‘സ്വർണ വർണത്തിലുള്ള പപ്പടം രണ്ട്, ഇലയുടെ നടുക്ക് നിലാവിനെ തോൽപിക്കുന്ന ചമ്പാവരിച്ചോറ്...’

HIGHLIGHTS
  • ഓണത്തിനെന്താ പ്രധാനമെന്ന് ചോദിച്ചാൽ, സദ്യ തന്നെ
  • ഉള്ളവന്റേതു മാത്രമല്ല ഓണം. ഇല്ലാത്തവന്റേതു കൂടിയാണ്. പാവപ്പെട്ടവനും വയറു നിറയ്ക്കുന്ന ആഘോഷം
jayaraj-warrier
ജയരാജ് വാരിയർ
SHARE

ഓണത്തിനെന്താ പ്രധാനമെന്നു ചോദിച്ചാൽ, സദ്യ തന്നെ. സദ്യാന്ന് വച്ചാൽ കേമാവണം. പുതിയ ഭാഷയിൽ പറഞ്ഞാൽ പൊളിക്കണം.

ഓണസദ്യ ഉണ്ണാൻ തുടങ്ങിയിട്ടു കാലം കുറെയായി. തൂശനിലയാണു മാധ്യമം. കേരളപ്പച്ചയുടെ തനിപ്പകർപ്പ്. തത്തമ്മപ്പച്ചയും ഗംഭീരാണ്. ഇലയുടെ ഇടത്തെ അറ്റത്തു വടുകപ്പുള്ളി നാരങ്ങാക്കറി. ചുവന്നതും, വെളുത്തതും (ചുവപ്പിൽ അങ്ങാടി മുളക്, വെളുത്തതിൽ പച്ചമുളക്). നേന്ത്രക്കായ വറുത്തതു രണ്ടു തരം. വട്ടത്തിൽ പിന്നെ നാലാക്കി വറുത്തതും. അർധചന്ദ്രാകൃതിയിലുള്ള ശർക്കര ഉപ്പേരി രണ്ടെണ്ണം വേണം.

അടുത്തത് ഇഞ്ചിത്തൈര്. തൈരും ഇഞ്ചിയും പച്ചമുളകും ചേർത്ത ഇഞ്ചിത്തൈര് ആയിരം കറിക്കു സമമാണ്. കറുത്ത നിറത്തിലെ പുളിയിഞ്ചി തൊട്ടടുത്തു വിളമ്പും. സ്വർണ വർണത്തിലുള്ള പപ്പടം രണ്ട്. ഇലയുടെ നടുക്ക് നിലാവിനെ തോൽപിക്കുന്ന ചമ്പാവരിച്ചോറ്.

കാളനാണു പ്രധാന കറി. ഓണത്തിന്റെ സ്പെഷൽ കാളനാണു കുറുക്കു കാളൻ. കാലം മാറിയപ്പോൾ ഒഴിച്ചുകൂട്ടുന്ന കാളനായി. ആദ്യം നേന്ത്രക്കായയും ചേനയും തൈരും ചേർത്ത ശേഷം മറ്റു ചേരുവകൾക്കൂടി ചേർത്ത്, കടുക് വറുത്തിട്ട.... നീണ്ട വറുത്ത മുളക് അലങ്കാരമായി വച്ചിരിക്കുന്ന കാളൻ തൊടുന്നതുതന്നെ രുചികരം.

ഇലയുടെ വലത്തേ അറ്റത്ത് എരിശ്ശേരി, തൊട്ടടുത്തു കൂട്ടുകറി, അവിയൽ, കുമ്പളങ്ങയിൽ വെളിച്ചെണ്ണ ചേർത്തുണ്ടാക്കിയ ഓലൻ, വേണച്ചാൽ തോരൻ...

ഇലയുടെ വലതു വശത്തു കൈനീട്ടിയാൽ കിട്ടുന്ന പരിപ്പും നെയ്യും കൂട്ടി ആദ്യപ്രയോഗം. ശേഷം കാളൻ ഒഴിച്ചു കൂട്ടിക്കുഴച്ച് അടുത്ത ഘട്ടം. ഇഞ്ചിത്തൈരും ഓലനുംകൂട്ടി വെവ്വേറെ അൽപം ഉണ്ടു കഴിഞ്ഞാൽ... രസം വരവായി. തുടർന്നു പായസം... പ്രഥമനിൽ പാലടയാണു കേമൻ. അതിനുശേഷം മോരുകൂട്ടി അൽപം ചോറുകൂടി ആവാം. ഇളം ചൂട് ചുക്കുവെള്ളം ഒരു ഗ്ലാസ് കുടിച്ചു കഴിഞ്ഞാൽ സദ്യ കുശാലായി എന്നുപറയാം.

...ന്നാൽ ഒന്ന് ഉണ്ടാലോ?!

English Summary : Onam Special, Food Talk by Jayaraj Warrier

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA