ചക്ക പഴയ ചക്കയല്ല; വീടും അയൽവക്കവും ഊട്ടിനിറയ്ക്കും സൂപ്പർ ഫുഡ്

jackfruit-day
Image Credit : Suriyawut Suriya/ Shutterstock
SHARE

ഇന്ന് ചക്കപ്പഴ ദിനം ( ജാക്ക് ഫ്രൂട്ട് ഡേ ),പെരുമയിലും പെരുപ്പത്തിലും ഏറ്റവും വലിയ പഴം. കേരളത്തിന്റെ ഔദ്യോഗിക ഫലം ആകുന്നതിനു എത്രയോ മുൻപുതന്നെ മലയാളിയുടെ രുചിബോധത്തിന്റെ അടിത്തട്ടിൽ ചക്കയുണ്ട്. പ്ലാവും മാവും നമുക്ക് വെറും മരങ്ങളല്ല, അമ്മ മരങ്ങൾ തന്നേ.അമ്മിഞ്ഞപ്പാലിന്റെ മധുരം കഴിഞ്ഞാൽ അമ്മച്ചിപ്ലാവുകളുടെ മധുരം സ്നേഹത്തുടർച്ചയായെത്തുന്നു.മറുനാട്ടിൽ കഴിയുമ്പോൾ മലയാളി നാവുകൾ കൊതിക്കുന്നത് ചക്കയുപ്പേരിയും തേൻവരിക്കപ്പഴവും. പിസ്യ്ക്കും ഷവർമക്കോ ആ കൊതിയെ കെടുത്താൻ കഴിവില്ല.

ചക്ക ഇന്ന് പഴയ ചക്കയല്ല. അതിന്റെ വിജയയാത്ര ആരംഭിച്ചുകഴിഞ്ഞു. ലോക ഭക്ഷ്യ വിപണിയിൽ അതിന്റെ സാന്നിധ്യം നാൾക്കുനാൾ കൂടിവരുന്നു. ബേബി ഫുഡ് മുതൽ സൂപ്പർ ഫുഡ് വരെ. ചക്കപ്പൊടിയും ചക്ക വറുത്തതും ചക്കപ്പായസവും ചക്ക ബിരിയാണിയും വരെ. ഫൈവ് സ്റ്റാർ പദവിയിലേയ്ക്കാണ് ചക്ക കുതിക്കുന്നത്.

പ്രമേഹത്തിന്റെ പാർശ്വഫലങ്ങൾ കുറയ്ക്കാൻ ചക്ക ഉത്തമമാണെന്ന ഗവേഷണ ഫലം വിദേശത്തുനിന്ന് വന്നപ്പോഴാണ് പാഴാക്കിക്കളയുന്ന ചക്കയുടെ മൂല്യത്തെക്കുറിച്ച് നമ്മൾ ചിന്തിച്ചു തുടങ്ങിയത്.

ചക്ക വന്ധ്യതയെ ചെറുക്കുമെന്ന നാട്ടറിവിൽ കാര്യമുണ്ടെന്നു ഇനി നമ്മൾ സമ്മതിക്കാൻ വിദേശത്തുനിന്ന് മറ്റൊരു ഗവേഷണ ഫലം എത്തേണ്ടി വരും.50000 ടണ്ണിൽ ഏറെ ചക്ക ഓരോ വർഷവും വാളയാർ കടന്ന് പോകുന്നു. ഒരു ചക്ക വിറ്റാൽ നമുക്കു കിട്ടുന്നത് പത്തോ പതിനഞ്ചോ മാത്രം. അയൽ സംസ്ഥാനത്തു അത് കോടികളുടെ മൂല്യവർധിത ഉൽപന്നമാണ്. വേണ്ട രീതിയിൽ സംസ്കരിച്ചാൽ കേരളത്തിന്റെ പച്ചപ്പുള്ള ഭാവിയിൽ ചക്കയ്ക്കു ചെറുതല്ലാത്ത പങ്കുണ്ടാകും.സമ്പന്നമായ വിവിധയിനം  പ്ലാവുകളും ഇവിടെ  വരിക്കയിലും കൂഴയിലും രുചിരാജന്മാരുണ്ട്, പുഴുങ്ങാനും വറുക്കാനും പഴുപ്പിക്കാനും പറ്റിയ ഇനങ്ങൾ. രുദ്രാക്ഷ വരിക്ക, തേൻ വരിക്ക, മുറ്റം വരിക്ക, ചെമ്പരത്തി വരിക്ക, പാലൂർ, പേച്ചിപ്പാറ എന്നിങ്ങനെ എണ്ണമാറ്റ നാടൻ ഇനങ്ങൾ. സിലോൺ വരിക്ക, വിയറ്റ്നാം സൂപ്പർ ഏർലി, ഡാങ് സൂര്യ തുടങ്ങിയ വിദേശികൾ, സിദ്ദു, ശങ്കര, ഗംലെസ് അഥവാ അരക്കില്ലാത്തയിനം ഉൾപ്പെടെയുള്ള നഴ്സറി ഇനങ്ങൾ. എണ്ണമറ്റ ഇന വൈവിധ്യം. ഓരോ ചക്കയ്ക്കും ഓരോ രുചി.

   നല്ലൊരു പ്ലാവുമതി ജീവിതം അടിമുടി മെച്ചപ്പെടാൻ. ഇന്ന് മിക്ക നഴ്സറികളിലും ആയിരക്കണക്കിന് വിൽക്കപ്പെടുന്ന ഒരു സവിശേഷത ഇനം ഒറ്റ മാതൃവൃക്ഷത്തിൽ നിന്ന് പിറക്കുന്നവയാണ്.അച്ഛൻ നട്ട പ്ലാവിന്റെ ലക്ഷത്തിൽ പരം തയ്യകൾ വിറ്റ് കോടിപതിയായ കർണാടക തുമ്ഗുർ ഹരേഹള്ളി ഗ്രാമത്തിലെ പരമേശ്വരയുടെ കഥ വായിച്ചു നമ്മൾ അന്തം വിടും. പറമ്പിൽ നിൽക്കുന്ന ഒറ്റ പ്ലാവുമതി സമ്പന്നതയിലേയ്ക്കു ഹരിത പരവതാനി വിരിക്കാൻ.

  പ്ലാവ് ഒരു സാധാരണ മരമല്ല. ഒറ്റ ഫലം കൊണ്ട് വീടും അയൽ വീടും ഊട്ടി നിറയ്ക്കും. കന്നുകാലിക്കും കുശാൽ. .ഇല ആടിന് പഥ്യം. തടി, വീടിനും വീട്ടുപകരണങ്ങൾക്കും തലമുറകളുടെ ഉറപ്പ്. അങ്ങ് ഉയരത്തിൽ കായ്ക്കുന്നവ അണ്ണാറക്കണ്ണനും കിളികൾക്കും വിരുന്ന്. ചുവട്ടിലും ചുറ്റുവട്ടതും സദാ തണുപ്പ്. പ്ലാവ് നിൽക്കുന്നിടത്തു ജല സമ്പത്ത്.

പോഷക സമ്പന്നമായ, വിഷം തൊടാത്ത ചക്ക പാഴാക്കിക്കളഞ്ഞിട്ട് കീടനാശിനിയിൽ കുളിപ്പിച്ച വിഭവങ്ങൾ ചെക്പോസ്റ്റ് കടന്നുവരാൻ കാത്തിരിക്കുന്നവരായ് ഇനിയും തുടരണോ എന്ന് ആലോചിക്കാനുള്ള അവസരമാണിത്.

English Summary : Celebrate National Jackfruit Day!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA