ADVERTISEMENT

വ്യത്യസ്ത ആശയങ്ങളുള്ള രണ്ടുപേർ ഇന്ത്യൻ കോഫിഹൗസിൽ രണ്ടു കപ്പ് ചൂടു കാപ്പിക്ക് അപ്പുറവുമിപ്പുറവുമിരുന്നാൽ ചൂടുപിടിക്കാവുന്ന ചർച്ചകൾ മലയാളിക്ക് പരിചിതമാണ്. ലോക്ഡൗൺ സമയത്ത് കോഫിഹൗസിലെ ചർച്ചകൾ ക്ലബ്ഹൗസ് എന്ന പുതിയ സ്ഥലത്തേക്ക് മാറിയിരിക്കുകയാണ്. കട്‌ലറ്റും കാപ്പിയും മസാലദോശയുമായി മണിക്കൂറുകളോളം വാചാലരാകുന്ന ഭക്ഷണപ്രിയർക്ക് ക്ലബ്ഹൗസ് എന്ന സെൻസേഷനൽ ഓഡിയോ പ്ലാറ്റ്ഫോം ഭക്ഷണവിശേഷങ്ങൾ പങ്കുവയ്ക്കാനുള്ള വേദി കൂടിയാണ്.

ക്ലബ്ഹൗസിൽ ഭക്ഷണപ്രിയർ വാചാലരാകുന്ന വിഷയങ്ങൾ ഇവയാണ്...

  • നല്ല ചായ എങ്ങനെ തയാറാക്കാം... 
  • മുട്ട പഫ്സിൽ എന്തുകൊണ്ട് മുഴുവൻ മുട്ട വയ്ക്കുന്നില്ല...
  • ബിരിയാണിയിൽ മുട്ട വേണോ?

ആയിരക്കണക്കിന് ഭക്ഷണപ്രിയരാണ് ഈ ചർച്ചകളിൽ പങ്കെടുക്കുന്നത്. മോ‍‍‍ഡറേറ്റ് ചെയ്യാൻ പ്രശസ്തരായ ഫുഡ്ബ്ലോഗർമാരും എത്തിയപ്പോൾ ചർച്ച കൊഴുത്തു. ഓരോ നാട്ടിലെയും ഭക്ഷണ വിശേഷങ്ങളും രുചിയോർമകളും ഇതിനോടൊപ്പം ചർച്ചയാകുന്നു. നർമത്തിൽ പൊതിഞ്ഞ ഈ ചർച്ചയിടങ്ങളെ ആവേശത്തോടെയാൺ ഫുഡ് വ്ളോഗേഴ്സ് സ്വീകരിച്ചിരിക്കുന്നത്.

ചായ അപ്പോ ചില്ലറക്കാരനല്ല!
വ്യത്യസ്തമായ ചായയെക്കുറിച്ചുള്ള ചർച്ച തുടങ്ങിവച്ചത് ഷെഫ് സുരേഷ് പിള്ളയാണ്. ഒരേ സമയത്ത് വെള്ളത്തിന്റെ തിളയും പാലിന്റെ ചൂടും തേയിലയുടെ കടുപ്പവും കൃത്യമായിട്ട് മീറ്റർ അളവിൽ‌ അടിച്ചു പതപ്പിച്ച് പലതരം ചായ ഉണ്ടാക്കുന്ന നാടൻ ചായക്കടക്കാരെക്കുറിച്ചും പലരും സംസാരിച്ചു. അതിൽ ലോകപ്രസിദ്ധമായ ഡാർജിലിങ് ടീ മുതൽ മെസിയും നെയ്മറുമടക്കം കുടിക്കുന്ന ലാറ്റിനമേരിക്കൻ സ്പെഷൽ എർബാ മേറ്റ, ഉപ്പിട്ട ചായ, തുർക്കിയിലെയും ഇറാനിലേയും ചായരുചികളെല്ലാമായി രണ്ടര മണിക്കൂറോളം നീണ്ടു. മൃണാൾ, അഞ്ജനാ ഗോപകുമാർ, ഫുഡ്ഡി മേനോൻ, ഫുഡ്ഹണ്ടർ സാബു, ഫുഡ് റൈഡർ, കാർത്തിക് മുരളി, കേരളാ ഫുഡ്ഡി, എഫ്. സി ബോയി ഇൻസ്റ്റാഗ്രാമിലെ പ്രമുഖ ബ്ളോഗേഴ്സ് സജീവമായി പങ്കെടുത്തു.

മനോഹരമായ ഒരു ചായ ചർച്ചയായിരുന്നു ഇത്. പല രാജ്യങ്ങളിലെ ചായയുടെ രുചികൾ പലരും പങ്കുവച്ചു. അതിൽ ശ്രദ്ധേയമായത് ഓറഞ്ചിന്റെ തൊലി ഇട്ട ചായ, ആട്ടും പാലിന്റെ ചായ, തേങ്ങാപ്പാലിന്റെ ചായ, തേങ്ങാ ചിരകിയിട്ട ചായ രുചികൾ വന്നു. വെള്ളം തിളച്ചശേഷം തേയില ഇട്ട് രണ്ടു മിനിറ്റ് വച്ചതിന് ശേഷം ചൂട് പാൽ ഒഴിച്ച് നല്ല ചായ തയാറാക്കാം എന്നാണ് പല വിദഗ്ധരും അഭിപ്രായപ്പെട്ടത്. ഇതിലെ ഏറ്റവും മികച്ചൊരു ആശയം വന്നത് ചായയിലൂടെ കേരളാ ടൂറിസം എന്നതാണ്, കോവിഡിന് ശേഷം കേരളാ ടൂറിസത്തിൽ ടീ ഫെസ്റ്റിവൽ പോലെ ചായ ടേസ്റ്റിങ് ഫെസ്റ്റിവൽ സംഘടിപ്പിക്കണം എന്നൊരു ആശയവും വന്നിട്ടുണ്ട്.

chef-pillai-
റാവിസ് ഗ്രൂപ്പ് കോർപ്പറേറ്റ് ഷെഫ് സുരേഷ് പിള്ള...

മുട്ട പഫ്സിൽ എന്തുകൊണ്ട് മുഴുവൻ മുട്ട വയ്ക്കുന്നില്ല...

തമാശയായിട്ട് തുടങ്ങിയ ചർച്ചയാണെങ്കിലും ഫുഡ് വ്ളോഗേഴ്സ് എത്തിയതോടെ കാര്യം അൽപം ‘ഗൗരവം’ ഉള്ളതായി. പകുതി മുട്ടവയ്ക്കുന്നത് പഫ്സിന്റെ ഷേയ്പ്പ് നിലനിർത്താനാണ്, ഇനി ആരെങ്കിലും കഴിച്ച മുട്ടയുടെ ബാക്കി വച്ചതാണോ എന്നുവരെ ഈ വിഷയത്തിൽ ചർച്ച വന്നു. പഫ്സിനുള്ളിൽ വയ്ക്കാൻ പറ്റിയില്ലെങ്കിൽ മുട്ടയുടെ പകുതി പാത്രത്തിൽ വച്ച് കിട്ടിയാൽ കൊള്ളാമെന്നും അഭിപ്രായമുണ്ട്!.

egg-puffs

ബിരിയാണിയിൽ മുട്ട വേണോ?

ബിരിയാണി കിട്ടുമ്പോൾ അതിൽ മുട്ടയുണ്ടോ എന്ന് തപ്പി നോക്കാത്ത ആരെങ്കിലും ഉണ്ടോ? കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു വരുന്നത് വിവിധ തരത്തിലുള്ള അഭിപ്രായങ്ങളാണ്. പണ്ട്  ചോറ് കുറച്ച് വിളമ്പാൻ വേണ്ടിയാണ് ബിരിയാണിയിൽ ഈ മുട്ട സമ്പ്രദായം നടപ്പിലാക്കിയത്. അടുത്തടുത്തിരുന്ന് ബിരിയാണി കഴിച്ചവരിൽ ഒരാൾക്ക് മുട്ട കിട്ടിയപ്പോൾ രഹസ്യമായി മറ്റെയാളോട് പറഞ്ഞു "ദാ എനിക്ക് ഇതിൽനിന്നൊരു മുട്ട കിട്ടി, ആരോടും പറയണ്ട!’’ 

അപ്പോൾ സുഹൃത്തും പറഞ്ഞു ‘എനിക്കും കിട്ടി. നമുക്ക് ആരോടും പറയണ്ട!’

 

arabian-biryani
Image Credit : Shutter Stock

മലബാർ രുചി ഇഷ്ടപ്പെടുന്നവർക്ക് മുട്ട വേണമെന്നില്ല എന്നാൽ കോട്ടയത്തെയും കൊച്ചിയിലെയും ബിരിയാണി രുചികൾ ശീലച്ചവർക്ക് മുട്ട ഇല്ലാത്ത ബിരിയാണി സങ്കൽപിക്കാൻ പോലും പറ്റുന്നില്ല. 

 

foodhunter-sabu
ഫുഡ് ഹണ്ടർ സാബു

ഒപ്പം, ബീഫ് ബിരിയാണിയിൽനിന്നു മുട്ടകിട്ടയവർ അതിന്റെ ആശ്ചര്യവും പങ്കുവയ്ക്കുന്നു. തെക്കുമുതൽ വടക്കുവരെയുള്ള വ്യത്യസ്ത രുചിക്കൂട്ടുകളും ഇതിനൊപ്പം പറഞ്ഞു പോകുന്നു. ഏറ്റവും നല്ല ബിരിയാണി കഴിച്ചവർ അതിന്റെ വിശേഷങ്ങൾ ചൂടോടെ പങ്കുവയ്ക്കുന്നതും ക്ലബ്ഹൗസ് പ്രേക്ഷകർ ആവേശത്തോടെ സ്വീകരിക്കുന്നു. 

ഭക്ഷണപ്രീയർക്ക് നല്ലൊരു പ്ലാറ്റ് ഫോമാണ്, പോസിറ്റീവ് ചർച്ചയാണ് ഫുഡ് ഗ്രൂപ്പുകളിൽ വരുന്നത്, ഈ വിഷയങ്ങൾ മൂന്നും മൂന്ന് തരത്തിലാണ് ആൾക്കാരിലേക്ക് എത്തിയത്. തമാശയും അറിവുകളും പങ്കുവയ്ക്കുന്ന വേദികൾ: വ്ളോഗർ  ഫുഡ് ഹണ്ടർ സാബു പറയുന്നു.

mrinal-talk
ഫുഡ് വ്ളോഗർ മൃണാൾ

ബിരിയാണിയിൽ മുട്ട ഇഷ്ടപ്പെടുന്നവർ  എണ്ണത്തിൽ കൂടുതലായതിനാൽ ദീർഘമായ ചർച്ച അവസാനിപ്പിച്ചത് അഞ്ച് പഞ്ചിങ് തീരുമാനങ്ങളുമായാണെന്ന് ഫുഡ് വ്ളോഗർ മൃണാൾ.

  • നിർബന്ധമായും ചിക്കൻ ബിരിയാണിയിൽ മുട്ട വേണം.
  • മട്ടൻ ബിരിയാണിയിലും ബീഫ് ബിരിയാണിയിലും മുട്ട വേണം.
  • മീൻ ബിരിയാണിയിൽ വേണമെങ്കിൽ മുട്ട വേണ്ടെന്ന് വയ്ക്കാം (കിട്ടിയാൽ കഴിക്കാം).
  • ചിക്കൻ ബിരിയാണിയിൽ മുട്ട വയ്ക്കുന്നതു കൊണ്ട് മുട്ടബിരിയാണിയിൽ ചിക്കൻ കഷ്ണങ്ങൾ വയ്ക്കാം!.
  •  തീവ്ര നിലപാടാണ് അടുത്തത്– വെജിറ്റബിൾ ബിരിയാണിയിലും മുട്ടവേണം!.

ചുരുക്കിപ്പറഞ്ഞാൽ, കേട്ടിരിക്കുന്നവർ ഭക്ഷണപ്രേമികളെങ്കിൽ ഒരു മുട്ടയെങ്കിലും കഴിക്കേണ്ടിവരും ഈ ചർച്ചകൾ കഴിയുമ്പോൾ!

English Summary : Club house Food Talk in social media.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com