ADVERTISEMENT

നിറഞ്ഞൊഴുകുന്ന പുഴയുടെ  കരയിലെ പരന്നു കിടക്കുന്ന പാടത്തിന് നടുവിലാണ് പിണറായി വിജയന്റെ തറവാട്. പിണറായി ഗ്രാമത്തിലെ ചെറിയൊരു നാട്ടിൻപുറമായ എടക്കടവിൽ. പുഴയ്ക്കപ്പുറം എകെജിയുടെ നാടായ മാവിലായി. പാടത്തിനു ചുറ്റും തെങ്ങിൻ പറമ്പുകൾ. ഏറ്റുകാരായ തിയ്യന്മാർ തെങ്ങിൻ പൂക്കുലകളിൽ മൂരിക്കൊട്ടു കൊണ്ട് കൊട്ടുന്ന ശബ്‌ദം മൂന്നു നേരവും മുഴങ്ങിക്കൊണ്ടിരിക്കും. മാറോളി കോരാനാണ് വിജയൻറെ അച്ഛൻ. എടക്കടവിലെ മുണ്ടിയിൽ പറമ്പിൽ വീടു വച്ചതു കൊണ്ട് മുണ്ടിയിൽ കോരൻ എന്നറിയപ്പെട്ടു. അന്നത്തെക്കാലത്ത് മോശമല്ലാത്ത ഓല മേഞ്ഞ രണ്ടു നില വീടാണ് കോരന്റെത്. കള്ളു ചെത്തലും മറ്റു സമയങ്ങളിൽ കൃഷിയുമാണ് കോരന്റെ തൊഴിലുകൾ. സാമാന്യം നല്ല നിലയിൽ ജീവിക്കുന്നവരാണ്, തെങ്ങു ചെത്തുന്നവർ. അന്ന് കയ്യിൽ രൊക്കം കാശുള്ളവർ തെങ്ങു ചെത്തുകാരായിരുന്നു. പിണറായിയിലെ മറ്റൊരു നാട്ടിൻ പുറമായ അരലോട്ടുള്ള ആലക്കാട്ട് കല്യാണിയാണ് വിജയൻറെ അമ്മ. ആലക്കാട്ട് വിജയനാണ് പിണറായി വിജയനായി അറിയപ്പെട്ടത്. അല്ലലില്ലാത്ത ഒരു ബാല്യമായിരുന്നു വിജയന്റേത്. 

 

ചക്കരച്ചെത്താണന്ന്. മദ്യ നിരോധന കാലം. കള്ളു ചെത്തുന്നത് ചക്കരയുണ്ടാക്കാനാണ്. അച്ഛൻ കള്ളു ചെത്തും. അമ്മ അടുപ്പിൽ തീ കത്തിച്ച് വലിയ ഉരുളിയിൽ കള്ളൊഴിച്ച് ഇളക്കിയിളക്കി പാകമാക്കി ഓലച്ചുറ്റിൽ ചക്കരപ്പാവൊഴിച്ച് ചക്കരയുണ്ടാക്കും. ഉരുളിയിൽ പറ്റിപ്പിടിച്ച ചക്കര ഉരുളയാക്കി കുട്ടികൾക്കു കൊടുക്കും. ചക്കരയുടെ മധുരം നുണഞ്ഞാണ് വിജയൻ വളർന്നു വന്നത്. ആരെയും വിശന്നിരിക്കാൻ അനുവദിക്കാത്ത ഒരമ്മയായിരുന്നു, വിജയന്റേത്. പണി കഴിഞ്ഞ് ക്ഷീണിച്ചു പോകുന്ന പെണ്ണുങ്ങളെ വീട്ടിൽ വിളിച്ചു കയറ്റി കഞ്ഞിയോ ചോറോ പലഹാരമോ കൊടുക്കും. ആരും വിശന്നിരിക്കുന്നത് വിജയനും ഇഷ്ടമുള്ള കാര്യമല്ല. 

 

dr-prabhakaran-pazhassi
ലേഖനം തയാറാക്കിയത്. ഡോ. പ്രഭാകരൻ പഴശ്ശി

മുണ്ടിയിൽ കോരൻ മീൻ പിടിക്കാൻ വിരുതനാണ്. കോരന്റെ ചൂണ്ടയിൽ മീൻ ഓടി വന്നു കൊത്തുമെന്നാണ് നാട്ടുകാർ പറയുക. മിക്ക ദിവസവും കൊട്ട നിറയെ മീൻ കിട്ടും. കല്യാണി പാചകവിദഗ്‌ധയാണ്. കല്യാണിയുടെ തേങ്ങ അരച്ച മീൻ കറിയുടെ സ്വാദ് ഒന്നു വേറെ തന്നെയാണ്. അമ്മയുടെ മീൻകറി  വിജയനേറെയിഷ്ടമാണ്. ഇപ്പോഴും മീനാണ് വിജയൻറെ ഇഷ്ടവിഭവം. പുഴയിൽ കളിച്ചു കുളിച്ചു മദിച്ച ബാല്യമാണ് വിജയന്റേത്.കൂടെ ഉറ്റ ചങ്ങാതിമാരായ നാണുവും രാജനുമുണ്ടാകും. വെള്ളത്തിലും കരയിലും രണ്ടു പേരും വിജയനൊപ്പമുണ്ടാകും. പറഞ്ഞാലും പറഞ്ഞാലും തീരാത്ത കാര്യങ്ങളാണ് അവർ ചർച്ച ചെയ്‌തിരുന്നത്‌. ഇഴപിരിയാത്ത കൂട്ടുകെട്ടായിരുന്നു അത്.  

 

യു.പി സ്‌കൂളിൽ പഠിക്കുമ്പോൾത്തന്നെ വിജയൻ വേദിയിൽ കയറി. ഒരു മാജിക്കു കാണിച്ചാണ് കയ്യടി നേടിയത്. അക്കാലത്തു തന്നെ ഒരു കഥാപ്രസംഗവും അവതരിപ്പിച്ചു. ചിത്തിരയാണ് തന്റെ നാൾ എന്നാണ് വിജയൻ മനസ്സിലാക്കിയിരുന്നത്. ആരോ പറഞ്ഞതു കേട്ട് അമ്മ അങ്ങനെയാണ് വിശ്വസിച്ചിരുന്നത്. ആർസി അമലയിലെ സംസ്‌കൃതപണ്ഡിതനും ജ്യോതിഷ വിദഗ്‌ധനുമായ മുൻഷി മാഷ് വിജയനോട് നാളെന്താണെന്നു ചോദിച്ചു. ചിത്തിരയെന്നു വിജയൻ പറഞ്ഞു. ചിത്തിരയല്ലല്ലോ എന്ന് മുൻഷി. അമ്മയെ സ്‌കൂളിലേക്കു വിളിപ്പിച്ച്  ചോദിച്ചു. അമ്മയും ചിത്തിരയെന്നാണ് പറഞ്ഞത്. പ്രസവസമയം കൃത്യമായി ചോദിച്ചറിഞ്ഞപ്പോൾ മുൻഷി പറഞ്ഞു. ചിത്തിര കഴിഞ്ഞിരിക്കുന്നു. ചോതിയാണ് വിജയൻറെ നാൾ. മകനെ നന്നായി പഠിപ്പിക്കണം. തോൽക്കുന്നതു വരെ പഠിപ്പിച്ചോളൂ... വിജയൻ തോൽക്കില്ലെന്നു മുൻഷിക്കറിയാം. മുൻഷി വിജയൻറെ ജാതകമെഴുതിക്കൊടുത്തു. അമ്മയോട് പ്രത്യേകം പറഞ്ഞു. മകൻ കേമനാകും.... രാജയോഗമുണ്ട്. നാടു ഭരിക്കും.

 

ലേഖനം മനോരമ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത്.

English Summary : Chief Minister Pinarayi Vijayans Food Memories.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com