കള്ളപ്പവും താറാവ് മസാല റോസ്റ്റും ഇവിടെ സൂപ്പർഹിറ്റ് ; രുചി വിരുന്നൊരുക്കി സൂസൻ

susan
SHARE

വീക്കെൻഡിൽ വീട്ടിലിരിക്കെ, കുറച്ച് കള്ളപ്പവും താറാവു മസാല റോസ്റ്റും കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹമുണ്ടോ? കൊച്ചിയിലിരുന്നാണ് ഈ കൊതിയുടെ നെടുവീർപ്പെങ്കിൽ വിഷമിക്കണ്ടാ, വഴിയുണ്ട്. ഒറ്റ ഫോൺവിളിക്കപ്പുറം അപ്പവും ആവി പറക്കുന്ന മസാലത്താറാവും പടിക്കലെത്തി ബെല്ലടിക്കും. വാതിൽ തുറക്കുക, സ്വീകരിക്കുക, മൂക്കുമുട്ടെ തട്ടി സന്തോഷം കൊണ്ടു കണ്ണുനിറയ്ക്കുക! അതിനുള്ള അവസരം നിങ്ങൾക്കു തരുന്നത് സൂസൻ സജി ചെറിയാനാണ്. 

food-2

‘ഫൂഡ് ഫോർ ഫൂഡീസ്’ എന്ന ഓൺലൈൻ ഗ്രൂപ്പ് വഴി വീക്കെൻഡ് സ്പെഷൽ വിഭവങ്ങൾ വീട്ടുപടിക്കലെത്തിക്കും സൂസൻ. കാവാലം ഡക്ക് കറി, പോർക്ക്, ബാംഗ്ലൂർ സ്പെഷൽ മേഗ്ന ബിരിയാണി എന്നിവയൊക്കെയാണ് ഇവിടുത്തെ വീക്കെൻഡ് സ്പെഷൽ വിഭവങ്ങൾ. ചിക്കൻ എസ്ക്യാലോപ് വിത് മഷ്റൂംസും ഗാർലിക് ബ്രെഡും ഒക്കെ മെനുവിൽ മാറി മാറി വരും. പോർക് വിന്താലൂ, ഹണി ഗ്ലേസ്ഡ് പോർക് റിബ്‌സ്‌, പോർക് വരട്ടിയത് തുടങ്ങി പോർക് വിഭവങ്ങളുടെ നിരതന്നെയുണ്ട്.

‘ഫൂഡ് ഫോർ ഫൂഡീസ്’  ഒരു ലോക്ഡൗൺ കാല ആശയമാണ്. മേയ്മാസത്തിലാണ് സൂസൻ കൊച്ചി കടവന്ത്രയിലെ വീട്ടിലിരുന്ന് വീക്കെൻഡ് സ്പെഷൽ വിഭവങ്ങൾ വിൽപന ആരംഭിച്ചത്. ശനിയാഴ്ച പുതിയ വിഭവങ്ങൾ തയാറാക്കി വാട്സാപ് ഗ്രൂപ്പിലൂടെ ആവശ്യക്കാർക്ക് എത്തിക്കുന്നു. ചെറിയ പാർട്ടികൾക്ക് ഓർഡർ അനുസരിച്ച് ഭക്ഷണം ഉണ്ടാക്കി നൽകുന്നുമുണ്ട്.

വൈകിട്ട് 6 മുതൽ 8 വരെ ആണ് ഫൂഡ് ഡെലിവറി ടൈം. പക്ഷേ, ബിരിയാണി വിഭവങ്ങൾ ഉച്ചയ്ക്കും ചെമ്പ് തുറക്കും. ബിരിയാണി അവധിദിവസങ്ങളിലും തയാറാക്കി നൽകുന്നുണ്ട്.   

food-1

ഫൂഡ് ഫോർ ഫൂഡീസിൽനിന്ന് ഒരിക്കൽ രുചി അറിഞ്ഞവരെ വാട്സാപ് കൂട്ടായ്മയിൽ അംഗമാക്കും. ഈ ഗ്രൂപ്പ് വഴിയാണ് അടുത്ത  വീക്കെൻഡ് മെനു അറിയിക്കുക.

സൂസൻ തയാറാക്കുന്ന സ്പെഷൽ താറാവ് മസാല റോസ്റ്റിന്റെയും ഹണി ഗാർലിക് ചിക്കൻ വിങ്സിന്റെയും രുചിക്കൂട്ട് വായിക്കാം.

താറാവ് മസാല റോസ്റ്റ്

 • താറാവ്-1
 • ചുവന്നുള്ളി- 2 കപ്പ്
 • വെള്ളുതുള്ളി - 1 കുടം
 • ഇഞ്ചി -1 കഷണം
 • പച്ചമുളക് - 8 എണ്ണം
 • കുരുമുളക് - 2 ടീസ്പൂൺ (ഇവയെല്ലാം ചതച്ച് എടുക്കുക)
 • സവാള - 2 എണ്ണം അരിഞ്ഞത്
 • മല്ലിപ്പൊടി- 3 ടേബിൾസ്പൂൺ
 • മുളകുപൊടി- 2 ടേബിൾസ്പൂൺ
 • മഞ്ഞൾപ്പൊടി -1 ടീസ്പൂൺ
 • ഗരംമസാല - 2 ടീസ്പൂൺ
 • തേങ്ങ - ഒരു കപ്പ് നന്നായി വറുത്ത് പൊടിച്ചത്
 • വാളൻപുളി- 1 നെല്ലിക്ക വലുപ്പത്തിൽ1കപ്പ് വെള്ളത്തിൽ കുതിർത്ത്  

തയാറാക്കുന്ന വിധം

സവാള വഴറ്റിയതിലേക്ക് ചതച്ച ചേരുവകൾ ചേർത്ത് നന്നായി വഴറ്റുക. പൊടികൾ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് വറുത്ത തേങ്ങ പൊടിച്ചത് ചേർക്കുക. താറാവ് കഷണങ്ങൾ ചേർത്ത് യോജിപ്പിച്ച് പുളിവെള്ളം ഒഴിച്ച് കുക്കറിൽ വേവിക്കുക. വെന്ത ശേഷം ഒരു പാനിൽ എണ്ണ ചൂടാക്കി താറാവ് കഷണങ്ങൾ വറുത്ത് കോരുക. ഇത് ചാറ് വറ്റിച്ച് എടുക്കാം. വറത്ത താറാവ് കഷണങ്ങൾ  ചാറിൽ ചേർത്ത് യോജിപ്പിച്ച് മുകളിൽ ഉരുളക്കിഴങ്ങും കറിവേപ്പിലയും വറുത്തെടുത്ത് അലങ്കരിച്ചും വിളമ്പാം.

food-3
ഹണി ഗാർലിക് ചിക്കൻ വിങ്സ്

ഹണി ഗാർലിക് ചിക്കൻ വിങ്സ്

 • ചിക്കൻ വിങ്സ് - 1 കിലോഗ്രാം
 • മൈദ-1/4 കപ്പ്
 • കുരുമുളകു പൊടി- 1/4 ടീസ്പൂൺ
 • ഒലിവ് ഓയിൽ - 1 ടേബിൾസ്പൂൺ
 • ഉപ്പ് - ആവശ്യത്തിന്

സോസ്

 • തേൻ - 1/2 കപ്പ്
 • സോയാ സോസ്- 4 ടേബിൾസ്പൂൺ
 • ബ്രൗൺ ഷുഗർ- 2 ടേബിൾസ്പൂൺ
 • വെളുത്തുള്ളി- 4 അല്ലി ചതച്ചത്
 • ഇഞ്ചി -1 ടേബിൾസ്പൂൺ അരിഞ്ഞത്
 • ചതച്ച മുളക്- 1 ടേബിൾസ്പൂൺ
 • വെള്ളം- 1/3 കപ്പ്
 • കോൺഫ്ലവർ - 2 ടീസ്പൂൺ

തയാറാക്കുന്ന വിധം

 • ചിക്കൻ വിങ്സ് കുക്കറിൽ വെള്ളം ചേർത്ത് ഒരു വീസിൽ വരെ വേവിക്കുക.
 • ഒരു തുണികൊണ്ട് വെള്ളം തുടച്ച് നീക്കുക. മൈദയും കുരുമുളകുപൊടിയും ഉപ്പും ചേർത്ത് ചിക്കനിൽ പുരട്ടുക. 
 • ഒരു ബ്രഷ്  ഉപയോഗിച്ച് ഒലിവ് ഓയിലും ചിക്കനിൽ പുരട്ടുക.
 • ഒരു പാനിൽ ഒലീവ് ഓയിൽ ഒഴിച്ച് ചിക്കൻ വറുത്ത് മാറ്റി വയ്ക്കുക.
 • വേറെ ഒരു പാനീൻ റോസ്ററിനുള്ള ചേരുവകൾ എല്ലാം ചേർത്ത് 10 മിനിറ്റ് ചെറുതീയിൽ തിളപ്പിക്കുക. നന്നായി കുറുകി  വരുമ്പോൾ വാങ്ങി വയ്ക്കുക.
 • വറുത്ത ചിക്കൻ വിങ്സിൽ ഈ സോസ് പുരട്ടി 8-10 മിനിറ്റ് അവ്നിൽ മൊരിയിച്ച് എടുക്കാം.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA