ADVERTISEMENT

കാണം വിറ്റും ഓണം ഉണ്ണുന്ന നാട്ടിൽ 28 വർഷമായി ഓണസദ്യ കഴിക്കാത്ത ഒരാൾ. സദ്യ മാത്രമല്ല, ചോറും ഉണ്ണാറില്ല. ചങ്ങനാശേരി എസ്ബി സ്കൂളിനു സമീപം ഇവന്റ് മാനേജ്മെന്റ് സ്ഥാപനം നടത്തുന്ന തൃക്കൊടിത്താനം കളരിക്കൽ അമൽ സെബാസ്റ്റ്യനാണ് സദ്യ ചപ്പാത്തിയിലൊതുക്കുന്നത്.

ചോറുണ്ടു, പനിയായി

ഒരു വയസ്സ് തികഞ്ഞപ്പോൾ മാതാപിതാക്കളും ബന്ധുക്കളും ചേർന്ന് ആഘോഷമായി ചോറൂണ് നടത്താൻ ശ്രമിച്ചു. അന്ന് ചോറു കഴിക്കാൻ ശ്രമിച്ചപ്പോൾ അമൽ അസ്വസ്ഥത പ്രകടിപ്പിച്ചു. പനി പിടിച്ച് ആശുപത്രിയിലായി. രോഗം കുറഞ്ഞപ്പോൾ വീണ്ടും ചോറൂണു നടത്താൻ ശ്രമിച്ചെങ്കിലും വീണ്ടും പനിയായി. ഇതോടെ ആ ശ്രമം ഉപേക്ഷിച്ചു. പിതാവ് കെ.ജെ.സെബാസ്റ്റ്യൻ ചോറിനു പകരം പുട്ട് കഴിക്കാൻ കൊടുത്തു. വീട്ടുകാർ അമലിനെ അതുവരെ വിളിച്ചിരുന്ന തോമാച്ചൻ എന്ന പേര് അതോടെ പുട്ട് തോമാ‍ എന്നായി.

പാലപ്പം, ഇടിയപ്പം

ആറാം ക്ലാസിൽ പഠിക്കുമ്പോൾ ഇടുക്കിയിൽ ബന്ധുവിന്റെ വിവാഹത്തിനു പോയി. സദ്യ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സമീപത്തെ കടയിൽനിന്നു വാങ്ങിയ റൊട്ടിയും തേനുമാണ് അന്നു കഴിച്ചത്. ഇതുകണ്ടു ചിലർ കളിയാക്കിയതു വേദനയുണ്ടാക്കി. മലയാളിയല്ലേ എന്നായിരുന്നു പലരുടെയും ചോദ്യം. അഞ്ചാംക്ലാസിൽ പഠിക്കുമ്പോൾ ക്ലാസിലെ സുഹൃത്ത് ബലമായി പിടിച്ചു ചോറ് വായിൽ വയ്ക്കാൻ ശ്രമിച്ചപ്പോൾ അമൽ ബോധം കെട്ടു വീണു. പിന്നീട് ആരും ചോറുണ്ണാൻ നിർബന്ധിച്ചിട്ടില്ല. ഇപ്പോഴും സദ്യയ്ക്കു പോയാൽ പാലപ്പമോ ഇടിയപ്പമോ കഴിക്കും. കറികളെല്ലാം കൂട്ടും. 

കാരണമറിയില്ല

ചോറിൽ തൊട്ടാൽ കൈ വിറയ്ക്കും. ഡോക്ടർമാരോട് പ്രശ്നം പറഞ്ഞെങ്കിലും ഈ ശീലത്തിനു പിന്നിൽ പ്രത്യേക കാരണമൊന്നും ഇല്ലെന്നായിരുന്നു മറുപടി. ബിരിയാണി ഉൾപ്പെടെയുള്ള മറ്റെല്ലാ ഭക്ഷണവും കഴിക്കും. ഭാര്യ സ്റ്റെനിക്കു വിവാഹത്തിനു മുൻപുതന്നെ അമലിന്റെ ചോറ് വിരോധം അറിയാം. തിരുവോണത്തിന് അമ്മ മേഴ്സിക്കും സ്റ്റെനിക്കുമൊപ്പം ഇലയിട്ടു സദ്യയുണ്ണാൻ അമലും ഇരിക്കും. കറികൾക്കു പിന്നാലെ ഇലയിൽ വിളമ്പുക ചപ്പാത്തിയാണെന്നു മാത്രം.

English Summary : Chappathi Sady for Amal Sebastian.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com