ADVERTISEMENT

ഭക്ഷണം കഴിക്കാനും മറ്റുള്ളവർക്ക് ഉണ്ടാക്കിക്കൊടുക്കാനും ഏറെയിഷ്ടമാണ് നടനും നിർമാതാവുമായ വിജയ് ബാബുവിന്. അദ്ദേഹത്തിന്റെ ആദ്യത്തെ ഓഫിസിനോട് ചേർന്ന് ഒരു കിച്ചണും ഉണ്ടായിരുന്നു. കഥപറയാൻ വരുന്നവർക്ക് ഉള്ളിയും വെളുത്തുള്ളിയും പൊളിച്ചും അരിഞ്ഞും കഥ പറയാം! കഥ ബോറാണെങ്കിൽ പാചകത്തിൽ ശ്രദ്ധിക്കാം... അങ്ങനെ കഥപറഞ്ഞു തീരുമ്പോഴേക്കും പാചകവും തീരും, ബോറടിക്കുകയേയില്ല! തന്റെ ഭക്ഷണപ്രിയത്തെയും ആരോഗ്യശീലങ്ങളെയും പറ്റി മനോരമ ഓൺലൈൻ വായനക്കാരോടു സംസാരിക്കുകയാണ് വിജയ്.

സുഹൃത്തുക്കൾ വീട്ടിലേക്കു ക്ഷണിക്കുമ്പോൾ ആദ്യം ചോദിക്കുന്നത് എന്തൊക്കെയാണ് ഉണ്ടാക്കുന്നത്, എന്തൊക്കെ വാങ്ങണം എന്നാണ്. കഴിഞ്ഞ കോവിഡ് കാലത്ത് ജയസൂര്യയുടെ വീട്ടിൽ പോയപ്പോൾ ബിരിയാണി ഉണ്ടാക്കിയിരുന്നു. ബിരിയാണി തയാറാക്കുന്നതും കഴിക്കുന്നതും ഇഷ്ടമാണ്. മട്ടൻ ബിരിയാണിയാണ് കൂടുതൽ ഉണ്ടാക്കുന്നത്. നാട് കൊല്ലം ആയതു കൊണ്ടാണോ ഈ മട്ടൻ പ്രേമം എന്നറിയില്ല. കൃത്രിമ ചേരുവകൾ ചേർക്കില്ല, മുളകുപൊടി, മല്ലിപ്പൊടി ഇങ്ങനെയുള്ള സാധനങ്ങൾ ഒന്നും ഇല്ല. പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, ഫ്രഷ് ഗരം മസാല ഒക്കെ ഉപയോഗിച്ച് ദം ചെയ്യുന്ന പരിപാടിയാണ് കൂടുതലും. ഇതിൽ പരീക്ഷണങ്ങളും ഉണ്ട്, പാലക്ക് ചെറുതായി ചൂടാക്കി പച്ചച്ചുവ മാറ്റി മല്ലിയില, കാന്താരി മുളക് എല്ലാം ഇട്ട് പേസ്റ്റ് പോലെ അരച്ചെടുക്കും. എന്നിട്ട് മീറ്റ് കുക്ക് ചെയ്ത് ഇതും കൂടി ചേർത്ത് ദം വയ്ക്കും. ഫൈൻ പേസ്റ്റാക്കണം. എന്നിട്ടത് ലെയർ ചെയ്യണം. സ്പെഷൽ ടേസ്റ്റാണ് ഇങ്ങനെ ചെയ്താൽ.

vijai-jayasurya
ജയസൂര്യയും വിജയ് ബാബുവും

പാചകം ആരും പഠിപ്പിച്ചതല്ല...പഠിക്കേണ്ടി വന്നു

സ്കൂളിനു ശേഷം പഠനം തുടർന്നത് കേരളത്തിനു പുറത്തായിരുന്നു. പുറത്തുനിന്നു കഴിക്കാൻ പൈസ ഇല്ലാത്തതു കൊണ്ടു ചെയ്തു പോയ ശീലമാണ് പാചകം. പതിയെ അതിൽ താത്പര്യം വന്നു. പിന്നീട് സ്ട്രെസ് വരുമ്പോൾ രക്ഷപ്പെടാനായി പാചകം തുടങ്ങി. സമ്മർദ്ദം കുറയ്ക്കാൻ ഏറ്റവും നല്ല വഴിയാണ് പാചകം. വീട്ടിൽ ഭാര്യ സ്മിത വളരെ നന്നായി വെജിറ്റേറിയൻ കുക്ക് ചെയ്യുന്നതു കൊണ്ട് അതിൽ മത്സരിക്കാറില്ല. നോൺവെജ് കുക്ക് ചെയ്യുന്ന ദിവസം അടുക്കളയിൽ കയറും.

ബട്ടറിൽ ഗാർലിക് കൊഞ്ച് ഫ്രൈ.... ഒരിക്കലെങ്കിലും പരീക്ഷിച്ചു നോക്കണം

ആളുകൾ യൂട്യൂബിൽ പാട്ടുകളോ കോമഡി സീനുകളോ കാണാൻ ഇഷ്ടപ്പെടുമ്പോൾ ഞാൻ കൂടുതൽ കുക്കറി ആണ് കാണുന്നത്. അതിൽനിന്ന് പല ഫ്‌ളവേഴ്‌സ് കാണും. പഞ്ചാബ് ബേസ്ഡ് കുക്കറി അല്ലെങ്കിൽ മുഗളായി, അഫ്‌ഗാനി വിഭവങ്ങൾ. അവർ ഉപയോഗിക്കുന്ന സ്‌പൈസസ് നമുക്ക് കിട്ടണമെന്നില്ല. ഇവിടെ കിട്ടുന്ന സാധനങ്ങൾ വച്ച് ട്രൈ ചെയ്യാറുണ്ട്. നൂഡിൽസ് വച്ച് പല ഫ്യൂഷൻ ഐറ്റംസും ഉണ്ടാക്കിയിട്ടുണ്ട്. അതുപോലെ ഫിഷ് രുചികൾ പലതും ട്രൈ ചെയ്യാറുണ്ട്. പ്രോൺസിൽ ഒരുപാട് ഫ്ലേവർ ട്രൈ ചെയ്യാറുണ്ട്. ഏറ്റവും രുചിയിൽ വളരെക്കുറച്ച് ചേരുവകൾ കൊണ്ടുള്ള ഒരു കിടു ഐറ്റം ഇതാ. എപ്പോഴെങ്കിലും ചെയ്തു നോക്കണം. ഫ്രൈയിങ് പാനിൽ ബട്ടർ ഇട്ട് ഗാർലിക് ചേർത്ത് ഒന്നു വഴറ്റി അതിലേക്ക് കുരുമുളക് പൊടിച്ചത് ഇടുക. അതിനു ശേഷം പ്രോൺസ് ഇടുക. ആവശ്യത്തിന് ഉപ്പും ചേർത്താൽ ഏഴു മിനിറ്റിനുള്ളിൽ പ്രോൺസ് റെഡി. വളരെ ടേസ്റ്റി ആണ്. ഒരു കാര്യം ശ്രദ്ധിക്കാനുള്ളത്, പ്രോൺസ് ഫ്രെഷായിരിക്കണം. എങ്കിലേ നല്ല ടേസ്റ്റ് കിട്ടൂ.

vijay-babu

കഴിക്കാൻ വേണ്ടി മാത്രം പഞ്ചാബ് വരെ!

ദുബായ് ജീവിതത്തിൽ പരിചയപ്പെട്ട ലെബനീസ് വിഭവങ്ങൾ വളരെ ഇഷ്ടമാണ്. മെക്‌സിക്കനും ലെബനീസും തമ്മിൽ സാമ്യമുണ്ട്. ഇന്ത്യയിൽ ചെട്ടിനാട് രുചികൾ ഏറെ ഇഷ്ടമാണ്. മധുരയിൽ പോയാൽ പല തരത്തിലുള്ള ബിരിയാണിയുമായി ഫ്രീക്ക് ഔട്ട് ചെയ്യും.. പഞ്ചാബി ഫുഡ് ഭയങ്കര ഇഷ്ടമാണ്. അതു കഴിക്കാൻ വേണ്ടി പഞ്ചാബിൽ പോയിട്ടുണ്ട്. പഞ്ചാബിലെ ഫൈവ് സ്റ്റാർ, ത്രീസ്റ്റാർ ഹോട്ടലുകളിൽ ഒന്നും പോകില്ല. ലോക്കൽ കടകളിൽ പോയാണ് ഫുഡ് കഴിക്കാറുള്ളത്. ഇതുവരെ പോകാൻ പറ്റാത്ത സ്ഥലം ലക്നൗ ആണ്. ലക്‌നൗ ഫുഡിന്റെ ഹബ് ആണ്. ലക്നൗവിൽ ഫുഡ് കഴിക്കാൻ വേണ്ടി മാത്രം പോകണം എന്ന് കുറേ നാളായി പ്ലാൻ ചെയ്‌തിരുന്നു പക്ഷേ നടന്നില്ല. യുപി., ആന്ധ്ര, തമിഴ്‌നാട്, കർണാടക, മാംഗ്ലൂർ, ഗോവ, പഞ്ചാബ്, രാജസ്ഥാൻ ഇവിടെയെല്ലാം പോയിട്ടുണ്ട്. ദുബായിൽ ആയിരുന്നത് കൊണ്ട് മിക്കവാറും എല്ലാ ഫ്ലേവേഴ്സും കിട്ടാറുണ്ട്. അതിന്റെയൊക്കെ ടേസ്റ്റ് അറിയാവുന്നതു കൊണ്ട് അതിന്റെ ലോക്കൽ ഒതെന്റിക് സ്ഥലം കണ്ടുപിടിച്ച് പോയി കഴിക്കണമെന്ന് ആഗ്രഹം ഉണ്ട്. ഈ അലച്ചിൽ സഹയാത്രികർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെങ്കിലും അതൊക്കെ ടേസ്റ്റി ഭക്ഷണം കഴിച്ചു കഴിയുമ്പോൾ മാറും.

vijay-location

ഭക്ഷണപ്രിയരോട് പറയാൻ ഒരു കാര്യം

ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നവരോട് പറയാനുള്ളത് ടേസ്റ്റ് മാത്രം നോക്കി പോകരുത്, ഫുഡ് ഇഷ്ടപ്പെടുന്നവർ അറിയാെതതന്നെ ഒരുപാട് കഴിക്കും. 2010 ൽ 104 കിലോ ആയിരുന്നു ശരീര ഭാരം. ഫുഡിനോടുള്ള ഇഷ്ടം കൊണ്ട് 104 കിലോ ആയതാണ്. പിന്നീടെനിക്ക് മനസ്സിലായി എല്ലാ ഫുഡും ട്രൈ ചെയ്യണമെങ്കിൽ കുറച്ചു കാലം കൂടി ജീവിച്ചിരിക്കണമെന്ന്. ഇപ്പോൾ ഞാൻ വളരെ കുറച്ചേ ഉണ്ടാക്കുകയുള്ളൂ. ബിരിയാണി ആണെങ്കിൽ കുറച്ചുണ്ടാക്കി ഒരു മൂന്നു സ്‌പൂൺ കഴിക്കുക. ടേസ്റ്റ് മാത്രം നോക്കാതെ കുറച്ചു ഹെൽത്ത് കൂടി ശ്രദ്ധിക്കുക.

ശരീരഭാരം 104 കിലോയിൽനിന്ന് 75 ലേക്ക്... ക്രാഷ് ഡയറ്റ് ഇല്ല!

തടി കുറയ്ക്കാൻ രണ്ടു വർഷമെടുത്തു. ക്രാഷ് ഡയറ്റിനെ ഞാൻ പ്രോത്സാഹിപ്പിക്കില്ല . കാരണം നമുക്കൊരു പാറ്റേൺ ഉണ്ട്. ആ പാറ്റേണിനെ ഒരിക്കലും ബ്രേക്ക് ചെയ്യരുത്. നമ്മുടെ ബോഡിയിൽ പൊയ്ക്കൊണ്ടിരുന്ന ഒരു പാറ്റേണിനെ പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോൾ പല വൈറ്റമിനുകളുടെയും കുറവ് ഉണ്ടാകും. അത് ശരീരത്തിന് പ്രശ്നങ്ങൾ ഉണ്ടാക്കും. കഴിക്കുന്ന ഭക്ഷണം നേർ പകുതിയാക്കി, ഇഷ്ടമുള്ളതെല്ലാം കഴിച്ചുകൊണ്ടു തന്നെയാണ് ശരീരഭാരം കുറച്ചത്. കൃത്യമായി വ്യായാമവും ചെയ്തു.

വണ്ണം കുറയ്ക്കുന്ന സമയത്ത് ഒരു ഫ്ലൈറ്റ് യാത്രയിൽ മമ്മുക്കയോട് സംസാരിച്ചപ്പോൾ ഞാൻ പറഞ്ഞു: ‘മട്ടൻ ഒരുപാട് ഇഷ്ടമാണ്, തടി വയ്ക്കുന്നത് കൊണ്ട് കഴിക്കാൻ പറ്റില്ലല്ലോ.’

അപ്പോൾ മമ്മൂക്ക പറഞ്ഞു: ‘ആരു പറഞ്ഞു കഴിക്കാൻ പറ്റില്ലെന്ന്. നിങ്ങൾ മട്ടൻ കുക്ക് ചെയ്യുമ്പോൾ എത്ര വിസിൽ ഇടും?’.

അഞ്ച് വിസിൽ ഇടുമെന്ന് ഞാൻ പറഞ്ഞു.

 

ഒൻപത് വിസിൽ ഇട്ടു നോക്കൂ എന്നു മമ്മൂക്ക പറഞ്ഞു. ഞാൻ ചോദിച്ചു: ‘ഒൻപത് വിസിൽ ഇട്ടാൽ അത് കുഴഞ്ഞു പോകില്ലേ?’

മമ്മൂക്ക പറഞ്ഞു: ‘ഒന്നും സംഭവിക്കില്ല. നിങ്ങൾ ഒൻപത് വിസിൽ ഇട്ട് ഓയിൽ കുറച്ച് പാകംചെയ്ത് കഴിച്ചു നോക്കൂ. വളരെ ഹെൽത്തി ആണ് ഞാൻ കഴിക്കുന്നതാണ്’.

അത് ഞാൻ ട്രൈ ചെയ്‌തു. ആയുർവേദത്തിൽ ഡോക്ടർ വരെ പ്രിസ്‌ക്രൈബ് ചെയ്യുന്നതാണ് മട്ടൻ. പക്ഷേ അത് കഴിക്കേണ്ട രീതിയിൽ കഴിച്ചാൽ ഒരു കുഴപ്പവും ഇല്ല. ഇപ്പോൾ ഭാരം 75 കിലോ ആണ്.

 

വർഷത്തിൽ ഒന്ന് ആയുർവേദ ചികിത്സ

ഇപ്പോൾ ഞാൻ ആയുർവേദ ചികിത്സയിലാണ്. വീട്ടിൽത്തന്നെ. പെരിങ്ങോടുനിന്ന് വൈദ്യരെ കൊണ്ടുവന്ന് തിരുമ്മലുമൊക്കെ നടക്കുന്നു. ഭക്ഷണ കാര്യങ്ങളിൽ പഥ്യമുണ്ട്. വെജിറ്റേറിയൻ ഫുഡ് ആണ്. കഴിഞ്ഞ ലോക്ഡൗൺ സമയത്ത് മൂന്ന് സിനിമ ഷൂട്ട് ചെയ്‌തു. കഴിഞ്ഞ 365 ദിവസത്തിൽ 300 ദിവസവും പുറത്തായിരുന്നു. കഴിച്ചത് ഫാസ്റ്റ് ഫുഡ്. ചിലപ്പോൾ കഴിക്കാൻ ഒരുപാട് വൈകിയിരുന്നു. അതൊക്കെക്കൊണ്ട്

ഒരു ഡീടോക്‌സ് എന്ന ഉദ്ദേശ്യത്തിലാണ് ഈ ചികിൽസ. അങ്ങനെ എല്ലാ വർഷവും ചെയ്യാറുണ്ട്. നമുക്ക് പറ്റുന്ന രീതിയിൽ ആരോഗ്യം നോക്കണം.

vijay-film-snap
വിജയ് ബാബു

മൂന്ന് നേരം മാത്രം ഭക്ഷണം: പരീക്ഷിക്കൂ

രാത്രി ഭക്ഷണം ഏഴരയ്ക്കോ എട്ടുമണിക്കോ മുമ്പായാൽത്തന്നെ നമ്മുടെ പകുതി പ്രശ്നങ്ങൾ കഴിഞ്ഞു. ഒരു ഡയറ്റിൽ ഏറ്റവും ആവശ്യമായ കാര്യമാണ് 7.30 ന് മുൻപ് ഭക്ഷണം കഴിക്കുക എന്നത്. എല്ലാ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണം താമസിച്ച് ഭക്ഷണം കഴിക്കുന്നതാണ്. രണ്ടാമത്തെ കാര്യം, ഒരിക്കലും ബ്രേക്ക് ഫാസ്റ്റ് ഉപേക്ഷിക്കരുത്. മൂന്നാമത്, ഉച്ചഭക്ഷണം കഴിച്ച ഉടൻ ഉറങ്ങരുത്. അതുപോലെ ഉച്ചഭക്ഷണം കുറച്ച് കഴിക്കുക. അപ്പോൾ വൈകുന്നേരം നമുക്ക് നേരത്തേ വിശക്കുകയും നേരത്തേ കഴിക്കുകയും ചെയ്യും. ഈ മൂന്നു നേരത്തെ ഭക്ഷണത്തിൽ സാലഡുകൾ ഉൾപ്പെടുത്തുക. ഒപ്പം കാപ്പിയും ചായയും ഒഴിവാക്കണം. ഞാൻ ഡയറ്റ് തുടങ്ങിയ സമയത്ത് ഉച്ചഭക്ഷണത്തിനു പകരം പഴങ്ങൾ കഴിക്കും, വൈകിട്ട് 5. 30 ആകുമ്പോൾ വിശപ്പ് തുടങ്ങും 6.30 ന് കഴിക്കും. നമ്മൾ നമ്മുടേതായ രീതിയിൽ ഭക്ഷണം ക്രമീകരിക്കുക.

 

ദുബായ് ലൈഫ്, ഡബിൾ ഡോസ് അടിച്ച് ഡബിൾ ഡക്കറായി...

ദുബായിൽ ഒരു ചാനലിന്റെ ഹെഡ് ആയി വർക്ക് ചെയ്‌തിരുന്നു. ദുബായ് ലൈഫിൽ തടി കൂടാനുള്ള കാരണം ഭക്ഷണം തന്നെ. റമസാൻ കാലത്ത് ഞാൻ നോമ്പ് എടുക്കില്ല. പക്ഷേ സുഹൃത്തുക്കൾക്കൊപ്പം ഇഫ്താറിന് മുടങ്ങാതെ പോകും! അവരുടെ കൂടെ രാത്രിയിൽ വയറു നിറയെ കഴിക്കും, പകൽ വീണ്ടും! നമ്മൾ ഡബിൾ ഡോസ് അടിച്ചാണ് ഡബിൾ ഡക്കർ ആയത്. ദുബായിൽ എട്ടു വർഷം ഉണ്ടായിരുന്നു. പിന്നീട് നാട്ടിൽ വന്നതിനു ശേഷമാണ് അഭിനയ മോഹം ഉണ്ടായത്. ചെറിയ വേഷങ്ങൾ ചെയ്യാൻ ഷൂട്ടിന് പോകുമ്പോൾ നമ്മുടെ പ്രായത്തിലുള്ള ആക്‌ടേഴ്‌സിനെ കാണുമ്പോൾ തടിയെക്കുറിച്ച് ഓർക്കും. ഒരു ദിവസം ലാൽ ജോസ് സാർ വിളിച്ചിട്ട്, തടി കുറച്ചാൽ സിനിമയിൽ അഭിനയിക്കാൻ ചാൻസ് ഉണ്ട് എന്നു പറഞ്ഞപ്പോഴാണ് ഇങ്ങനെയൊരു ട്രാൻസ്ഫർമേഷനെക്കുറിച്ച് ചിന്തിച്ചത്.

ഷൂട്ട് കഴിഞ്ഞ മൂന്ന് സിനിമകളുടെയും പോസ്റ്റ് പ്രൊഡക്‌ഷൻ വർക്കുകൾ നടക്കുന്നു. അതോടൊപ്പം സ്വന്തമായി റസ്റ്ററന്റ് വേണമെന്ന് ആഗ്രഹമുണ്ട്. ചെയിൻ ഓഫ് റസ്റ്റോറന്റ്സ് തുടങ്ങാൻ പ്ലാനുണ്ട്. കോവിഡ് സമയം ആയതുകൊണ്ട് മാറ്റി വച്ചിരിക്കുകയാണ്..

English Summary : Food Talk with Actor and Producer at Film Industry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com