സിക്കുകാർ വന്നു, കേരളം ചപ്പാത്തി ചുട്ടു

HIGHLIGHTS
  • കേരളത്തെ ആദ്യം ചപ്പാത്തി രുചിപ്പിച്ചത് വൈക്കം സത്യഗ്രഹത്തിന് പിന്തുണയുമായെത്തിയ സിഖ് സംഘം
  • സിക്കുകാർ വൈക്കത്തുവന്ന് സൗജന്യ ഭക്ഷണം വച്ചുവിളമ്പുന്നതിനോട്...
chappathi
SHARE

നീതി സമരത്തെ വിഭവ‌സമൃദ്ധമാക്കുന്ന കർഷകഹൃദയമാണ് സിക്കുകാരുടെ മുഖമുദ്ര. സാഹോദര്യത്തിന്റെ ആ അടുക്കളയിൽനിന്ന് 96 വർഷം മുൻപ് കേരളക്കരയിലെത്തിയ വിഭവം ഇന്നു മലയാളിയുടെ തീൻമേശയിൽ സ്ഥിരസാന്നിധ്യം– ചപ്പാത്തി.

നാളികേരത്തിന്റെ നാട്ടിലെ രുചിക്കൂട്ടുകൾക്കിടയിൽ ചരിത്രം ചപ്പാത്തി പരത്തിത്തുടങ്ങിയത് വൈക്കം സത്യഗ്രഹത്തിനൊപ്പം. 1924 മാർച്ചിൽ തുടങ്ങിയ സത്യഗ്രഹത്തിന്റെ അലയൊലികൾ രാജ്യത്തെമ്പാടുമെത്തിയപ്പോൾ, പിന്തുണയുടെ തലപ്പാവുമായി പഞ്ചാബിൽനിന്നുമെത്തിയ അകാലികളാണ് മലയാളികൾക്ക് ചപ്പാത്തിയുടെ രുചി പരിചയപ്പെടുത്തിയത്. ഗോതമ്പുമാവു പരത്തി തീയിൽ പൊള്ളിച്ചെടുത്ത ചപ്പാത്തി വിളമ്പി അവർ മലയാളനാടിന്റെ മനം കവർന്നു.

സിഖ് ആരാധനാലയങ്ങളായ ഗുരുദ്വാരകളിൽ കാലോചിത പരിഷ്‌കാരങ്ങൾക്കായി പ്രക്ഷോഭത്തിനിറങ്ങിത്തിരിച്ച അകാലി സംഘം വൈക്കത്ത് സത്യഗ്രഹ സമരം നടക്കുന്നതറിഞ്ഞ് ആവേശഭരിതരായി. വൈക്കം സത്യഗ്രഹ വാർത്ത കിട്ടി ആഴ്‌ചകൾക്കുള്ളിൽ അകാലികളുടെ ഒരു സംഘം പെട്ടിയുമെടുത്തു തിരുവിതാംകൂറിലേക്ക്. വൈക്കത്തു വന്നപാടെ സത്യഗ്രഹികൾക്കായി അകാലികൾ ഒരു സൗജന്യ ഭോജനശാല തുടങ്ങി. സത്യഗ്രഹികൾക്കും അനുഭാവികൾക്കും മാത്രമല്ല സത്യഗ്രഹാശ്രമത്തിൽ വരുന്ന ആർക്കും മൃഷ്‌ടാന്ന ഭോജനമായിരുന്നു. സിഖുകാരുടെ മൂന്നാമത്തെ ഗുരു തുടങ്ങിവച്ച ആശയത്തിന്റെ അനുകരണമായിരുന്നു വൈക്കത്തെ ഭക്ഷണശാല. തന്നെ സന്ദർശിക്കാൻ വരുന്നവരെല്ലാം വയർനിറയെ ആഹാരം കഴിക്കണമെന്നു നിർബന്ധമുണ്ടായിരുന്നു ഗുരുവിന്. അതിനായി ഒരു പ്രത്യേക ഭക്ഷണശാലയും അദ്ദേഹം ഏർപ്പാടു ചെയ്‌തു. ഗുരുവിനെ കാണാനെത്തിയ സാക്ഷാൽ അക്‌ബർ ചക്രവർത്തിക്കു പോലും ഈ വിചിത്ര സ്‌നേഹനിബന്ധനയ്‌ക്കു വഴങ്ങേണ്ടിവന്നെന്നാണു കഥ.

പഞ്ചാബ് പ്രബന്ധക് ശിരോമണി കമ്മിറ്റിയുടെ നിർദേശപ്രകാരം ലാലാ ലാൽസിങ്ങിന്റെയും കൃപാൽസിങ്ങിന്റെയും നേതൃത്വത്തിലുള്ള അകാലി സംഘമാണ് 1924 മേയിൽ വൈക്കത്തു സൗജന്യ ഭക്ഷണശാല തുറന്നത്. അതിരാവിലെ മുതൽ രാത്രി എട്ടു മണി വരെ അകാലികൾ സ്‌നേഹത്തോടെ ഭക്ഷണം വച്ചുവിളമ്പി. മലയാളികൾക്കത് രുചിയുടെ ഒരു ഗോതമ്പുപാടം തന്നെയായിരുന്നു. അക്കൂട്ടത്തിൽ താരമായത് ചപ്പാത്തി. 

സിക്കുകാർ വൈക്കത്തുവന്ന് സൗജന്യ ഭക്ഷണം വച്ചുവിളമ്പുന്നതിനോട് ഗാന്ധിജിക്ക് വിയോജിപ്പായിരുന്നു. അകാലികളുടെ പ്രവൃത്തി അസ്‌ഥാനത്താണെന്നും സത്യഗ്രഹ പ്രസ്‌ഥാനത്തിന്റെ ലക്ഷ്യത്തിനും കേരളീയരുടെ ആത്മാഭിമാനത്തിനുതന്നെ ഹാനികരമാണെന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചു. ‘സിഖ് സ്‌നേഹിതന്മാർ വിതരണം ചെയ്യുന്ന ആഹാരപദാർഥങ്ങൾ കേരളീയർ മറ്റൊന്നുമാലോചിക്കാതെ കഴിക്കുന്നത് വെറുമൊരു ഭിക്ഷയായി മാത്രമേ ഞാൻ കണക്കാക്കുകയുള്ളൂ. സ്വയം ആഹാരം കഴിക്കുന്നതിനു വേണ്ടുവോളം വകയുള്ളയാളുകൾ സൗജന്യ ഭക്ഷണശാലയിൽ വന്നു ഭക്ഷണം കഴിക്കുന്നത് ഭിക്ഷയല്ലാതെ മറ്റൊന്നുമല്ല.’ഗാന്ധിജി നയം വ്യക്‌തമാക്കി. 

അകാലി ധർമ ഭക്ഷണശാലയുടെ സഹായം സത്യഗ്രഹികൾ സ്വീകരിക്കുന്നത് യുക്‌തമല്ലെന്ന് മഹാത്മജി നിർബന്ധമായി പറഞ്ഞതിനാൽ ഒരാഴ്‌ചയ്‌ക്കകം സത്യഗ്രഹികൾ അകാലികളുടെ ധർമ ഭക്ഷണശാലയിൽനിന്നു പിന്മാറി അവരുടെ സ്വന്തം ചെലവിന്മേൽ ഭക്ഷണശാല തുടങ്ങി. സിഖ് സമുദായത്തിന്റെ നേതൃത്വം വഹിക്കുന്ന ശിരോമണി ഗുരുദ്വാര പ്രബന്ധ കമ്മിറ്റിയുടെ നേരിട്ടുള്ള ഉത്തരവില്ലാതെ ഭക്ഷണശാല പൂട്ടില്ലെന്നായിരുന്നു അകാലികളുടെ തീരുമാനം. ഒടുവിൽ, പ്രബന്ധ കമ്മിറ്റിയിലെ എല്ലാ അംഗങ്ങളും ധർമ ഭക്ഷണശാല നിർത്തുന്നതിനോടു യോജിക്കുന്നതായി സർദാർ കെ.എം.പണിക്കരുടെ ടെലിഗ്രാം വന്നു. അതോടെ വൈക്കത്തെ അകാലി പാചകപ്പുരയ്‌ക്ക് താഴുവീണു. അകാലികൾ പഞ്ചാബിലേക്കു തിരികെ പോയെങ്കിലും അവർ പരിചയപ്പെടുത്തിയ രൂചിയോട് മലയാളികൾ യാത്രപറഞ്ഞില്ല. കേരളീയരുടെ പ്രിയഭക്ഷണങ്ങളിലൊന്നായി മാറാൻ ചപ്പാത്തിക്ക് കാലമേറെ വേണ്ടിവന്നുമില്ല. ആദ്യരുചിക്ക് തൊണ്ണൂറു വർഷം കഴിയുമ്പോൾ ഇന്നും മലയാളിയുടെ തീൻമേശയിലെ പ്രധാനതാരങ്ങളിലൊന്ന് ചപ്പാത്തി തന്നെ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA