നൗഷാദിനെ അറിയാത്ത, ആ കൈപ്പുണ്യം രുചിക്കാത്ത തിരുവല്ലാക്കാരില്ല...

HIGHLIGHTS
  • അഞ്ചു വർഷം മുൻപു വരെ കല്യാണം എന്നാൽ ബിരിയാണിയായിരുന്നു. ബിരിയാണി എന്നാൽ നൗഷാദും
  • തിരുവല്ലാ രുചിയുടെ ഒരു അധ്യായം കൂടി താൾ മറിയുന്നു
Chef Naushad
നൗഷാദിനൊപ്പം മലയാള മനോരമ പത്തനംതിട്ട യൂണിറ്റിലെ മുൻ സീനിയർ കോ ഓർഡിനേറ്റിങ് എഡിറ്റർ ക്രിസ് തോമസ്.
SHARE

നിര്യാതനായ, പാചകവിദഗ്ധനും ചലച്ചിത്ര നിർമാതാവുമായ നൗഷാദിനെപ്പറ്റി മലയാള മനോരമ പത്തനംതിട്ട യൂണിറ്റിലെ മുൻ സീനിയർ കോ ഓർഡിനേറ്റിങ് എഡിറ്റർ ക്രിസ് തോമസ് എഴുതുന്നു.

നൗഷാദിനെ അറിയാത്ത, ആ കൈപ്പുണ്യം രുചിക്കാത്ത തിരുവല്ലാക്കാരില്ല
തിരുവല്ലാ രുചിയുടെ ഒരു അധ്യായം കൂടി താൾ മറിയുന്നു. കനിയണ്ണനു പുറകെ മകനും. നൗഷാദിനെ അറിയാത്ത, ആ കൈപ്പുണ്യം രുചിക്കാത്ത തിരുവല്ലാക്കാരില്ല. മമ്പിള്ളി ലച്ചേട്ടനും കനിയണ്ണനുമൊക്കെ കടന്നു പോയപ്പോൾ അനുഭവപ്പെട്ട നീറ്റൽ ഇപ്പോഴും നെഞ്ചിൽ വിങ്ങുന്നു. മൂന്നു വർഷം മുൻപ് എഴുതിയിൽ കൂടുതൽ എന്തു പറയാൻ ?

മേയ് 27, 2018
ഒത്തിരി നാളുകൾക്കു ശേഷം കഴിഞ്ഞ ദിവസം ഞാൻ ഒരു ബിരിയാണി തിന്നു. കനിയണ്ണന്റെ മകൻ സാക്ഷാൽ നൗഷാദ് വക.

അതൊരു കാലമായിരുന്നു. ബേബിച്ചായന്മാർ കുറ്റപ്പുഴ വാണിരുന്ന കാലം. വെളുത്ത ബേബിച്ചായൻ എന്നാൽ കോളജ് ബുക്ക് ഹൗസ് ബേബിച്ചായൻ. കറുത്ത ബേബിച്ചായൻ എന്നാൽ തൊട്ടടുത്ത് പലചരക്കു വ്യാപാരം നടത്തിയിരുന്നയാൾ. ഇരുവരുടേയും കടകൾ റെയിലെടുത്തു പോയി. ഇന്നവിടെ കുറ്റപ്പുഴ വെയ്റ്റിങ് ഷെഡും കറുത്ത ബേബിച്ചായന്റെ കടയുടെ മൂലയും. ഈ കട മതിലുങ്കൽ വകയാണോ എന്നറിയില്ല. എന്നും എപ്പോഴും അതിന്റെ വാതിൽ അടഞ്ഞു തന്നെ.

പറഞ്ഞു വന്നത് കപ്പക്കാലായിലെ പന്തുകളിയെ കുറിച്ചാണ്. ബേബിച്ചായന്മാരുടെ നേതൃത്വത്തിൽ ഫുട്ബോൾ മൽസരം. തോൽക്കുന്നവർ ആരെ പിടത്തിയാലും വേണ്ടില്ല, എല്ലാവർക്കും ഹോട്ടൽ ഭക്ഷണം വാങ്ങി നൽകണം. അങ്ങനെ ഒരവസരത്തിലാണ് ആദ്യമായി നൗഷാദിന്റെ ബിരിയാണി തിന്നത്. നൗഷാദ് എന്നാൽ ഹോട്ടൽ നൗഷാദ്. ഇന്നത്തെ സ്പെൻസർ എന്ന അന്നത്തെ ദീപാ തീയറ്റർ കഴിഞ്ഞാലുടൻ ഇടതു വശത്ത് മൂലയ്ക്ക് കനിയണ്ണന്റെ സ്വന്തം നൗഷാദ്.

നൗഷാദ്
നൗഷാദ് (ഫയൽ ചിത്രം : റോക്കി ജോർജ്)

ഒരു കളിക്കൊടുവിൽ ദോശ കുഴച്ചു തിന്നുന്ന എന്റെ പ്ളേറ്റിലേക്ക് മഗ്ഗിൽ സാമ്പാർ ഒഴിച്ചു തരുന്ന കറുത്ത ബേബിച്ചായനേയും കറുത്ത മുഖത്തോടെ ഈ ധാരാളിത്തത്തെ വിമർശിക്കുന്ന കനിയണ്ണനേയും ഇടക്കിടെ മനസ്സിൽ തെളിയും. ഈശ്വരാ, വലിച്ചു വാരി തിന്നാവുന്ന ആ പ്രായം ഒന്നു തിരിച്ചു തരാമോ? ഒരൊറ്റ ദിവസത്തേക്കു മതി.

അഞ്ചു വർഷം മുൻപു വരെ കല്യാണം എന്നാൽ ബിരിയാണിയായിരുന്നു. ബിരിയാണി എന്നാൽ നൗഷാദും. ഇന്ന് ഈ സ്വഭാവം നമുക്ക് നഷ്ടമായി. എല്ലാവർക്കും ഊണു മതി. എന്നാൽ പിന്നെ വീട്ടിലിരുന്ന് ഉണ്ടാൽ പോരേ? കല്യാണം കൂടാൻ പോകണോ? ഇന്നു കല്യാണം എനിക്ക് ബീഫ് കഴിക്കാൻ മാത്രമുള്ള അവസരമാണ്. മറ്റു പലരും തുറന്നു പറയുന്നില്ല എന്നു മാത്രം.

മതിലുങ്കലെ സജിയുടെ മകൾ ജെനിയുടെ വിവാഹ നിശ്ചയ വേളയിലായിരുന്നു ഏറെ നാളുകൾക്കു ശേഷം ബിരിയാണി വിളമ്പുന്നതു കണ്ടത്. സജി എന്നാൽ നമ്മുടെ പഴയ സാമുവൽ ചേട്ടന്റെ കൊച്ചു മകൻ. ഗൾഫ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന കസിൻ ത്രയങ്ങളിൽ മൂന്നാമൻ. സജിയുടെ പിതാവിനെയും മറ്റും നേരിട്ടു പരിചയമില്ല. കാരണം ഞാൻ കളത്തിലിറങ്ങിയപ്പോഴേക്കും അവരൊക്കെ ഗൾഫ് പറ്റിയിരുന്നു. കുറ്റപ്പുഴയിൽ ആദ്യത്തെ സിഎക്കാരനായിരുന്ന പരേതനായ എം.എസ്. ബേബി, ജോർജ്കുട്ടി എന്നീ ഉപ്പാപ്പന്മാർ ഞങ്ങളുടെ സുഹൃത്തുക്കളായിരുന്നു താനും.

ബിരിയാണിയുടെ രുചി പിടിച്ചു കാടു കയറി. സിനിമാ താരം ക്യാപ്റ്റൻ രാജു പറഞ്ഞ ഒരു കഥ കേൾക്കുക. അദ്ദേഹത്തിന്റെ നാടായ പത്തനംതിട്ടയിൽ പണ്ടൊരിക്കൽ തലശ്ശേരിക്കാർ ഒരു ഹോട്ടൽ തുറന്നു – പേര് എവർഗ്രീൻ. ഇന്നും ആ ഹോട്ടൽ പ്രവർത്തിക്കുന്നുണ്ട്. കോളജ് വിദ്യാർഥിയായ രാജുവിന് ഇവിടെനിന്ന് ബിരിയാണി തിന്നാൻ അവസരം കിട്ടി. സോപ്പ് ഇടാതെ കൈ കഴുകി പോയ അദ്ദേഹത്തിന് പിറ്റേന്നും ബിരിയാണി മണത്തെടുക്കാൻ കഴിഞ്ഞത്രേ. മസാലയുടെ മണം, ഏലത്തിന്റെ ഗന്ധം, ആട്ടിറച്ചിയുടെ സുഗന്ധം...

അന്ന് വൈകിട്ട് അഞ്ചു മണിക്ക് കുളിക്കുന്നതു വരെ ഞാനും കൈ മണത്തു – നൗഷാദിന്റെ സുഗന്ധം.

English Summary : Former senior co-ordinating editor of Malayala Manorama Pathanamthitta unit Chris Thomas writes about celebrated chef and film producer Noushad.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS