫുബി എന്ന ഫിഷ് ബിരിയാണിയും മൾട്ടി ലെയേർഡ് പുട്ടും ബീഫും ഒക്കെ വിളമ്പി ഇരിക്കുമ്പോഴാണ് ആ ഫോൺ വിളി ഉണ്ടായത്. ഞാൻ ജുബിയാണേ... സെറീനയാണോ എന്നു ചോദിച്ചുള്ള വിളി. 

അതിനൊടുവിൽ അവർ തീരുമാനിച്ചു, എങ്ങനെയും കോവിഡിനെ തോൽപിക്കണം, തല ഉയർത്തി നിൽക്കണം, തളരാതെ വളരണം, വളർത്തണം. ഇരുവർക്കും അറിയാവുന്ന രുചിക്കൂട്ടുകൾ പങ്കു വയ്ക്കാൻ അവർ തീരുമാനിച്ചു. സെറീന ‘സാറ ഫ്യൂഷൻ സീരീസ്’ എന്ന പേരിൽ നാടൻ ഭക്ഷണത്തിന്റെ കൂട്ടൊരുക്കി. ശനിയാഴ്ച വൈകുന്നേരങ്ങൾക്ക് വ്യത്യസ്ഥ രുചിക്കൂട്ടൊരുക്കി ‘വീക്കെൻഡ് സ്പെഷ്യൽ’ ഒരുക്കി ജുബിയും. രുചിയുടെ മലബാർ മുസ്ലിം രുചിക്കൂട്ടുകൾ ചങ്ങനാശേരിയിലേയ്ക്കും തിരുവതാംകൂർ നസ്രാണി രുചികൾ കാഞ്ഞിരപ്പള്ളിയിലേയ്ക്കും ചിറകടിച്ചു പറന്നപ്പോൾ ജുബിയുടെ കി.ക.ബി എന്നത്  സെറീനയുടെ കിഴിയിലെ കപ്പയും കൂടെ കൂടിയ ബീഫും ആയി, പിടിയും കോഴിയും മൊഞ്ചുള്ള പിടിയും തേങ്ങാപ്പാലിൽ തിളച്ച കോഴിയുമായി, ഇറച്ചിപ്പത്തിരിയെ വഴിതിരിച്ചുവിട്ട് ബൊലാനിയും, നാരങ്ങ ബീറ്റ്റൂട്ട് കാരറ്റ് ഇൗന്തപ്പഴം എന്നിവ ചേർത്ത ബിരിയാണി അച്ചാറിനെ റൂട്ട്ഫ്രൂട്ട് പിക്കിളും ആക്കി. 

അങ്ങനെ പങ്കുവയ്ക്കലിൽ കൂടെ ജീവിതപോരാട്ട കഥകളിൽ ഒരേടുകൂടി ചേർത്തു വച്ച് കോവിഡിനുമേൽ രുചിയുടെ വെന്നിക്കൊടി നാട്ടുകയാണിവർ. വറചട്ടിയിൽ പൊട്ടിയമരുന്ന കടുകുപോലെയല്ല നല്ല തിളച്ചുമറിയുന്ന കറിക്കൂട്ടുപോലെയാകണം ജീവിതം എന്നതും വിജയരുചി മാത്രമാണ് ലക്ഷ്യം എന്നതും അതിജീവന പാതയിൽ കൂട്ടുകാരാകുന്ന സുന്ദരകാഴ്ചയായാണ് നാം കാണുന്നത്; ഇവർ കാണിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA