ADVERTISEMENT

ഇയാൾ ഭക്ഷണം കഴിക്കുന്നതും നോക്കി എത്ര നേരമിരുന്നാലും മടുക്കില്ല. യൂട്യൂബിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും വൈറലായ മൃണാൾസ് വ്ലോഗ് രുചിയളവിന്റെ മറുപേരാണ്. അറിയപ്പെടുന്ന ഫുഡ് വ്ലോഗർ മാത്രമല്ല ലോകം ശ്രദ്ധിക്കുന്ന റസ്റ്ററന്റ് കൺസൽറ്റന്റുമാണ് ഈ കാസർകോടുകാരൻ. ഈ മലബാറുകാരൻ കഴിക്കുന്ന ഭക്ഷണത്തിന്റെ ഗുണം ആ മുഖത്ത് വിരിയുന്ന ഭാവങ്ങളിൽനിന്നു തന്നെ കാഴ്ചക്കാരോടു സംവദിക്കും. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കൂണുപോലെ മുളച്ചു പൊങ്ങുന്ന ധാരാളം കുട്ടിവ്ലോഗേഴ്സ് ഉണ്ട്, പലരും ‘ഫ്രീ’ ആയി റസ്റ്ററന്റിൽ പോയി ഭക്ഷണം കഴിക്കാനുള്ള ഉപാധിയായാണ് വ്ലോഗിങ്ങിനെ കാണുന്നതും. വൃത്തിയായി എങ്ങനെ വ്ലോഗ് ചെയ്യാമെന്നതിനെക്കുറിച്ചും റസ്റ്ററന്റ് കൺസൽറ്റൻസിയെക്കുറിച്ചും സംസാരിക്കുകയാണ് മൃണാൾ ദാസ് വെങ്ങലാട്ട്.

ഒരു ലക്ഷത്തി ഒന്ന് രൂപയോ ഒരു ഫുഡ് വ്ലോഗിന്!

ചേട്ടാ എനിക്കൊരു റസ്റ്ററന്റ് ഉണ്ട്, ഒരു വിഡിയോ ചെയ്യാമോ? എന്നു ചോദിച്ചു വിളിക്കുന്നവരോട് നിബന്ധനകൾ വ്യക്തമായി പറയാറുണ്ട്. വരുന്നതിനു മുൻപ് ഒരു ലക്ഷം രൂപ അക്കൗണ്ടിൽ ഇടണം. ഇനി വന്ന് ഭക്ഷണം കഴിച്ച ശേഷം അത് ഇഷ്ടപ്പെട്ടില്ല എന്ന കമന്റ് ഉണ്ടെങ്കിൽ അത് ഉൾപ്പെടുത്തിയ വിഡിയോ അവർക്കു തന്നെ അയച്ചു കൊടുക്കും, അവർക്ക് താത്പര്യമെങ്കിൽ അതുപോലെതന്നെ പബ്ളിഷ് ചെയ്യാം. കണ്ടന്റ് മാറ്റി എഡിറ്റ് ചെയ്യുന്ന പരിപാടിയില്ല! പബ്ളിഷ് ചെയ്യണോ വേണ്ടയോ എന്ന് അവർക്ക് തീരുമാനിക്കാം! ഒരുമാതിരി ആൾക്കാരൊക്കെ ഇയാൾ വേണ്ട എന്നു വച്ച് അപ്പോൾത്തന്നെ ഓടിപ്പോകും. അതോടെ എന്റെ ഉപദ്രവം ഒഴിവായി! 

മൃണാൾ ദാസ് വെങ്ങലാട്ട്
മൃണാൾ ദാസ് വെങ്ങലാട്ട്

ഞാൻ ഫീസ് വാങ്ങുന്നതിനെക്കുറിച്ച് എന്റെ ക്ലയന്റ്സ് പരാതിയുമായി പൊലീസ് സ്റ്റേഷനിൽ പോയാലാണ് പ്രോബ്ലം. അല്ലാതെ ജീവിതത്തിൽ എന്റെ ക്ലയന്റ് ആകാൻ സാധ്യത ഇല്ലാത്തൊരാൾ പരാതി പറഞ്ഞാൽ ഞാൻ എന്തു പറയാനാണ്. ഞാൻ ഒരു മണിക്കൂറിന്  ഇത്ര രൂപ ഫീസ് വാങ്ങുന്നു. തരാൻ ആളുള്ളതുകൊണ്ടല്ലേ വാങ്ങുന്നത്. ഞാൻ തട്ടിപ്പ് കാണിച്ചാണ് വാങ്ങുന്നതെങ്കിൽ അതെത്ര നാൾ പോകും? ആരും തേടി വന്നില്ലെങ്കിൽ ഞാൻ സ്വാഭാവികമായും ഫീസ് കുറയ്ക്കില്ലേ? ഞാനൊരു വ്ലോഗു ചെയ്തു തരാം, എനിക്കിത്ര പൈസ വേണം എന്ന് ആരോടും ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. 400 ൽ അധികം വിഡിയോ വ്ലോഗ് ഇതുവരെ സ്വന്തം കൈയിൽനിന്നു കാശു മുടക്കിത്തന്നെയാണ് ചെയ്തിരിക്കുന്നതും. 

ഒരു ക്ലയന്റിനെപ്പോലും ഞാൻ സമീപിച്ചിട്ടില്ല. ആദ്യത്തെ ക്ലയന്റ് മുതൽ ഇപ്പോളത്തെ ക്ലയന്റ് വരെ എന്നെത്തേടി വന്നതാണ്. അതിൽ തന്നെ 95 ശതമാനം പേരെയും ഞാൻ എന്തെങ്കിലും പറഞ്ഞു മടക്കാറേയുള്ളൂ. എനിക്ക് പൈസയോട് വലിയ ആർത്തിയൊന്നുമില്ല. പക്ഷേ മുൻപൊരു ബിസിനസ് ചെയ്തതു മൂലം എനിക്കു ഭീമമായൊരു കടം  ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് മൂന്ന് കാര്യങ്ങൾ ഞാൻ ജീവിതത്തിൽ തീരുമാനിച്ചിട്ടുണ്ട്. ഒന്ന് ഒരു കാരണവശാലും ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുകയോ കടം വാങ്ങുകയോ ചെയ്യില്ല. ഉള്ള കടം കൂട്ടേണ്ട എന്ന് കരുതിയാണ്. രണ്ടാമത്തെ കാര്യം, ബിസിനസിൽ എന്നെ ഹെൽപ്  ചെയ്യാൻ ആളില്ലായിരുന്നു. കോണ്ടാക്ട്സ് ഇല്ലായിരുന്നു. മാർക്കറ്റ് കണ്ടീഷൻ പറഞ്ഞു തരാൻ ആളില്ലായിരുന്നു. അതെല്ലാം എന്റെ കുഴപ്പം തന്നെയാണ്. അവയൊക്കെയുണ്ടാക്കിയിട്ടു വേണമായിരുന്നു ബിസിനസ് തുടങ്ങാൻ. അതുകൊണ്ടുതന്നെ ഒരു ബിസിനസ് പ്ലാനുമായി വരുന്നവരോടൊക്കെ എന്റെ അനുഭവമാണ് ആദ്യം പറഞ്ഞു കൊടുക്കുക. ദയവു ചെയ്ത് ചാടിക്കയറി തുടങ്ങരുത്. ഒരാവേശത്തിന് കിണറ്റിലിറങ്ങിയാൽ വേറൊരാവേശത്തിന് തിരിച്ചു കയറാൻ പറ്റില്ല. പൈസയോട് ആർത്തി പിടിച്ചിട്ടു. കാര്യമില്ല. ഞാൻ ഈ പിള്ളേരോടൊക്കെ പറയാറുണ്ട്: നിങ്ങൾ പൈസയ്ക്കു വേണ്ടി പണിയെടുക്കുമ്പോൾ പൈസ നിങ്ങളിൽനിന്ന് അകന്നു പോകും.  ബെസ്റ്റ് റിസൽറ്റിനുവേണ്ടി പണിയെടുത്താൽ പൈസ ഇങ്ങോട്ടു വന്നോളും. പൈസ ഉണ്ടാക്കിയിട്ടുള്ള ആരോടു ചോദിച്ചാലും ഇതു പറഞ്ഞു തരും.

ഭക്ഷണശാലകൾ തിരഞ്ഞെടുക്കുന്നത്

മൃണാൾ ദാസ് വെങ്ങലാട്ട്
മൃണാൾ ദാസ് വെങ്ങലാട്ട്

നല്ല ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളെപ്പറ്റി സുഹൃത്തുക്കൾ പറയാറുണ്ട്. അതും ഫെയ്സ്ബുക്കിലും പത്രവാർത്തകളിലും മറ്റുംനിന്നു കിട്ടുന്ന ഇത്തരം വിവരങ്ങളും ഗൂഗിൾ മാപ്പ് ഉൾപ്പെടെ നോട്ടായി സേവ് ചെയ്ത് വയ്ക്കാറുണ്ട്. ആ വഴി പോകുമ്പോൾ സാധിക്കുമെങ്കിൽ അവിടെ കയറി ഭക്ഷണം കഴിക്കാറാണ് പതിവ്. ആ നോട്ടിൽ ഇപ്പോൾ ആയിരത്തിലധികം ഭക്ഷണശാലകളുണ്ട്. ഫുഡ് വ്ലോഗ് ചെയ്യുമ്പോൾ ഞാൻ മുൻകൂട്ടി പറയാറില്ല. എങ്കിലും ചില അവസരത്തിൽ പറയേണ്ടി വരും. ഏതെങ്കിലും ഡിഷ് തയാറാക്കാൻ കൂടുതൽ സമയം എടുക്കുമെങ്കിൽ അത് തലേദിവസം ഓർഡർ ചെയ്യേണ്ടി വരും. ഞാൻ ഓർഡർ ചെയ്യില്ല. ആരെയെങ്കിലും കൊണ്ട് ചെയ്യിക്കും. കിച്ചൻ ഷൂട്ട് ചെയ്യേണ്ടി വരുന്ന അവസരങ്ങളിൽ വ്ലോഗിൽ കാണിക്കാൻ വേണ്ടി റസ്റ്ററന്റുകളിൽ മുൻകൂട്ടി പറയേണ്ടി വരും. അല്ലാതെ ഞാൻ ഷൂട്ട് ചെയ്തോട്ടെ എന്ന് ചോദിച്ചാലുടൻ അവർ അനുവാദം തരില്ല. കാരണം വലിയ വലിയ റസ്റ്ററന്റുകൾക്ക് ഇത്തരം വ്ലോഗുകൾ ചെയ്തു കിട്ടിയില്ലെങ്കിലും കുഴപ്പമില്ല. പലരും വിചാരിക്കുന്നത് ഞാനൊക്കെ അവിടെ പോയാൽ വലിയ സ്വീകരണം ആയിരിക്കും, കാശ്  കൊടുക്കേണ്ട എന്നൊക്കെയാണ്.  അങ്ങനെയൊന്നുമല്ല. വ്ലോഗ് ചെയ്യുന്ന സമയത്ത് ചേർത്തല മധു ചേട്ടൻ എന്നോട് പറഞ്ഞിട്ടുണ്ട്, എന്റെ  സാറേ അല്ലെങ്കിൽത്തന്നെ ഇവിടെ നിന്നു തിരിയാൻ നേരമില്ല. നിങ്ങൾ വ്ലോഗ് ചെയ്തിട്ട് രണ്ടു പേര് കൂടുതൽ വന്നാൽ ഞാൻ ബുദ്ധിമുട്ടിലാകും. 

കോഴിക്കോട്ട് അഞ്ചു തരം മന്തി കംപയർ ചെയ്ത് ഒരു വ്ലോഗ് ചെയ്തിരുന്നു. അതിനു ഞാനല്ല, സുഹൃത്താണ് ഓരോ കടയിൽനിന്നും മന്തി വാങ്ങിയത്. അതെന്തിനാണെന്നു ചോദിച്ചാൽ, ഈ വ്ലോഗ് കണ്ട് അവിടെ പോകുന്നവർക്ക് എനിക്കു കിട്ടിയ ഉൽപന്നം തന്നെ കിട്ടണം.

വ്ലോഗർമാരെല്ലാം ഫ്രീയായി ഭക്ഷണം കഴിച്ച് നാണമില്ലാതെ നടക്കുകയാണോ? 

ഇൻസ്റ്റഗ്രാമിലും മറ്റുമുള്ള ചില കുട്ടികൾ റസ്റ്ററന്റുകളിൽ വിളിച്ച്, ഞങ്ങൾക്ക് ഇങ്ങനെ ഒരു പേജുണ്ട്. റസ്റ്ററന്റിനെപ്പറ്റി വ്ലോഗ് ചെയ്യാം പക്ഷേ ഫ്രീ ആയി ഭക്ഷണം വേണം എന്നു പറയാറുണ്ട്. ഞാൻ അതിന് എതിരാണ്. പൈസ കൊടുത്തേ ഞാൻ കഴിക്കാറുളളൂ.  ആ ബില്ലുകൾ ഞാൻ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്യാറുമുണ്ട്. ഒരു പരിധിയിൽ കൂടുതൽ ഫോളോവേഴ്സ് ഉള്ള ചില പുതിയ വ്ലോഗേഴ്സ് റസ്റ്ററന്റുകാരോട് പണവും ചോദിക്കും. അതും ശരിയല്ല. ഒരു റസ്റ്ററന്റിൽനിന്ന് 10% ഒക്കെയേ ലാഭം കിട്ടാറുള്ളൂ. ഈ കുട്ടിവ്ലോഗേഴ്സ് പലപ്പോഴും റസ്റ്ററന്റുകാരുമായി തെറ്റി അവർക്കെതിരെ കമന്റുകൾ ഇടുമെന്നും ഭീഷണിപ്പെടുത്തും. അതും നല്ല പ്രവണതയല്ല. 

വ്ലോഗിങ്ങിൽ ശ്രദ്ധിക്കേണ്ട കാര്യം

മൃണാൾ ദാസ് വെങ്ങലാട്ട്
മൃണാൾ ദാസ് വെങ്ങലാട്ട്

നമ്മൾ ഒരു വ്ലോഗ് ചെയ്താൽ എല്ലാവരും കാണണം എന്നില്ല. നമ്മുടെ സബ്സ്ക്രൈബേഴ്സ് കേരളത്തിൽ പലയിടത്തോ കേരളത്തിനു പുറത്തോ ഉള്ളവരാണ്. ഞാൻ കോട്ടയത്തുള്ള ഒരു റസ്റ്ററന്റിനെപ്പറ്റി വ്ലോഗ് ചെയ്താൽ അതു കാണുന്നവരെല്ലാം അവിടെവന്നു ഭക്ഷണം കഴിക്കില്ല. ഇതിൽ ടാർഗറ്റ് ഓഡിയൻസ് എന്നൊരു വിഷയം ഉണ്ട്. കറക്ട് സ്ഥലത്ത് ആ ഓഡിയൻസ് പവർ ഉണ്ടാകണം. അവർക്ക് ആ പ്രോഡക്ടിനോട് ആഗ്രഹം ഉണ്ടാവണം. അങ്ങനെ കുറേ മാർക്കറ്റിങ് – ടെക്‌നിക്‌സ് വിഷയങ്ങളും ഇതിലുണ്ട്. അഞ്ചു ലക്ഷം പേർ കണ്ടാൽ അതിൽ അഞ്ഞൂറു പേരായിരിക്കും ശരിക്കും കസ്റ്റമേഴ്സ്. 

റസ്റ്ററന്റ് ബിസിനസ് വെല്ലുവിളിയാണ്

എന്റെ കരിയറും വ്ലോഗും തമ്മിൽ ഒരു ബന്ധവും ഇല്ല. വ്ലോഗ് കണ്ടിട്ട് ഒരുപാടുപേർ എന്നോട് റസ്റ്ററന്റ് ഉണ്ടാക്കിത്തരാമോ എന്നു ചോദിക്കും. അവരോട് ഫീസിന്റെ കാര്യം പറയാറുണ്ട്. ഫീസ് കുറച്ചു കൂടുതലാണ്. അത് അഫോർഡ് ചെയ്യാൻ പറ്റാത്തവർക്കു വേണ്ടി ക്ലാസ് നടത്തുന്നുണ്ട്. മാസത്തിൽ ഒന്നു വീതം ഏതെങ്കിലും സ്റ്റാർ ഹോട്ടലിൽവച്ച്. ആ  ഹോട്ടലിലെ കിച്ചൻ എങ്ങനെയാണ് നടക്കുന്നതെന്നു കാണിച്ചു കൊടുക്കാൻ വേണ്ടിയാണത്. ക്ലാസ്സിന്റെ ഫീസ് 9000  രൂപയാണ്. അതിൽനിന്ന് എനിക്ക് ടാക്സ്, ഹോട്ടലിൽ ബില്ല് എന്നിവ കൊടുക്കണം ശേഷം മൂവായിരമോ നാലായിരമോ ആണ് ഫീസ് കിട്ടുക. കോസ്റ്റിങ് എങ്ങനെ വേണം, ബജറ്റിങ് എങ്ങനെ ചെയ്യണം, ലൊക്കേഷൻ എങ്ങനെ കണ്ടുപിടിക്കണം തുടങ്ങിയ വിവരങ്ങൾ അവർക്ക് കൊടുക്കും. താല്പര്യമുണ്ടെങ്കിൽ വായിച്ചു നോക്കാം. മിക്കപ്പോഴും ഇതിനെക്കുറിച്ച് മനസ്സിലാക്കിയ ശേഷം ക്ലാസിനു വരുന്ന 99 ശതമാനം പേരും റസ്റ്ററന്റ് തുടങ്ങേണ്ട എന്നാണ് വയ്ക്കുക. കാരണം ഈ മേഖല അത്ര ചലഞ്ചിങ് ആണ്. 

ഫുഡ് വ്ലോഗ് കൺസൽറ്റൻസിക്ക് സഹായകമാണ്...

റസ്റ്ററന്റ് കൺസൽറ്റൻസി വളരെ ബുദ്ധിമുട്ടുള്ള ജോലിയാണ്, അതിനൊപ്പം വ്ലോഗ് ചെയ്യുന്ന കൊണ്ടുള്ള ഗുണം ആ യാത്രകളിലൂടെ ഒന്നു റീചാർജ് ആകാം. പുതിയ വിഭവങ്ങളും ആശയങ്ങളും പരിചയപ്പെടാം.  

ബിസിനസ് ചെയ്ത് തകർന്ന് തരിപ്പണമായ സമയം...

mrinal-family
മൃണാളും ഭാര്യ അഞ്ജനാ നമ്പ്യാരും

ഞാൻ വ്ലോഗ് ചെയ്യാൻ തുടങ്ങിയതുതന്നെ ഭ്രാന്തനായി ആശുപത്രിയിൽ കിടക്കണോ  അതോ അതുപോലെ വേറെന്തെകിലും ചെയ്യണോ എന്നാലോചിച്ചിട്ടാണ്. ആ സമയത്ത് എന്റെ ഭാര്യ പറഞ്ഞത് ‘ഒന്ന് അമേരിക്ക വരെ പോ’ എന്നാണ്. അമേരിക്ക വരെ പോകാനുള്ള ടിക്കറ്റ് എങ്ങനെയെടുക്കും എന്നുള്ളത് പ്രശ്നമാണ്. ഞാനാണെങ്കിൽ ബിസിനസ്സ് ക്ലാസ്സിലേ പോകൂ. നമുക്ക് അഹങ്കാരത്തിനു കുറവില്ലല്ലോ. ഒരാൾ നോക്കുമ്പോൾ വേറൊരാളുടെ ജീവിതം വിചിത്രമായി തോന്നും. നമുക്കെല്ലാവർക്കും നമ്മുടെ ജീവിതം പ്രിയപ്പെട്ടതല്ലേ അപ്പോൾ മാക്സിമം ശ്രമിക്കും പിടിച്ചു നിൽക്കാൻ.  എന്റെ ജീവിതത്തിൽ എന്തെങ്കിലും ക്രൈസിസ്  ഉണ്ടാകുമ്പോൾ ഞാനൊരു പത്തു ദിവസം അമേരിക്കയിൽ പോയി നിൽക്കും. അവിടെ കാശുകാരനും കാശില്ലാത്തവനും വെള്ളക്കാരനും കറുത്തവനും  മനുഷ്യന്മാരാണ്. ഒരു പത്തു ദിവസം വഴിയിലൂടെ അലഞ്ഞു തിരിഞ്ഞു നടക്കുമ്പോൾ നമുക്ക് മനസ്സിലാവും. അമേരിക്കൻ ഡ്രീം എല്ലാവർക്കും ഒന്നാണ്. എല്ലാവർക്കും  ഒരേ അവസരം, ആർക്കും ആരുമാവാം. ഭയങ്കര റീചാർജാണ്‌ ആ  രാജ്യം. ഇന്ത്യയിലും മിഡിൽ ഈസ്റ്റിലും നിൽക്കുമ്പോൾ തോന്നും കാശുള്ളവൻ അല്ലെങ്കിൽ അധികാരം ഉള്ളവൻ അല്ലെങ്കിൽ വെളുത്ത തൊലി ഉള്ളവൻ മറ്റുള്ളവരേക്കാൾ മുകളിൽ ആണെന്ന്. അമേരിക്ക അങ്ങനെയല്ല. അവിടെ പോകുമ്പോൾ വലിയൊരു റീചാർജ് കിട്ടും. ഇത്  ഇത് 2016 -ൽ നടന്ന കാര്യങ്ങളാണ്. അതിനൊക്കെ ശേഷമാണ് വ്ലോഗിങ് തുടങ്ങിയത്. 

പുതിയ പരിപാടികൾ

ഏറ്റെടുത്ത ഒരുപാടു വർക്കുകൾ ചെയ്ത് തീർക്കാനുണ്ട്. അപ്പോൾ എനിക്ക് ഒരു റിഫ്രഷിങ് വേണ്ട സമയം ആണ്. ഈ വർക്കുകൾ ഒക്കെ തീർത്തിട്ട് ഒന്ന് അമേരിക്ക വരെ പോണം. പിന്നെ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത് കുറേ സ്ഥലങ്ങളിൽ പോകാനും പ്ലാനുണ്ട്. വ്ലോഗ് ചെയ്യുന്നത് കൊണ്ടുള്ള ഒരു ഗുണം എല്ലാ ടൈപ്പ് ആളുകളുമായും ഇടപഴകാൻ സാധിക്കുന്നുവെന്നതാണ്. അവർ നമ്മളെ സ്വന്തം ആളായിത്തന്നെ കരുതുകയും ചെയ്യും. വ്ലോഗിങ്ങിന്റെ ഏറ്റവും വലിയ ഗുണവും ദോഷവും എല്ലാവരും നമ്മളെ തിരിച്ചറിയും  എന്നതാണ്. നമ്മളെയൊക്കെ ഈ പൊസിഷനിൽ എത്തിച്ചത് ചുറ്റുമുള്ളവരാണ്. അവർ വിചാരിച്ചാൽ ഇതൊക്കെ ഇല്ലാതാക്കാനും കഴിയും. 

ക്ലയന്റ്സ് ധാരാളം, പക്ഷേ എല്ലാം ഏറ്റെടുക്കാറില്ല

മൃണാൾ ദാസ് വെങ്ങലാട്ട്
മൃണാൾ ദാസ് വെങ്ങലാട്ട്

എനിക്ക് ഒരു സമയത്തു അഞ്ചോ ആറോ ക്ലയന്റ്സിൽ കൂടുതൽ പറ്റില്ല. കോവിഡിന് മുൻപ് ചെയ്‌ത വർക്കുകൾ തീരാനുണ്ട്. പക്ഷേ കേരളത്തിൽത്തന്നെ നിൽക്കേണ്ട സാഹചര്യം വന്നപ്പോൾ ജീവിക്കാൻ വേണ്ടി നാല് ക്ലയൻസിനെ എടുത്തു. ഇതിൽ കൊറോണയ്ക്കു ശേഷം ലാഭം കൂടുതൽ കിട്ടിയ റസ്റ്ററന്റുകൾ  ഉണ്ട്. സിറ്റുവേഷൻ മനസിലാക്കി നമ്മൾ റിയാക്ട് ചെയ്യണം. എനിക്ക് നേരത്തേ ബിസിനസ്സിൽ നഷ്ടം വന്നു. ഇപ്പോഴത്തെ കൺസൽറ്റൻസി തന്നെ എനിക്ക് മര്യാദയ്ക്ക് അറിയില്ല. അപ്പോപ്പിന്നെ തീരെ അറിയാത്ത ഒരു ബിസിനസ്സിൽ പോയാൽ എന്താ അവസ്ഥ. അപ്പോൾ ആ  സമയത്ത് ഒരു കോൺഫിഡൻസിൽ അങ്ങ് ചെയ്യുന്നതാണ്. അതേസമയം ഇപ്പോൾ മാർക്കറ്റ് എന്താണ്, എന്താണ് ആളുകൾക്കു വേണ്ടത് എന്നൊക്കെ മനസ്സിലാക്കി മെനു അതിനനുസരിച്ചു മാറ്റുക. തൊഴിലാളികളെ അതിനനുസരിച്ച്  ട്യൂൺ ചെയ്യുക. അങ്ങനെ ചെയ്താൽ ലാഭം കൂടുകയേ ഉള്ളൂ. 50 അല്ലെങ്കിൽ 100 ഐറ്റം വിറ്റുകൊണ്ടിരുന്നവർ ആ മെനുവിനെ 10 ൽ താഴെയാക്കി കുറച്ചു. ജോലിക്കാരോട് പറഞ്ഞു. ഒരു ജോലി മാത്രം ചെയ്താൽ പോരാ വേറെ പണികളും ചെയ്യേണ്ടി വരും എന്ന്. വെയ്റ്റർമാരോട് ബൈക്ക് ഡെലിവറിയിലേക്ക് മാറാൻ പറഞ്ഞു. അങ്ങനെ ചെയ്‌ത്‌ എല്ലാവരെയും കൂടെ നിർത്തി. ടെക്‌നോളജിയുടെ സഹായവും കിട്ടുന്നു. പല ഹോട്ടലുകളും സ്വന്തമായി ആപ്പ് തുടങ്ങുന്നു. സ്വന്തമായി ഡെലിവറി സെറ്റപ്പ് തുടങ്ങുന്നു. പിന്നെ ലോക്കൽ കടകൾ എത്ര പേര് രക്ഷപെട്ടു. വീട്ടിൽനിന്ന് സാധനം ഉണ്ടാക്കി കടകളിൽ കൊടുക്കുന്നവരും രക്ഷപ്പെട്ടു. ഏതു കഷ്ടപ്പാടിന്റെ സമയത്തും നമുക്ക് കറക്ട് ആയ പ്ലാനും അധ്വാനിക്കാനുള്ള മനസ്സും  ഉണ്ടെങ്കിൽ രക്ഷപ്പെടാം.

കൊറോണക്കാലം എല്ലാ ബിസിനസ്സിനും രക്ഷപ്പെടാൻ സാധിക്കില്ല...

അതിനു വേറൊരു കാരണമുണ്ട്. ഇപ്പോൾ ഞാൻ നിൽക്കുന്ന ഹോട്ടൽ ഫൈവ് സ്റ്റാർ ആണ്. ഇതിന്റെ ഇൻവെസ്റ്റ്മെന്റ് ആയിരക്കണക്കിന് കോടി രൂപ ആയിരിക്കും. ഇത് വാങ്ങണമെങ്കിൽ രണ്ടായിരം കോടി കൊടുക്കേണ്ടി വന്നേക്കും. ഇവർക്ക് ഇത് പ്രശ്നമാണ്. ഇവരുടെ വലിയൊരു വരുമാനം  ഇല്ലാതായി, മാത്രമല്ല ആൾക്കാർ പഴയ പോലെ പൈസ സ്പെൻഡ്‌ ചെയ്യില്ല. എക്സ്പെൻസീവ് ആയ ഡിന്നറിനൊന്നും. ഈ നവംബർ-ഡിസംബർ മാസങ്ങളിലൊക്കെ ഇവിടെ റൂം കിട്ടില്ലായിരുന്നു പണ്ടൊക്കെ. ഇപ്പോൾ ടൂറിസം വല്ലാതെ കുറഞ്ഞതുകൊണ്ട് ആളില്ലല്ലോ. ഇവർക്ക് റോഡിൽ പോയി ബിരിയാണി കച്ചവടം ചെയ്തു ജീവിക്കാനും പറ്റില്ല. അങ്ങനെ എല്ലാ ബിസിനസ്സിലും രക്ഷപ്പെടാൻ സാധിക്കില്ല. ഭക്ഷണശാലകളുടെ പെയ്ഡ് വിഡിയോകൾ ഇതു വരെ ചെയ്തിട്ടില്ല, ഇപ്പോൾ ധാരാളം ആവശ്യക്കാർ വരുന്നുണ്ട്. അതുകൊണ്ടുതന്നെ ഭാവിയിൽ പെയ്ഡ് ടാഗോടുകൂടിയുള്ള വിഡിയോ കണ്ടന്റിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. പക്ഷേ എന്തായാലും നല്ലതെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ ഏറ്റെടുക്കുകയുള്ളു.

മൃണാൾ ദാസ് വെങ്ങലാട്ട്
മൃണാൾ ദാസ് വെങ്ങലാട്ട്

കേരളത്തിന് പുറത്ത് എന്റെ ഒരു ഹോട്ടൽ ക്ലയന്റിന് ഞാൻ ഉണ്ടാക്കി കൊടുത്ത പ്ളാനിൽ, ഒരു ഫ്ലോർ കല്യാണത്തിനു വേണ്ടി മാറ്റി വയ്ക്കുക എന്നതായിരുന്നു. കല്യാണത്തിന് 7 ദിവസം മുൻപേ വന്ന് അവർക്കവിടെ താമസിക്കാം. കല്യാണം അടക്കം എല്ലാം ആ  ഹോട്ടലിൽ നടത്തും. 20 ലക്ഷം ചെലവാകുന്നയിടത്ത് മൊത്തം 8 ലക്ഷം രൂപയേ ആകൂ. അവർ നന്നായി കച്ചവടം ചെയ്‌തു. ഇതാണ് കൺസൽറ്റൻസി. ഇതിനാണ് ഫീസ് വാങ്ങുന്നത്. ഇങ്ങനെയുള്ള പല ഐഡിയകളും നമ്മൾ ആലോചിച്ചാൽ ഉണ്ടാകും. ആദ്യം ടെൻഷൻ മാറ്റിവയ്ക്കുക. സമാധാനമായി ഇരുന്ന് ആലോചിക്കുക. വഴിയുണ്ടാവും. 

ടെൻഷൻ കുറയ്ക്കാൻ ഒരു വഴിയേ ഉള്ളൂ. നിങ്ങൾ ഹാപ്പി ആകുന്ന ഭക്ഷണം കഴിക്കുക. കപ്പയും പഴങ്കഞ്ഞിയും ആണ് ഇഷ്ടമെങ്കിൽ അത് കഴിച്ചു കൊണ്ടിരിക്ക്. വരുന്നിടത്തു വച്ചു കാണാം. നമ്മളെ ഹാപ്പിയാക്കുന്ന മനുഷ്യരുമായി സംസാരിക്കുക. നല്ല ഭക്ഷണം കഴിക്കുക. നല്ല പുസ്തകങ്ങൾ വായിക്കുക. ഇങ്ങനെ ഒക്കെ ആയാൽത്തന്നെ മനുഷ്യന്റെ പ്രശ്‍നം ഒരു പരിധി വരെ തീരും. 

ഫസ്റ്റ് ഷോസ് മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷന്‍സിൽ മൃണാൾ ദാസ് വെങ്ങലാട്ടും

ഫസ്റ്റ് ഷോസ് മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസ് 2020 ൽ ഇന്റർനാഷനൽ റസ്റ്ററന്റ് കൺസൽറ്റൻഡ് മൃണാൾ ദാസ് വെങ്ങലാട്ടും പങ്കെടുക്കുന്നുണ്ട്. മലയാളിയുടെ വായനാശീലത്തിന് ഡിജിറ്റൽ മുഖം നൽകിയ മനോരമ ഒാൺലൈൻ സംഘടിപ്പിക്കുന്ന ദേശീയ ഡിജിറ്റൽ സംഗമത്തിന്റെ മൂന്നാം ഭാഗം നവംബര്‍ 27, 28 തീയതികളിലാണ് നടക്കുന്നത്. 

കോവിഡ് സൃഷ്ടിച്ച തകർച്ചയിൽനിന്നു കരകയറി പുതിയ അവസരങ്ങൾ കണ്ടെത്താനും വളർച്ചയുടെ പാതയിലേക്കു തിരികെയെത്താനും ആഗോള സാമ്പത്തിക രംഗം നടത്തുന്ന പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ഫസ്റ്റ് ഷോസ് മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസ് ഡിജിറ്റൽ സംഗമത്തിന്റെ മൂന്നാം പതിപ്പിന് അരങ്ങൊരുങ്ങുന്നത്. ‘വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ട് പോകുക’ എന്ന ആശയത്തിൽ ‘Digital-led 2021 | Define the new normal.’ എന്ന തീമിലാണ് വെർച്വൽ ഡിജിറ്റൽ ഉച്ചകോടിയായി ടെക്സ്പെക്റ്റേഷൻസ് 2020 നടക്കുന്നത്. 

articlemain-image

ടെക് വിദഗ്ധരും മറ്റു മേഖലകളിൽ നിന്നുള്ള പ്രമുഖരും ഉച്ചകോടിയിൽ പങ്കെടുക്കും. സാങ്കേതിക രംഗത്ത് സ്വാധീനം ചെലുത്തിയവർ, മികച്ച ബ്രാൻഡുകളുടെ തലവൻമാർ, ബിസിനസ് അനുഭവങ്ങൾ പങ്കുവെക്കുന്നവർ, സ്റ്റാർട്ടപ്പുകൾ എന്നിവരുടെ കൂടിച്ചേരൽ കൂടിയാണ് ‘ടെക്സ്പെക്റ്റേഷൻസ്’ മൂന്നാം പതിപ്പ്.

ഉടൻ തന്നെ അവതരിപ്പിക്കാൻ പോകുന്ന ഒടിടി പ്ലാറ്റ്ഫോം ഫസ്റ്റ് ഷോസ് ആണ് ടൈറ്റിൽ സ്പോൺസർ. അമൃത യൂണിവേഴ്സിറ്റി – ഓൺലൈൻ ഡിഗ്രി പ്രോഗ്രാംസ് ‘അമൃത അഹെഡ്’ ആണ് നോളജഡ്ജ് പാര്‍ട്ണര്‍. ടെക്സ്പെക്റ്റേഷൻസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് www.techspectations.com സന്ദർശിക്കുക.

English Summary: Mrinal Das Vengalatam, an international Restaurant consultant who likes to blog for a hobby – Techspectations - 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com