ADVERTISEMENT

കഥ പാണ്ഡവരിൽ നിന്ന് തുടങ്ങുന്നു. ചൂതിൽ തോറ്റു വനവാസം കഴിഞ്ഞുള്ള അജ്ഞാത വാസത്തിനായി വിരാട രാജ സന്നിധിയിൽ എത്തി. രാജാവിന്റെ പാചകപ്പുരയിലാണല്ലോ വലലന്റെ വേഷത്തിൽ ഭീമനെത്തിയത്. സാക്ഷാൽ രൗദ്ര ഭീമന്റെ ലാസ്യ ഭാവം. വലലനെന്ന ഭീമൻ അവിടുത്തെ കലവറയിലെ സഹായിയായി. ഒരിക്കൽ മുഖ്യ പാചകക്കാരനാകേണ്ടി വന്നു. അതും വിരാടനു ഭക്ഷണം ഒരുക്കാനായി. കയ്യിൽ കിട്ടിയ പച്ചക്കറികളൊക്കെ പലകയിൽ നിരത്തി വെട്ടി നുറുക്കി എല്ലാം കൂടി ഒരു ചെമ്പ് വാർപ്പിലിട്ടു വെള്ളമൊഴിച്ചു വേവിച്ചു. വെന്തു എന്നു തോന്നിയപ്പോൾ തേങ്ങയും കയ്യിൽ കിട്ടിയതൊക്കെ എടുത്തിട്ടു. മൂടിയിട്ട വാർപ്പിനു ചുറ്റും ശങ്കയോടെ നടന്നു വലിയ ചട്ടുകം കൊണ്ട് ഇടയ്ക്ക് ഇളക്കി മറിക്കുകയും ചെയ്തു. ഗജങ്ങളെ ഗദ കൊണ്ടു വീഴ്ത്തുന്ന കൈക്കരുത്തിനു മുൻപിൽ ഇതെന്ത്. വെന്തപ്പോൾ പുതിയ വിഭവത്തെ അവിയൽ എന്നു വിളിച്ച് അവതരിപ്പിച്ചു.

അന്നേ വരെ രുചിക്കാത്ത വിഭവത്തെ വിരാടനു വളരെ ഇഷ്ടമായി. വലലന്റെ കൈപ്പുണ്യത്തിനു നൂറു സ്വർണ്ണ വരാഹൻ സമ്മാനമായി നൽകിയെന്നതു പുരാണം. പിന്നീടു യുഗാന്തരങ്ങളിലൂടെ അവിയൽ അസംഖ്യം കരങ്ങളിലൂടെ കടന്ന് ഇന്നത്തെ രുചിയിലേക്ക് എത്തി. ഉത്തരേന്ത്യയിൽ പിറവിയെടുത്ത അവിയൽ, രുചിയിലും ചേരുവയിലും രൂപമാറ്റം സംഭവിച്ചാണ് ആര്യന്മാർക്കൊപ്പം കേരളത്തിലേക്ക് എത്തിയെന്നു പറയുന്നു.

bheeman

അപ്പോ, ആധുനിക അവിയലിന്റെ കഥയോ..?

സ്വാതി തിരുനാളിന്റെ കാലത്തു പത്മനാഭ സ്വാമി ക്ഷേത്രത്തിൽ മുടങ്ങാതെ മുറജപം നടക്കുമായിരുന്നു. ദിവസങ്ങളോളം നടക്കുന്ന പൂജയിൽ പങ്കെടുക്കാനായി ദൂര ദിക്കുകളിൽ നിന്നു വേദ പണ്ഡിതന്മാരെത്തും. കൂറ്റൻ കുട്ടകങ്ങളിൽ ചോറു തിളച്ചു മറിയുന്ന വലിയ പാചകപ്പുരകൾ. പൂജയുടെ അവസാന ദിവസമായപ്പോഴേക്കും കലവറയിലെ പച്ചക്കറികളൊക്കെ കുറഞ്ഞു. പുതിയവ എത്തിക്കാനുള്ള സമയവുമില്ല. 

അവസരത്തിനൊത്ത് ഉയർന്ന മുഖ്യ പാചകക്കാരൻ പെട്ടെന്ന് ‘വലലൻ ഭീമൻ’ ആയി. കയ്യിൽ കിട്ടിയ പച്ചക്കറികളൊക്കെ അരിഞ്ഞു വേവിച്ച് തേങ്ങയും വെളിച്ചെണ്ണയും ചേർത്തൊരു വിഭവമുണ്ടാക്കി. രാജാവിനും വിശിഷ്ട വ്യക്തികൾക്കും വളരെ ഇഷ്ടപ്പെട്ട ഇൗ വിഭവമാണ് അവിയലിന്റെ പൂർവികൻ എന്നു മറ്റൊരു കഥ.

പ്രാദേശികമായി അവിയലിന്റെ സ്വാദ് വ്യത്യസ്തമായിരിക്കുമെങ്കിലും പുളി രസം കിട്ടാനായി പച്ചമാങ്ങ, തൈര്, വാളൻപുളി ഇവയിൽ ഏതെങ്കിലുമാണു പൊതുവേ ഉപയോഗിക്കുന്നത്.

അവിയൽ
ചേരുവകൾ
ചേന, കാരറ്റ്, മത്തങ്ങ, മുരിങ്ങക്കായ, പച്ചപ്പയർ, മാങ്ങ, കായ, ബീൻസ്, കുമ്പളങ്ങ – എല്ലാം ഓരോ കപ്പ്.
തേങ്ങ, പച്ചമുളക്, വേപ്പില, ജീരകം, മഞ്ഞൾപ്പൊടി, മുളക് പൊടി, ഉപ്പ്, വെളിച്ചെണ്ണ

പാകം ചെയ്യുന്ന വിധം
ചുവട് കട്ടിയുള്ള പാത്രം (ഉരുളി) അടുപ്പിൽ ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് ചേന വഴറ്റിയെടുക്കണം. എളുപ്പത്തിൽ വേകാനും രുചി മുന്നിലെത്താനുമാണ് ഈ വഴറ്റൽ. നന്നായി വഴന്നു വരുമ്പോൾ മാങ്ങയും മുരിങ്ങക്കായും ഒഴികെയുള്ള എല്ലാ പച്ചക്കറികളും ചേർത്തു മുളക്, മഞ്ഞൾ പൊടികളും ഉപ്പും ഇട്ട് ഇളം തീയിൽ അടച്ചു വച്ചു വേവിക്കാം. 5 മിനിറ്റിനു ശേഷം മാങ്ങയും മുരിങ്ങക്കായും ചേർക്കാം. ശേഷം തേങ്ങ ചിരകിയതും പച്ചമുളകും ജീരകവും മിക്സിയിൽ ഒതുക്കിയെടുത്ത അരപ്പു ചേർത്ത് ഇളക്കണം. ഇതെല്ലാം നന്നായി വരുമ്പോൾ തീ കെടുത്തി കറിവേപ്പിലയും വെളിച്ചെണ്ണയും ഒഴിച്ച് ഒന്നു കൂടി ഇളക്കിയാൽ അവിയൽ തയ്യാർ.

പാചകം ചെയ്തത്

മീര ശിവദാസ്
മണ്ണൂങ്ങൽ ഹൗസ്
പെരുമ്പിലാവ് റോഡ്
ഗൂരുവായൂർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com