ഫ്രീ കിക്കെടുക്കുന്ന കളിക്കാരന്റെ ഭാവം; ജ്യൂസും കബാബും വിളമ്പി സിആർ 7!

cr-7-hub
പുൽപറ്റ പഞ്ചായത്ത് സ്റ്റേഡിയത്തിനു മുൻപിലെ സിആർ 7 കോഫി ഷോപ്പിന്റെ മുൻപിൽ ഉടമ റിയാസ് മേച്ചേരി.
SHARE

ഫുട്ബോൾ മൈതാനത്തിനഭിമുഖമായാണു നിൽപ്. ഫ്രീ കിക്കെടുക്കുന്നതിനു മുൻപ് നടുനിവർത്തി നിൽക്കുന്ന കളിക്കാരന്റേതാണു ഭാവം. ദൂരെ നിന്നേ കണ്ണിലുടക്കുന്ന രീതിയിൽ പേരു കാണാം.- സിആർ 7, സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചുരുക്കപ്പേര്. മലപ്പുറം, മഞ്ചേരി - അരീക്കോട് റോഡിൽ പുൽപറ്റ പഞ്ചായത്ത് സ്റ്റേഡിയത്തിനു സമീപം ഞാവലിക്കലിലെ ബേക്കറി ആൻഡ് കൂൾബാറാണു സിആർ 7. ഉടമ റിയാസ് മേച്ചേരിക്കു പോർച്ചുഗൽ താരത്തോടുള്ള ആരാധനയാണു പേരിനു പിന്നിൽ. ലോക്ഡൗൺ ഇളവിൽ കട വീണ്ടും തുറന്നു തുടങ്ങിയതു ദിവസങ്ങൾക്കു മുൻപാണ്. 

അതിനു പിന്നാലെ, ഫ്രാൻസിനെതിരെ ഡബിളടിച്ച് റൊണാൾഡോ രാജ്യത്തിനു വേണ്ടി ഏറ്റവും കൂടുതൽ ഗോളടിച്ചതിന്റെ ലോക റെക്കോർഡിനൊപ്പമെത്തിയതു ഇരട്ടിമധുരമായി. ചെറുപ്പത്തിൽ സെവൻസിൽ തിളങ്ങിയിരുന്ന റിയാസ് പിന്നീട് ജീവിത മാർഗം തേടി കുവൈത്തിലേക്കുപോയി. രുചിക്കൂട്ടൊരുക്കുന്ന ഷെഫിന്റെ വേഷമായിരുന്നെങ്കിലും ഒഴിവുദിനങ്ങളിൽ കൂട്ടുകാർക്കൊപ്പം കളിച്ച് ഫുട്ബോൾ കമ്പം നിലനിർത്തി. നാട്ടിൽ തിരിച്ചെത്തി 5 വർഷം മുൻപാണു ഞാവലിക്കലിൽ ഹൈജീൻ എന്ന പേരിൽ ബേക്കറി തുടങ്ങിയത്. 

യാത്രക്കാരെ ആകർഷിക്കുന്നതിനായി കട അൽപം മുന്നിലേക്കു നീട്ടി കോഫി ഹബ്ബാക്കിയതു രണ്ടു വർഷം മുൻപ്. ഇറ്റാലിയൻ ലീഗിൽ സാംപ്ദോരിയയ്ക്കെതിരെ ക്രിസ്റ്റ്യാനോ എട്ടടി അഞ്ചിഞ്ച് ഉയരത്തിൽ ചാടി അദ്ഭുത ഹെഡർ ഗോൾ നേടിയ സമയമായിരുന്നു അത്. കളത്തിലെ ഫോർവേഡിനെപ്പോലെ, മുന്നിലേക്കു തള്ളി നിൽക്കുന്ന പുതിയ ഭാഗത്തിനു പേരിടാൻ കടുത്ത ക്രിസ്റ്റ്യാനോ ആരാധകനായ റിയാസിനു ഒട്ടും ആലോചിക്കേണ്ടിവന്നില്ല.

റോഡിനപ്പുറത്തുള്ള പുൽപറ്റ പഞ്ചായത്ത് സ്റ്റേഡിയത്തിൽ കളി നടക്കുമ്പോൾ സെവൻസിലെ ഗാലറി പോലെ കടയ്ക്കു മുന്നിൽ ആള് നിറയും. പേരിലെ കൗതുകം പലരെയും കടയിലേക്കു ആകർഷിക്കാറുണ്ട്. മെസ്സി ആരാധകർ ഇഷ്ടക്കേടും പറഞ്ഞിട്ടുണ്ട്. അടിപൊളി ജ്യൂസും കബാബുമൊക്കെയായി രുചി ഗോളടിക്കുമ്പോൾ അവരും പരിഭവം മറക്കും. കോവിഡ് കാലം കഴിഞ്ഞ് കച്ചവടം കളത്തിലെ റൊണാൾഡോയെ പോലെ കുതിക്കുമെന്ന പ്രതീക്ഷയിലാണു റിയാസ്.

English Summary : Cristiano Ronaldo Fan Coffee Hub in Malappuram.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA