ADVERTISEMENT

ഇന്നു ലോക ഭക്ഷ്യദിനം. എന്തെങ്കിലും കിട്ടിയാൽ വയറു നിറയ്ക്കാമെന്നു കരുതി പാടുപെടുന്നവർ ഒരു ഭാഗത്തും വയറു നിറയ്ക്കാനാവശ്യമുള്ളതിലേറെ പാകം ചെയ്തും വാങ്ങിയും അതിൽ നല്ലൊരു പങ്കും പാഴാക്കുന്നവർ മറുഭാഗത്തുമായി വൈരുധ്യം നിലനിൽക്കുന്ന ലോകത്തേക്കാണ് വീണ്ടുമൊരു ഭക്ഷ്യദിനമെത്തുന്നത്. അമിത ഭക്ഷണത്തിന്റെ ദോഷഫലങ്ങൾ തിരിച്ചറിഞ്ഞും അനുഭവിച്ചറിഞ്ഞും അതിൽനിന്നു മാറിനിൽക്കുന്നവരുടെ എണ്ണം കൂടിവരുന്ന നമ്മുടെ നാട്ടിൽ പക്ഷേ, പാഴാക്കുന്ന ഭക്ഷണത്തിനു കുറവില്ല. ഒരു നേരമെങ്കിലും വയറു നിറയ്ക്കാൻ പാടുപെടുന്നവർക്കു പല പദ്ധതികളുമായി സർക്കാരും സംഘടനകളും രംഗത്തെത്തിയിട്ടും പട്ടിണി കിടക്കുന്നവർക്കു കുറവില്ല. രോഗാതുരമായ സമൂഹത്തിനു വഴിയൊരുക്കുന്നതിൽ ആഹാരത്തിനു നല്ലൊരു പങ്കുണ്ടെന്ന തിരിച്ചറിവിലാണു ലോകം. ഓരോ ലോക ഭക്ഷ്യദിനവും ഇത്തരം ഓർമപ്പെടുത്തലുകൾക്ക് അവസരമാകട്ടെ...

സമീകൃതാഹാരമാവട്ടെ ശീലം

കഴിക്കുന്നതെന്തായാലും അതു സമീകൃതമാകാൻ ശ്രദ്ധിക്കുന്നില്ലെന്നതാണു പുതിയ ശീലം. രോഗങ്ങളിലേക്കു വഴിതുറക്കുന്നതും ഇതേ ശീലം. വിശപ്പു മാറ്റാനാവശ്യമായ ഭക്ഷണം അല്ല വേണ്ടതെന്നും അതിലുപരി എല്ലാ പോഷകാംശങ്ങളുമടങ്ങിയ സമീകൃതാഹാരമാണു വേണ്ടതെന്നും തിരിച്ചറിയുന്ന കാലത്തേ ഈ രോഗങ്ങൾ അകന്നുനിൽക്കൂ. ഒരു ദിവസത്തേക്കാവശ്യമായ ഊർജം മുഴുവൻ തലച്ചോർ ക്രമീകരിക്കുന്നതു പ്രാതലിൽനിന്നാണ്. അതു നല്ല അളവിലും പോഷകാംശങ്ങൾ എല്ലാമടങ്ങിയതുമാവണം. മുതിർന്നവരും കുട്ടികളും ഇത് ഒരുപോലെ നിർബന്ധമാക്കാൻ ശ്രദ്ധിക്കണം. ഇഡലിയും സാമ്പാറും പുട്ടും കറിയുമാണു പ്രാതലിൽ മികച്ചത്. അതേസമയം പുട്ടിന്റെ കൂടെ പഴം നല്ലതല്ല. പൂരിയും മറ്റും ഉപേക്ഷിക്കാം. എണ്ണയിൽ തയാറാക്കുന്നത് ഒഴിവാക്കി ആവിയിൽ പാകം ചെയ്തെടുക്കുന്നതു ശീലമാക്കാം.

ഒരാൾക്ക് ഒരു ദിവസത്തേക്ക് ഒരു ടീസ്പൂൺ എണ്ണ (5 എംഎൽ) മതിയാകും. പക്ഷേ, അതിന്റെ എത്രയോ ഇരട്ടിയാണു നാം ഓരോരുത്തരും അകത്താക്കുന്നത്. എഴുന്നേറ്റയുടൻ ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തിൽ ചെറുനാരങ്ങ പാതി പിഴിഞ്ഞു കഴിക്കുന്നതു നല്ലതാണ്. തേൻ ചേർക്കുന്നതിൽ തെറ്റില്ല. ശുദ്ധമായതാവണമെന്നു മാത്രം. അതിനു ശേഷം മതി ചായയോ കാപ്പിയോ. വയർ കാലിയായി കിടക്കാതിരിക്കാൻ ശ്രദ്ധിക്കണം. രണ്ടോ മൂന്നോ മണിക്കൂറിനിടയിൽ ലൈം ജ്യൂസ്, ബട്ടർ മിൽക്ക് എന്നിവയാവാം.

ഉച്ചഭക്ഷണം അധികം കഴിക്കുന്നവരാണെങ്കിൽ അതു നിയന്ത്രിക്കാൻ ഉച്ചഭക്ഷണത്തിനു മുൻപ് ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം കുടിക്കുക. അല്ലെങ്കിൽ ഒരു ബൗൾ സാലഡ്– അതുവഴി ഭക്ഷണം നിയന്ത്രിക്കാം. ഉച്ചഭക്ഷണവും സമീകൃതമാക്കണം. അരി കുറച്ച്, പച്ചക്കറിയുടെ അളവു കൂട്ടാം. ഇലക്കറികൾ ഉൾപ്പെടുത്തണം. സസ്യഭുക്കുകൾ പരിപ്പുവർഗങ്ങൾ, തൈര് എന്നിവയും മാംസഭുക്കുകൾ മീൻ, ഇറച്ചി എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. എണ്ണയിൽ പൊരിച്ചെടുക്കാതെയാണെങ്കിൽ ആരോഗ്യത്തിനു ഹാനികരമാവില്ല.

കൂടുതൽ തവിടോടുകൂടിയ ധാന്യങ്ങൾ ഭക്ഷണത്തിലുൾപ്പെടുത്തണം. വെള്ളരിയെക്കാൾ കുത്തരി ഉപയോഗിക്കണം. മൈദയിൽനിന്ന് ഒന്നും കിട്ടാനില്ല. ചെറിയ മീനുകൾ കൂടുതൽ ഉൾപ്പെടുത്തണം. പാൽ പാട നീക്കി കുടിക്കണം. ചായ മൂന്നു ഗ്ലാസിൽ നിയന്ത്രിക്കുക. രാത്രി കിടക്കുന്നതിനു 2 മണിക്കൂർ മുൻപെങ്കിലും രാത്രി ഭക്ഷണം കഴിക്കണം. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിനു ഹാനികരം.

തെറ്റിദ്ധരിപ്പിക്കുന്ന രീതി

ഭാരം കുറയ്ക്കാനെന്നും മറ്റുമുള്ള രീതിയിൽ തെറ്റായ ഭക്ഷണരീതി പിന്തുടരുന്ന നല്ലൊരു വിഭാഗമുണ്ട്. ഇതിനു പാർശ്വഫലങ്ങളുണ്ടെന്നു തിരിച്ചറിയാതെയും തിരിച്ചറിഞ്ഞിട്ടും പിന്തുടരുന്നവരുണ്ട്. പിന്നീടു ദുരന്തഫലം അനുഭവിക്കുന്നവരാണ് ഇവരിലേറെ പേരും.

ശരിയും തെറ്റും തിരിച്ചറിയുക

വൈകുന്നേരത്തെ ചായയ്ക്കു വീട്ടിൽ തയാറാക്കുന്ന പലഹാരത്തിൽനിന്നു തെന്നിമാറിയ നമ്മൾ ബേക്കറിയിൽനിന്നു വാങ്ങുന്ന പലഹാരങ്ങളാണു കഴിക്കുന്നത്. ഇതുതന്നെ കുട്ടികളിലും ശീലമാക്കി. ഒരിക്കൽ പാകം ചെയ്ത എണ്ണ ഉപയോഗിച്ചു തയാറാക്കുന്ന ഇത്തരം പലഹാരങ്ങൾ ആരോഗ്യത്തിനു വരുത്തുന്ന തകരാറുകൾ ചെറുതല്ല. ചോറു കഴിക്കുമെങ്കിലും അതിനൊപ്പം പച്ചക്കറിയുടെ അളവു കുറവായിരിക്കും. മീൻ കൂടുതൽ കഴിക്കുമെങ്കിലും അതിൽ നല്ലൊരു ഭാഗവും വറുത്തു പോഷകം നഷ്ടപ്പെടുത്തിയിരിക്കും. പഴങ്ങളും വളരെ കുറവാണു നമ്മൾ കഴിക്കുന്നത്.

ആരോഗ്യമുള്ള ശരീരത്തിനു ഭാരത്തിനനുസൃതമായ പ്രോട്ടീൻ ലഭ്യമാവണം. ഓരോ കിലോഗ്രാമിനും ഒരു ഗ്രാം പ്രോട്ടീൻ എന്നതാണു കണക്ക്. അതിനു മീനോ ഇറച്ചിയോ മാത്രം കഴിച്ചിട്ടു കാര്യമില്ല. പാലും തൈരും ഉപയോഗിക്കണം. പാൽ പാലായിട്ടുതന്നെ ഉപയോഗിക്കണം. ചായയിൽ പാലുണ്ടല്ലോ എന്നു കരുതിയാൽ തെറ്റി. പാട നീക്കിയ പാൽ തന്നെ കുടിക്കണം. പഞ്ചസാര കുറയ്ക്കണം. ഒഴിവാക്കാനായാൽ അത്രയും നന്ന്. മധുരം ആവശ്യമെങ്കിൽ ശർക്കര ഉപയോഗിക്കാം. ഫൈബർ നഷ്ടപ്പെടുത്തിയ ജ്യൂസിനു പകരം പഴങ്ങൾ തന്നെ കഴിക്കുക.

ഒരു പ്ലേറ്റ് ഭക്ഷണം

പ്ലേറ്റിന്റെ അര ഭാഗം പഴങ്ങളും പച്ചക്കറികളും, കാൽഭാഗം പ്രോട്ടീൻ– സോയാബീൻ, പയർ ഇനങ്ങൾ, മുതിര, പനീർ, മീൻ, ചിക്കൻ. ബാക്കി കാൽഭാഗം അരിയോ ചപ്പാത്തിയോ. ഒപ്പം പാട നീക്കിയ അര ഗ്ലാസ് പാലോ, തൈരോ നിർബന്ധമായി കഴിക്കണം. കാർബോഹൈഡ്രേറ്റ് കുറയ്ക്കാൻ ചോറിന്റെ അളവു കുറച്ചു പച്ചക്കറിയുടെ അളവു കൂട്ടണം. മൈദ ഒഴിവാക്കുക.

പായ്ക്കറ്റ് ഭക്ഷണം

പായ്ക്കറ്റിനകത്തെ ഭക്ഷണപദാർഥങ്ങൾ വാങ്ങുമ്പോൾ അതിലടങ്ങിയിരിക്കുന്നത് എന്തെല്ലാമാണെന്നു വായിച്ചുനോക്കണം. അതു കഴിച്ചാൽ നമ്മുടെ ശരീരത്തിന് എന്തു കിട്ടുമെന്ന് എഴുതിച്ചേർത്തിട്ടുണ്ട്. അധികമാരും അതു വായിക്കാറില്ല.

ശുദ്ധജലം പ്രധാനം

പ്രതിദിനം 10 മുതൽ 12 വരെ ഗ്ലാസ് വെള്ളം കുടിക്കണം. രാവിലെയോ വൈകിട്ടോ അര മണിക്കൂർ വ്യായാമം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com