ADVERTISEMENT

കാൽ നൂറ്റാണ്ടായി പാചക രംഗത്തുള്ള കീരിക്കാട് തെക്ക് അമ്പിളിനിലയത്തിൽ മോഹനൻപിള്ള ഒരുകാലത്ത് 3500 പേർക്കുള്ള വിവാഹ സദ്യ വരെ ഒരുക്കിയിട്ടുണ്ട്. സപ്താഹ വേദികളിലെയും നിറ സാന്നിധ്യമായിരുന്നു. ആറന്മുള സദ്യയും അമ്പലപ്പുഴ പാൽപായസവും മോഹനൻ പിള്ളയുടെ പാചക ജീവിതത്തിന്റെ ഭാഗമായിട്ടുണ്ട്. 

എന്നാൽ കോവിഡ് വന്നതോടെ എല്ലാം തകർന്നതായി മോഹനൻപിള്ള പറയുന്നു. ഏറ്റവും കൂടുതൽ പാചകം ഉണ്ടായിരുന്ന നാളുകളായിരുന്നു ചിങ്ങമാസം. വിവാഹത്തിന് പുറമേ ഓണസദ്യയും ഈ സമയത്ത് ഒരുക്കി നൽകിയിരുന്നു. 

തുടക്കത്തിൽ  ശബരിമലയിൽ ഹോട്ടൽ നടത്തിയിരുന്നതിനാൽ പമ്പ കേറ്ററിങ് എന്ന പേരിലാണ് പാചകം ചെയ്തിരുന്നത്. ഇപ്പോൾ പുതിയവിള വേലൻചിറയിൽ ഒരു ചെറിയ ഹോട്ടൽ നടത്തുന്നുണ്ടെങ്കിലും പിടിച്ച് നിൽക്കാൻ കഴിയുന്നില്ല.

പാവയ്ക്കയുടെ കയ്പ് അറിയിക്കാതെ കിച്ചടി ഉണ്ടാക്കുന്നതിനെ പറ്റി പറയുകയാണ് മോഹനൻ പിള്ള. നാവിന് വ്യത്യസ്ത രുചികളേകുന്ന കിച്ചടി എന്ന വിഭവം വെണ്ടയ്ക്ക, ബീറ്റ്റൂട്ട് തുടങ്ങി പല പച്ചക്കറികളും ഉപയോഗിച്ച് ഉണ്ടാക്കാം. ചെറിയ പുളിപ്പും കയ്പ് രസവും അടങ്ങുന്ന പാവയ്ക്ക കിച്ചടിയാണ് ആളുകൾക്ക് വേറിട്ട രുചി നൽകുന്നത്.

തയാറാക്കുന്ന വിധം

പാവയ്ക്ക വട്ടത്തിൽ അരിഞ്ഞ് ചൂടായ എണ്ണയിൽ വറുത്ത് കോരുക. തുടർന്ന് കൈ കൊണ്ട് ചെറുതായി പൊടിച്ച് മാറ്റി വയ്ക്കുക. ചീന ചട്ടിയിൽ അൽപം എണ്ണ ചൂടാക്കി അതിലേക്ക് കടുക് ആദ്യം ഇടുക. ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത്, വെളുത്തുള്ളി ചതച്ചത്, പച്ചമുളക് വട്ടത്തിൽ അരിഞ്ഞത്, ഒരിതൾ കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. 

ഇവ വാടി വരുന്ന സമയത്ത് വറ്റൽമുളക് ഇടുക. തുടർന്ന് തീ കുറച്ച് ജീരകപ്പൊടി, ഉലുവാപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ഇളക്കിയതിനു ശേഷം പൊടിച്ച് വച്ച പാവയ്ക്കയും ചേർത്ത് തണുക്കാൻ വയ്ക്കുക. ഈ സമയം നെയ്യ് താളിക്കുക. തണുത്ത് കഴിയുമ്പോൾ തൈര് ചേർത്ത് നല്ല വണ്ണം ഇളക്കി ഒരിതൾ കറിവേപ്പില മുകളിൽ വിതറുക.

10 പേർക്കുള്ള കിച്ചടി: ചേരുവകൾ

പാവയ്ക്ക 200 ഗ്രാം, വറുക്കാനും കടുവറക്കാനുമായുള്ള വെളിച്ചെണ്ണ 250 ഗ്രാം, തൈര് 500 ഗ്രാം, പാണ്ടിമുളക് 5 എണ്ണം, കടുക് ഒരു ടീ സ്പൂൺ, ചെറിയ ഉള്ളി 3 എണ്ണം, വെളുത്തുള്ളി 4 അല്ലി, പച്ചമുളക് 5 എണ്ണം, നല്ല ജീരകപ്പൊടി അര ടീസ്പൂൺ, ഉലുവപ്പൊടി കുറച്ച്, കറിവേപ്പില രണ്ടിതൾ, നെയ്യ് ഒരു ടീസ്പൂൺ, ഉപ്പ് ആവശ്യത്തിന്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com