ADVERTISEMENT

തീവിലയാണു പാചകവാതകത്തിന്. എന്നിട്ട് അടുപ്പത്തു വച്ചത് വേവിക്കുന്നതിനു പകരം, ആ വാതകം അടുക്കളതന്നെ അഗ്നിക്കിരയാക്കിയാലോ? ഇക്കഴിഞ്ഞ ദിവസം എന്റെ വീട്ടിൽ അരങ്ങേറിയത് ഇങ്ങനെയൊരു മഹാദുരന്തത്തിന്റെ മുന്നോടിയാണ്. ഇതു മറ്റെങ്ങും സംഭവിക്കാതിരിക്കാൻ മുൻകരുതലെടുക്കുക എന്നു സൂചിപ്പിക്കാനാണ് ഈ കുറിപ്പ്.

വൈകുന്നേരത്തെ കാപ്പിക്കു വെള്ളം വച്ചതാണ് ഭാര്യ. ‘തീപ്പൊരിക്കൊള്ളി’ എടുത്തു ഞെക്കിയതേയുള്ളൂ, ബർണറിൽ തീ എരിയുന്നതിനു പകരം സ്റ്റൗ മൊത്തമായാണു കത്തിയത്! നല്ലകാലത്തിന് ഉടുപ്പിലേക്കു പടർന്നില്ല. പക്ഷേ, അടുത്ത നിമിഷത്തിൽ തീ ഒരാൾപൊക്കത്തിൽ ആളിക്കത്താൻ തുടങ്ങി. പേടിച്ചരണ്ട് നിലവിളിച്ച് അവൾ ഓടിവന്ന് എന്നെ വീടിനു പുറത്തേക്കു പിടിച്ചുവലിച്ചു കൊണ്ടുപോയി.

വീടു കത്തിപ്പോകുമെന്നു തീർച്ചയായി. തീ നിമിഷംപ്രതി വളരുകയാണ്. തീയണയ്ക്കാനുള്ള യന്ത്ര ഉപാധികളൊന്നും നമ്മുടെ വീടുകളിൽ ഇല്ലല്ലോ. വിളിച്ചുപറഞ്ഞ് തിരൂരിൽ നിന്നോ പൊന്നാനിയിൽനിന്നോ വല്ല എൻജിനും വരുന്നതിനുമുൻപ് വീടു തീർച്ചയായും കത്തിയമർന്നിരിക്കും!

cooking-gas-blast
Image Credit : I WALL /Shutterstock

ഭീകരമായ തീനാളം കണ്ടും ഞങ്ങളുടെ ബഹളം കേട്ടും പുറത്തുനിന്ന് ആളുകൾ വന്നു. തൊട്ടുമുന്നിൽ ഓട്ടോ സ്റ്റാൻഡ് ഉണ്ട്. അവിടത്തെ ചെറുപ്പക്കാർ കൂട്ടമായി ഓടിയെത്തി. അടുക്കാനാവാതെ മാറിനിന്ന അവരുടെ ഇടയിൽനിന്ന് ഒരാൾ മുന്നോട്ടുനീങ്ങി അടുക്കളയിലേക്കു കടന്നു. എന്തു ചെയ്യാനാണു പോകുന്നതെന്ന് എനിക്കു മനസ്സിലായില്ല. വാതക സിലിണ്ടർ ഏതുനിമിഷവും പൊട്ടിത്തെറിക്കാം.

കുവൈത്തിലും ഇറാഖിലും ഒക്കെ എണ്ണക്കിണറുകൾ കത്തുന്നതും തീ അണയ്ക്കുന്നതുമൊക്കെ ടെലിവിഷനിൽ കണ്ട പരിചയമുണ്ടല്ലോ. അങ്ങനെ വല്ലതും ചെയ്യാനാകുമെന്നു വിചാരിച്ചു. പക്ഷേ, എന്തുപയോഗിച്ച്? വലയിട്ടു മൂടിയ കിണറ്റിൽനിന്നു വെള്ളം മുക്കാൻ ഒരു ബക്കറ്റ് പോലും വീട്ടിൽ കരുതിയിട്ടില്ല. അയാളുടെ ജീവൻ അപകടത്തിലാകുന്നതു ഭയന്ന് കണ്ണടച്ചു നിൽക്കുന്ന എന്നെ ആരോ തോണ്ടിവിളിച്ചു പറഞ്ഞു, തീ അണഞ്ഞുവെന്ന്! വിശ്വസിക്കാനാകാതെ കണ്ണു തുറന്നപ്പോൾ അണഞ്ഞിരിക്കുന്നു! ഇന്ദ്രജാലം പോലെ തോന്നി.

C-Radhakrishnan
സി.രാധാകൃഷ്ണൻ

എന്റെ നാടും എന്റെ ആളുകളും, ഈ സംഭവം ഇങ്ങനെ ഒരു ജംക്‌ഷനിലും ആയതുകൊണ്ടാണ് ഇതു സാധിച്ചത്. ഓടിവരാൻ ആളുണ്ടാവുക, വരുന്നവർക്കു സ്നേഹമുണ്ടാകുക, കൂടെ ധൈര്യവും ഉണ്ടാകുക എന്നത് അപൂർവ ഭാഗ്യംതന്നെ. 

ഇതു മലപ്പുറം ജില്ലയാണ്. ഇവിടെ ഇങ്ങനെയാണ്. കത്തുന്നത് അമ്പലമായാലും പള്ളിയായാലും അടുക്കള ആയാലും ചെറുപ്പക്കാർ ഓടിവരാൻ തയാർ. സ്വന്തം ജീവൻ പണയപ്പെടുത്തിപ്പോലും വേണ്ടതു ചെയ്യാനും തയാർ. ഇവിടെ ഇപ്പോഴും മനുഷ്യപ്രാണൻ ജാതിമതരഹിതമാണ്.

റഗുലേറ്ററും അതിലേക്കു നയിക്കുന്ന ട്യൂബുമൊക്കെ പരിശോധിച്ചിട്ടു വർഷങ്ങളായിരുന്നു. അതു ചെയ്യേണ്ടവരാരും വരികയോ വിളിച്ചാൽ മറുപടി തരികയോ പോലും പതിവില്ല. കുഴപ്പമൊന്നും ഉണ്ടാവില്ലെന്ന മൂഢമായ വിശ്വാസത്തിൽ ഞങ്ങളിരുന്നു.

ഇത്ര വലിയൊരു മാരണമാണ് ഇത്ര ചെറിയൊരു കുറ്റിക്കകത്ത് ഇരിക്കുന്നതെന്ന് കണ്ടതേയില്ല. അടുക്കളയിലെ ഗ്യാസും അതിന്റെ ബാക്കിയുള്ള ഉപാധികളുമൊക്കെ കൃത്യമായ ഇടവേളകളിൽ പരിശോധിപ്പിക്കുക. ജീവന്മരണ പ്രശ്നമാണ്. ജീവൻ ഉണ്ടെങ്കിലല്ലേ, അടുക്കളയും ഭക്ഷണവുമൊക്കെ വേണ്ടൂ!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com