അവിയൽ പീത്‌സ, പാലട പീത്‌സ, ബീഫ് കൂർക്ക പീത്‌സ: രഹ്നയുടെ തിരിച്ചുവരവ്!

HIGHLIGHTS
  • നല്ല ഭക്ഷണം ഉണ്ടാക്കാനറിയാം എന്ന ആത്മവിശ്വാസവും പരീക്ഷണങ്ങൾ ചെയ്യാനുള്ള മനസ്സും രഹ്നയ്ക്കൊപ്പം ഉണ്ട്
  • പീത്‌സ ലോകത്തൊരു വിപ്ളവം സൃഷ്ടിക്കുക എന്നതാണ് ഈ വീട്ടമ്മയുടെ ലക്ഷ്യം
rehana-sanjay
രഹ്ന
SHARE

കുറച്ചു നാളുകൾക്ക് മുൻപ് ഭക്ഷണവുമായി ബന്ധപ്പെട്ട ഒരു ബിസിനസ് ചെയ്ത് കൈപൊള്ളിയപ്പോൾ, വേറെ എന്തു ചെയ്താലും ഇനിയീ ബിസിനസിലേക്കില്ലെന്ന് തീരുമാനിച്ച ഒരു സാധാരണ വീട്ടമ്മയാണ് കൊച്ചി സ്വദേശിനി രഹ്ന. എല്ലാവരുടെയും മുൻവിധികളും തീരുമാനങ്ങളും പൊളിച്ചെഴുതി കോവിഡ് എത്തിയപ്പോൾ ക്ലൗഡ് കിച്ചൺ എന്ന ആശയത്തിലൂടെ രുചിലോകത്തേക്ക് മികച്ചൊരു തിരിച്ചു വരവു നടത്തിയിരിക്കുകയാണ് രഹ്ന. ഇക്കഴിഞ്ഞ ദീപാവലി ദിനത്തിൽ പാലാരിവട്ടത്ത് വുഡിസ് ബ്രൂക്ക് എന്ന പേരിൽ ഹാൻഡ്മെയ്ഡ് വുഡ് ഫയേർഡ് പീത്‌സ എന്ന സംരംഭത്തിന്റ ക്ലൗഡ് ഷോപ്പ് ആരംഭിച്ചു കഴിഞ്ഞു. ഓൺലൈൻ സൈറ്റുകളുമായി സഹകരിച്ചാണ് ഇത്. മികച്ച പ്രതികരണമാണ് കൊച്ചിയിലെ ഭക്ഷണപ്രിയരിൽനിന്നു ലഭിക്കുന്നത്.

പാചകത്തിൽ താത്പര്യവും വ്യത്യസ്ത രുചികൾ പരീക്ഷിക്കാനുള്ള ഇഷ്ടവും കൊണ്ട് വീട്ടുകാർക്കും കൂട്ടുകാർക്കും ഇടയിൽ രഹ്ന താരമായിരുന്നു. ഇതൊക്കെ രുചിച്ചറിഞ്ഞ സുഹൃത്തുക്കളാണ് ഫുഡ് ബിസിനസ്സിലേക്ക് ഇറങ്ങാൻ പ്രേരണ നൽകിയത്. നല്ല ഭക്ഷണം ഉണ്ടാക്കാനറിയാം എന്ന ആത്മവിശ്വാസവും പരീക്ഷണങ്ങൾ ചെയ്യാനുള്ള മനസ്സും രഹ്നയ്ക്കൊപ്പം ഉണ്ട്. പീത്‌സ ലോകത്തൊരു വിപ്ളവം സൃഷ്ടിക്കുക എന്നതാണ് ഈ വീട്ടമ്മയുടെ ലക്ഷ്യം. അതിന് കൈയിലുള്ള അഡാർരുചിക്കൂട്ടുകൾ കേട്ടാൽ ഞെട്ടും... ബിരിയാണി പീത്‌സ, അവിയൽ പീത്‌സ, പാലട പീത്‌സ, ബീഫ് കൂർക്ക പീത്‌സ, പിന്നെ ഇറ്റാലിയൻ സ്പെഷലും... ഈ ലെവലിലാണ് കാര്യങ്ങൾ പോകുന്നത്. 

rahna-pizza
രഹ്നയും ഷെഫ് നദിം പി നൗഷാദും

ആദ്യത്തെ റസ്റ്ററന്റ് സംരംഭത്തിൽ സംഭവിച്ച മാർക്കറ്റിങ് പിഴവുകൾ നികത്തിയാണ് വുഡിസ് ബ്രൂക്ക് ആരംഭിച്ചത്. ലോക്ഡൗൺ സമയത്ത് കണ്ണൂരിൽനിന്നു സ്പെഷൽ ചക്കപ്പഴവുമായി എത്തിയ സുഹൃത്തിന് വീട്ടിൽ പരീക്ഷിച്ച ഒരു പീത്‌സ കൊടുത്തുവിടുമ്പോൾ, ‘ഇപ്പോൾ ധാരാളം സമയമുണ്ട്, ഇങ്ങനെ എന്തെങ്കിലും ചെയ്യണം’ എന്നൊരു ആഗ്രഹവും പങ്കുവച്ചിരുന്നു. ആ ചിന്തയും സുഹൃത്തുക്കളുടെ പിന്തുണയും കൊണ്ടാണ് രണ്ടാമതും ഭക്ഷണലോകത്തേക്ക് രഹ്ന എത്തുന്നത്. ഭക്ഷണം നന്നായി ഉണ്ടാക്കാനറിഞ്ഞിട്ടു മാത്രം കാര്യമില്ല, അത് മികച്ച രീതിയിൽ മാർക്കറ്റ് ചെയ്യാനും ഇക്കാലത്ത് പഠിച്ചിരിക്കണം. എങ്കിൽ മാത്രമേ ആൾക്കാരിലേക്ക് എത്തുകയുള്ളു. കുറച്ച് വർഷം മുൻപ് കേക്ക് എന്നത് ബേക്കറിയിൽ മാത്രം കിട്ടുന്നൊരു പലഹാരമായിരുന്നു, ഇന്ന് അതു മാറി. ചോറും കറിയും വയ്ക്കുന്നതുപോലെ മിക്ക വീടുകളിലും ഇപ്പോൾ കേക്ക് ഉണ്ടാക്കുന്നു. സമൂഹമാധ്യങ്ങളുടെ സാധ്യതകളും ഇങ്ങനെയുള്ള സംരംഭങ്ങൾ തുടങ്ങുമ്പോൾ സഹായകമാകാറുണ്ട്.  

ഭാവിയിൽ കൂടുതൽ ആൾക്കാരെ ഉൾപ്പെടുത്തി, ഇരുന്നു ഭക്ഷണം കഴിക്കാൻ പറ്റുന്ന സംരംഭമാക്കി വളർത്തണമെന്ന ആഗ്രഹവും രഹ്നയ്ക്കുണ്ട്. കട്ട സപ്പോർട്ടുമായി ഭർത്താവും മക്കളും ഭർത്താവിന്റെ അമ്മയും കൂടെയുണ്ട്. വീട്ടിലെ കാര്യങ്ങളും മക്കളുടെ കാര്യങ്ങളും അമ്മയുടെ സഹായത്തോടെ മുൻപോട്ട് പോകുന്നതു കൊണ്ടു പാചക പരീക്ഷണങ്ങൾ ഇനിയും രഹ്നയിൽനിന്നു പ്രതീക്ഷിക്കാം. ഇതോടൊപ്പം സുഹൃത്തുക്കൾ നൽകുന്ന പിന്തുണയുമാണ് വിജയരഹസ്യമെന്നും രഹ്ന പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA