ADVERTISEMENT

20 വർഷം പാചകം കൊണ്ടു ജീവിതം പാകമാക്കിയ മങ്കൊമ്പ് തുമ്പയിൽ മഠത്തിൽ ശങ്കരനാരായണൻ കോവിഡ് കാലത്ത് മിക്കപ്പോഴും തൊഴിൽരഹിതനാണ്. 2018 ലെ പ്രളയം മുതൽ വെള്ളക്കെട്ട് ഒഴിയാത്ത പുരയിടത്തിലാണ് താമസം. തമിഴ് ബ്രാഹ്മണ ചടങ്ങുകളിലും മറ്റും സദ്യ ഒരുക്കിയ നാളുകളുണ്ടായിരുന്നു. ആഘോഷങ്ങളുടെ അടുപ്പു പുകയാത്ത മഹാമാരിയുടെ നാളുകളിൽ അതെല്ലാം ഓർക്കുന്നുണ്ട് ശങ്കരനാരായണൻ. 

സാധാരണമല്ലാത്ത വിഭവങ്ങളും ഒരുക്കുന്നതിൽ ശങ്കരനാരായണനു മിടുക്കുണ്ട്. കുമ്പളങ്ങയും ചേനയും പടവലങ്ങയും മറ്റും ചേർത്തുള്ളതാണ് കൂട്ടുകറി. പല പ്രദേശങ്ങളിലും ഓണസദ്യയിൽ കൂട്ടുകറി പതിവുള്ളതല്ല. എങ്കിലും അതിന്റെ രുചി ഇഷ്ടപ്പെടുന്നവർ വീടുകളിലെ സദ്യയിൽ അതു തയാറാക്കുന്നുണ്ടെന്ന് ശങ്കരനാരായണൻ.

പാചകം തുടങ്ങാം

പച്ചക്കറികൾ അര ഇഞ്ച് ചതുരക്കഷണങ്ങളായി മുറിച്ചു കഴുകി വൃത്തിയാക്കുക (ചേന പ്രത്യേകം കഴുകി മാറ്റണം).   ഉരുളിവെച്ച് വെള്ളം തിളപ്പിച്ചു ആദ്യം ചേനയിട്ട് വെള്ളം ഊറ്റിയശേഷം ചേന മുങ്ങുന്ന വിധം വെള്ളം ഒഴിച്ച് അതിനൊപ്പം കടലപ്പരിപ്പ് ചേർക്കുക. നന്നായി തിളച്ച ശേഷം മറ്റു പച്ചക്കറികൾ ഇട്ടു മഞ്ഞൾപ്പൊടിയും ഉപ്പും ഇട്ട് വേവിക്കുക. 

കുരുമുളക്, ജീരകം, വറ്റൽമുളക്, 3 ടേബിൾ സ്പൂൺ നാളികേരം എന്നിവ വറുത്ത് അരയ്ക്കണം. അരമുറി ചിരകിയ തേങ്ങ ചുവക്കുന്നതുവരെ വറുക്കണം. കഷണങ്ങൾ വെന്തുവരുന്ന മുറയ്ക്ക് അവ അരപ്പിൽ ചേർക്കുക. തുടർന്ന് എണ്ണ ഒഴിച്ചു ചൂടാക്കി 2 സ്പൂൺ വീതം കടുക്, ഉഴുന്നുപരിപ്പ്, കടലപ്പരിപ്പ്, കറിവേപ്പില എന്നിവ താളിച്ചതും കൂടി ചേർത്ത് ഇളക്കി ഉപയോഗിക്കുക. മധുരം ഇഷ്ടമുള്ളവർ 50 ഗ്രാം ശർക്കര കൂടി ചേർക്കുക.

കൂട്ടുകറിയുടെ  കൂട്ടുകൾ

കുമ്പളങ്ങ, ചേന, പടവലങ്ങ, അച്ചിങ്ങ പയർ എന്നിവ 250 ഗ്രാം വീതം, ക്യാരറ്റ്–150 ഗ്രാം, വഴുതനങ്ങ –150 ഗ്രാം, മഞ്ഞൾപൊടി 2 ടീസ്പൂൺ, കുരുമുളക് 2 ടീ സ്പൂൺ, വറ്റൽമുളക്–10 എണ്ണം, ജീരകം–2 ടീസ്പൂൺ, കടല അല്ലെങ്കിൽ കടലപ്പരിപ്പ് 150 ഗ്രാം. ഉപ്പ്, തേങ്ങ.

English Summary:  Kootu curry, Hot and Sweet taste. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com