ADVERTISEMENT

ഇളംവെയിലോ മഴയോ കണ്ട് ഒരു കപ്പു ചൂടുകാപ്പി ഊതിയൂതിക്കുടിക്കുന്നതിന്റെ സുഖം. ഒരു ഡിസംബർ പുലരിയിൽ നടക്കാനിറങ്ങുമ്പോഴെന്നപോലെ അടിമുടി കുളിർപ്പിക്കുന്ന കോൾഡ് കോഫിയുടെ സ്വാദ്.... കാപ്പി ഒരു ചെറിയ കളിയല്ല സാർ!

പാലും ചോക്ലേറ്റും തേനും തൊട്ട്, കയ്യിൽക്കിട്ടിയതൊക്കെ ചേർത്തിളക്കി  ‘കാപ്പിപ്പുറത്തു’ രുചിപരീക്ഷണങ്ങൾ ഇപ്പോഴും തുടരുകയാണ് ലോകമെങ്ങുമുള്ള കാപ്പിപ്രേമികൾ. നല്ല കാപ്പിയുണ്ടാക്കുന്നതും ഒരു കൈപ്പുണ്യമാണ്. 

കാപ്പിപ്പൊടി സൂക്ഷിക്കുന്നതു മുതൽ തിളപ്പിക്കുന്നതു വരെ ചില സൂത്രവിദ്യകൾ അറിഞ്ഞാൽ കാപ്പിക്കു സ്പെഷൽ രുചി പകർന്ന് ആരെയും കൈയിലെടുക്കാം.

ഒരു നുള്ള് ഉപ്പ്...

കാപ്പി തയാറാക്കുമ്പോൾ ഒരു നുളള് ഉപ്പ് ചേർത്തു നോക്കൂ, വ്യത്യാസം രുചിച്ചു തന്നെ അറിയാം. കാപ്പിയുടെ കയ്പുരസം കുറയ്ക്കാൻ ഇതിലൂടെ സാധിക്കും. കാപ്പിക്ക് അൽപം കടുപ്പം കൂടിപ്പോയാൽ ഈ ടിപ്പ് പരീക്ഷിച്ചു നോക്കൂ. ഉപ്പിലെ സോഡിയമാണ് കാപ്പിക്കു രുചി കൂട്ടുന്ന ചേരുവ. 

കോഫി ഐസ് ക്യൂബ്സ്!

കോൾഡ് കോഫി തയാറാക്കുമ്പോൾ വെറും ഐസ്ക്യൂബ്സ് ചേർത്താൽ കാപ്പിക്കു രുചി കുറയും. കാപ്പിയിലെ ജലാംശം കൂടുന്നതു കാരണമാണിത്. പക്ഷേ വെറും ഐസ് ക്യൂബിനു പകരം കാപ്പി തന്നെ ഐസ് ട്രേയിൽ ഒഴിച്ച് കട്ടകളാക്കി കോൾഡ് കോഫിയിൽ ചേർത്തു നോക്കൂ... ടേസ്റ്റ് ഉഗ്രനാകും.        

വെള്ളം പ്രധാനം              

അതീവ രുചികരവും വിലകൂടിയതുമായി കാപ്പിപ്പൊടി ഉപയോഗിക്കുന്നതു മാത്രമല്ല കാപ്പിയുടെ രുചി കൂട്ടുന്നത്. കാപ്പിയുണ്ടാക്കാൻ ബോട്ടിൽ വെള്ളമോ ഫിൽറ്റേഡ് വെള്ളമോ ഉപയോഗിച്ചു നോക്കൂ.        

പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കാപ്പി...        

പല രുചിയിൽ കാപ്പി തയാറാക്കി നോക്കൂ. പാൽ ചേർത്തും ചേർക്കാതെയും, പഞ്ചസാരയ്ക്കു പകരം പനം കൽക്കണ്ടം, തേൻ, ശർക്കര, കറുവാപ്പട്ട എന്നിവ ചേർത്താൽ രുചി വ്യത്യാസം അറിയാം. പശുവിൻപാലിനു പകരം, ഓട്ട് മിൽക്ക്, സോയ മിൽക്ക്, ബദാം മിൽക്ക് എന്നിവ ചേർക്കാം. അതു പോലെ പല തരത്തിലുള്ള ക്രീമുകളും ബട്ടറും ചേർത്ത് രുചിവ്യത്യാസം പരീക്ഷിക്കാം.            

ചോക്ലേറ്റ് കോഫി

ധാരാളം ചോക്ലേറ്റ് മധുരം ഇഷ്ടമല്ലാത്തവർക്ക് മധുരമില്ലാത്ത ഒരു സ്പൂൺ കോക്കോ പൗഡർ ചേർക്കാം. കാപ്പി തയാറാക്കി മുകളിൽ കുറച്ച് ചേക്ലേറ്റ് സിറപ്പ് ഒഴിച്ചും കുടിക്കാം.

പതപ്പിച്ചെടുക്കാം       

ഫ്രോത്തർ (frother) ഉപയോഗിച്ച് പാൽ പതപ്പിച്ച് കാപ്പി തയാറാക്കിയാൽ വ്യത്യസ്ത രുചിയും ലുക്കും കിട്ടും.              

അൽപം പ്രോട്ടീൻ പൗഡർ                

ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധാലുക്കൾക്ക് കാപ്പിയിൽ അൽപം പ്രോട്ടീൻ പൗഡർ ചേർത്ത് കുടിക്കാം. കോഫി രുചിയിൽ പ്രോട്ടീൻ ഷേക്കുകൾ തയാറാക്കാം.

കാപ്പിപ്പൊടി സൂക്ഷിക്കാം

വായു കടക്കാത്ത കുപ്പികളിൽ നനവില്ലാത്ത സ്ഥലത്തു വേണം കാപ്പിപ്പൊടി സൂക്ഷിക്കേണ്ടത്.

English Summary : Take your coffee from 'meh' to yeah!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com