ഇലക്ഷൻ ചൂടിലെ ആഹാരം; പിണറായിക്കു തിളപ്പിച്ചാറിയ വെള്ളം, ഉമ്മൻചാണ്ടിക്ക് തൈരുവട...

HIGHLIGHTS
  • കേരളത്തിലെ പ്രമുഖരായ രാഷ്ട്രീയ നേതാക്കന്മാർ തങ്ങളുടെ ഭക്ഷണരീതിയെപ്പറ്റി സംസാരിക്കുന്നു.
  • മിക്കവർക്കും തിരക്കിനിടയിൽ ഭക്ഷണം കൃത്യമായി കഴിക്കാൻ കഴിയാറില്ല
election-special
SHARE

കേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാർ ഈ ഇലക്ഷൻ കാലത്ത് കേരളത്തിൽ അങ്ങോളമിങ്ങോളം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലാണ്. മിക്കവർക്കും തിരക്കിനിടയിൽ ഭക്ഷണം കൃത്യമായി കഴിക്കാൻ കഴിയാറില്ല. പ്രമുഖരായ നേതാക്കൾ എന്നാലും ഇവർ തങ്ങളുടെ ഭക്ഷണരീതിയെപ്പറ്റി സംസാരിക്കുന്നു.

പിണറായി വിജയൻ (മുഖ്യമന്ത്രി)

ആരോഗ്യം, ഭക്ഷണം തുടങ്ങിയ കാര്യങ്ങളിൽ അതീവ ശ്രദ്ധാലുവാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഒന്നിനെയും പൊതുവെ ലാഘവത്തിൽ എടുക്കാത്ത ആ ശീലം ഇക്കാര്യത്തിലുമുണ്ട്. കോവിഡ് വ്യാപനം ഉണ്ടായതോടെ അക്കാര്യത്തിൽ ജാഗ്രത ഒന്നുകൂടി കൂടി. കോവിഡ്  ബാധിതനായ സി പി ഐ നേതാവ് ബിനോയ് വിശ്വത്തോടൊപ്പം വേദി പങ്കിട്ടതോടെ ഏതാണ്ട് മുഴുവൻ മറയുന്ന, ഇടയ്ക്കിടയ്ക്ക് താഴ്ത്തിവയ്ക്കാൻ എളുപ്പമല്ലാത്ത തരം മാസ്‌കും ഉപയോഗിച്ച് തുടങ്ങി. അതേ സമയം ആരോഗ്യ സംരക്ഷണത്തിനായി, അതിനും പരിധിവിട്ട കാര്യങ്ങൾക്കൊന്നുമില്ല, പൊതുവിൽ ശ്രദ്ധിക്കും. രാവിലെ അൽപം വ്യായാമമുണ്ട്. ചായയോ കാപ്പിയോ തീരെയില്ല. തിളപ്പിച്ചാറിയ വെള്ളമാണ് പഥ്യം. ചൂടുകാലമാണ് എന്നതു കണക്കിലെടുത്ത് പ്രത്യേക മുൻ കരുതലൊന്നും എടുക്കുന്ന രീതിയില്ല, അതേസമയം കരുതൽ വിട്ടുള്ള ഒരു കളിക്കുമില്ല. 

kannur-pinarai-vijayan
പിണറായി വിജയൻ

ഉമ്മൻ ചാണ്ടി (മുൻ മുഖ്യമന്ത്രി)

സംസ്ഥാനം മുഴുവൻ ഓടി നടക്കുന്നതിനിടെ ഭക്ഷണം കഴിക്കണമെന്ന നിർബന്ധമൊന്നും ഉമ്മൻ ചാണ്ടിക്ക് ഇല്ല. എന്നാൽ, ആരോഗ്യ സ്ഥിതി പരിഗണിച്ചു രാവിലെ എട്ടിനു പ്രഭാത ഭക്ഷണം നിർബന്ധിപ്പിച്ചു കഴിപ്പിച്ച ശേഷമേ അദ്ദേഹത്തിന്റെ ഭാര്യ മറിയാമ്മ വിടുകയുള്ളൂ. ഉച്ചഭക്ഷണം പലപ്പോഴും യാത്രയ്ക്കിടയിൽ വണ്ടിയിൽ ഇരുന്നാണു കഴിക്കുക. ലഘുവായി എന്തെങ്കിലും ആയിരിക്കും ഉച്ച ഭക്ഷണം. തൈരുവട ഇഷ്ടമായതിനാൽ ഇടയ്ക്ക് എവിടെ നിന്നെങ്കിലും വാങ്ങി കഴിക്കും. ചായയോ കാപ്പിയോ കുടിക്കാറില്ല. ഏതെങ്കിലും വീട്ടിൽ കയറേണ്ടി വന്നാലും അവിടെ നിന്ന് എന്തെങ്കിലും കഴിക്കുക അപൂർവം. വിശന്നാൽ കഴിക്കാനായി പഴങ്ങൾ എന്തെങ്കിലും വണ്ടിയിൽ കരുതും. രാത്രിയിൽ കഞ്ഞിയാണ് ഇഷ്ടഭക്ഷണം. വീട്ടിലായാലും ഗെസ്റ്റ് ഹൗസിൽ ആയാലും കഞ്ഞി മാത്രമേ കഴിക്കൂ.  

oommen-chandy
ഉമ്മൻ ചാണ്ടി

രമേശ് ചെന്നിത്തല (പ്രതിപക്ഷ നേതാവ്)

ചൂട് വെള്ളം ധാരാളം കുടിക്കുന്ന ശീലമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക്. തിരഞ്ഞെടുപ്പു ചൂട് കൂടിയാലും അക്കാര്യത്തിൽ മാറ്റമില്ല. എന്തും നല്ല ചൂടായിട്ടു തന്നെ വേണം. വെള്ളം തൊട്ട് ദോശയും കഞ്ഞിയും വരെ അങ്ങനെ കിട്ടുന്നതാണ് പഥ്യം. തണുപ്പിനോട് തീരെ താൽപര്യമില്ല. അതുകൊണ്ടു തന്നെ തണുപ്പ് തൊണ്ടയ്ക്ക് വരുത്താവുന്ന പ്രശ്നങ്ങൾ അകന്നു നിൽക്കുന്നു. പഴങ്ങൾ ധാരാളം കഴിക്കും. എല്ലാ ദിവസവും രാവിലെ പപ്പായ 'മസ്റ്റ്' ആണ്. മോരും വെള്ളമാണ് മറ്റൊരു ദൗർബല്യം. കരിക്കിൻ വെള്ളവും ഇഷ്ടം. യാത്രകളിൽ വഴിയോരത്തു 'കരിമ്പിൻ ജ്യൂസ്' കണ്ടാൽ അപ്പോൾ പ്രതിപക്ഷ നേതാവിന്റെ വണ്ടി ബ്രേക്കിടും. ഇടക്കാലത്ത് പൂർണ വെജിറ്റേറിയനായി മാറിയിരുന്നു. അടുത്ത കാലത്ത് വീണ്ടും മത്സ്യം കഴിച്ചു തുടങ്ങി. ഉച്ചയ്ക്കു  ചോറ് കഴിക്കുന്നത് കുറവാണ്. കൂട്ടുകറികളാണ് കൂടുതൽ. വെജ് സാലഡ് പ്രിയം. കോവിഡ്  ഇടയ്ക്കു പിടി കൂടിയെങ്കിലും അത് കാര്യമായ ബുദ്ധിമുട്ട് ഉണ്ടാക്കിയില്ല. യോഗയും വ്യായാമവും മുടക്കാറില്ല. 

ramesh-chennithala-haripad
രമേശ് ചെന്നിത്തല (പ്രതിപക്ഷ നേതാവ്)

കാനം രാജേന്ദ്രൻ (സിപിഐ സംസ്ഥാന സെക്രട്ടറി)

കാനം രാജേന്ദ്രനു ഭക്ഷണം കുറച്ചു മതി. എംഎൻ സ്‌മാരകത്തിൽ മറ്റുള്ളവർക്ക് വേണ്ടി തയാറാക്കുന്ന ഭക്ഷണമാണ് മിക്കവാറും. ഒരു തോരനും അവിയലും സാമ്പാറും രസവുമൊക്കെയേ ഉണ്ടാകുകയുള്ളൂ. എന്നും മീൻ കറി ഉണ്ടാകും. അതും ചെറിയ മീനുകൾ കറി വച്ചത്. ഒരിക്കൽ ഊണു കഴിച്ചിരിക്കവെ കാനം ചോദിച്ചു: "ഈ മീനൊക്കെ വലയിട്ടാണോ പിടിക്കുന്നത്? വലുപ്പം കണ്ടിട്ടു കട്ടൻ ചായ അരിക്കുന്ന അരിപ്പ ഉപയോഗിച്ചാണെന്നു തോന്നുന്നു." കാനത്തിനു മേശപ്പുറത്ത് എപ്പോഴും ചൂടുവെള്ളം വേണം. കാറിലും അത് ഉറപ്പാക്കും. രാവിലെ ഇഡ്‌ഡലിയിലും ദോശയിലും ഒതുങ്ങും. കൂട്ടിനു ചമ്മന്തി മതി. വിത്ത് ഔട്ട് ചായയും. മധുരം കാണുമ്പൊൾ ഇതെനിക്കു പറ്റിയതല്ലല്ലോയെന്നു പറഞ്ഞു കൊണ്ട് അൽപം കഴിക്കും. ഉച്ചയ്ക്ക് ഒരു പിടി ചോറും കൂടുതൽ കറികളും. മീനിനോടും ചിക്കനോടും വെറുപ്പുമില്ല. രാത്രി ചപ്പാത്തിയും കറിയും. അതിൽ വിട്ടു വീഴ്ചയില്ല.   

kanam-rajendran
കാനം രാജേന്ദ്രൻ (സിപിഐ സംസ്ഥാന സെക്രട്ടറി)

വി. മുരളീധരൻ (കേന്ദ്ര മന്ത്രി)

രാവിലെ 7.30 ന് മുൻപു  തന്നെ പ്രഭാത ഭക്ഷണം കഴിക്കുന്നതിൽ മാത്രമാണ് നിഷ്‌ഠ. ബാക്കി പിന്നെ സമയം തെറ്റാറാണ് പതിവും. പുട്ടും അപ്പവും ഇടിയപ്പം സ്റ്റ്യൂവുമൊക്കെയാണ് ഏറെ ഇഷ്ടം. ആഴ്ചയിൽ 2 ദിവസം പൂർണ വെജിറ്റേറിയനാണ് വ്യാഴവും ശനിയുമാണ് ഇതിനായി കൂടുതലും തിരഞ്ഞെടുക്കുക. പ്രവർത്തകരുടെയോ സുഹൃത്തുക്കളുടെയോ വീടുകളിലാണ് ഭക്ഷണത്തിന് സൗകര്യം. മന്ത്രിയായ ശേഷം അപൂർവമായി ഹോട്ടലുകളിൽ നിന്ന് കഴിക്കേണ്ടി വരും. തിരഞ്ഞെടുപ്പ് കാലത്ത് പൂർണമായും പ്രവർത്തകർ തന്നെ വീടുകളിലേക്കു ക്ഷണിക്കും. ചായ അധികം കുടിക്കരുത് എന്നൊക്കെ മുൻപ് തീരുമാനിച്ചിരുന്നെങ്കിലും കൂടെയുള്ളവർക്കും ചായ ഒരു ഇടവേള ആകുമെന്ന് കരുതി എത്ര ചായ കിട്ടിയാലും കുടിക്കും.

Muraleedharan-bjp-Vijaya-Yathra
വി. മുരളീധരൻ (കേന്ദ്ര മന്ത്രി)

ജെ. മേഴ്‌സിക്കുട്ടിയമ്മ (ഫിഷറീസ് വകുപ്പു മന്ത്രി)

തിരഞ്ഞെടുപ്പും ചൂടുമൊന്നും മേഴ്‌സിക്കുട്ടിയമ്മയുടെ ഭക്ഷണ ശീലങ്ങളെ മാറ്റില്ല. ഫിഷറീസ് മന്ത്രിയായപ്പോഴും മുൻപും ഭക്ഷണത്തിനൊപ്പം ഫിഷ് നിർബന്ധം. ചിക്കനോട് വലിയ താൽപര്യമില്ല. രാവിലെ സാധാരണ ഭക്ഷണം തന്നെ. കൂടുതൽ കഴിക്കില്ല. ഇഡ്‌ഡലിയോ ദോശയോ അപ്പമോ ആണെങ്കിൽ മൂന്നിനുള്ളിൽ നിർത്തും. പുട്ടാണെങ്കിൽ അരക്കുറ്റി. കടലക്കറി കിട്ടിയാൽ സന്തോഷം. ഉച്ചയ്ക്ക് കുറച്ചു ചോറ്. കറികൾക്കും കൂട്ടാനും എരിവ് അധികം വേണ്ട. രാത്രി ചപ്പാത്തി മതി. ഏതു കാലാവസ്ഥയിലും ഒരു കുപ്പി ചൂട് വെള്ളം അടുത്തു വേണം. തിരഞ്ഞെടുപ്പാകുമ്പോൾ കുടിക്കുന്ന അളവ് കൂടും. ഭക്ഷണം വീട്ടിൽ നിന്ന് കഴിക്കണമെന്നു നിർബന്ധമൊന്നുമില്ല. പ്രവർത്തകരുടെ വീട്ടിൽനിന്നാണെങ്കിൽ ഹാപ്പി. 

mercykutty
ജെ. മേഴ്‌സിക്കുട്ടിയമ്മ (ഫിഷറീസ് വകുപ്പു മന്ത്രി)

കെ. സുരേന്ദ്രൻ (ബിജെപി സംസ്ഥാന പ്രസിഡന്റ്)

രാവിലെ ഒരു മണിക്കൂർ മുടങ്ങാതെ ചെയ്യുന്ന യോഗയും പിന്നെ കിട്ടുമ്പോഴൊക്കെ കുടിക്കുന്ന ചായയുമാണ് ഊർജം. യാത്രയിൽ ഭക്ഷണം പ്രവർത്തകരുടെ വീട്ടിൽ നിന്നാണ്. രാവിലെ യോഗയും പ്രാർഥനയും കഴിഞ്ഞാൽ 2 ഇഡ്‌ഡലിയാണ് പ്രഭാതഭക്ഷണത്തിന് ഇഷ്ടം. പിന്നെ ഓരോ സ്ഥലത്തും കിട്ടുന്നത് എന്താണോ അത് ഇഷ്ടപ്പെടുന്നതാണ് ഇപ്പോൾ ശീലം. രാവിലെ തന്നെ 3 ചായയെങ്കിലും കുടിച്ചു പോകും. പിന്നെ ഉച്ചയ്ക്ക് ഊണ് വരെ ചായ ആരു തന്നാലും കുടിക്കും. ചായപ്രിയനായതിനാൽ ചായ തന്നെയാണ് എല്ലാവരുടെയും സൽക്കാര വിഭവവും. ഊണിന് മീൻ കറിയുണ്ടെങ്കിൽ കൂടുതൽ ഇഷ്ടം. ഇല്ലെങ്കിലും കുഴപ്പമില്ല. പ്രവർത്തകർ മിക്കപ്പോഴും മീൻ കരുതും. വൈകിട്ട് ചായ എന്നൊരു ശീലമില്ല. ഉച്ചയൂണു കഴിഞ്ഞ് അരമണിക്കൂർ കഴിഞ്ഞാൽ എപ്പോൾ വേണമെങ്കിലും ചായ കുടിക്കുമെന്നതിനാൽ ചായയ്ക്ക് സമയമില്ല. രാത്രി ഭക്ഷണം 11.30 വരെയൊക്കെ പോകും. അതുവരെ യോഗങ്ങളും ചർച്ചകളുമൊക്കെയാകുകയാണ് പതിവ്.  

1200-k-surendran-bjp
കെ. സുരേന്ദ്രൻ (ബിജെപി സംസ്ഥാന പ്രസിഡന്റ്)

ശശി തരൂർ (എംപി)

ഇഡ്‌ഡലിയും മുളകു ചമ്മന്തിയുമാണ് വിശ്വപൗരൻ ശശി തരൂരിന്റെ ഇഷ്ട ഭക്ഷണവും ആരോഗ്യരഹസ്യവും. മൂന്നു നേരവും അത് കിട്ടിയാൽ സന്തോഷം. തിരഞ്ഞെടുപ്പു പ്രചാരണകാലത്തും അതിനു മാറ്റമില്ല. അദ്ദേഹത്തിന്റെ ഇഷ്ടമറിയാവുന്നവർ ഏതു നേരത്തും ഇഡ്‌ഡലി കരുതും. അല്ലെങ്കിൽ ദോശയായാലും മതി. ശുദ്ധ വെജിറ്റേറിയൻ ആണ് തിരുവനന്തപുരത്തുകാരുടെ എംപി. ഇടനേരത്ത് മധുരമില്ലാത്ത ചായ. ചൂടു കാലത്താണു പ്രചാരണ യാത്രകളെങ്കിൽ ഇളനീരാണു പ്രിയം. രാവിലെ ഒരു മണിക്കൂറോളം ട്രെഡ്‌മില്ലിലെ നടത്തം ഉൾപ്പെടെ വ്യായാമങ്ങൾ കഴിവതും മുടക്കാറില്ല. രാത്രിയിലെ യാത്രകൾ വന്നാൽ ഈ പതിവു മുടങ്ങും. എത്ര തിരക്കാണെങ്കിലും വായനയും എഴുത്തും മുടങ്ങാത്ത ശീലമാണ് തരൂരിന്റെ ബൗദ്ധികമായ ആരോഗ്യത്തിന്റെ രഹസ്യം. 

sashi-tharoor
ശശി തരൂർ (എംപി)

പി.കെ. കൃഷ്‌ണദാസ്‌ (ബിജെപി ദേശീയ നിർവാഹക സമിതിയംഗം)

പഞ്ചസാര ഇടാതെ ചായ കുടിക്കും പക്ഷേ അതിനുശേഷം ഒരു ലഡു കഴിക്കും. പ്രമേഹമുള്ളതിനാൽ ഭക്ഷണത്തിൽ നിയന്ത്രണം വേണമെന്നൊക്കെ തീരുമാനിക്കാറുണ്ടെങ്കിലും നടക്കാറില്ല. പ്രവർത്തകരുടെവീട്ടിൽ നിന്നാണ് ഭക്ഷണം. ഒന്നിലുമൊരു നിർബന്ധവുമില്ലാതെ എല്ലാം കഴിക്കും. രാവിലത്തെ ഭക്ഷണത്തിനു മാത്രമേ കൃത്യതയുള്ളൂ. മീൻ ആണ് മറ്റൊരിഷ്ടം. തന്റെ മീൻ ഇഷ്ടം മിക്കവാറും എല്ലാ ജില്ലകളിലെയും സഹപ്രവർത്തകർക്ക് അറിയാമെന്നതിനാൽ വെജിറ്റേറിയൻ ആകണമെന്ന തീരുമാനവും നടപ്പാവാറില്ല. മീൻ കഴിക്കും. ചായ പരമാവധി ചുരുക്കുന്നതാണ് രീതിയെങ്കിലും തിരഞ്ഞെടുപ്പു കാലത്ത് ഓരോ സ്ഥലത്തും പലരെയും കാണാനായി പോകേണ്ടി വരുമ്പോൾ ചായ ഒഴിവാക്കാനും പറ്റില്ല. 

P-K-Krishnadas
പി.കെ. കൃഷ്‌ണദാസ്‌ (ബിജെപി ദേശീയ നിർവാഹക സമിതിയംഗം)

തയാറാക്കിയത് :

റെഞ്ചി കുര്യാക്കോസ്, സുജിത്ത് നായർ, മനോജ് കടമ്പാട്, എ.എസ് . ഉല്ലാസ്, മഹേഷ് ഗുപ്‌തൻ

English Summary : Food habits of Kerala Politicians during assembly election.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA