ADVERTISEMENT

ഡിസൈനർ കേക്കുകൾ ഇപ്പോൾ ഒരു തരംഗമാണ്. ഏഴ് വർഷങ്ങൾക്കു മുൻപ് അവിചാരിതമായി ബേക്കിങ് തുടങ്ങി, കേക്ക് നിർമാണത്തിൽ പേരെടുത്ത ഒരു തിരുവല്ലക്കാരിയെ പരിചയപ്പെടാം, നീനു അജു ക്രിസ് ഇന്ന് ഡിസൈനർ കേക്ക് മേക്കിങ്ങിലെ സ്റ്റാറാണ്. ഹോം ബേക്കിങ്ങിൽ സ്പെഷൽ ഡിസൈനർ കേക്കുകളിലൂടെ ശ്രദ്ധേയയായ നീനു തീം ബേസ്ഡ് കേക്കുനിർമ്മാണത്തിലാണ് സ്പെഷലൈസ് ചെയ്തിരിക്കുന്നത്. 

വോളിബോൾ താരവും ഫിസിക്കൽ എജ്യുക്കേഷനിൽ എം ഫിൽ ബിരുദധാരിയുമായ നീനു വിവാഹശേഷം ഭർത്താവിനൊപ്പം ദോഹയിലെത്തിയപ്പോഴാണ് കേക്ക് ബേക്കിങ്ങിലേക്കു ശ്രദ്ധ തിരിച്ചത്. ‌പ്രഷർ കുക്കറിൽ കേക്കുണ്ടാക്കി സുഹൃത്തുക്കൾക്കു നൽകി. നല്ല അഭിപ്രായം കിട്ടിയതോടെ ഭർത്താവ് അജുവിന്റെ പ്രോത്സാഹനത്തിൽ കൂടുതൽ കേക്കുകൾ ചെയ്തു. അടിസ്ഥാന പാഠങ്ങൾ യൂട്യൂബിൽനിന്നു പഠിച്ചെടുത്തു. ആദ്യം ഫ്ലവർ ഡിസൈനിലാണ് തുടങ്ങിയത്. ദോഹയിൽ വിദേശികൾക്ക് ഹോം മേയ്ഡ് കേക്കുകൾ വളരെ ഇഷ്ടമാണ്. അങ്ങനെ ധാരാളം ഓർഡറുകൾ കിട്ടി. ഡിസൈനർ കേക്കുകൾ ചെയ്ത് കൈ തെളിഞ്ഞു എന്നുതന്നെ പറയാം.

dosa-puttu-cake

ദോഹയിൽനിന്നു നാട്ടിലെത്തി സെറ്റിലായപ്പോഴും കേക്ക് നിർമാണം കൈവിട്ടില്ല. ഒരു ദിവസം ഒരു കേക്ക് എന്ന കണക്കിലാണ് ഇപ്പോൾ ചെയ്യുന്നത്. ഏറ്റവും മികച്ച ചേരുവകൾ കൊണ്ടാണ് കേക്ക് തയാറാക്കുന്നതും. മയിൽ, ദോശ, കാർട്ടൂൺ കഥാപാത്രങ്ങൾ, പുട്ടും മീൻകറിയും –.തീം ഏതു കൊടുത്താലും നീനു കേക്ക് റെഡിയാക്കി തരും. ഡിസൈനർ കേക്കുകൾ മാത്രമാണ് നീനു ചെയ്യുന്നതും.

designed-cakes

നാട്ടിൽ വന്നപ്പോൾ അമ്മയുടെ റിട്ടയർമെന്റ് കേക്ക് സർപ്രൈസായി ഒരുക്കി. എറണാകുളത്ത് ഒരു സ്‌കൂളിൽ ആയിരുന്നു പരിപാടി. അന്ന് അമ്മ ഏത് സാരിയാണ് ഉടുക്കുന്നതെന്നു നേരത്തേ മനസിലാക്കി, അതിനനുസരിച്ച് കേക്ക് സമ്മാനിച്ച് അമ്മയെ ചെറുതായൊന്ന് ഞെട്ടിച്ചു.

സൂപ്പർ ഹിറ്റായ കോഴികേക്ക്...

കോഴികളെ വലിയ ഇഷ്ടമുള്ള ഒരു രണ്ടു വയസ്സുകാരനുവേണ്ടി തയാറാക്കിയ കോഴികേക്ക് സമൂഹമാധ്യമത്തിൽ ട്രെൻഡിങ്ങായിരുന്നു.  കോഴിയുടെ 3 ഡി ഡിസൈനിലുള്ള കേക്ക് കണ്ടവർ വിചാരിച്ചത് ഏതോ ‘കോഴി’ ചങ്കിനുള്ള പണിയാണെന്നാണ്. 

ഒന്നാം പിറന്നാളിന് കേക്ക് വാങ്ങുന്നവർ രണ്ടാമത്തെയും മൂന്നാമത്തെയും ബർത്ത്ഡേയ്ക്കും കേക്കിന് ഓർഡർ തരുമ്പോൾ സന്തോഷം തോന്നാറുണ്ട്. കേക്കിന്റെ ഡിസൈൻ ഇഷ്ടപ്പെട്ട് അത് ആവർത്തിച്ച് ചെയ്യിക്കുന്നവരും ഉണ്ട്. 

മൂന്ന് കുട്ടികളെയും കൊണ്ട് കേക്ക് ലൈഫ് ബാലൻസ് ചെയ്തു പോകുന്നു, ബേക്കിങ് പകലും ഡിസൈനിങ് കുഞ്ഞുങ്ങൾ ഉറങ്ങിയ ശേഷവുമാകും മിക്കപ്പോഴും ചെയ്യുന്നത്. വീട്ടിലെ സൗകര്യങ്ങളിൽ തന്നെയാണ് ഇപ്പോഴും നീനു കേക്ക് ചെയ്തെടുക്കുന്നത്. കുഞ്ഞുങ്ങളുടെ പഠിത്തം മുതൽ അവരുടെ പിണക്കങ്ങൾ തീർക്കുന്നതിനു വരെ കട്ട സപ്പോർട്ട് കൊടുക്കുന്ന അമ്മയും അച്ഛനും നീനുവിൻ്റെ കേക്ക് സ്മാഷുകൾക്കു പുറകിലുള്ള സ്ട്രോംഗ് 'ലിഫ്റ്റർമാരാണ്.' അങ്ങകലെ തൃശൂർ വാണിയംപാറയിൽ ഉള്ള സ്വന്തം മാതാപിതാക്കൾക്കും കൗതുകം അന്ന് ഏതു പുതിയ കേക്ക് ആണെന്നുള്ളതാണ്. അതുകൊണ്ടു തന്നെ വോളീബോൾ കോർട്ടിൽ നിന്നും രുചിയുടെ കോർട്ടിലെത്തിയ ഈ കലാകാരി കാത്തിരിക്കുന്നു ഇനിയും പുതുമയുള്ള ഡിസൈനർ കേക്കുകളുടെ ചലഞ്ചുകൾക്കായി.

English Summary : Cake Making by Neenu Aju Chris

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com