മുഷാറഫയിൽ വിളമ്പും പെരുന്നാൾ സ്പെഷൽ ‘ബ്രസീൽ ബിരിയാണി...’

HIGHLIGHTS
  • കേരളത്തിൽ മാത്രമല്ല, പ്രവാസി മലയാളികൾ ഏറെയുള്ള ഗൾഫ് നാടുകളിലുമുണ്ട് ഇത്തവണ ബ്രസീൽ ബിരിയാണി
mutton-biryani
Image Credit : Ibraheem Challagali / shutterstock
SHARE

കോപ്പയിൽ പരാജയമാണ് രുചിച്ചതെങ്കിലും പെരുന്നാളിന് നല്ല രുചിയൂറും മട്ടൺ ബിരിയാണി വച്ചുവിളമ്പാനുള്ള ഒരുക്കത്തിലാണ് പലയിടത്തും ബ്രസീൽ ആരാധകർ. സ്വന്തം തട്ടകത്തിൽ നടക്കുന്ന ഫൈനലിൽ ചിരവൈരികളായ അർജന്റീനയെ തോൽപിച്ച് ബ്രസീൽ കപ്പുയർത്തുമെന്ന് വിശ്വസിച്ച് ബെറ്റ് വച്ച് തോറ്റതിന്റെ ഭാഗമാണ് ഈ സ്പെഷൽ പെരുന്നാൾ ബിരിയാണി. ബ്രസീലിനെ തോൽപിച്ചതിന്റെ വകയായി കിട്ടുന്ന ബിരിയാണി ആയതിനാൽ ഈ പെരുന്നാളിന് സന്തോഷം കൂടുമെന്ന് അർജന്റീന ആരാധകർ പറയുന്നു.

കേരളത്തിൽ മാത്രമല്ല, പ്രവാസി മലയാളികൾ ഏറെയുള്ള ഗൾഫ് നാടുകളിലുമുണ്ട് ഇത്തവണ ബ്രസീൽ ബിരിയാണി. സൗദി അറേബ്യയിലെ ജിദ്ദ മുഷാറഫയിൽ മലപ്പുറം സ്വദേശികളായ ബ്രസീൽ ആരാധകർ മട്ടൺ ബിരിയാണി തയാറാക്കാനുള്ള ഒരുക്കം തുടങ്ങിയിട്ട് ഒരാഴ്ചയായി. അവിടെ ചൊവ്വാഴ്ചയാണ് പെരുന്നാൾ. 

ചുരുങ്ങിയത് 3 ഗോളിന് ബ്രസീൽ ജയിക്കുമെന്നും കപ്പടിക്കുമെന്നും ഉറപ്പിച്ച് ബെറ്റ് വച്ച കാളികാവ് വാഴക്കിളി സ്വദേശി എ.സഫ്‌വാൻ, പി.എം.എച്ച്. നാസർ, സക്കരിയ, പി.സിറാജ് മുനീർ, നസീർ തുടങ്ങിയവരാണ് ബിരിയാണി ഒരുക്കേണ്ടത്.

അർജന്റീന ആരാധകരായ കെ.സലാം, സജാദ്, പി.അഷ്റഫ്, വി.ടി.സൈനുദ്ദീൻ, വി.ടി.സക്കീർ, ലത്തീഫ്, ഹംസ എന്നിവരാണ് ബെറ്റിൽ ജയിച്ച് ബിരിയാണി കാത്തിരിക്കുന്നത്. 

ഫൈനൽ മത്സരത്തിന്റെ ഫലം അറിഞ്ഞ ഉടൻ ബിരിയാണി തയാറാക്കാനാണ് ആലോചിച്ചിരുന്നതെങ്കിലും എല്ലാവരും കൂടി തീരുമാനിച്ച് പെരുന്നാൾ ദിവസത്തേക്കു മാറ്റിവയ്ക്കുകയായിരുന്നു. അങ്ങനെയാണ് പെരുന്നാൾ ബിരിയാണി ബ്രസീൽ ആരാധകരുടെ വകയായത്. 

‘മാറക്കാനയിൽ നടക്കുന്ന ഫൈനലിൽ ബ്രസീൽ തോൽക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അതിനാലാണ് ധൈര്യത്തോടെ ബെറ്റ് വച്ചത്. ബെറ്റ്‌ വച്ചതും കാശ്പോയതും ഒന്നുമല്ല, ബ്രസീൽ തോറ്റതിലാണ് നിരാശ. നന്നായി കളിച്ചിട്ടും ഗോളടിക്കാനായില്ല. എതിരാളികൾ ബ്രസീൽ അല്ലായിരുന്നുവെങ്കിൽ അർജന്റീന ജയിച്ചതിലും കപ്പ് നേടിയതിലും സന്തോഷിക്കുമായിരുന്നു. മെസ്സി ഒരു കപ്പ് അർഹിക്കുന്നുവെന്നതു തന്നെ കാരണം. കോവിഡ് കാലത്ത് നാട്ടിലടക്കം ഒട്ടേറെ പേർ സാമ്പത്തിക പ്രയാസം അനുഭവിക്കുമ്പോൾ രണ്ടു തവണ ബിരിയാണി ഒരുക്കുന്ന ധൂർത്ത് ഒഴിവാക്കാനാണ് ബെറ്റ് ബിരിയാണി പെരുന്നാൾ ദിനത്തിലേക്കു മാറ്റിയത്’– സഫ്‌വാൻ പറഞ്ഞു. 

ബെറ്റ് വച്ചു തോറ്റതാണെങ്കിലും ബിരിയാണി ഒട്ടും മോശമാകരുതെന്ന് ബ്രസീൽ ആരാധകർക്കു നിർബന്ധമുണ്ട്. തോറ്റെങ്കിലും ഫൈനലിൽ  ബ്രസീലിന്റെ കളി സൂപ്പറായിരുന്നു. അതുപോലെ സൂപ്പറാക്കും ബിരിയാണിയും...!

English Summary : Mutton Biryani from Brazil football fans.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA