റോസപ്പൂവിതള്‍ അച്ചാറുണ്ട്: 'സ്പീഡ്' കൂട്ടി സ്പീഡില്‍ ഉണ്ണാന്‍ വരദൂരിലേക്ക് വാ

HIGHLIGHTS
  • ഭക്ഷണം കഴിക്കാന്‍ എത്തുന്നവര്‍ ആദ്യം കാണുന്നത് കുപ്പിയില്‍ നിരത്തി വച്ചിരിക്കുന്ന അച്ചാറുകളാണ്
  • അൻപതു പേർക്കുള്ള ഉച്ചഭക്ഷണം മാത്രമെ ഇവിടെ ഉണ്ടാക്കാറുള്ളു
sruthi
SHARE

വയനാട്ടിലെ വരദൂരില്‍ ഒരു ഹോട്ടലുണ്ട്. അല്ല വീടുണ്ട് എന്നു പറയുന്നതാവും ശരി. കാരണം വീടിനോട് ചേര്‍ന്നുള്ള ശ്രുതി മെസ് വീടുതന്നെയാണ്. ഇവിടെ ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്ക് സ്‌നേഹം നിറച്ചൂട്ടുകയാണ് രാജനും ഭാര്യ ലീലയും. വളരെ കുറച്ചാളുകള്‍ക്കു വേണ്ടി മാത്രമെ ഭക്ഷണം ഉണ്ടാക്കാറുള്ളു. കുറച്ചുണ്ടാക്കുമ്പോള്‍ കൃത്യമായ അളവില്‍ ചേരുവകളൊക്കെ ചേര്‍ത്ത് സ്വാദിഷ്ടമായ ഭക്ഷണം ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് രാജന്‍ പറയുന്നത്. അന്‍പതാള്‍ക്കുള്ള ഉച്ചഭക്ഷണം മാത്രമെ ഇവിടെ ഉണ്ടാക്കാറുള്ളു. കഴിക്കാനെത്തുന്നവരുടെ വയറ് നിറയുക എന്നതിനൊപ്പം മനസും നിറയണം എന്ന നിര്‍ബന്ധമുള്ളയാളാണ് രാജന്‍. ഉച്ചയൂണ് തേടി വരുന്നവരേക്കാള്‍ കൂടുതല്‍ അച്ചാറ് തേടിയാണ് ദൂരെ ദേശത്തുനിന്നു പോലും ആള്‍ക്കാര്‍ എത്തുന്നത്. കാന്താരിമുളക് മുതല്‍ റോസാപ്പൂവ് വരെ രാജന്‍ അച്ചാറിടും. എന്തു കിട്ടിയാലും അച്ചാറിട്ടുനോക്കിയാലോ എന്നു ചിന്തിക്കുന്ന ആളാണ് രാജന്‍. ഈര്‍ക്കിലി, ഓറഞ്ച് തൊലി, കാടമുട്ട, ബീഫ്, മത്സ്യം. ഇലകള്‍, ഏത്തപ്പഴം തുടങ്ങി ഇരുനൂറിലധികം അച്ചാറുകളുണ്ട് രാജന്റെ ശേഖരത്തില്‍. ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തുന്നവര്‍ ആദ്യം കാണുന്നത് കുപ്പിയില്‍ നിരത്തി വച്ചിരിക്കുന്ന അച്ചാറുകളാണ്. ഇടയ്ക്ക് ഊണുകഴിക്കാന്‍ എത്തുന്നവര്‍ ഓരോ കുപ്പി അച്ചാറും വാങ്ങിയെ മടങ്ങൂ. 

sruthimess-wayanad
രാജനും ലീലയും

ഊണിനൊപ്പം വിളമ്പുന്ന സ്പീഡ് എന്ന അച്ചാറുണ്ട്. കാന്താരി മുളകും പച്ചമരുന്നുകളും ചേര്‍ത്ത് അരച്ചുണ്ടാക്കുന്നതാണ് സ്പീഡ്. എന്താണ് അച്ചാറിന് സ്പീഡ് എന്ന് പേരിട്ടതെന്ന് ലീല ചേച്ചിയോട് ചോദിച്ചു. ഈ അച്ചാറുകൂട്ടിയാല്‍ സ്പീഡില്‍ വയറ് നിറയെ ചോറു തിന്നാം എന്നായിരുന്നു മറുപടി. അത് വാസ്തവമായിരുന്നു. കാന്താരിമുളകിന്റേയും മറ്റുകൂട്ടുകളുടേയും സ്വാദ് ഉണ് കഴിക്കുന്നതിനുള്ള ആക്‌സിലറേറ്ററാണ്.  ഒരേ സമയം പത്തോളം പേര്‍ക്ക് മാത്രമേ ഇരുന്നുണ്ണാന്‍ സ്ഥലമുള്ളു. മേശയും കസേരയും ഇടാന്‍ വേറെയും സ്ഥലമുണ്ടല്ലോ എന്തുകൊണ്ടാണ് കൂടുതല്‍ സീറ്റ് ഇടാത്തതെന്നു ചോദിച്ചു. അതിനും രാജന് കൃത്യമായ മറുപടി ഉണ്ടായിരുന്നു. കൂടുതല്‍ ആളുകള്‍ക്ക് വിളമ്പേണ്ടി വരുമ്പോള്‍ എല്ലാവര്‍ക്കും എല്ലാ വിഭവങ്ങളും ആവശ്യാനുസരം വിളമ്പി എത്താന്‍ സാധിച്ചെന്നു വരില്ല. രാജനും ലീലയുമാണ് ഭക്ഷണം വിളമ്പുന്നത്.  മകള്‍ പുഷ്പയും മരുമകന്‍ സത്യപ്രകാശും സഹായത്തിനുണ്ട്.  ഇവര്‍ അടുക്കളയിലെ കാര്യങ്ങളാണ് ശ്രദ്ധിക്കുന്നത്. വീട്ടിലേതുപോലെ ചെറിയ അടുക്കള. അതില്‍ വിറകും ഗ്യാസും ഉപയോഗിച്ച് പാകം ചെയ്യുന്നു. ചില കറികള്‍ വിറകടുപ്പില്‍ വെന്താലെ രുചി കിട്ടൂ എന്ന് ലീല പറഞ്ഞു. വാഴപ്പിണ്ടിയും പയറും ചേര്‍ത്തുള്ള കറിയടക്കം നാടന്‍ ഇനങ്ങളാണ് ഇലയില്‍ വിളമ്പുന്നവയില്‍ അധികവും. മീന്‍ പൊരിച്ചതും ബീഫ് കറിയും സ്‌പെഷലായും കിട്ടും. അയലയോ മത്തിയോ ആയിരിക്കും മീന്‍. നേരത്തെ വിളിച്ചു പറഞ്ഞാല്‍ പ്രത്യേകം മീന്‍ വാങ്ങി സ്‌പെഷ്യല്‍ കറിയുണ്ടാക്കിത്തരും. ഊണ് കഴിച്ചു തീരാനാകുമ്പോ പുതിനയും ഇഞ്ചിയും മറ്റു ചേരുവകളും ചതച്ചിട്ട മോര് കൈയിലേക്ക് ഒഴിച്ചു തരും. അതോടെ ഉണ് കഴിക്കുന്നയാള്‍ സംതൃപ്തനായിരിക്കും. ഊണു കഴിക്കാന്‍ വരുന്നവരില്‍ പലരും നേരത്തെ തന്നെ വിളിച്ചു പറഞ്ഞതിനുശേഷമാണ് എത്താറ്. ഇല്ലെങ്കില്‍ ചിലപ്പോള്‍ ഊണ് കിട്ടിയെന്നു വരില്ല. 

ഹോട്ടല്‍ നടത്തി ലാഭം ഉണ്ടാക്കണമെന്ന ചിന്ത ഈ കുടുംബത്തിനില്ല. അങ്ങനെ ഒരു നീക്കത്തിന് മുതിര്‍ന്നാല്‍ കൈപ്പുണ്യം കൈമോശം വന്നുപോകുമോ എന്നാണ് ഇവര്‍ക്ക് പേടി. നാല്‍പ്പത് വര്‍ഷത്തോളമായി മീനങ്ങാടി -പനമരം റോഡിലെ  ഈ വീടും ഹോട്ടലും നാട്ടുകാരുടെ മനസില്‍ കയറിപ്പറ്റിയിട്ട്. വരദൂര്‍ക്കാരുടെ മാത്രം രുചി സങ്കേതമായിരുന്ന ശ്രുതി മെസ് അടുത്ത കാലത്താണ് ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. ഇവിടെയെത്തി ഭക്ഷണം കഴിച്ചവര്‍ സമൂഹ മാധ്യമത്തിലും മറ്റും കുറിപ്പിട്ടതോടെ ആളുകള്‍ ഈ കൊച്ചു ഹോട്ടല്‍ തേടിയെത്തിത്തുടങ്ങി. എന്തൊക്കെയായാലും നിശ്ചിത ആളുകള്‍ക്കു മാത്രമേ ശ്രുതി മെസില്‍ ഭക്ഷണമുണ്ടാകൂ. എന്നാല്‍ അച്ചാറ് ആവശ്യത്തിലധികമുണ്ട്. അച്ചാറ് വാങ്ങാന്‍ എത്തുന്നവര്‍ ഏതു വാങ്ങണമെന്ന് ആശയക്കുഴപ്പത്തിലാകും. ശ്രുതി മെസിലെ ഉച്ചയൂണും അച്ചാറും രുചിക്കൂട്ടില്‍ വേറിട്ടു നില്‍ക്കുന്ന ഇടമാണ്.

English Summary : Sruthi mess in Varadoor, Wayanad is one of the best restaurants which serves homely food and different varieties of pickles

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA