ADVERTISEMENT

ഏറെ പ്രിയപ്പെട്ട ഒരാളുടെ കൈകൊണ്ട് വിളമ്പിക്കിട്ടിയ ഇഷ്ടഭക്ഷണം പോലെയാണ് ചില ഓർമകൾ. ജീവിതത്തിന്റെ കോപ്പയിൽനിന്ന് ബോധത്തിന്റെ അവസാനതുള്ളിയും ഊറിത്തീരുംവരെ മനസ്സിന്റെ രസമുകുളങ്ങളിൽ അവയുടെ ഉപ്പും മധുരവും കിനിഞ്ഞുകൊണ്ടേയിരിക്കും. തന്റെ ജീവിതത്തിലെ പ്രിയപ്പെട്ട രുചികളെക്കുറിച്ചും ഓർമയിലെ ക്രിസ്മസ് ആഘോഷത്തെക്കുറിച്ചും പ്രേക്ഷകരോട് മനസ്സു തുറക്കുകയാണ് സിനിമാ–സീരിയൽ താരം അനു ജോസഫ്.

∙ ഓർമയിലെ പ്രിയപ്പെട്ട രുചി

സ്കൂളിൽ പഠിക്കുന്ന കാലം. ഒരു ദിവസം ഡാൻസ് ക്ലാസ് കഴിഞ്ഞു തിരിച്ചു വരുമ്പോൾ (കണ്ണൂരിലെ തളിപ്പറമ്പിലായിരുന്നു അന്ന് ഡാൻസ് പഠിച്ചിരുന്നത്)  പെട്ടെന്ന് ഹർത്താൽ പ്രഖ്യാപിച്ചു. കാസർകോട്– കണ്ണൂർ അതിർത്തിയിലാണ് അപ്രതീക്ഷിത ഹർത്താൽ പ്രഖ്യാപിച്ചത്. വണ്ടി കാസർകോട് എത്തിയപ്പോൾ അവിടെയൊരു പാലം പണി നടക്കുകയായിരുന്നു. എന്നെ ബസ്കയറ്റി വിട്ടിട്ട്, അക്കാര്യം വീട്ടിൽ വിളിച്ചു പറയാമെന്ന് ഡാൻസ് ടീച്ചർ പറഞ്ഞിരുന്നു. പക്ഷേ ഹർത്താലായതിനാൽ എന്നെ കൂട്ടാനായി ബസ്‌സ്റ്റോപ്പിൽ വരാൻ പപ്പയ്ക്ക് പറ്റുമായിരുന്നില്ല. ഉച്ചയ്ക്ക് 12 മണിയോടെയാണ് ഞാൻ ബസ്സിറങ്ങിയത്. എനിക്കാണെങ്കിൽ വിശന്നിട്ടു വയ്യ. അന്ന് രാവിലെ ഒന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല. വിശന്നിട്ട് എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥ. ഞാനവിടെ കുറേ നേരം നിൽക്കുന്നതു കണ്ടപ്പോൾ ഒരു ചേട്ടനും ഭാര്യയും വന്നു. അവരുടെ വീട് അവിടെ അടുത്താണ്. വീട്ടിൽ നിന്ന് ആരെങ്കിലും വരുന്നതുവരെ അവിടെ കാത്തിരിക്കാമെന്നു പറഞ്ഞു. അവരുടെ വീട്ടിലിരുന്നു നോക്കിയാൽ വഴി കാണാം.  ആരെങ്കിലും എന്നെ അന്വേഷിച്ചു വന്നാൽ കാണുകയും ചെയ്യാം. അങ്ങനെ അവരുടെ വീട്ടിലേക്ക് പോയപ്പോൾ വെള്ളം തരട്ടേയെന്നു ചോദിച്ചു. വെള്ളം വേണമെന്നു പറ​ഞ്ഞപ്പോൾ കഞ്ഞിയായിട്ടുണ്ട്, അത് ഇഷ്ടമാകുമോ തരട്ടേ എന്നു ചോദിച്ചു. അന്ന് ജീവിതത്തിൽ ആദ്യമായി ഞാനൊരാളോട് ഭക്ഷണം ചോദിച്ചു. കിട്ടിയാൽ വളരെ സന്തോഷമാകുമെന്നു പറഞ്ഞു. അന്ന് ആ ചേച്ചി വിളമ്പിത്തന്ന ഭക്ഷണത്തിന്റെ രുചി ഇന്നും മനസ്സിലുണ്ട്. കുറേ കഴിഞ്ഞപ്പോൾ പപ്പ വന്നെന്നെ വീട്ടിലേക്കു തിരികെ കൊണ്ടു വന്നു. 

anu
അനു ജോസഫ്

ആ സംഭവത്തിനു ശേഷം, തനിച്ചല്ല എന്ന് ഓരോ ദിവസവും മനസ്സിൽ തോന്നുമായിരുന്നു. നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത്, വല്ലാതെ കഷ്ടപ്പാടനുഭവിച്ച സമയത്ത് ഒരാൾ വന്ന് സംസാരിക്കുന്നു. നമ്മളെ സുരക്ഷിതമായി അവരുടെ വീട്ടിലിരുത്തി ഭക്ഷണം തരുന്നു. അതൊക്കെയാണ് ഓർമയിൽ മായാതെ നിൽക്കുന്ന നല്ല മുഹൂർത്തങ്ങൾ. പിന്നീട് അവർ അവിടുന്ന് സ്ഥലം മാറിപ്പോയി. പിന്നീട് എനിക്കവരെ കാണാനൊന്നും പറ്റിയിട്ടില്ല. എവിടെയായിരുന്നാലും വിശക്കുന്ന വയറിന് ഒരു നേരത്തെ ആഹാരം നൽകാനുള്ള മനസ്സ് എല്ലാവരിലും ഉണ്ടാകുമായിരിക്കാം എന്ന് പ്രതീക്ഷിക്കുന്നു. 

∙ കുട്ടിക്കാലത്തെ ക്രിസ്മസ് ഓർമകൾ?

എന്നെ സംബന്ധിച്ചിടത്തോളം ഡിസംബർ മാസത്തിന് രണ്ട് പ്രത്യേകതകളുണ്ട്. ഒന്ന് ക്രിസ്മസും പിന്നെയൊന്ന് എന്റെ ജന്മദിനവുമാണ്. ഡിസംബർ 23 എന്റെ പിറന്നാളും 25 ക്രിസ്മസും ആയതിനാൽ രണ്ട് ആഘോഷങ്ങളും അടുപ്പിച്ചെത്തുന്ന സന്തോഷത്തിന്റെ ഓർമകളാണ് മനസ്സിലുള്ളത്. നനുത്ത തണുപ്പും മനസ്സിന് സന്തോഷവും പുത്തൻ പ്രതീക്ഷകളുമായി പുതുവത്സരത്തെ വരവേൽക്കാനുള്ള കാത്തിരിപ്പും ഒക്കെയായി ഏറെ സന്തോഷമുള്ള മാസമാണ്. രാത്രികളിൽ എല്ലാ വീട്ടിലും നക്ഷത്രം തെളിഞ്ഞു കിടക്കുന്നത് കാണാനൊക്കെ പ്രത്യേക ഭംഗിയല്ലേ. ക്രിസ്മസ് കാലത്തെക്കുറിച്ച് അങ്ങനെ കുറേ നല്ല ഓർമകളാണുള്ളത്. ക്രിസ്മസ് കാലത്ത് കുടുംബത്തോടൊപ്പമായിരിക്കും മിക്കവാറും ആഘോഷം. പിന്നെ പ്രോഗ്രാംസ് ഒക്കെയായി തിരക്കിലായ സമയത്ത് കുടുംബത്തിനൊപ്പം ക്രിസ്മസ് ആഘോഷിക്കാൻ കഴിഞ്ഞിട്ടില്ല. കോവിഡ് മൂലം പ്രോഗ്രാംസ് ഒക്കെ കുറവായതുകൊണ്ട് ഷൂട്ടൊന്നുമില്ലെങ്കിൽ ഇക്കുറി കുടുംബത്തോടൊപ്പമുണ്ടാകും.

 

Image Credits : Anu Joseph / Facebook
അനു ജോസഫ്

വ്ലോഗിങ്ങിൽ കുക്കിങ് വിഡിയോസ് ഏറെയുണ്ടല്ലോ. പാചകമിഷ്ടമാണോ?

anu-joseph
അനു ജോസഫ്

ഞാൻ വളരെ യാദൃച്ഛികമായി പാചകം ചെയ്യാൻ തുടങ്ങിയ ആളാണ്. ലോക്‌ഡൗൺ എല്ലാവരെയും കുക്ക് ചെയ്യാൻ പഠിപ്പിച്ച പോലെ എന്നെയും പഠിപ്പിച്ചു എന്നു പറയാം. അതിനു മുൻപൊക്കെ അത്യാവശ്യം വന്നാൽ മാത്രം കുക്ക് ചെയ്യുന്ന ഒരാളായിരുന്നു ഞാൻ.  പാചകം തുടങ്ങിയ സമയത്ത് എല്ലാവരെയും പോലെ യുട്യൂബിനെ ആശ്രയിച്ചാണ് പരീക്ഷണങ്ങൾ നടത്തിയിരുന്നത്. ഇപ്പോൾ വലിയ കുഴപ്പമില്ലാതെ കുക്ക് ചെയ്യുമെന്നാണ് ഭക്ഷണം രുചിച്ചു നോക്കിയവരൊക്കെ പറയുന്നത്. ഫുഡിയല്ല ഞാൻ. എല്ലാം ഇഷ്ടത്തിന് ആസ്വദിച്ചു കഴിക്കും. പക്ഷേ ഒരുപാട് കഴിക്കില്ല. പുതിയ രുചികൾ കഴിച്ചു നോക്കാനിഷ്ടമാണ്. പ്രോഗ്രാമിന്റെ ഭാഗമായി വിദേശത്തു പോകുമ്പോൾ അവിടുത്തെ രുചികൾ പരീക്ഷിച്ചു നോക്കാറുണ്ട്. 

മലയാളികൾക്ക് മീൻ ഇല്ലാതെ എന്ത് ആഘോഷം, വ്യത്യസ്തമായൊരു രുചി പരിചയപ്പെടുത്തുകയാണ് അനു, മീൻ വിത്ത് പൈനാപ്പിൾ രുചിക്കൂട്ട്. കഴിച്ചു നോക്കി ടേസ്റ്റ് ഇഷ്ടപ്പെട്ടപ്പോൾ ഒരു പേരും അനു ഈ മീൻ കറിക്ക് ഇട്ടിട്ടുണ്ട് അതാണ് സ്വർഗ്ഗത്തിലെ മീൻകറി അത് എങ്ങനെയെന്നു വിഡിയോ കാണാം.

സ്വർഗ്ഗത്തിലെ മീൻകറി ( പൈനാപ്പിൾ ഫിഷ്കറി) രുചിക്കൂട്ട് ഇതാ:
ചേരുവകൾ
മഞ്ഞൾപ്പൊടി - 1/2 + 1/4 ടേബിൾസ്പൂൺ
മുളകുപൊടി (കാശ്മീരി) - 1 + 1 ടേബിൾസ്പൂൺ
മല്ലിപ്പൊടി - 1/2 + 1 ടേബിൾസ്പൂൺ
ഗരംമസാലപ്പൊടി - 1/2 ടേബിൾസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
സൺഫ്ലവര്‍ ഓയിൽ - ആവശ്യത്തിന്
പൈനാപ്പിൾ - വലുത് (കഷ്ണങ്ങളാക്കി മുറിച്ചത്)
സവാള (വലുത്) - 2 എണ്ണം (ചെറു കഷ്ണങ്ങളാക്കി മുറിച്ചത്)
പച്ചമുളക് - 4 എണ്ണം
വെളുത്തുള്ളി - 1 ടേബിൾസ്പൂൺ
മീൻ - വലുത് ( ഇടത്തരം കഷ്ണങ്ങളാക്കി മുറിച്ചത്)

തയാറാക്കുന്ന വിധം
1. മീൻ ഇടത്തരം കഷ്ണങ്ങളാക്കി മുറിച്ച് നന്നായി കഴുകി വ‍ൃത്തിയാക്കിയ ശേഷം 1/2 ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി, 1 ടേബിൾസ്പൂൺ മുളകുപൊടി, 1/2 ടേബിൾസ്പൂൺ മല്ലിപ്പൊടി, ഗരംമസാലപ്പൊടി, ഉപ്പ് എന്നിവ ഒന്നിച്ചു ചേര്‍ത്ത് കഷ്ണത്തിൽ തേച്ചു പിടിപ്പിച്ച ശേഷം അഞ്ചു മിനിറ്റു നേരം ചേരുവ കഷ്ണത്തില്‍ പിടിക്കുന്നതിനായി വയ്ക്കാം.

2. അടുത്തതായി ഒരു തവ അടുപ്പിൽ വച്ച് ചൂടായി വരുമ്പോഴേക്കും അതിലേക്ക് മീൻ പൊള്ളിച്ചെടുക്കാനാവശ്യമായ സൺഫ്ലവര്‍ ഓയിൽ ഒഴിച്ചുകൊടുക്കാം. എണ്ണ നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് മസാല പുരട്ടി വച്ചിരിക്കുന്ന മീൻ ഒരോ കഷ്ണങ്ങളായി ഇട്ട് വറുത്തെടുക്കാം . തയാറായി വന്ന മീൻ മറ്റൊരു പ്ലേറ്റിലേക്ക് കോരി മാറ്റി വയ്ക്കുക.

3. അതിനുശേഷം ഒരു ചട്ടി അടുപ്പിൽ വച്ച് അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് അരിഞ്ഞു വച്ചിട്ടുള്ള സവാള, പച്ചമുളക് എന്നിവ ഇട്ടുകൊടുത്ത് നന്നായി വഴറ്റുക. സവാള വാടി വരുമ്പോൾ അതിലേക്ക് ചതച്ച വെളുത്തുള്ളി കൂടി ചേർത്ത് നന്നായി വഴറ്റിക്കൊടുക്കുക. ശേഷം അതിലേക്ക് 1/4 ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി, 1 ടേബിൾസ്പൂൺ മല്ലിപ്പൊടി , 1 ടേബിൾസ്പൂൺ കാശ്മീരി മുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് പച്ചമണം മാറി വരും വരെ നന്നായി വഴറ്റി യോജിപ്പിക്കുക.

4. അടുത്തതായി കഷ്ണങ്ങളാക്കി മുറിച്ച പൈനാപ്പിൾ മിക്സിയിൽ ഇട്ട് പ്യൂരി രൂപത്തില്‍ അരച്ചെടുക്കുക. അതിനുശേഷം അത് കറിയിലേക്ക് ചേർത്ത് നന്നായി ഇളക്കിക്കൊടുക്കുക. മസ്സാല വെന്തു വരുമ്പോള്‍ അതിലേക്ക് വറുത്ത് മാറ്റി വച്ചിട്ടുള്ള മീന്‍ ഓരോ കഷ്ണങ്ങളായി കറിയിലേക്ക് ഇട്ട് കൊടുക്കാം . കഷണങ്ങൾ ഉടയാതെ ചെറുതായി മാത്രം ഒന്നു ഇളക്കിക്കൊടുത്ത് വിളമ്പാം.

English Summary : Food Talk With Actress Anu Joseph

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com