കരിയറിൽ ബ്രേക്ക് വന്നോ? വിഷമിക്കേണ്ട, പാഷനെ അഭിമാനത്തോടെ വരുമാനമാക്കാം: രമ മധു പറയുന്നു

HIGHLIGHTS
  • എല്ലാ അമ്മമാരെയും പോലെ മക്കൾക്കുവേണ്ടിയാണ് ആദ്യം കേക്ക് ഉണ്ടാക്കിത്തുടങ്ങിയത്.
  • കോട്ടയത്ത് 10 ദിവസത്തെ ക്ലാസിൽ പങ്കെടുത്തു, ഒരു ക്രിസ്മസ് കാലത്തായിരുന്നു അത്
rama-madhu
SHARE

വിവാഹം കഴിഞ്ഞ് കുഞ്ഞുങ്ങളും കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളുമൊക്കെയാകുമ്പോൾ മിക്ക സ്ത്രീകളുടെയും ജീവിതത്തിൽ സംഭവിക്കുന്നതാണ് കരിയർ ബ്രേക്ക്. പഠിച്ച വിഷയങ്ങൾക്കനുസരിച്ച്, ചെറുതെങ്കിലും ഒരു ജോലി നേടി മുന്നോട്ടു പോകുമ്പോഴായിരിക്കും കുടുംബത്തിന് മുൻഗണന നൽകി കരിയർ സ്വപ്നങ്ങളെ ഒരരികിലേക്ക് മാറ്റി നിർത്തേണ്ടി വരുന്നത്. എന്നാൽ അങ്ങനെയൊരു ഘട്ടത്തിൽ പഠിച്ച വിഷയങ്ങൾക്കനുസരിച്ചു ലഭിച്ച ജോലിയിൽനിന്ന് ഒരു നീണ്ട ബ്രേക്കെടുത്ത ശേഷം സ്വന്തം പാഷൻ തന്നെ വരുമാനമാക്കിക്കൊണ്ടു ജീവിതത്തിലെ സന്തോഷങ്ങളെ തിരിച്ചുപിടിച്ച ബിസിനസ് വുമണാണ് ചങ്ങനാശ്ശേരി സ്വദേശി രമ മധു. കേക്ക് മേക്കിങ് എന്ന പാഷനെക്കുറിച്ചും അതു നൽകുന്ന സന്തോഷത്തെക്കുറിച്ചും മനോരമ ഓൺലൈൻ വായനക്കാരോട് സംസാരിക്കുകയാണ് രമ.

എങ്ങനെയാണ് കേക്ക് ബേക്കിങ് മേഖലയിലേക്കെത്തുന്നത്?

കേക്ക് മേക്കിങ് പണ്ടു മുതൽ ഇഷ്ടമായിരുന്നു. എല്ലാ അമ്മമാരെയും പോലെ മക്കൾക്കുവേണ്ടിയാണ് ആദ്യം കേക്ക് ഉണ്ടാക്കിത്തുടങ്ങിയത്. യുട്യൂബ് വിഡിയോകൾ കണ്ട് ആദ്യമൊക്കെ കുക്കറിലായിരുന്നു കേക്കുണ്ടാക്കിയിരുന്നത്. ആദ്യമായി പേസ്ട്രി കേക്കുണ്ടാക്കിയത് മോന്റെ പിറന്നാളിനായിരുന്നു. അന്നും പക്ഷേ ബീറ്ററും ഓവനുമൊന്നുമില്ലായിരുന്നു. ആ കേക്ക് കഴിച്ച അയൽക്കാരൊക്കെ നല്ല അഭിപ്രായം പറഞ്ഞു. കേക്ക് മേക്കിങ്ങിന്റെ പ്രാഥമിക പാഠങ്ങൾ പോലും പഠിക്കാതെ രുചികരമായ കേക്ക് ഉണ്ടാക്കുന്നുണ്ടല്ലോ, എന്തുകൊണ്ട് അതിനെക്കുറിച്ച് കൂടുതൽ പഠിച്ച് ഇതൊരു വരുമാന മാർഗം ആക്കിക്കൂടാ എന്നവർ ചോദിച്ചു. കേക്ക്  മേക്കിങ് പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും എവിടെപ്പോയി പഠിക്കണം എന്നതിൽ  ആശയക്കുഴപ്പമുണ്ടായിരുന്നു. ആ സമയത്താണ് മനോരമ പത്രത്തിൽ കേക്ക് മേക്കിങ് ക്ലാസിനെക്കുറിച്ചുള്ള പരസ്യം കണ്ടത്. അങ്ങനെ കോട്ടയത്ത് 10 ദിവസത്തെ ക്ലാസിൽ പങ്കെടുത്തു. ഒരു ക്രിസ്മസ് കാലത്തായിരുന്നു അത്. ക്ലാസ് കഴിഞ്ഞപ്പോൾ ക്ലാസിന്റെ സംഘാടകർ ഞങ്ങളുണ്ടാക്കിയ കേക്ക് വിൽക്കാനായി ഒരു സ്റ്റാൾ ഇട്ടുതന്നു. അന്ന് ഞങ്ങളുണ്ടാക്കിയ കുറേ കേക്കുകൾ വിൽക്കാനുള്ള അവസരം ലഭിച്ചു. അങ്ങനെ ഒരു പ്ലാറ്റ്ഫോം ലഭിച്ചതോടെയാണ് കേക്ക് മേക്കിങ്ങിനെ ഒരു ബിസിനസ് എന്ന നിലയിൽ ഗൗരവമായി കാണാനുള്ള ആത്മവിശ്വാസം ലഭിച്ചത്. ബിസിനസ് തുടങ്ങാൻ പോകുന്ന കാര്യം ബന്ധുക്കളോടും സുഹൃത്തുക്കളോടും പരിചയക്കാരോടുമൊക്കെ പറഞ്ഞപ്പോൾ എല്ലാവരും പ്രോത്സാഹിപ്പിച്ചു.

cake-design

ചെറുപ്പം മുതൽ പാചകം ഇഷ്ടമായിരുന്നോ?

തീർച്ചയായും. കേക്ക് മാത്രമല്ല വീട്ടിലെ ആവശ്യത്തിലേക്കു വേണ്ടി നാടൻ പലഹാരങ്ങളും ഉണ്ടാക്കുമായിരുന്നു. ഇപ്പോൾ ഓണക്കാലത്ത് ഉപ്പേരിയും ശർക്കരവരട്ടിയുമൊക്കെ ചോദിച്ച് ആളുകൾ സമീപിക്കാറുണ്ട്. ആ സമയത്ത് അതും ചെയ്തു കൊടുക്കാറുണ്ട്.

കേക്ക് മേക്കിങ് ബിസിനസ് തുടങ്ങുന്നതിനു മുൻപ് ഏതെങ്കിലും മേഖലയിൽ ജോലിചെയ്തിട്ടുണ്ടോ?

സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും അക്കൗണ്ടിങ്ങിൽ ബിരുദാനന്തര ബിരുദ കോഴ്സുകളുമൊക്കെ ചെയ്തതുകൊണ്ട് കുറച്ച് വർഷം മുൻപ് ഒന്നുരണ്ടു സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. പിന്നെ കുട്ടികളുടെ കാര്യവും വീട്ടിലെ ഉത്തരവാദിത്തങ്ങളുമൊക്കെയായി തിരക്കേറിയപ്പോൾ ജോലി വിട്ടു. പിന്നീട് ധാരാളം സമയം കിട്ടിയപ്പോൾ പാചകം എന്ന ഇഷ്ടത്തിനുവേണ്ടി കൂടുതൽ സമയം ചെലവഴിക്കാൻ സാധിച്ചു. അങ്ങനെ കേക്ക് മേക്കിങ്ങിനെ വരുമാന മാർഗമാക്കാനുള്ള അവസരവും കിട്ടി.

കേക്ക് മേക്കിങ്ങിൽ എത്രവർഷമായി? എന്തൊക്കെയാണ് ഇതുവരെ അഭിമുഖീകരിച്ച വെല്ലുവിളികൾ?

രണ്ടു വർഷമായി. ഹോം മെയ്ഡ് കേക്ക് ചെയ്തു കൊടുക്കുന്നതുകൊണ്ട് വലിയ വെല്ലുവിളികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഓർഡർ അനുസരിച്ച് കേക്കുണ്ടാക്കിക്കൊടുക്കുകയാണ്. ഷോപ്പ് തുടങ്ങാത്തതുകൊണ്ട് വാടക പോലെയുള്ള ടെൻഷനുമില്ലല്ലോ. കേക്ക് വാങ്ങുന്നവരൊക്കെ നല്ല അഭിപ്രായമാണ് പറഞ്ഞത്. മുൻപ് ഓർഡർ തന്നവരൊക്കെ വീണ്ടും വരുന്നുമുണ്ട്.

പ്രകൃതിദത്ത വസ്തുക്കൾ മാത്രമാണോ ചേരുവകളായി ഉപയോഗിക്കുന്നത്?

കേക്ക് മേക്കിങ്ങിനെക്കുറിച്ച് പഠിപ്പിച്ച സ്ഥാപനം ഊന്നൽ നൽകിയത് ഹോം മെയ്ഡ് കേക്ക് എങ്ങനെയുണ്ടാക്കാം എന്നതിലാണ്. അതുകൊണ്ടുതന്നെ കേക്ക് മേക്കിങ്ങിൽ ഉപയോഗിക്കുന്ന കൃത്രിമവസ്തുക്കളെക്കുറിച്ച് ഒരു സൂചന പോലും നൽകാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പ്രകൃതിദത്ത  ചേരുവകളുപയോഗിച്ചാണ് ഞാൻ കേക്കുണ്ടാക്കുന്നത്. അത് കൂടുതൽ ദിവസമിരിക്കാനായി യാതൊരു തരത്തിലുള്ള പ്രിസർവേറ്റീവ്‌സും ചേർക്കാറില്ല. കാരറ്റ് കേക്ക് ഒക്കെ നാലു ദിവസം വരെയേ ഇരിക്കൂവെന്ന് കസ്റ്റമേഴ്സിനെ ഓർമിപ്പിക്കാറുണ്ട്.

തുടക്കകാലത്ത് ആളുകളുടെ പ്രതികരണം?

ഇതുവരെ കേക്ക് വാങ്ങിയവരെല്ലാം ദൈവാനുഗ്രഹത്താൽ നല്ല അഭിപ്രായമാണ് പറഞ്ഞത്. എന്തെങ്കിലും പോരായ്മയുണ്ടെങ്കിൽ തുറന്നു പറയണം, എങ്കിലേ അടുത്തതു ചെയ്യുമ്പോൾ മെച്ചപ്പെടുത്താനാകൂ എന്ന് അടുപ്പമുള്ളവരൊടൊക്കെ മുൻപു ഞാൻ പറയുമായിരുന്നു. പക്ഷേ ആരും ഇതുവരെ അങ്ങനെ പോരായ്മകളൊന്നും ഉള്ളതായി പറഞ്ഞിട്ടില്ല.

കുടുംബത്തിന്റെ പിന്തുണ?

കുടുംബത്തിന്റെ പിന്തുണയില്ലാതെ ഒരു ബിസിനസിലും പച്ചപിടിക്കാൻ പറ്റില്ലല്ലോ. തീർച്ചയായും കുടുംബം നല്ല രീതീയിൽ പിന്തുണയ്ക്കുന്നുണ്ട്. എന്റെ കുടുംബം തിരുവല്ലയിലാണ്. ചങ്ങനാശ്ശേരിയിലേക്ക് വിവാഹം ചെയ്തു വന്നതാണ്. തിരുവല്ലയിൽനിന്നും ചങ്ങനാശ്ശേരിയിൽനിന്നും ധാരാളം ഓർഡർ ലഭിക്കുന്നുണ്ട്. സഹോദരന്റെ പിന്തുണയും എടുത്തു പറയേണ്ടതാണ്. ഭർത്താവ് മധുവും മക്കൾ മിഥുനും അർജ്ജുനും നല്ല രീതിയിൽ പിന്തുണ നൽകുന്നുണ്ട്.

ലോക്ഡൗൺ ബിസിനസ്സിനെ ബാധിച്ചിരുന്നോ?

ലോക്ഡൗൺ സമയത്താണ് കേക്ക് മേക്കിങ് ബിസിനസ് നന്നായി നടന്നതെന്ന് സന്തോഷത്തോടെ പറയട്ടെ. മുൻപുള്ള സമയത്തെ അപേക്ഷിച്ച് കൂടുതൽ ബിസിനസ് ഈ കാലഘട്ടത്തിലാണ് നടന്നത്. കൂടുതൽ ആളുകളും കടകളിലേക്ക് പോകാതെ ഹോം മെയ്ഡ് കേക്കുകൾ വാങ്ങാനെത്തിയതായിരിക്കാം കാരണം.

എന്തൊക്കെയാണ് ഭാവി പദ്ധതികൾ?

കേക്ക് ബേക്കിങ് ക്ലാസെടുക്കാമോ എന്നൊക്കെ ചോദിച്ച് ആളുകൾ സമീപിക്കുന്നുണ്ട്. പക്ഷേ അതിനൊക്കെ ഏറെ അനുഭവപരിചയവും അറിവും ആവശ്യമാണെന്ന് വിശ്വസിക്കുന്നതുകൊണ്ട് ഈ അടുത്തൊന്നും ക്ലാസിനെപ്പറ്റി ചിന്തിക്കുന്നില്ല. ഇനിയും കുറേ കാര്യങ്ങൾ പഠിക്കാനുണ്ട്. ഈ മേഖലയിൽ കുറച്ചു കൂടി അനുഭവപരിചയമായി എന്നു തോന്നുമ്പോൾ ക്ലാസിനെക്കുറിച്ച് ആലോചിക്കും.

ബേക്കിങ്ങിൽ പരീക്ഷണങ്ങൾ നടത്താൻ താൽപര്യമുണ്ടോ?

പ്രമേഹരോഗികൾ വല്ലാതെ കൂടുന്ന സമയമായതിനാൽ അവർക്കുവേണ്ടി പരീക്ഷണാടിസ്ഥാനത്തിൽ ഷുഗർലെസ്സ് കേക്കുകൾ ഉണ്ടാക്കി നോക്കാറുണ്ട്. പഞ്ചസാരയ്ക്കു പകരം ശർക്കരയൊക്കെ വച്ച് കുറച്ചു കേക്കുകൾ ഉണ്ടാക്കി നോക്കിയിരുന്നു. ഷുഗർ പേഷ്യൻസിനും ധൈര്യമായി കഴിക്കാൻ പറ്റുന്ന ചേരുവകളൊക്കെ വച്ച് കേക്കുണ്ടാക്കി നൽകണമെന്നതാണ് ഇപ്പോഴത്തെആഗ്രഹം. അതിനുള്ള കാര്യങ്ങൾ പഠിച്ചു കൊണ്ടിരിക്കുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA