അജിനാമോട്ടോയ്ക്ക് എന്താണ് കുഴപ്പം?

HIGHLIGHTS
  • എന്താണീ അജിനാമോട്ടോ? സംഗതിയൊരു കമ്പനിയാണ്. ചൈനീസല്ല, ജാപ്പനീസ്.
  • എംഎസ്ജി കുഴപ്പക്കാരനാണെന്ന് ഏതെങ്കിലും ലോകരാജ്യം കണ്ടെത്തിയിട്ടുണ്ടോ?
ajinomoto
Photo Credit : Mohd kamarul hafiz / Shutterstock.com
SHARE

ചില റസ്റ്ററന്റുകളിൽ എഴുതി പ്രദർശിപ്പിച്ചു കണ്ടിട്ടുണ്ട്: “ഞങ്ങൾ അജിനാമോട്ടോ ഉപയോഗിക്കാറില്ല". ഈ എഴുത്ത് കണ്ടു തുടങ്ങിയപ്പോൾ ആലോചന  തുടങ്ങി, ഈ അജിനാമോട്ടോ എന്താണ്? അത് ആരൊക്കെയാണ് ഉപയോഗിക്കുന്നത്? ആരോഗ്യത്തിനത് ഹാനികരമാണോ? ആരോഗ്യത്തിന് ഹാനികരമാണെങ്കിൽ അതെന്താണ് നിരോധിക്കപ്പെടാത്തത്? ഹാനികരമാണെന്നറിഞ്ഞിട്ടും ചില റസ്റ്ററന്റുകളൊക്കെ അത് ഉപയോഗിക്കുന്നുണ്ടോ? അങ്ങനെ എണ്ണമില്ലാത്ത ആലോചനകൾ.

അജിനാമോട്ടോ ഉപയോഗിച്ചാൽ സന്തതിപരമ്പരകൾ ഉണ്ടാവില്ല എന്നും ഉണ്ടായാൽത്തന്നെ ജനിതക വൈകല്യങ്ങൾ വരുമെന്നുമുള്ള പ്രചാരണം കേൾക്കാം. ആര് പ്രചരിപ്പിക്കുന്നു എന്ന് ചോദിച്ചാൽ, നമ്മളിൽ പലരും. സത്യമാണോ? ശാസ്ത്രീയ പിൻബലമുണ്ടോ? കൂടുതൽ അജിനാമോട്ടോ ആരാണ് ഉപയോഗിക്കുന്നത്? ലോകത്തിലെ മൊത്തം ഉപയോഗത്തിന്റെ പകുതിയിൽ കൂടുതൽ ചൈനയിലാണ്. അങ്ങിനെ നോക്കുമ്പോൾ ചൈനയിലെ ജനത്തിന് കുട്ടികളുണ്ടാവുന്നുണ്ടാവില്ല അല്ലേ? ഉണ്ടായാൽ തന്നെ ആരോഗ്യ പ്രശ്നങ്ങൾ കാണുമല്ലേ?. പക്ഷേ ലോകത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ ഉണ്ടാവുന്നത് ചൈനയിലാണ്. ആരോഗ്യത്തോടെ അവർ വളരുന്നു. ഒന്നിൽ കൂടുതൽ കുട്ടികൾ ഉണ്ടാകരുത് എന്ന് ജനങ്ങളോട് സർക്കാർ നിർബന്ധ്യ ബുദ്ധ്യാ പറയേണ്ടി വന്ന രാജ്യം! അങ്ങനെ വരുമ്പോൾ പ്രചാരണവും സത്യവും തമ്മിൽ ബന്ധമില്ല എന്നുണ്ടോ? ആശയക്കുഴപ്പം വർധിക്കുകയാണല്ലോ…

എന്താണീ അജിനാമോട്ടോ? സംഗതിയൊരു കമ്പനിയാണ്. ചൈനീസല്ല, ജാപ്പനീസ്. മുപ്പതിലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന, പത്ത് മുപ്പതിനായിരം പേര് ജോലി ചെയ്യുന്ന, നൂറിൽപരം കൊല്ലങ്ങൾക്ക് മുൻപ് സ്ഥാപിതമായ, ടോക്കിയോയിലെ ഒരു കമ്പനി. അവരുത്പാദിപ്പിച്ച്, വിപണനം ചെയ്യുന്ന പല സംഗതികളിൽ ഒന്നാണ് മോണോ സോഡിയം ഗ്ലൂട്ടമേറ്റ് (എംഎസ്ജി). നൂറ്റിപ്പത്ത് വർഷമായി ഈ കമ്പനി വിതരണം ചെയ്യുന്നതായതുകൊണ്ടായിരിക്കണം, ഇന്ന് എംഎസ്ജി അജിനാമോട്ടോ എന്ന് അറിയപ്പെടുന്നത്. എഎസ്ജി ഒരു ഭക്ഷ്യ ഉത്പന്നമാണ്. വിഭവങ്ങൾ പാകം ചെയ്യുമ്പോൾ അതിൽ സ്വാദ് വർധിപ്പിക്കുന്നതിന് ചേർക്കാവുന്നത്. ഉപ്പോ കുരുമുളകോ ഒക്കെ പോലെ. ഉപ്പിന് ഉപ്പു രസം. കുരുമുളകിന് എരിവ്. അതുപോലെ എംഎസ്ജി യുടെ രസമാണ് ഉമാമി. ഇനിയിപ്പോ ഈ ഉമാമിയെന്താണ്? അടിസ്ഥാനപരമായി അഞ്ച് രസങ്ങളാണ്:  മധുരം, ഉപ്പ്, പുളി, കയ്പ്പ്, പിന്നെ ഉമാമിയും. മധുരം, ഉപ്പ്, പുളി, കയ്പ്പ് ഇതൊക്ക നമുക്ക് പരിചിതം, പക്ഷേ ഈ ഉമാമിയെന്താണ്? തക്കാളി മുതൽ ഇറച്ചി വരെ നമ്മുടെ നാവിലെ ഉമാമി രസങ്ങളാണ്. സോയാ സോസിന് ഈ രസമാണ്. പഠനങ്ങൾ പറയുന്നത് അമ്മയുടെ മുലപ്പാലിന് ഉമാമി രസമാണെന്നാണ്. ആദ്യം നുണയുന്ന രസം. അതെങ്ങനെ മറക്കും? അതിനെ തേടി നമ്മൾ പോവില്ലേ? അതുകൊണ്ടായിരിക്കും എംഎസ്ജി ചേർത്ത ഭക്ഷണങ്ങൾ, അമേരിക്കൻ രീതിയിലുള്ള കോഴി പൊരിച്ചത് മുതൽ, ചൈനീസ് രീതിയിലുള്ള ഫ്രൈഡ്‌ റൈസ് വരെ നമ്മളുടെ മനസ്സ് തേടിപ്പോകുന്നത്. 

hotel-food
Photo Credit : DGLimages / Shutterstock.com

എംഎസ്ജി കുഴപ്പക്കാരനാണെന്ന് ഏതെങ്കിലും ലോകരാജ്യം കണ്ടെത്തിയിട്ടുണ്ടോ? ആരോഗ്യ സംഘടനകൾ കണ്ടെത്തിയിട്ടുണ്ടോ? അമേരിക്കയിൽ തൊണ്ണൂറുകളിൽ എഫ്ഡിഎ (യുഎസ് ഫുഡ് & ഡ്രഗ് അഡ്മിനിസ്ട്രേഷൻ) ആവശ്യപ്പെട്ടത് പ്രകാരം, ഫെഡറേഷൻ ഓഫ് അമേരിക്കൻ സൊസൈറ്റീസ് ഫോർ എക്സ്പിരിമെന്റൽ ബയോളജി, എംഎസ്ജിയുടെ ഉപയോഗത്താലുണ്ടായേക്കാവുന്ന ആരോഗ്യ വശങ്ങൾ പരിശോധിക്കുകയുണ്ടായി. ദോഷമായി ഒന്നും കണ്ടെത്താനായില്ല. അങ്ങനെ അമേരിക്കൻ ഗവൺമെന്റ്, ഫലത്തിൽ എംഎസ്ജിയെ സുരക്ഷിതമായി അംഗീകരിച്ചു. യൂറോപ്യൻ ഫുഡ് സേഫ്റ്റി അതോറിറ്റിയും (എഫ്എസ്എ)  ഇതുതന്നെ ചെയ്തു. പച്ചക്കറിയിൽ കീടനാശിനി അടിച്ചത് കണ്ടാൽ പോലും നടപടിയെടുക്കുന്ന ഈ സർക്കാർ സ്ഥാപനങ്ങൾ ആരോഗ്യത്തിന്ന് എംഎസ്ജി ഹാനികരമല്ല എന്ന് പറയുമ്പോളും, നമ്മുടെ നാട്ടിലടക്കം ഇവനെതിരെ എന്തിന് പ്രചരണം നടക്കുന്നു?. 

സോഡിയം കൂടുതൽ ഉള്ളതിനാൽ ഗർഭിണികൾ ഇവനെ കഴിക്കണ്ട എന്ന് ചിലർ പറയുന്നുണ്ട്. സാധാരണ ഗതിയിൽ, ഒരാളുടെ, ഒരു നേരത്തെ ഭക്ഷണത്തിൽ, അര ഗ്രാമോളമാണ് എംഎസ്ജി ചേർക്കാറ്. അതിന്റെ ആറിരട്ടിയിലധികം കഴിച്ചാൽ ചിലരിൽ തലവേദന പോലുള്ള പാർശ്വ ഫലങ്ങൾ ഉണ്ടാകുമെന്ന് സർക്കാർ ഏജൻസികൾ സ്ഥിരീകരിക്കാത്ത കണ്ടെത്തലുകൾ ഉണ്ട്.  ഉപ്പും പഞ്ചസാരയും ആവശ്യത്തിൽ കൂടുതൽ  ഉപയോഗിച്ചാൽ എന്തു സംഭവിക്കുമെന്ന് നമുക്കറിയാം. അതിന്റെ ഏഴയലത്ത് അപകടം ഉണ്ടാക്കാത്ത ഒരു സാധനമായിട്ടും എംഎസ്ജി യോടെന്തിനാണ് ഇത്ര പേടി? ശത്രുത? സംഗതി രസമുള്ള ചരിത്രമാണ്. വളരെ പഴയൊരു രസമുണ്ടല്ലോ, വെറുതേ കുറ്റം പറഞ്ഞു രസിക്കൽ. മുതലെടുക്കൽ. അതുതന്നെ. സുഖമുള്ള ഒരു രസം.

ആയിരത്തി തൊള്ളായിരത്തി അറുപത്തെട്ടിൽ, ഡോക്ടർ ഹോ മാൻ ക്വോക്ക്, ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിന് എഴുതിയ കത്തിൽ എംഎസ്ജിയുടെ പാർശ്വഫലങ്ങളെ കുറിച്ച് ചില സംശയങ്ങൾ പറഞ്ഞു. അന്നത്തെ ആ സംശയങ്ങൾ സർക്കാർ ഏജൻസികളെ എംഎസ്ജിയെ കുറിച്ച് പഠിക്കാൻ പ്രേരിപ്പിച്ചു. ചില മുതലെടുപ്പുകാർ ഇതൊരവസരമായി കണ്ട് എംഎസ്ജിക്കെതിരെ വ്യാപക പ്രചാരണം അഴിച്ചു വിടുകയും അമേരിക്കയിലെ ഏഷ്യൻ റസ്റ്ററന്റുകളുടെ വ്യാപാരം തകർക്കാൻ ശ്രമിക്കുകയും ചെയ്തു. വിപണിയിലെ അനാരോഗ്യകരമായ മത്സരം, ഏഷ്യൻ റസ്റ്ററന്റുകളെ തകർക്കാൻ എംഎസ്ജിയെ കരുവാക്കിയ കൂട്ടത്തിൽ, മറ്റു ചിലർ “നോ-എംഎസ്ജി കൂക്ക് ബുക്ക്” അടക്കമുള്ള സാധ്യതകളും ഉപയോഗപ്പെടുത്തി. സോഷ്യൽ മീഡിയ ഇല്ലാതിരുന്ന കാലത്തും മുതലെടുപ്പുകാരുടെ കുറ്റം പറച്ചിൽ "വൈറലായെന്ന്" ബിബിസി റിപ്പോർട്ട് ചെയ്തു. അല്ലെങ്കിലും, അപവാദ പ്രചാരണത്തിന് വേഗതയുടെ കാര്യത്തിൽ കൊടുങ്കാറ്റിനെ തോൽപ്പിക്കാനാവണമല്ലോ. അതാണല്ലോ, നമ്മൾ മനുഷ്യർ. വന്നുവന്ന് റസ്റ്ററന്റുകൾക്ക് പിടിച്ചു നിൽക്കാൻ “ഞങ്ങൾ അജിനാമോട്ടോ ഉപയോഗിക്കാറില്ല" എന്നെഴുതിവയ്ക്കേണ്ടി വന്നു. പത്തൻപത് വർഷങ്ങൾ കഴിഞ്ഞെങ്കിലും, പഠന ഫലങ്ങൾ പലത് പ്രസിദ്ധീകരിച്ചെങ്കിലും, ഇന്നും പ്രചാരണവും എഴുത്തും തുടർന്നു പോരുന്നു.

(റസ്റ്ററന്റ് കൺസൽറ്റന്റും ബ്ലോഗറുമാണ് ലേഖകൻ. അഭിപ്രായം വ്യക്തിപരം) 

English Summary : Ajinomoto, There is a ton of controversy surrounding MSG in the natural health community.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA