ADVERTISEMENT

20 രൂപയ്ക്കു തോരനും അച്ചാറും ചമ്മന്തിയും സാമ്പാറും മീൻചാറും കൂട്ടി നൽകുന്ന ഉച്ചയൂണിനു കോവിഡ് കാലത്ത് ആവശ്യക്കാരേറെ. ആലുവ എടത്തല പഞ്ചായത്ത് ഓഫിസിനു മുൻപിൽ 3 കുടുംബശ്രീ വനിതകൾ ചേർന്നു നടത്തുന്ന ജനകീയ ഹോട്ടലിൽ പ്രതിദിനം പാഴ്സൽ പോകുന്നതു മുന്നൂറിലേറെ ഊണ്. സ്പെഷൽ വേണ്ടവർക്ക് 20 രൂപയ്ക്കു മീൻ വറുത്തതും 15 രൂപയ്ക്ക് ഓംലറ്റും കിട്ടും. കെ.കെ. വാസന്തി, റുമീഷ കോയാൻ, പ്രവിത ബിജു എന്നിവർ 3 വർഷം മുൻപ് ആരംഭിച്ച കുടുംബശ്രീ വനിത കന്റീൻ കഴിഞ്ഞ ലോക്ഡൗൺ കാലത്താണു സർക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിയിലെ ജനകീയ ഹോട്ടലായി മാറിയത്. 

 

രുചിയുള്ള ഭക്ഷണം വൃത്തിയോടെ നൽകുകയാണു തങ്ങളുടെ ലക്ഷ്യമെന്ന് ഇവർ പറയുന്നു. അതോടൊപ്പം കുടുംബം കഴിയാനുള്ള വരുമാനവും ലഭിക്കും. ജനകീയ ഹോട്ടൽ എന്ന നിലയിൽ ചെറിയ സബ്സിഡി കിട്ടുന്നതുകൊണ്ടാണു ഭക്ഷണം വില കുറച്ചു നൽകാൻ കഴിയുന്നതെന്നും അവർ പറഞ്ഞു. നേരത്തെ കുറച്ചു പേർക്ക് ഇരുന്നു കഴിക്കാൻ സൗകര്യം ഒരുക്കിയിരുന്നു. എടത്തല പഞ്ചായത്ത് കണ്ടെയ്ൻമെന്റ് സോൺ ആയതോടെ പാഴ്സൽ മാത്രമാക്കി. വാഹന‌ ഡ്രൈവർമാർ, വിവിധ സ്ഥാപനങ്ങളിലെ ജോലിക്കാർ, അതിഥിത്തൊഴിലാളികൾ തുടങ്ങിയവരാണു പ്രധാന ഉപഭോക്താക്കൾ. കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ പഞ്ചായത്തിലെ സമൂഹ അടുക്കള ഏറ്റെടുത്തു നടത്തിയതും ഇവരാണ്. ഊണിനു പുറമേ നാരങ്ങ, വെളുത്തുള്ളി, മാങ്ങ, നേന്ത്രക്കായ അച്ചാറുകളും ഇവിടെ വിൽക്കുന്നു.

 

English Summary : Meals Special from Aluva

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com