ADVERTISEMENT

ക്രിസ്മസ് സമയത്ത്, അതി കാലത്ത്, സൽക്കരിക്കാനായി നമ്മളുണ്ടാക്കുന്ന, കഴിച്ചാസ്വദിക്കുന്ന ചില വിഭവങ്ങൾ. അവയുടെ പാചകക്കുറിപ്പല്ല, ഓരോന്നിനെയും കൂടുതൽ മനോഹരമാക്കാനുള്ള ചില വഴികൾ.

കട്ലറ്റുകൾ 

yam-cutlet

രണ്ട് തരം കട്ലറ്റുകൾ കാണാം. ഒന്നാമത്തെയിനം ഒരു കഷ്ണം നാവിൽ വച്ചാൽ അലിഞ്ഞു പോകുന്നതും രണ്ടാമത്തേത് കടിച്ചാൽ കറു മുറു ശബ്ദമുണ്ടാകുന്നതും. ഇറച്ചി കുറച്ച്, നല്ലോണം ബ്രഡ്പൊടി ചേർത്ത്, ഉരുളക്കിഴങ്ങൊക്കെ ധാരാളമാക്കി ഉണ്ടാക്കുന്ന കട്ലറ്റുകൾക്കാണീ ദുർഗതി വരുന്നത്. ബീഫ് കട്ലറ്റിൽ, ഇറച്ചിയെവിടെയെന്ന് കണ്ടുപിടിക്കാൻ അന്വേഷണക്കമ്മീഷനെ വെക്കേണ്ട സാഹചര്യമുണ്ടായാൽ ചില്ലറ ആസ്വാദന പ്രശ്നങ്ങൾ സ്വാഭാവികം. കട്ലറ്റ് ധാരാളം ഇറച്ചി ചേർത്തുണ്ടാക്കണം. ഉള്ള ഇറച്ചി കൊണ്ട് പത്ത് സുഖമില്ലാത്ത കട്ലറ്റുണ്ടാക്കുന്നതിലും നല്ലത്, നല്ലോണം വെന്ത ഇറച്ചിയുടെ പതു പതുപ്പുള്ള അഞ്ചേ അഞ്ചെണ്ണമുണ്ടാക്കുന്നതല്ലേ? ഒരാൾക്ക് പകുതി കഷ്‌ണമേ കൊടുക്കാൻ പറ്റിയുള്ളൂ എന്നുവരും. പക്ഷെ കുറച്ചേ ഉള്ളൂ എങ്കിലും, സംഗതി ഉഗ്രനായിരിക്കും.

പാലപ്പം 

wheat-palappam

അറ്റം മൊരിഞ്ഞ, നടുവിൽ പതു പതുത്ത അപ്പമാണോ വേണ്ടത്? അപ്പത്തിന്റെ മാവ് കലക്കി വയ്ക്കുന്നു. പിറ്റേന്ന് രാവിലെ അപ്പം ചുടുന്നു. ഇതെല്ലാവരും സ്ഥിരം ചെയ്യുന്നത്. പക്ഷെ, പാലാക്കാരുടെ ഒരു സൂത്രപ്പണിയുണ്ട്. രണ്ട് മൂന്ന് സ്പൂൺ അരിപ്പൊടി, വെള്ളത്തിൽ കലക്കി ചെറു തീയിൽ അടുപ്പിൽ വയ്ക്കും. കുറുകി, കുറുകി കട്ടിയാവുന്നതു വരെ. കട്ടിയായാൽ, തണുക്കാനായി മാറ്റി വയ്ക്കും. ഇതാണ് കപ്പി കാച്ചൽ. അപ്പത്തിനായി കലക്കിയ മാവിൽ ഇവനെ നന്നായി യോജിപ്പിച്ച് ചേർക്കും. പിറ്റേന്ന് അപ്പം ചുടാൻ നേരത്ത് പുളിച്ചു പൊങ്ങിയ മാവിൽ ആവശ്യത്തിന് ഉപ്പും ലേശം പഞ്ചസാരയും ചേർക്കും. ഈ മാവ് ഉപയോഗിച്ച് ചുടുന്ന അപ്പം, അരികിൽ ലെയ്‌സായി മൊരിഞ്ഞ്, നടുവിൽ മൃദുവായിരിക്കും. ഇവനെ, മട്ടൻ സ്റ്റൂവിൽ മുക്കി കഴിക്കണം!

പാനി 

മട്ടൻ സ്റ്റൂവിന് മുൻപ് വേണ്ടവൻ. തീൻ മേശയിൽ എല്ലാവർക്കും വളരെ വേണ്ടപ്പെട്ടവൻ. പനങ്കള്ള് കാച്ചിയാണ് മധുരമുള്ള, കൊഴുത്ത ഒറിജിനൽ പാനിയുണ്ടാക്കുന്നത്‌. സ്വന്തമായി ഉണ്ടാക്കിയെടുക്കാൻ കഷ്ടപ്പെടേണ്ടി വരും. നല്ല പാനി ഉണ്ടാക്കി തരുന്നവർ കോട്ടയം - ഇടുക്കി - പത്തനംതിട്ട ജില്ലകളുടെ പ്രാന്ത പ്രദേശങ്ങളിൽ കാണും. അവരുടെ കൈയിൽ നിന്നു വാങ്ങാം. ഇതിന്റെ കൂടെ കഴിക്കാനൊരു സംഗതിയുണ്ട്. നല്ല പഴുത്ത പഴം, കട്ടിയായി നീളത്തിൽ മുറിച്ച്, ഇളം തീയിൽ നെയ്യിൽ മൂപ്പിച്ചെടുക്കണം. ലേശം ഏലക്കായ പൊടി ആവാം. പഴത്തിലെയും നമ്മൾ ചേർത്തതുമായ പഞ്ചസാരകൾ അങ്ങനെ കാരമലൈസ് ചെയ്ത് ഗോൾഡൻ ബ്രൗൺ നിറത്തിലെത്തും. ഇതിന്റെ മുകളിൽ, മൂപ്പിച്ചെടുത്ത ചെറു കശുവണ്ടി കഷണങ്ങൾ വിതറാം. കൂടെ പാനിയും. തീൻ മേശ രാജകീയമാവും.

മട്ടൻ സ്റ്റൂ 

Mutton Korma

ഒറിജിനൽ റെസിപ്പികളിൽ ഇല്ലാത്തതാണ്. പക്ഷെ പല വീടുകളിലും പ്രയോഗത്തിലുണ്ട്. തേങ്ങാപ്പാലിൽ കിടക്കുന്ന ആടിന്റെ കഷണങ്ങൾക്കും ഗ്രേവിക്കും ഒരു കിക്ക് കിട്ടാനുള്ള ചെറിയ ഒരു റെസിപ്പീ വ്യത്യാസം വരുത്തൽ. മുഴുത്ത ഉരുളക്കിഴങ്ങ് കഷണങ്ങൾ ചേർക്കാം. പാകത്തിനേ വേകാവൂ. തൊട്ടാൽ പൊടിഞ്ഞു പോണം. എന്നാൽ സ്റ്റൂവിൽ പൊടിഞ്ഞു കിടക്കരുത്. ഒന്നോ രണ്ടോ കാന്താരി മുളകോ, പച്ചക്കുരുമുളകരച്ചതോ ചേർക്കാം. എരുവിനല്ല, അതിന്റെയാ ഫ്ലേവറിന്. വളരെ കുറച്ച് മതി. കഴിക്കുന്നവർക്ക് അങ്ങനെയൊരു സംഗതി അതിൽ ചേർത്തിട്ടുണ്ടെന്ന് മനസ്സിലാവാത്ത പാകത്തിൽ. എന്നാലൊരു പ്രത്യേക രുചി കിട്ടുന്ന അളവിൽ. അവസാനം, നെയ്യിൽ കാച്ചിയ ചെറിയുള്ളി അരിഞ്ഞത് വറുത്തിടാം. ചെറിയുള്ളി നെയ്യിൽ അങ്ങനെ മൂത്ത് വരുമ്പോൾ, അതിലേക്ക് ലേശം കുരുമുളക് പൊടി ചേർത്താൽ വിശേഷമായി. 

അതികാലത്തെ ഈ ഭക്ഷണ ക്രമം പൂർത്തിയാവാൻ തേങ്ങാപ്പാൽ കൂടെ വേണം. അപ്പത്തിന്റെ മുകളിൽ ധാരാളമായി തേങ്ങാപ്പാൽ ഒഴിച്ച്, കുതിർത്ത്, സ്റ്റൂവിൽ നിന്നെടുത്ത  ഒരു കഷ്ണം ആട്ടിറച്ചിയും കൂട്ടി കഴിച്ചാൽ, ക്രിസ്തുമസ്സിന്റെ ഉണർവ് മനസ്സിലേക്കങ്ങനെ കയറും. സന്തോഷമുള്ള, സമാധാനത്തിന്റെ ക്രിസ്മസിന് നല്ല ഭക്ഷണം കൂടെയായാൽ, അടുത്തൊരു കൊല്ലത്തേക്കുള്ള മനോഹര ഓർമയായി.

English Summary : CookingTips for the Festive Season

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com