ബാർബിക്യു രുചി പരിചയപ്പെടുത്തിയ തോമസ് കെ. ചെറിയാൻ അന്തരിച്ചു; ഓർമ്മയാകുന്നത് കോട്ടയത്തിന്റെ രുചിക്കാരൻ

thomas-k-cheriyan
തോമസ് കെ ചെറിയാൻ (കൊച്ചുമോൻ)
SHARE

മസാല പുരട്ടി കനലിനു മീതെ ലോഹക്കൂട്ടിൽ വച്ചു ചുട്ടെടുക്കുന്ന ഇറച്ചിയുടെ രുചി കോട്ടയത്തിനു സമ്മാനിച്ച തോമസ് കെ. ചെറിയാൻ (കൊച്ചുമോൻ) കോവിഡ് ബാധിച്ചു മരിച്ചു. ചിത്രകാരനുമായിരുന്നു. 1996 ലാണ് കോട്ടയത്ത് ബാർബിക്യുഇൻ എന്ന റസ്റ്ററന്റ് അദ്ദേഹം തുടങ്ങിയത്. റുമാലി റൊട്ടി വിത്ത് ബാർബിക്യു –മയോണൈസ് കോംബിനേഷൻ കേരളത്തിനു പരിചയപ്പെടുത്തിയത് ഇദ്ദേഹമാണ്. അന്ന് ഗ്രിൽ ചെയ്ത വിഭവങ്ങൾ കഴിക്കാൻ എറണാകുളത്തുനിന്നും തൃശൂരിൽ നിന്നുമൊക്കെയാണ് ആളുകൾ കോട്ടയത്തെ എസ് എച്ച് മൗണ്ടിൽ എത്തിയിരുന്നത്. പതിനഞ്ചു വർഷം മുമ്പ് റസ്റ്ററന്റ് ബിസിനസ് വിട്ട് ബെംഗളൂരുവിനു പോയ തോമസ് അവിടെ ഒരു ഇന്റീരിയർ ഡിസൈൻ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. രണ്ടാഴ്ച മുൻപ് കോവിഡ് ബാധിതനായി. വ്യാഴാഴ്ച നില വഷളായതിനെത്തുടർന്ന് പല ആശുപത്രികളിലും പ്രവേശിപ്പിക്കാൻ ശ്രമിച്ചെങ്കിലും കിടക്കകൾ ഒഴിവില്ലാതിരുന്നതിനാൽ സാധിച്ചില്ല. തുടർന്നായിരുന്നു അന്ത്യം. സംസ്കാരം ബെംഗളൂരുവിൽ.

കോട്ടയത്തിന്റെ നാവിൽ ‘ചുട്ട കോഴിയെ പറപ്പിച്ച’ തോമസ്

ചൂട്ടുവേലിയിൽ മൊസൈക്ക് ഫ്ളോറിങ് മാനുഫാക്ചറിങ് യൂണിറ്റ് നടത്തിയിരുന്ന കാലത്തൊരിക്കൽ എന്തോ ആവശ്യത്തിനു ബെംഗളൂരുവിൽ പോയപ്പോഴാണ് കനലിൽച്ചുട്ട കോഴിയും മയണൈസ് എന്ന രസകരമായ വിഭവവും തോമസ് ആദ്യമായി രുചിച്ചത്. മുഗൾ പാരമ്പര്യമുള്ള റുമാലി റൊട്ടിയായിരുന്നു അതിനു കൂട്ട്. മസാലയിൽപൊതിഞ്ഞ് കനലിൽ വെന്തു വെണ്ണ പോലെയായ കോഴിയിറച്ചി പാളികളായി അടർത്തിയെടുത്ത്, പട്ടുതൂവാല പോലെ നേർത്ത റൊട്ടി ചെറുതായി കീറി അതിൽ പൊതിഞ്ഞ്, തൂവെള്ള നിറവും അൽപം മധുരവും പുളിയുമുള്ള മയണൈസിൽ ഒന്നു തൊട്ടെടുത്ത് നാവിൽവച്ചപ്പോഴുണ്ടായ അപാരരുചിയനുഭവം തോമസിനെ നാട്ടിലെത്തിയിട്ടും വിട്ടുപോയില്ല.

thomas-k
തോമസ് കെ. ചെറിയാൻ (ഫയൽ ചിത്രം)

തൊണ്ണൂറുകളുടെ ആദ്യപകുതിയിൽ ടൈൽസ് വ്യാപകമായതോടെ മൊസൈക്കിന്റെ ജനപ്രീതിയിടിഞ്ഞു. ബിസിനസ് കുറഞ്ഞപ്പോൾ മൊസൈക്ക് ഫ്ലോറിങ് ചെയ്തിരുന്നവരെല്ലാം ടൈൽസിലേക്കോ അതിന്റെ അനുബന്ധ പരിപാടികളിലേക്കോ തിരിഞ്ഞു. തോമസിന്റെ തീരുമാനം പക്ഷേ പലരെയും അമ്പരപ്പിച്ചു– ഒരു റസ്റ്ററന്റ്. അതിന്റെ ഹൈലൈറ്റ്, ബാംഗ്ലൂരിൽവച്ച് തോമസിനെ ആരാധകനാക്കിയ ബാർബിക്യു ചിക്കൻ– റുമാലി റൊട്ടി – മയോണൈസ് കോംബിനേഷനായിരുന്നു. കോട്ടയത്ത് ചൂട്ടുവേലിയിലെ തന്റെ മൊസൈക്ക് ഷോപ്പിനു രൂപമാറ്റം വരുത്തി ബാർബിക്യു ഇൻ എന്ന പേരിൽ തോമസ് റസ്റ്ററന്റ് തുടങ്ങി. സാംകുട്ടി എന്നയാളായിരുന്നു പാർട്ണർ. പത്തുപേർക്ക് ഇരിക്കാവുന്ന ബാർബിക്യു ഇൻ ഭക്ഷണപ്രേമികൾക്കിടയിൽ തരംഗമായത് പെട്ടെന്നാണ്. ഫുഡ് വ്ലോഗുകളോ ചാനലുകളിലെ ഫൂഡ് പ്രോഗ്രാമുകളോ ഇല്ലാതിരുന്ന, ഇന്റർനെറ്റ് അദ്ഭുതമായിരുന്ന അക്കാലത്ത് റസ്റ്ററന്റിന്റെ പ്രശസ്തി മറ്റു ജില്ലകളിലേക്കും പടർന്നു.

ബാർബിക്യു ഇന്നിൽ വിളമ്പിയ മയോണൈസിന്റെ റെസിപ്പിയിൽ തോമസ് ചെറിയൊരു മാറ്റം വരുത്തിയിരുന്നു. ബെംഗളൂരുവിൽ എഗ്‌ലെസ് മയോണൈസാണ് വിളമ്പിയിരുന്നത്. ഇന്നും പലയിടത്തും അതുതന്നെയാണ്. തോമസും സാംകുട്ടിയും തങ്ങളുടെ സ്വന്തം രുചിക്കൂട്ടാണ് അതിനുപയോഗിച്ചത്. വെളുത്തുള്ളിയും മുട്ടയുമൊക്കെ ചേർത്ത് ഒരു കലത്തിൽ പാകപ്പെടുത്തിയ മയോണൈസ് ഹിറ്റായി. ബെംഗളൂരുവിൽനിന്നു കൊണ്ടുവന്ന സ്പെഷൽ കലത്തിലായിരുന്നു പ്രിപ്പറേഷൻ. ബാർബിക്യു ഇന്നിൽ തിരക്കു കൂടിയതോടെ കൂടുതൽ പേർക്ക് ഇരിക്കാവുന്ന തരത്തിൽ റസ്റ്ററന്റ് വികസിപ്പിച്ചു. ഇവിടെനിന്നു ഗ്രിൽഡ് ചിക്കൻ കഴിക്കാനായി മാത്രം എറണാകുളത്തും തൃശൂരുമൊക്കെനിന്ന് ആളുകൾ വന്നു. പിന്നീട് പലരും പലയിടത്തും ഇത് അനുകരിച്ചെങ്കിലും ബാർബിക്യു ഇന്നിന്റെ പെരുമ ഉയർന്നുതന്നെ നിന്നു.

പതിനഞ്ചു വർഷം മുമ്പ് ബിസിനസ് സാംകുട്ടിക്കു കൈമാറി തോമസ് ബെംഗളൂരുവിനു പോയി. അവിടെ ഒരു ഇന്റീരിയർ ഡിസൈൻ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA