മധുരം നിറയുന്ന സമ്മാനപ്പൊതികൾ ഒരുക്കി നീനു

neenu-gift
നീനു
SHARE

വിശേഷദിവസങ്ങളില്‍ പ്രിയപ്പെട്ടവര്‍ക്കു സമ്മാനങ്ങള്‍ കൊടുക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. ചിലര്‍ അവര്‍ക്ക് ഇഷ്ടപ്പെട്ടതെന്തോ അത് നല്‍കുന്നു, ചിലര്‍ ആ മനോഹരദിവസം കൂടുതല്‍ ആകര്‍ഷകമാക്കാന്‍ സര്‍പ്രൈസ് ഗിഫ്റ്റുകള്‍ നല്‍കുന്നു.

വിശേഷദിവസങ്ങള്‍ രുചിയോടെ ആഘോഷിക്കാനാണോ താൽപര്യം? എങ്കില്‍ നീനു നിങ്ങളെ സഹായിക്കും. രുചിയുടെ മേമ്പൊടിയില്‍, മധുരത്തിന്റെ കൂട്ടില്‍ ഒരു ഗിഫ്റ്റ് ഹാംപര്‍. വീട്ടില്‍ തന്നെ ഉണ്ടാക്കുന്ന കുറച്ച് വിഭവങ്ങള്‍ ചേര്‍ത്തിണക്കി നീനു എന്ന വീട്ടമ്മ തയാറാക്കുന്ന ഗിഫ്റ്റ് ഹാംപറിന്റെ വിശേഷങ്ങള്‍ അറിയാം.

കോളജ് അധ്യാപിക എന്ന പോസ്റ്റ് തൽക്കാലമൊന്നു മാറ്റിവച്ച്, ഹോം മേയ്ഡ് വിഭവങ്ങളുടെയും ഗിഫ്റ്റ് ഐറ്റംസിന്റെയും മേക്കര്‍ എന്ന കുപ്പായമിട്ടു വിജയഗാഥ രചിച്ച നീനുവിന്റെ കഥയാണിത്. ജോലിയും വീട്ടമ്മയുടെ ഉത്തരവാദിത്തങ്ങളുമായി കഴിഞ്ഞിരുന്ന നീനു, കുട്ടികളുടെ പഠനവും ചെറിയ കുഞ്ഞിനെ നോക്കാനുള്ള സമയക്കുറവും കണക്കിലെടുത്താണ് അധ്യാപികജോലി തൽക്കാലം നിർത്തിവച്ചത്. പക്ഷേ വീട്ടിലിരുന്നു കുറച്ചുദിവസമായപ്പോൾ എന്തെങ്കിലും ചെയ്യണമെന്നു തോന്നി. ആദ്യം മനസ്സിൽവന്നത്, പണ്ടുമുതലേ രുചികളോടുള്ള ഇഷ്ടമാണ്. ആ വഴിക്കുതന്നെ പോയാലോ എന്നു തോന്നി. ഭര്‍ത്താവിന് ഹോട്ടലുണ്ട്, അവിടെ വില്‍പനയ്ക്കായി അമ്മ ജാതിക്ക സിറപ്പും ചമ്മന്തിപ്പൊടിയും തയാറാക്കി നല്‍കിയിരുന്നു. നീനുവും അതിലേക്കു തിരിഞ്ഞു. ആദ്യം ചെറിയ തോതിലായിരുന്നു. ആവശ്യക്കാരേറിയതോടെ വീട്ടില്‍ ഒരു യൂണിറ്റ് ആരംഭിച്ചു. ആദ്യം ജാതിക്ക സിറപ്പ്, അച്ചാര്‍, ചമ്മന്തിപ്പൊടി എന്നിവയായിരുന്നു ഉണ്ടാക്കിയിരുന്നത്. അപ്പോഴും എന്തെങ്കിലും സ്‌പെഷലായി ചെയ്യണമെന്ന ആഗ്രഹം ഉള്ളിലിങ്ങനെ നിന്നു.

ആ ചിന്തയില്‍നിന്നാണ് ഗിഫ്റ്റ് ഹാംപറിന്റെ പിറവി. ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിലും മറ്റും കണ്ടിട്ടുള്ള ഹാംപർ കിറ്റ് തയാറാക്കാൻ നീനു തീരുമാനിച്ചത് ക്രാഫ്റ്റിങ്ങിനോ‍ടുള്ള ഇഷ്ടം കൊണ്ടുകൂടിയാണ്. ആദ്യം ബന്ധുക്കളും സുഹൃത്തുക്കള്‍ക്കും മാത്രമായിട്ടായിരുന്നു നീനു ഹാംപർ കിറ്റ് ഒരുക്കിയിരുന്നത്. 2019 ലെ ക്രിസ്മസ് കാലത്തായിരുന്നു അത്. ആ ഹാംപർ ഇഷ്ടപ്പെടുന്നവര്‍ മറ്റുള്ളവരിലേക്ക് എത്തിക്കും അങ്ങനെ അന്ന് 60 ഓളം ബോക്‌സ് തയാറാക്കി. ‘ഒട്ടും പ്രിപ്പയേഡ് അല്ലായിരുന്നു ഞങ്ങള്‍. ബേക്കറിയില്‍ നിന്ന് ഈന്തപ്പഴം വാങ്ങുമ്പോള്‍ കിട്ടുന്ന കാര്‍ട്ടണ്‍ ബോക്‌സായിരുന്നു ഹാംപർ കിറ്റിന്റെ ബോക്‌സായി ഉപയോഗിച്ചത്. അത് ഗിഫ്റ്റ് റാപ്പ് വച്ചൊക്കെ ഒരുക്കി. കിട്ടിവരെല്ലാം നല്ലതാണെന്ന് പറഞ്ഞപ്പോള്‍ ഇത് ഗൗരവമായിത്തന്നെ മുന്നോട്ടു കൊണ്ടുപോകാമെന്ന് തീരുമാനിച്ചു’. നീനു തന്നെയായിരുന്നു എല്ലാ ബോക്‌സുകളും ഒരുക്കിയിരുന്നത്. ഓരോന്നും വ്യത്യസ്തമായ രീതിയില്‍ മനോഹരമാക്കി ഒരുക്കി ഓരോരുത്തര്‍ക്കും ആവശ്യാനുസരണം ഐറ്റംസ് ചേര്‍ത്തായിരുന്നു ആദ്യത്തെ ഹാംപർ കിറ്റ് നല്‍കിയിരുന്നത്.

കഴിഞ്ഞ വര്‍ഷം നീനു ഹോം ഫുഡ് മേക്കിങ്ങിനുള്ള ലൈസന്‍സ് എടുത്തു. അങ്ങനെ ഇതിനായി യൂണിറ്റ് തുടങ്ങി. കുശിനി ഹോം ഗ്രോ എന്നാണ് നീനുവിന്റെ പ്രൊഡക്‌ഷന്റെ പേര്. വീട്ടിലെ അടുക്കളയില്‍ പാകപ്പെടുത്തുന്ന വിഭവങ്ങളായതിനാലാണ് ഈ പേരെന്ന് നീനു. ഈ പേരില്‍ത്തന്നെ ആലുവയില്‍ സ്വന്തമായി ഒരു ഷോപ്പുമുണ്ട്. അമ്മയും അമ്മൂമ്മമാരുമെല്ലാം പറഞ്ഞുകൊടുത്ത രുചിക്കൂട്ടുകള്‍ ചേര്‍ത്ത് അപ്പം, ദോശമാവ്, അച്ചാറുകള്‍ എന്നിവ യൂണിറ്റില്‍ നിന്നുതന്നെ ഉണ്ടാക്കാന്‍ തുടങ്ങി.എന്നാല്‍ ഹാംപർ കിറ്റിന് ആവശ്യക്കാര്‍ ഏറെ വരുന്നുണ്ടായിരുന്നു അപ്പോഴും. 2020 എല്ലാവർക്കും ബുദ്ധിമുട്ടേറിയ വര്‍ഷമായിരുന്നല്ലോ. നീനുവും കരുതി ഇത്തവണ ക്രിസ്മസിന് ഹാംപർകിറ്റിന് ആവശ്യക്കാർ കുറവായിരിക്കുമെന്ന്. എന്നാല്‍ കരുതിയതിനേക്കാള്‍ കൂടുതല്‍ ഓര്‍ഡര്‍ ലഭിച്ചു. ബോക്‌സുകള്‍ അച്ചടിച്ചുവച്ചിരുന്നു. 20 ഹാംപർ കിറ്റ് വരെ വരെ ഓര്‍ഡര്‍ ചെയ്തവരുണ്ടെന്ന് നീനു പറഞ്ഞു.

400 രൂപ മുതല്‍ 1500 രൂപ വരെ പല റേഞ്ചിലുള്ള കിറ്റുകളായിരുന്നു ഇത്തവണ. ഓരോ സാധനത്തിന്റെയും വിലയടക്കമുള്ള ലിസ്റ്റുണ്ട്. അതിൽനിന്നു വേണ്ടവ അറിയിച്ചാൽ അവ ചേർത്ത് അലങ്കരിച്ച ഹാംപർ വീട്ടിലെത്തും. കഴിഞ്ഞ വര്‍ഷം ഈ ഗിഫ്റ്റ് ഹാംപറില്‍ കേക്കുണ്ടായിരുന്നുവെങ്കിലും ഇത്തവണ ആവശ്യപ്പെട്ടവരെല്ലാം കേക്ക് വേണ്ടെന്നുപറഞ്ഞുവെന്ന് നീനു. മൂന്ന് സിറപ്പുകള്‍, ഗീ കുക്കീസ്, അച്ചാറുകള്‍, പൈനാപ്പിള്‍ ബോള്‍, ചോക്ലേറ്റ് ജാര്‍ എന്നിവയാണ് സാധാരണയായി കിറ്റിലുണ്ടാവുക. ഹണി ബോട്ടില്‍, സ്‌പൈസ് ജാര്‍, ഡ്രൈ ഫ്രൂട്സ് തുടങ്ങിയവ ആവശ്യക്കാരുടെ ഇഷ്ടത്തിന് ഒരുക്കിനല്‍കും. പൈനാപ്പിള്‍ ബോള്‍ നീനുവിന്റെ ഹാംപർ കിറ്റിലെ ട്രേഡ് മാര്‍ക്കാണ്. ഗീ കുക്കീസ് നാത്തൂന്റെ റെസിപ്പിയാണെന്നും ഇത്തവണത്തെ ഹാംപർ കിറ്റിലേക്കുള്ള ഐറ്റംസ് തയാറാക്കാന്‍ നാത്തൂന്‍മാരും അച്ഛനും ഒപ്പമുണ്ടായിരുന്നതായും ഇവരുടെ എല്ലാവരുടേയും സഹായമുള്ളതുകൊണ്ടാണ് തനിക്ക് ഇത് മുന്നോട്ട് കൊണ്ടുപോകാനാകുന്നതെന്നും നീനു പറയുന്നു.

പൈനാപ്പിള്‍ ബോള്‍ ഉണ്ടാക്കുന്ന വിധം
പൈനാപ്പിള്‍, പഞ്ചസാര, തേങ്ങാക്കൊത്ത്, ആവശ്യത്തിന് ഏലയ്ക്ക എന്നിവ ചേര്‍ത്ത് നല്ലതുപോലെ വിളയിക്കും. അതിനുശേഷം അവലോസുപൊടി ചേര്‍ത്ത് ഉരുട്ടിയെടുക്കുന്നതാണ് പൈനാപ്പിള്‍ ബോള്‍.

pineapple-balls

ആദ്യമൊക്കെ കസ്റ്റമേഴ്സിനു നേരിട്ടാണ് ഹാംപർ എത്തിച്ചിരുന്നത്. പീന്നിട് കേരളത്തിന്റെ പല ഭാഗങ്ങളിൽനിന്ന് ഓർഡർ വന്നുതുടങ്ങിയപ്പോൾ ഒരു ഡിസ്ട്രിബ്യൂഷന്‍ കമ്പനിയെ ഏല്‍പ്പിച്ചു. ഇന്ന് വയനാടിന്റെ ചില ഉള്‍പ്രദേശങ്ങള്‍ ഒഴിച്ച് കേരളത്തിലെവിടെയും നീനുവിന്റെ ഗിഫ്റ്റ് ഹാംപർ ലഭിക്കും. കാനഡ, ന്യൂസീലൻഡ്, മിഡില്‍ ഈസ്റ്റ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും നീനുവിന് ഓര്‍ഡര്‍ ലഭിക്കുന്നുണ്ട്. അവര്‍ പറയുന്ന അഡ്രസില്‍ എത്തിച്ചുനല്‍കുന്നതിന് പ്രത്യേകം ഡെലിവറി ചാര്‍ജുണ്ട്. കല്യാണം, മാമോദിസ, ക്രിസ്മസ്, ന്യൂഇയര്‍ തുടങ്ങി ഏത് ആഘോഷത്തിനും മേമ്പൊടിയായി ഗിഫ്റ്റ് ഹാംപറുകള്‍ നല്‍കാന്‍ ഇനി നീനുവിന്റെ കുശിനി ഹോം ഗ്രോയുണ്ട്. തന്റെയും ഭര്‍ത്താവിന്റെയും കുടുംബാംഗങ്ങള്‍ മുഴുവന്‍ ഒപ്പമുള്ളതാണ് ഏറ്റവും വലിയ ധൈര്യമെന്ന് നീനു പറയുമ്പോള്‍ വിജയഗാഥ രചിച്ച അനേകം വീട്ടമ്മമാരുടെ പട്ടികയിലേക്ക് എഴുതിച്ചേര്‍ക്കാം ഈ മിടുക്കിയുടെ പേരും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA