ഭക്ഷണം വിളമ്പുന്നത് ഒരു കലയാണെന്ന് പഠിപ്പിച്ചത് വല്ല്യമ്മച്ചി: അനില ശ്രീകുമാർ

HIGHLIGHTS
  • രാത്രിയിൽ ഞങ്ങൾ എല്ലാവരും കൂടി പിടി ഉണ്ടാക്കും
  • എനിക്ക് ഏറ്റവും സന്തോഷവും സങ്കടവും ഉണ്ടായ ഒരു സംഭവം ഈ അടുത്ത് ഉണ്ടായി
anila-sreekumar-image
അനില ശ്രീകുമാർ
SHARE

കേരളക്കരയിൽ സീരിയൽ കാലം തുടങ്ങിയ സമയത്ത് ഏറെ ശ്രദ്ധേയമായ താരമാണ് അനില ശ്രീകുമാർ. വ്യത്യസ്തമായ നിരവധി വേഷങ്ങൾ മിനിസ്ക്രീനിൽ ചെയ്തു. ഇപ്പോൾ തമിഴിലും തെലുങ്കിലും മിനിസ്ക്രീനിലെ സൂപ്പർ താരമാണ്. സീരിയൽ അഭിനയത്തോടൊപ്പം പാചകമത്സരങ്ങളിലും ഒരു കൈ നോക്കിയിട്ടുണ്ട് അനില. മനോരമ ഓൺലൈനിലൂടെ പാചകവിശേഷങ്ങളും സീരിയൽ വിശേഷങ്ങളും പങ്കുവയ്ക്കുകയാണ്...

ഇത്രയും പേരുണ്ടെങ്കിലും ഒരു കോഴിയെ മുറിച്ചാണ് കറിവയ്ക്കുന്നത്!

എനിക്ക് കൂടുതൽ ഇഷ്ടം നാടൻ ഭക്ഷണമാണ്. ഡാഡിയും മമ്മിയും കോഴിക്കോട് മെഡിക്കൽ കോളജിൽ വർക്ക് ചെയ്യുന്നവരായിരുന്നു. ഡാഡിയുടെ നാട് ഇടുക്കി മൂന്നാറിനടുത്താണ്. നാട്ടിൽ പോയാൽ ചക്കപ്പുഴുക്കും നാടൻ പലഹാരങ്ങളുമൊക്കെ കിട്ടും. അതൊക്കെ ഒരുപാടിഷ്ടമാണ്. ഏറ്റവും ഇഷ്ടം മീൻ വിഭവങ്ങളാണ്. സ്‌കൂളിൽ പഠിക്കുന്ന സമയത്ത് പാചകം ചെയ്യുമായിരുന്നു. അപ്പോൾ മാഗിയിൽ പലതരം പരീക്ഷണങ്ങൾ നടത്തുമായിരുന്നു.

anila-sreekumar-3

ഞാൻ കോഴിക്കോട് പ്രസന്റേഷൻ ഹൈസ്‌കൂളിലാണ് പഠിച്ചത്. ഡിഗ്രി പ്രൊവിഡൻസ് കോളജിലും. ഒരു സഹോദരനുണ്ട്. ഞങ്ങൾ എല്ലാവരും ഭക്ഷണ പ്രേമത്തിന്റെ കാര്യത്തിൽ മുൻപന്തിയിലാണ്. മമ്മി ഹെഡ് നഴ്‌സായി റിട്ടയർ ചെയ്തു. മമ്മി നന്നായി കുക്ക് ചെയ്യും. കല്യാണം കഴിഞ്ഞ സമയത്ത് മമ്മിക്ക് കുക്കിങ് ഒട്ടും അറിയില്ലായിരുന്നു പക്ഷേ ഡാഡി നന്നായി പാചകം ചെയ്യുമായിരുന്നു. ഡാഡിയുടെ അപ്പച്ചന് അവിടെ ഒരു ഹോട്ടൽ ഉണ്ടായിരുന്നു. ഡാഡി രാവിലെ എഴുന്നേറ്റ് കടയിൽ പോയി അവിടുത്തെ ജോലിയൊക്കെ ചെയ്‌തു കൊടുത്തിട്ടാണ് പഠിക്കാൻ പോയിരുന്നത്. അതുകൊണ്ട് അത്യാവശ്യം കുക്കിങ് ഒക്കെ അറിയാമായിരുന്നു. കല്യാണത്തിനു ശേഷം മമ്മിയെ കുക്കിങ് പഠിപ്പിച്ചത് ഡാഡിയാണ്. മമ്മിയുടെ നാട് എറണാകുളമാണ്. 

വെക്കേഷന് രണ്ടു മാസവും ഞങ്ങൾ ഡാഡിയുടെ നാട്ടിലായിരിക്കും. അടിമാലിക്കടുത്തുള്ള ആനവിരട്ടിയിലാണ് വീട്. ഡാഡിക്ക് എട്ട്  സഹോദരങ്ങളുണ്ട്, എല്ലാവരും കർഷകർ. എല്ലാ പച്ചക്കറികളും അവിടെ തന്നെയുണ്ടായിരുന്നു. അവിടെ രാവിലെ ബ്രേക്ക് ഫാസ്റ്റ് എന്നൊന്നും ഇല്ല. രാവിലെ പണിക്കാർക്ക് പുഴുക്കും ചോറും ആയിരിക്കും തയാറാക്കുന്നത്. ഉച്ചയ്ക്കും ചോറാണ് കഴിക്കുന്നത്. രാത്രിയിൽ ഞങ്ങൾ എല്ലാവരും കൂടി പിടി ഉണ്ടാക്കും. പിടിക്ക് കറി കോഴിയിറച്ചിയാണ്. ഇത്രയും പേരുണ്ടെങ്കിലും ഒരു കോഴിയെ മാത്രമേ മുറിക്കൂ. അതിങ്ങനെ കുഞ്ഞു കുഞ്ഞായി മുറിച്ച്  തേങ്ങാക്കൊത്തൊക്കെ ഇട്ട് വറുത്തരച്ച് നല്ല നാടൻ കറി അമ്മച്ചി വയ്ക്കും. അതു വിളമ്പുന്നതു തന്നെ ഒരു കലയാണ്. കാരണം ഞങ്ങൾ ഒത്തിരിപ്പേരുണ്ട് അമ്മച്ചി അത് എല്ലാവർക്കുമായി വിളമ്പും. പിടി, ചക്കപ്പുഴുക്ക് ഇതൊക്കയാണ് മെയിൻ ഐറ്റങ്ങൾ. 

anila-family
അനിലയും ശ്രീകുമാറും മക്കളും അനിലയുടെ മാതാപിതാക്കൾക്കൊപ്പം.

കോഴിക്കോട്ടുനിന്നു തിരുവനന്തപുരത്തേക്ക്...

ഞാൻ കല്യാണം കഴിഞ്ഞ ശേഷമാണ് കാര്യമായി പാചകം ചെയ്തു തുടങ്ങിയത്. പച്ചക്കറികൾ വിഭവങ്ങളുണ്ടാക്കാൻ എനിക്കറിയില്ലായിരുന്നു. കല്യാണം കഴിഞ്ഞായിരുന്നു പാചക പരീക്ഷണങ്ങൾ. ഇവിടെ അമ്മയുണ്ടായിരുന്നതു കൊണ്ട് അമ്മയായിരുന്നു പാചകം. കോഴിക്കോട്ടുനിന്ന് എല്ലാം വ്യത്യാസമായിരുന്നു തിരുവനന്തപുരത്ത്. എനിക്ക് ഇന്നതു വേണം എന്ന നിർബന്ധമൊന്നുമില്ല. എന്തു കിട്ടിയാലും കഴിക്കും. ചെറുപ്പത്തിൽ പച്ചക്കറി വളരെ കുറച്ചേ കഴിക്കുമായിരുന്നുള്ളു. എന്റെ സഹോദരന് പപ്പടവും എനിക്ക് മീനും ഭ്രാന്തായിരുന്നു. പക്ഷേ മുതിർന്നപ്പോൾ ഞാൻ ഇഷ്ടം പോലെ പച്ചക്കറികൾ കഴിക്കുമായിരുന്നു. ഇവിടെ വന്നപ്പോൾ ചേട്ടന്റെ അമ്മ നല്ലപോലെ മീൻ കറി  വയ്ക്കും. ചേട്ടന് ട്രിവാൻഡ്രം മീൻ കറി  തന്നെയാണ് ഇഷ്ടം. മുളകിട്ട് വച്ചാൽ മീനിന്റെ മണം അങ്ങനെ നിൽക്കുന്നു, തേങ്ങ അരച്ചിടണം എന്നു പറയും. എനിക്കുപക്ഷേ മുളകിട്ടതാണ് ഇഷ്ടം. 

ലോക്ഡൗൺ സമയം

ഡാൻസ് ക്ലാസ് ഉണ്ടായിരുന്നു. ലോക്‌ഡൗൺ വന്നപ്പോൾ അതു നിന്നു. ഇപ്പോൾ ഞാൻ ഒരു തമിഴ് സീരിയലും തെലുങ്ക് സീരിയലും ചെയ്യുന്നുണ്ട്. നാട്ടിൽ ഏഴു ദിവസമേ ഞാൻ ഉണ്ടാകാറുള്ളൂ. കിട്ടുന്ന സമയം മ്യൂറൽ, സാരി പെയിന്റിങ്ങിനൊക്കെ ഉപയോഗിക്കാറുണ്ട്. 

anila-sreekumar-1

ലോക്ഡൗൺ സമയത്ത് പാചകത്തിൽ വലിയ പരീക്ഷണങ്ങൾ ആയിരുന്നു. എന്റെ മോൻ, മോൾ, ചേട്ടൻ എല്ലാവരും പാചക പരീക്ഷണങ്ങളിൽ ആയിരുന്നു. മോൻ അഭിനവ് നന്നായി പാചകം ചെയ്യും. ഞാൻ ഷൂട്ടിനു പോകുമ്പോൾ ചേട്ടന്റെ അച്ഛനാണ് മക്കളുടെ കൂടെയുള്ളത്. മോനും മോളുമാണ് പാചകം. മോള് ചോറ്  വയ്ക്കും. മോൻ കറികളുണ്ടാക്കും ചിക്കൻ പല വെറൈറ്റികളിൽ ഉണ്ടാക്കും. ഞാൻ ഓരോ തവണ വരുമ്പോഴും അമ്മേ ഞാൻ പുതിയ ഒരു സാധനം ഉണ്ടാക്കി എന്നു പറഞ്ഞ് എനിക്ക് ഉണ്ടാക്കി തരും. ഞങ്ങളുടെ ജോലിയുമായി മക്കൾ ഒരുപാട് സഹകരിക്കുന്നുണ്ട്. മോനിപ്പോൾ ഡിഗ്രി കഴിഞ്ഞ് വർക്ക് ചെയ്യുന്നുണ്ട്. ഡാൻസ് അറിയാം. ആക്ടിങ്ങിലും താൽപര്യമുണ്ട്. മോൾ ആദിലക്ഷ്മി എട്ടാം ക്ലാസ്സിൽ പഠിക്കുന്നു. അവൾക്ക് പാട്ടിലാണ് താൽപര്യം. 

anila-sreekumar-2

വീട്ടിലെ താരം കോഴിക്കോടൻ സ്റ്റൈൽ ബിരിയാണി

ചേട്ടനും മക്കൾക്കും ഞാൻ ബിരിയാണി ഉണ്ടാക്കുന്നതാണ് ഏറ്റവും ഇഷ്ടം. മോൾക്ക് ഞാൻ ഉണ്ടാക്കുന്ന ദോശയും സാമ്പാറും വലിയ ഇഷ്ടമാണ്. കുഞ്ഞുകുഞ്ഞ് ഇഡ്ഡലി ഉണ്ടാക്കി അത് സാമ്പാറിലിട്ട് കുതിർത്ത് സ്പൂൺ കൊണ്ട് കഴിക്കും. മോന് നെയ് റോസ്റ്റ് ആണ് ഇഷ്ടം. ഇതൊക്കെ കോൺഫിഡൻസോടെ എനിക്കുണ്ടാക്കാൻ പറ്റുന്ന സാധനങ്ങളാണ്. ശ്രദ്ധിച്ചാണ് ഞാൻ ഇവർക്കായി ഓരോന്നും ഉണ്ടാക്കുന്നത്. ഒരൽപം എന്തെങ്കിലും കൂടിയാൽ മോൻ അതുടനെ കണ്ടു പിടിക്കും. എനിക്ക് ഏറ്റവും സന്തോഷവും സങ്കടവും ഉണ്ടായ ഒരു സംഭവം ഈ അടുത്ത് ഉണ്ടായി. എന്റെ ബർത്ത് ഡേ ഡിസംബർ 29 ന് ആയിരുന്നു. ഞാൻ ഷൂട്ടിൽ ആയിപ്പോയി. ഞാനും ചേട്ടനും സ്ഥലത്തില്ല. മക്കൾ വീട്ടിലായിരുന്നു. രാത്രി പന്ത്രണ്ടു മണി ആയപ്പോൾ മക്കൾ വിഡിയോ കോൾ ചെയ്‌തു. അവർ തന്നെ വീട്ടിൽ ഉണ്ടാക്കിയ കേക്ക്. ആദ്യമായി മോൾ ഉണ്ടാക്കിയതാണ്. അതിൽ മെഴുകുതിരി കത്തിച്ച് അത് മുറിച്ചു, എനിക്കിത് കണ്ടപ്പോൾ സങ്കടമാണോ സന്തോഷമാണോ എന്റെ കണ്ണൊക്കെ നിറഞ്ഞു. മനസ്സിന് വല്ലാത്ത ഒരു സന്തോഷം തോന്നി. 

ഹൈദരാബാദിലെ മധുരിക്കും സാമ്പാർ

anila-sreekumar-4

ഭക്ഷണത്തിന്റെ കാര്യത്തിൽ ചെന്നൈയിൽ വലിയ കുഴപ്പം ഇല്ല. ബ്രേക്ക് ഫാസ്റ്റിന് ഇഡ്ഡലിയും സാമ്പാറും നമ്മുടേതു പോലെ ആണ്. പ്രൊഡക്‌ഷൻ ഫുഡ് സൂപ്പർ ആണ്. മുട്ട ദോശ, തക്കാളി ദോശ എല്ലാം നല്ല ടേസ്റ്റി ആയി ചൂടോടെ കിട്ടും. ഹൈദരാബാദിലെ ഫുഡ് ആണ് അഡ്‌ജസ്‌റ്റ് ചെയ്യാൻ ബുദ്ധിമുട്ട്. ഇവിടുത്തെ സാമ്പാറിലൊക്കെ മധുരമാണ്. ഇഡ്ഡലിയിൽ റവയോ മറ്റോ ചേർത്താണ് ഉണ്ടാക്കുന്നത്. അതിന്റെ ഒരു ബുദ്ധിമുട്ടുണ്ട്. ഇവിടുത്തെ ചോറ് കഴിക്കാറില്ല. കേരളത്തിലേത് എന്ന് പറഞ്ഞ് കിട്ടുന്ന നെല്ല് കുത്തരി എനിക്ക് ഇഷ്ടമല്ല. എനിക്ക് വെള്ളച്ചോറ് ആണ്  ഇഷ്ടം. അതുകൊണ്ട് ഉച്ചയ്ക്ക് ചപ്പാത്തി കഴിച്ച് അഡ്‌ജസ്‌റ്റ്  ചെയ്യും. കറിക്കൊക്കെ എരിവും ഉപ്പും കൂടുതലാണ്. എല്ലാത്തിലും തക്കാളിയാണ്. എന്നാലും കുഴപ്പമില്ല. അവര് നല്ല കോപ്പറേറ്റീവ് ആണ്. പുറത്തു നിന്നൊക്കെ ഭക്ഷണം വാങ്ങിത്തരും.  ഹൈദരാബാദിൽ ഇപ്പോൾ ചെയ്യുന്നത് ദേവത എന്ന സീരിയൽ ആണ്. തമിഴിൽ പാവം ഗണേശനും. 

സീരിയൽ ലൈഫ്

anila-sreekumar-7

ദൂരദർശനിൽ ആണ് ഞാൻ ആദ്യം സീരിയൽ ചെയ്‌തത്‌.  ഹരിഹരൻ സാറിന്റെ പരിണയം എന്ന സിനിമയാണ് ആദ്യം ചെയ്‌തത്‌. അതിന്റെ അസോഷ്യേറ്റ്  സംവിധാനം ചെയ്‌ത കുലം ആണ് എന്റെ ആദ്യ ടെലിഫിലിം  അതിന്റെ വർക്ക് തിരുവനന്തപുരത്തായിരുന്നുത്. അതു കണ്ടിട്ടാണ് എന്നെ അവരുടെ ആദ്യത്തെ സീരിയലായ ‘ദീപനാളത്തിനു ചുറ്റു’മിലേക്ക്  കാസ്റ്റ് ചെയ്യുന്നത്. അങ്ങനെയാണ് സീരിയലിലേക്ക് ആദ്യമായി വരുന്നത്. അവിടുന്ന് ഓരോ സീരിയലായി കിട്ടിത്തുടങ്ങി തുഞ്ചത്ത് ആചാര്യൻ, വിനോദശാല, കാർത്തിക, ജ്വാലയായി, ദ്രൗപദി, താമരക്കുഴലി,  വംശം, അൽഫോൻസാമ്മ, സൂര്യപുത്രി എന്നീ സീരിയലുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

family-anilasreekumar

നാലു വർഷം മുൻപാണ് തമിഴ് സീരിയലുകളിൽ അഭിനയിച്ചു തുടങ്ങിയത്. തമിഴിലെ ആദ്യ സീരിയൽ എന്റെ ഭർത്താവിന്റെ സുഹൃത്തായ അരുൾ എന്ന ഡയറക്ടറുടേതായിരുന്നു. വലിയ കുഴപ്പമില്ലാതെ തമിഴ് പറയാൻ പറ്റി. ചേട്ടന്റെ അമ്മ തമിഴ് ആണ് വീട്ടിൽ സംസാരിക്കുന്നത് അതൊക്കെ കേട്ട് കുറച്ചു പരിചയം ഉണ്ടായിരുന്നു. വീട്ടിൽ എപ്പോഴും തമിഴ് സിനിമ വയ്ക്കുമായിരുന്നു. അതുകൊണ്ട് വലിയ കുഴപ്പമില്ലാതെ ചെയ്യാൻ പറ്റി. ആ സീരിയൽ അത്ര നന്നായി പോയില്ല. രണ്ടാമത് ചിന്നത്തമ്പി എന്ന സീരിയലിൽ പ്രധാന കഥാപാത്രം ചെയ്യാൻ സാധിച്ചു. അത് കഴിഞ്ഞ് കാട്രിൻ മൊഴി എന്ന സീരിയൽ ചെയ്‌തു. തമിഴിലെ ചിന്നത്തമ്പി കണ്ടിട്ടാണ് തെലുങ്കിൽനിന്നു വിളിച്ചത്. തെലുങ്ക് ഒരു വാക്ക് പോലും എനിക്കറിയില്ലായിരുന്നു. പ്രോംപ്റ്റിങ് ഉള്ളതുകൊണ്ട് പിടിച്ചു നിൽക്കുന്നു. ഇപ്പോൾ കുറച്ചൊക്കെ മനസ്സിലാകും. മലയാളം സീരിയലിൽനിന്ന് കുറച്ചു ഗ്യാപ്പ് ആയി. മലയാളം സിനിമയിൽ ഒരു നല്ല ക്യാരക്ടർ ചെയ്യണം എന്നുള്ളതുകൊണ്ടാണ് അങ്ങനെ ഒരു ഗ്യാപ് ഇട്ടത്. നടക്കുമോ എന്നൊന്നും അറിയില്ല. സീരിയൽ ലോകത്ത് സജീവമാണ് അനിലയും ശ്രീകുമാറും, നിരവധി സീരിയലുകളിൽ പ്രൊഡക്ഷൻ കൺട്രോളറായിരുന്നു ശ്രീകുമാർ  ഇപ്പോൾ ഒരു ഷോട്ട് ഫിലിം ചെയ്യാനുള്ള തയാറെടുപ്പിലാണ്.

English Summary : Food Talk with Actress Anila Sreekumar 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA