ADVERTISEMENT

അടുക്കളയിലെ ജോലികൾ പങ്കിട്ടെടുക്കുന്നത് കുടുംബം ഒന്നിച്ചാവണമെന്നത് നമ്മുടെ അടുക്കളകളിലിരുന്നു കരിഞ്ഞുപോയ ഒരാശയമാണ്. ആശുപത്രിയിലേക്ക് വീൽചെയറിൽ പോകുമ്പോഴും ‘‘പരിപ്പ് കരിയണ്‌ണ്ട്ന്ന് തോന്നണൂ’’ എന്നു വ്യാകുലപ്പെടുന്ന മാധവിക്കുട്ടിയുടെ ‘കോലാടി’ലെ നായികയെപ്പോലെ. അടുക്കള ജോലികൾ എളുപ്പമാക്കാൻ ഓണത്തിനു മുൻപ് സ്മാർട്ട് കിച്ചൺ പദ്ധതി നടപ്പാക്കുമെന്നാണ് സർക്കാർ പ്രഖ്യാപനം. പദ്ധതി അടുക്കളകളെ എങ്ങനെയൊക്കെയാണ് മാറ്റേണ്ടതെന്ന പ്രതീക്ഷ പങ്കുവയ്ക്കുകയാണ് ജില്ലയിലെ സ്ത്രീകൾ.

 

എന്താണ് സ്മാർട്ട് കിച്ചൺ ?

വീട്ടുപണികളിൽ യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കുകയാണ് സ്മാർട്ട് കിച്ചൺ പദ്ധതിയുടെ ലക്ഷ്യം. ഇതിനായി കെഎസ്എഫ്ഇ സ്മാർട്ട് കിച്ചൺ ചിട്ടികൾ ആരംഭിക്കും. യന്ത്രസാമഗ്രികളുടെ പാക്കേജ് വില തവണകളായി ഏതാനും വർഷങ്ങൾ കൊണ്ട് അടച്ചു തീർത്താൽ മതി. പലിശ സബ്സിഡി ലഭിക്കും. പദ്ധതിയുടെ മൂന്നിൽ ഒന്നു പലിശ മാത്രം ഗുണഭോക്താക്കൾ അടച്ചാൽ മതിയാവും. ബാക്കി സർക്കാരും തദ്ദേശഭരണ സ്ഥാപനങ്ങളും പങ്കിട്ടെടുക്കും. കുടുംബശ്രീ വഴിയുള്ള വായ്പകൾക്ക് ഈട് വേണ്ട. ആദ്യഘട്ടത്തിൽ 5 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ജൂലൈ 10 ന് മുൻപ് മാർഗരേഖ പ്രഖ്യാപിക്കാൻ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

 

സമയം ലാഭം

‘‘വീട്ടിലെ ചേരുവകൾ ഉപയോഗിച്ച് 5 മിനിറ്റിൽ തയാറാക്കൂ’’ എന്ന് യുട്യൂബ് വിഡിയോകളിൽ പറയുന്നതുപോലെ അത്ര സിംപിളല്ല പാചകം. ദോശ ചുട്ടെടുക്കാൻ 2 മിനിറ്റ് മതിയെങ്കിലും മാവ് തയാറാക്കിയെടുക്കാൻ തലേന്നു മുതൽ തുടങ്ങേണ്ടേ ജോലിയെന്നു ചോദിക്കുന്നു കൊല്ലത്തെ വീട്ടമ്മ ബിന്ദു. ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് കടകളിൽ ലഭ്യമാണെങ്കിലും അപ്പോഴപ്പോൾ തയാറാക്കിയാലേ കറികൾക്ക് രുചിയുണ്ടാവൂ എന്ന നിർബന്ധമുള്ളവരാണ് മിക്ക വീട്ടിലെയും പ്രായമായ മാതാപിതാക്കൾ.  കറികളിൽ ചേർക്കുന്ന പൊടികളുടെ കാര്യത്തിലുമുണ്ട് ഈ നിബന്ധനകൾ. തലേന്നത്തെ കറി പിറ്റേന്ന് കൂട്ടില്ലെന്ന വാശി ശരിക്കും ബുദ്ധിമുട്ടിലാക്കുന്നത് അടുക്കള ജോലി തീർത്തു വരുമാനമുള്ള ജോലിക്കു വീട് വിട്ടിറങ്ങേണ്ടവരെയാണ്.   ജോലി എളുപ്പമാക്കാൻ ഇഷ്ടം പോലെ ഉപകരണങ്ങളുണ്ടെങ്കിലും നമ്മുടെ അടുക്കളകളിലേക്ക് അവയെത്താത്തതിന് മുന്നിൽ സാമ്പത്തികവും സാമൂഹികവുമായ കാരണങ്ങളുണ്ട്.

kollam-home-made-food-
നാട്ടിൻപുറത്തെ അടുക്കളയിൽ പാചകം ചെയ്യുന്ന വീട്ടമ്മ

 

ചമ്മന്തി കല്ലിൽ അരയ്ക്കുന്നതാ രുചി, ചോറ് അടുപ്പത്ത് വേവുന്നതാ രുചി,നാടൻ കറികളൊക്കെ മൺചട്ടിയിൽ കിടന്നു തന്നെ വേണം!

സിനിമ മുതൽ പരസ്യം വരെ

അടുക്കളപ്പണിയറിയാത്ത സ്ത്രീകളെ തല്ലി നന്നാക്കുന്ന സിനിമകളിൽ നിന്നു മലയാള സിനിമ ചുവട് മാറ്റിയെങ്കിലും അടുക്കള ഉപകരണങ്ങളുടെ പരസ്യങ്ങളിൽ ഇപ്പോഴും സ്ത്രീകൾ മാത്രമേയുള്ളൂ. അടുക്കളയുടെ യന്ത്രവൽക്കരണം എന്ന ആശയത്തെ സ്ത്രീകളുടെ ജോലിഭാരം കുറയ്ക്കൽ എന്നാണോ വായിക്കേണ്ടത് എന്ന ചോദ്യമുന്നയിക്കുന്നുണ്ട് കോളജ് വിദ്യാർഥികൾ മുതൽ പല മേഖലയിലുള്ളവർ.  സ്ത്രീകളുടെ തൊഴിലിടങ്ങളിലെ പങ്കാളിത്തം കൂടിയതോടെ കൂടുതൽ സമയം കാര്യക്ഷമമായി വിനിയോഗിക്കാൻ സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നു പദ്ധതി പ്രഖ്യാപനത്തിനിടെ മുൻമന്ത്രി തോമസ് ഐസക് പറഞ്ഞിരുന്നു.വരുമാനമില്ലാത്ത അടുക്കള ജോലിയും അതിനുപുറമേയുള്ള ജോലിയും ബാലൻസ് ചെയ്യുന്നവരുടെ ജീവിതം ഈ അടുക്കളകളെ എങ്ങനെയാണ് കാണുന്നത്? അവരെക്കുറിച്ച് നാളെ..

 

ഗ്രേറ്റ് കിച്ചൺ സ്മാർട്ടായാൽ

അടുത്തിടെ പുറത്തിറങ്ങിയ ‘ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ സിനിമ ഓർമയില്ലേ? ആ അടുക്കള കേരളത്തിലെ ഭൂരിഭാഗം അടുക്കളകളുടെയും തനിപ്പകർപ്പാണെന്നു കേരളത്തിലെ സ്ത്രീകൾ ഒറ്റ കാഴ്ചയിൽ സമ്മതിച്ചാണ്. ഇത്രയധികം തവണയൊക്കെ പാത്രം കഴുകുന്നതും മേശ തുടയ്ക്കുന്നതും സിനിമയിൽ കാണിക്കേണ്ടതുണ്ടോ എന്നു ചോദിച്ചവരോട്, ‘അപ്പോൾ ഇതു ചെയ്തു കൊണ്ടിരിക്കുന്നവരുടെ മടുപ്പോ’ എന്ന മറുചോദ്യത്തിനു മറുപടിയുണ്ടായില്ല. സിനിമയിലെ പാത്രം കഴുകൽ സീനുകൾ ഒടുവിൽ മലയാളികളെ എത്തിച്ചത് ‘ഡിഷ്‌വാഷർ’ എന്ന പാത്രം കഴുകൽ ഉപകരണത്തിന്റെ ചർച്ചയിലാണ്.ചർച്ചയെന്തൊക്കെ നടന്നാലും തീൻമേശയിലെത്തുമ്പോൾ, ‘‘ചമ്മന്തി കല്ലിൽ അരയ്ക്കുന്നതാ രുചി, ചോറ് അടുപ്പത്ത് വേവുന്നതാ രുചി,നാടൻ കറികളൊക്കെ മൺചട്ടിയിൽ കിടന്നു തന്നെ വേണം!’’ എന്നു പറയുന്ന മലയാളികളാണ് ഭൂരിഭാഗവും. അതിപ്പോ ‘തനതു രുചി’ വിട്ട് നമുക്കൊരു കളിയില്ലല്ലോ.. സ്മാർട്ട് കിച്ചൺ പദ്ധതി ശരിക്കും നടക്കണമെങ്കിൽ അടുക്കളയിൽ നിന്നു പടിയിറക്കേണ്ടത് ഈ മനോഭാവത്തെയാണെന്ന കാര്യത്തിൽ ജില്ലയിലെ സ്ത്രീകൾക്കും രണ്ടഭിപ്രായമില്ല.

English Summary : ‘Smart Kitchen’ project, meant to ease the burden on housewives.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com