വൈക്കത്തെ വലിയ അടുക്കള, രുചിമഹിമയിൽ ഏറെ പ്രസിദ്ധം

kottayam-vaikom-mahadeva-temple-kitchen
വൈക്കം മഹാദേവ ക്ഷേത്രത്തിലെ വലിയ അടുക്കളയുടെ പുറത്തു നിന്നുള്ള ദൃശ്യം.
SHARE

അന്നദാന പ്രഭുവായ വൈക്കത്തപ്പന്റെ വലിയ അടുക്കള ഏറെ പ്രസിദ്ധമാണ്. വലിയ അടുക്കളയിൽ പാചകത്തിനുള്ള അവകാശം മുട്ടസ് മനയിലെ നമ്പൂതിരിക്കാണ്. ഇവിടെ തയാറാക്കിയ വിഭവങ്ങളുടെ രുചി അറിഞ്ഞ തിരുവിതാംകൂർ മഹാരാജാവ് മുട്ടസ് നമ്പൂതിരിയെ തിരുവിതാംകൂർ കൊട്ടാരത്തിലേക്കു വിളിപ്പിച്ച് വൈക്കത്തെ പ്രാതൽ വിഭവങ്ങൾ ഒരുക്കാൻ ആവശ്യപ്പെട്ടു. 

ആവശ്യമായ സാധനങ്ങൾ എത്തിച്ച് പാചകം പൂർത്തീകരിച്ചെങ്കിലും വൈക്കത്തെ പ്രാതലിന്റെ രുചി ലഭിക്കാതെ വന്നപ്പോൾ രാജാവ് ക്ഷുഭിതനായി. പ്രകാരം എല്ലാ സാധനങ്ങളും ഒരുക്കിയിരുന്നില്ലേ? എന്തുകൊണ്ടാണ് വൈക്കത്തെ രുചി ലഭിക്കാതെ പോയത് എന്ന ചോദ്യത്തിന് വൈക്കത്തെ വലിയ അടുക്കളയിൽ തയാറാക്കിയാലേ ആ രുചി ലഭിക്കൂ എന്നായിരുന്നു മറുപടി. ക്ഷേത്രത്തിലെ നാലമ്പലത്തിന്റെ വടക്കുകിഴക്കു ഭാഗത്താണ് വലിയ അടുക്കള. ഇവിടെയാണ് വൈക്കത്തപ്പന്റെ ഇഷ്ട വഴിപാടായ പ്രാതൽ ഒരുക്കുന്നത്. 

ചോറും പായസവും കാളനും വലിയ അടുക്കളയിലും മറ്റു വിഭവങ്ങൾ ചെറുകറിപ്പുരയിലുമാണ് തയാറാക്കി വരുന്നത്. പ്രാതൽ നടക്കുന്ന ദിവസം ബ്രാഹ്മമുഹൂർത്തത്തിൽ മുട്ടസ് നമ്പൂതിരി കുളിച്ചു വന്ന് തിടപ്പള്ളിയിലെ നിവേദ്യം തയാറാക്കുന്ന അടുപ്പിൽ നിന്നു ചട്ടുകത്തിൽ തീ കനൽ കോരിയെടുത്ത് ക്ഷേത്രനടയിൽ എത്തി പാർവതീ പരമേശ്വരൻമാരെ ധ്യാനിച്ചാണ് വലിയ അടുക്കളയിൽ തീ പിടിപ്പിക്കുന്നത്.

സ്തംഭ ഗണപതിക്ക് വലിയ അടുക്കളയിൽ നിലവിളക്കു കത്തിച്ച ശേഷമാണ് പാചകം തുടങ്ങുന്നത്. വൈക്കത്തഷ്ടമി നാളിൽ 551 പറ അരിയുടെ പ്രാതൽ വരെ ഒരുക്കിയിട്ടുണ്ട്.രാജഭരണകാലത്ത് 365 ദിവസവും മൃഷ്ടാന്ന ഭോജനം നടന്നിരുന്നു. പ്രാതലിന്റെ ചോറു തയാറാക്കുന്നതിലും പ്രത്യേകതയുണ്ട്. വലിയ അടുക്കളയിൽ പനമ്പു വിരിച്ച ശേഷം പാതി വേവിച്ച് അരി അതിലേക്ക് പകർത്തും. 

തുടർന്ന് കഴുകി എടുത്ത അരി അതിൽ ചേർത്ത് പൊത്തിവയ്ക്കും. അൽപസമയങ്ങൾക്കുള്ളിൽ പനമ്പിൽ വിരിച്ച് അരി മുഴുവൻ പാകത്തിന് വേവിക്കും. ചെറുകറിപ്പുരയിൽ വിഭവങ്ങൾ ഒരുക്കുമ്പോൾ മണത്തു നോക്കിയാണ് രുചിയറിയുന്നത് എന്നതും പ്രത്യേകതയാണ്. വിശേഷ ദിവസങ്ങളിൽ ദേവസ്വം ബോർഡും മറ്റു ദിവസങ്ങളിൽ ഭക്തരുടെ വഴിപാടായും പ്രാതൽ നടത്തി വന്നിരുന്നു. കൊറോണ പ്രതിസന്ധി മൂലം മാർച്ച് 21ന് ശേഷം ആചാര പ്രകാരം മാത്രമാണ് പ്രാതൽ നടത്തുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA