ദന്തഡോക്ടറാകാതെ ഫുഡ് സ്റ്റൈലിസ്റ്റായ മിടുക്കിയുടെ വിജയഗാഥ

HIGHLIGHTS
  • ഇന്ന് ഫുഡ് ഫൊട്ടോഗ്രഫി മീരയുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു
image1
മീരാ ഫാത്തിമ
SHARE

എത്ര മൂടിവച്ചാലും എന്നെങ്കിലും സത്യം പുറത്തുവരുമെന്നാണല്ലോ. അതുപോലെയാണ് ചില മനുഷ്യരുടെ കഴിവുകളും. അല്ലെങ്കില്‍ ഒരു ദന്തരോഗ വിദഗ്ധയായിട്ടും മീരാ ഫാത്തിമ ഫുഡ് സ്റ്റൈലിസ്റ്റായത് എങ്ങനെയാണ്? ആകസ്മികമായിരുന്നു ഈ മേഖലയിലേക്കുള്ള മീരയുടെ രംഗപ്രവേശം. വിവാഹിതയായി സൗദി അറേബ്യയിലേക്കു പോയ മീര ഒന്നും ചെയ്യാനില്ലാതെ വീടിനുള്ളില്‍ ഒതുങ്ങി. മീരയ്ക്ക് അവിടെ തന്റെ പ്രഫഷനിലുള്ള ഒരു ജോലി കണ്ടെത്താനായില്ല. അങ്ങനെയിരിക്കെ പിറന്നാള്‍ സമ്മാനമായി ഭര്‍ത്താവ് ഒരു ക്യാമറ സമ്മാനിച്ചു. വെറുതെയിരുന്നു മടുത്ത സമയത്ത് അനുഗ്രഹം പോലെയാണ് ക്യാമറ കിട്ടുന്നത്. അതിന്റെ പ്രവര്‍ത്തനരീതി ഇന്റര്‍നെറ്റില്‍നിന്നു പഠിച്ചു.

എങ്ങനെ ഫുഡ് സ്റ്റൈലിസ്റ്റായി

വീടിനു പുറത്തിറങ്ങാൻ അവസരം കുറവായിരുന്നതിനാൽ എന്തിന്റെ ചിത്രമെടുക്കുമെന്ന ആശയക്കുഴപ്പമുണ്ടായി. അപ്പോഴാണ് താനുണ്ടാക്കിയ ഭക്ഷണ വിഭവങ്ങൾ കണ്ണിൽപെട്ടത്. അങ്ങനെ തന്റെ ആദ്യ മോഡലുകളായി ഭക്ഷണം മാറിയെന്ന് മീര. പിന്നീട് ഫുഡിൽ ചെയ്യുന്ന അലങ്കാരപ്പണികള്‍ പല സൈറ്റുകളില്‍ നിന്നും കണ്ടു പഠിക്കുകയും അങ്ങനെ ചെയ്യാന്‍ ആരംഭിക്കുകയും ചെയ്തു. ‘ഞാന്‍ സാധാരണയായി പാചകം ചെയ്യുന്ന വിഭവങ്ങളുടെ ഫോട്ടോയെടുത്ത് ആദ്യം സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കുമായിരുന്നു. പിന്നീട് ഇതിനായി ഒരു ഇന്‍സ്റ്റഗ്രാം പേജ് ആരംഭിച്ചു. അങ്ങനെയാണ് എ ബിഗിനേഴ്‌സ് ലെന്‍സ് പിറന്നത്.’ ഇന്ന് ഫുഡ് ഫൊട്ടോഗ്രഫി മീരയുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. ‘

‘ഇന്‍സ്റ്റഗ്രാമിലെ ചിത്രങ്ങള്‍ കണ്ടു വിളിച്ച നിരവധി ഹോട്ടലുകളുമായും ഫുഡ് ബ്ലോഗര്‍മാരുമായും ചേർന്നു പ്രവര്‍ത്തിക്കാൻ അവസരം ലഭിച്ചപ്പോഴാണ് ഇതുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. ആദ്യമൊക്കെ വീട്ടില്‍നിന്നു പിന്തുണയൊന്നുമില്ലായിരുന്നു. എന്നാല്‍ എന്റെ വര്‍ക്കുകള്‍ കണ്ട് അവരും ഇപ്പോള്‍ എല്ലാ സഹായങ്ങളും ചെയ്തു തരും. സൗദിയില്‍നിന്നു തിരിച്ചെത്തി കൊച്ചിയില്‍ ഫുഡ് ഫൊട്ടോഗ്രഫി, സ്‌റ്റൈലിങ് എന്നിവയെക്കുറിച്ച് ഒരു വര്‍ക്ക്ഷോപ്പ് നടത്തിയതാണ് എന്നെ സംബന്ധിച്ച് ശരിക്കുമൊരു വഴിത്തിരിവായത്.’ ഇന്ന് ആവശ്യക്കാര്‍ പറയുന്നതിനുസരിച്ചാണ് മീരയുടെ വര്‍ക്കുകള്‍.

image2

കൃത്രിമ വെളിച്ചം ഉപയോഗിക്കാതെ സ്വാഭാവിക വെളിച്ചത്തില്‍ ഫോട്ടോയെടുക്കുക എന്നതാണ് മീരയുടെ പ്രത്യേകത. മീരയുടെ ചിത്രങ്ങള്‍ അതിന് തെളിവാണ്.  ഫുഡ് സ്റ്റൈലിങ് പ്രഫഷനലുകള്‍ മാത്രം ചെയ്യുന്ന കാര്യമാണ്, എല്ലാവര്‍ക്കും പറ്റില്ല എന്നൊക്കെയാണല്ലോ പൊതു ധാരണ. എന്നാല്‍ മീരയുടെ വാക്കുകള്‍ കേള്‍ക്കൂ. ‘ഫുഡ് സ്റ്റൈലിങ് ആര്‍ക്കും ചെയ്യാം. നമ്മുടെ കൈയിലുള്ള മൊബൈല്‍ ഫോണോ ക്യാമറയോ ഉപയോഗിക്കാം. ഞാന്‍ സ്വാഭാവിക വെളിച്ചത്തിലാണ് കൂടുതലും ചെയ്യാറ്. പിന്നെ ക്ലൈന്റ്‌സിന്റെ നിര്‍ദ്ദേശമനുസരിച്ച് വേണ്ട ലൈറ്റിങ് സ്വീകരിക്കും. ഒപ്പം, നമ്മള്‍ ഉപയോഗിക്കുന്ന ഭക്ഷണപദാർഥവും അതുമായി യോജിക്കുന്ന അന്തരീക്ഷവുമെല്ലാം ചേരുമ്പോള്‍ മികച്ച ചിത്രം പിറവിയെടുക്കുന്നു. ഇതില്‍ സ്വീകരിക്കേണ്ട ചെറിയ ടിപ്പുകള്‍ ഒക്കെ വിഡിയോ ആയി ഇൻസ്റ്റഗ്രാമില്‍ ഇടാറുണ്ട്. പലരും അത് കണ്ട് എന്നെ വിളിക്കുകയും ചെയ്യും. ഞാന്‍ എന്റെ പരിമിതികളില്‍ നിന്നുകൊണ്ട് ചെയ്യുമ്പോള്‍ അത് മറ്റുള്ളവര്‍ക്ക് കൂടി പ്രചോദനമാകുന്നു എന്നറിയുന്നതാണ് ഏറ്റവും വലിയ സന്തോഷം. കേരളത്തില്‍ നിന്നും അറിയപ്പെടുന്നൊരു ഫുഡ് ഫൊട്ടോഗ്രഫര്‍ ആകണമെന്നാണ് എന്റെ ആഗ്രഹം.’ 

ഇപ്പോൾ ഭർത്താവിനെ കൂടാതെ എൻറെ അച്ഛനും അമ്മയും സഹോദരിയും എല്ലാ വിധ സഹായങ്ങളും ചെയ്തു തരുന്നുണ്ട് .മകൾ ഉണ്ടായതിനുശേഷം ഷൂട്ടിനും മറ്റും എനിക്ക് വലിയ ബുദ്ധിമുട്ടില്ലാതെ പോകാൻ  സാധിക്കുന്നത് അവരുടെ പിന്തുണ ഉള്ളതുകൊണ്ടാണ്കൂടുതല്‍ വര്‍ക്ക് ഷോപ്പുകള്‍ സംഘടിപ്പിക്കാനും ഇതിലേക്കു കടന്നുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രചോദനമാകാനും തന്നെക്കൊണ്ട് ആവുംവിധം പ്രവര്‍ത്തിക്കാനാണ് താല്‍പര്യമെന്നു മീര ഫാത്തിമ പറയുന്നു.

Englsih Summary : Meera Fathima Food Stylist and photographer

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA