ADVERTISEMENT

നഗരവാസികൾക്ക് കോവിഡ് 19 നഷ്ടപ്പെടുത്തിയ റസ്റ്ററന്റ്, ഹോട്ടൽ ഭക്ഷണ ജീവിതം തിരികെ തരിക ലക്ഷ്യമിട്ട് കൊച്ചിയിലെ ഹോട്ടലുകൾ. ആഴ്ചയിൽ ഒരിക്കലെങ്കിലും ഔട്ടിങ്ങിനു പോയി ഇഷ്ടപെട്ട റസ്റ്ററന്റുകളിൽ നിന്ന് വൈവിദ്ധ്യമാർന്ന ഭക്ഷണങ്ങളുമൊക്കെയായി ജീവിതം ആസ്വദിച്ചിരുന്നവർക്ക് ആ ദിവസങ്ങൾ തിരികെ ലഭിക്കുന്നതാണ് ഇപ്പോഴത്തെ കാഴ്ച. കോവിഡ് പേടിയിൽ ഡൈനിങ്ങ് റസ്റ്റോറന്റുകളോട് ജനങ്ങൾ വിട പറഞ്ഞതോടെ ശെരിക്കും പെട്ടത് ഹോട്ടലുകളായിരുന്നു. ഇവിടെ തോറ്റു കൊടുക്കാൻ തയ്യാറല്ല എന്നുറപ്പിച്ചാണ് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ലേ മെറിഡിയൻ പുതിയ ആശയവുമായി രംഗത്തെത്തിയിരിക്കുന്നത്. 'കാർ-ഗോ ബൈറ്റ്സ്.'

'കാർ-ഗോ ബൈറ്റ്സ്.' 

ഐഡിയ തലയിൽ ഉദിച്ചാൽ പിന്നെ പിടിച്ചാൽ കിട്ടില്ല എന്നല്ലേ!  പണ്ടെപ്പോഴോ നിർമ്മാണ ആവശ്യത്തിനായി എത്തിച്ച്, ഉപയോഗ ശൂന്യമായി ഉപേക്ഷിച്ചിരുന്ന കാർഗോ കണ്ടയ്നറുകളിൽ കണ്ണുകൾ ഉടക്കിയതോടെയാണ് കാർ–ഗോ ബൈറ്റ്സ് കൊച്ചിയിൽ ജനിച്ചത്. ഒരെണ്ണം വൃത്തിയാക്കി വിശാലമായ ഹോട്ടലിന്റെ മുൻ വശത്ത് ദേശീയ ഹൈവേയോട് ചേർന്ന് സ്ഥാപിച്ചു. കണ്ടയ്നറിനുള്ളിൽ പഞ്ചനക്ഷത്ര സൗകര്യങ്ങളോടെ ഒരു ഫാസ്റ്റ് കിച്ചണും സജീകരിച്ചു. പുറത്ത് വിശാലമായ ലോണിൽ നക്ഷത്ര തിളക്കമുള്ള ലൈറ്റിങ്ങുകളും ഇരിപ്പിടങ്ങളുമൊക്കെയായി ഡ്രൈവ് ഇൻ കൺസെപ്റ്റിൽ സജീകരിച്ചിരിക്കുന്ന ഫാസ്റ്റ് ഡൈനിങ് റെസ്റ്റോറന്റ് റെഡി. വിദേശ രാജ്യങ്ങളിൽ ഈ ആശയം പതിവുകാഴ്ചയാണ്.

കൊച്ചിയിൽ ഇത് പുതിയ അനുഭവം

ഹൈവേയിൽ ഡ്രൈവ് ചെയ്ത് വരുന്നവർക്കും, നാഗരത്തിൽ സുരക്ഷിതമായി ഒരു സായാഹ്നം ചിലവിടാൻ ആഗ്രഹിക്കുന്നവർക്കും കാർ ഗോ ബൈറ്റ്സ് പുതിയ അനുഭവമേകും. ഡ്രൈവ് ചെയ്ത് വരുന്നവർക്ക് ഭക്ഷണം ടേക്ക് എവേ ആയി വാങ്ങാം. സാമൂഹിക അകലം പാലിച്ചു തയ്യറക്കിയിരിക്കുന്ന ഇരിപ്പിടങ്ങളിൽ ഇരുന്നും ഭക്ഷണം ആസ്വദിക്കാം. എന്നാൽ ഇതൊന്നുമല്ല കാർ ഗോ ബൈറ്റ്സിനെ വ്യത്യസ്ഥമാക്കുന്നത്. അതിഥികൾക്ക് കണ്ടയ്നറിനോട് അടുത്ത് വാഹനങ്ങൾ പാർക് ചെയ്യാം, മെനുവുമായി വാഹനങ്ങൾക്ക് അടുത്തെത്തുന്നവരിൽ നിന്ന് ക്യു ആർ കോഡ് സ്കാൻ ചെയ്ത് ഇഷ്ട ഭക്ഷണങ്ങൾ ഓർഡർ നൽകാം. വാഹനത്തിനുള്ളിലിരുന്നു കഴിക്കാം, ബില്ല് ഓൺലൈനായി അടക്കാം.. ഇതിൽ കൂടുതൽ എന്ത് സുരക്ഷയാണ് വേണ്ടതെന്ന് ഇതിനകം ഇവിടെയെത്തിയ അതിഥികളും ചോദിക്കുന്നു. എല്ലാവരും ഡബിൾ ഹാപ്പി.

പോക്കറ്റ് നോക്കേണ്ട

പോക്കറ്റ് കീറുമെന്നുപേടിച്ചു ആരും ആ വഴി പോകാതെ ഇരിക്കേണ്ട. ബർഗറും പിസയും സാൻവിച്ചും മറ്റ് പ്രത്യേകതരം വിഭവങ്ങളുമെല്ലാം പഞ്ചനക്ഷത്ര ഗുണമേന്മയോടെ മിതമായ നിരക്കിലാണ് കാർ-ഗോ ബൈറ്റ്സിൽ ലഭ്യമാകുക. 125 രൂപമുതൽ  ആരംഭിക്കുന്ന വിഭവങ്ങളുടെ ഒരു പ്രത്യേക മെനുവും കാർ ഗോ ബൈറ്റസ്‌ തയാറാക്കിയിരിക്കുന്നു.

ഞായർ മുതൽ വ്യാഴം വരെ വൈകീട്ട് നാല് മുതൽ 11വരെയാകും കാർഗോ ബൈറ്റ്സ്  പ്രവർത്തിക്കുക. വെള്ളി ശനി ദിവസങ്ങളിൽ അത് രാത്രി 12 വരെ നീളും. കൂടാതെ ലൈവ് മ്യൂസിക്കും ആസ്വദിക്കാം. പാട്ടിന്റെ താളത്തിൽ ഡിസംബർ രാത്രികളുടെ സൗന്ദര്യം ആസ്വദിച്ച് ഇഷ്ട ഭക്ഷണം കഴിക്കാൻ  നിരവധി അതിഥികളാണ് എത്തുന്നത് എന്ന്  ലേ മെറിഡിയനിലെ ജനറൽ മാനേജരായ തേജസ്‌ ജോസ് പറയുന്നു. ക്രിസ്മസ് അടുക്കുന്നത്തോടെ പുതിയ അനുഭവങ്ങൾ അതിഥികൾക്ക് നൽകാൻ തയാറെടുക്കുകയാണ്  കാർ ഗോ ബൈറ്റ്സ്.  ഒപ്പം നഗരത്തിലെ തങ്ങളുടെ പുത്തൻ റെസ്റ്റോറന്റ് മാതൃക ഹിറ്റായതിന്റെ സന്തോഷത്തിലും. കോവിഡ് കവർന്നെടുത്ത നല്ലകാലം തിരിച്ചു കൊണ്ടുവരാൻ ലെ മെറിഡിയൻ ശ്രമിക്കുമ്പോൾ പൂർണ പിന്തുണയുമായി ഒപ്പം കൂടുകയാണ് കൊച്ചി.  കൂടെ സിനിമ സ്റ്റൈലിൽ ഒരു കമന്റും "കാർ ഗോ ബൈറ്റ്സ് സൂപ്പറാ!"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com