മലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷം അടിമാലിക്ക് സമീപം കല്ലാറിലായിരുന്നു, ബർത്ത് ഡേ ആഘോങ്ങൾക്ക് മുറിക്കുവാനുള്ള കേക്ക് തയാറാക്കിയ വിശേഷങ്ങളുമായി അടിമാലിയിലെ ഹോം ബേക്കർ അഞ്ജു...
ഷോപ്പൊക്കെ പൂട്ടി വീട്ടിലെത്തി ഹോട്ട്സ്റ്റാറിൽ സാന്ത്വനം കാണാൻ തയാറെടുക്കുമ്പോഴാണ് അടിമാലി അങ്ങാടിയിൽ നിന്നും അമലിന്റെ കോൾ.
ഒരു കേക്ക് വേണം, പെട്ടെന്നുവേണം 11 മണിക്ക് കിട്ടണം. മമ്മൂക്കയ്ക്ക് ഫാമിലിക്കൊപ്പം കട്ട് ചെയ്യാനാണ്. സമയം നോക്കിയപ്പോ രാത്രി 10 മണി. ഒരു മണിക്കൂർ കൂടിയേയുള്ളൂ.എക്സൈറ്റ് മെന്റിൽ പ്രവീൺ ചേട്ടനോട് പറഞ്ഞപ്പോൾ. "പിന്നെ മമ്മൂക്ക കേക്ക് വാങ്ങിക്കുന്നത് ഈ ഡൂക്കിലി ഷോപ്പിൽ നിന്നല്ലേ. പാതിരാത്രി വേറെ കിട്ടാൻ സാധ്യതയില്ലാത്തതിനാൽ നിന്നെ പറ്റിക്കാനുള്ള നമ്പറായിരിക്കും". വേണോ വേണ്ടയൊയെന്നു സംശയിച്ചു നിന്ന് അല്പം കഴിഞ്ഞപ്പോഴേക്കും ട്രൂ കോളറിൽ അൻസാർ എന്ന നമ്പറിൽ നിന്നും ഒരു കോൾ. ഫോണെടുത്തപ്പോൾ മോളുടെ കൈയിൽ കൊടുക്കാം എന്ന മറുപടി. മറുതലക്കൽ മമ്മൂക്കടെ മോൾ സുറുമി. സിംപിൾ വാൻചോ കേക്ക് മതി. മുകളിൽ വൈറ്റ് ഗനാഷ് മാത്രം, ചെറിയ ചോക്ലേറ്റ് ഡെക്കറേഷൻ എന്തെങ്കിലും മതി, "ഹാപ്പി ബർത്ഡേ ബാപ്പി"എന്നെഴുതണം. ഭാഗ്യം അമൽ പറഞ്ഞിരുന്നത് വാപ്പിച്ചി എന്നാണ്. മമൂക്കക്ക് കേക്ക് അതും എഴുപതാം പിറന്നാൾ ആഘോഷിക്കാൻ, കൈയും കാലും വിറയ്ക്കാൻ തുടങ്ങി.

‘നീയൊന്നടങ്ങെന്റെ അഞ്ജു’ എന്ന പ്രവീൺ ചേട്ടന്റെ ദേഷ്യപ്പെടലിൽ നിലത്തിറങ്ങിയെങ്കിലും വിറയൽ മാറിയിരുന്നില്ല. സർവ ദൈവങ്ങളേയും പ്രാർത്ഥിച്ചു പടപടാന്ന് കേക്കുണ്ടാക്കി. വൈറ്റ് ഗനാഷ് മാത്രം കൊടുത്തതുകൊണ്ട് കേക്കിന് ഒരു ലുക്ക് കുറവ്. കളർ ആയ ഒരു ബർത്ത്ഡേ ടോപ്പർ വച്ചു അഡ്ജസ്റ് ചെയ്യാം എന്നു വിചാരിച്ചപ്പോ ബർത്ത്ഡേ ടോപ്പർ ഒഴികെ മറ്റെല്ലാ ടോപറുമുണ്ട്. സമയം പോകുന്നതിനാൽ അമലിന്റെ ധൃതിയിടൽ ഒരു വശത്ത്. അവസാനം ഉണ്ടായിരുന്ന ചെറിയ ചോക്ലേറ്റ് ഡെക്കറേഷനിൽ കേക്ക് പാക്ക് ചെയ്യുമ്പോൾ അൽപ്പം കൂടി നേരത്തെ ഓർഡർ കിട്ടിയിരുന്നെങ്കിൽ എന്ന നിരാശ ബാക്കി.
എങ്കിലും ജീവിതത്തിൽ മമ്മൂക്കയെപ്പോലുള്ള മഹാനടന്റെ പിറന്നാളിന്, അതും 70– ാം പിറന്നാളിന് കേക്ക് നൽകാൻ സാധിക്കുക എന്നതിൽ കവിഞ്ഞൊരു മഹാഭാഗ്യം ഒരു ഹോം ബേക്കറിനെന്തുണ്ടാവാൻ... നന്ദി അടിമാലി അങ്ങാടിക്കും അമലിനും മമ്മൂക്കാടെ മോൾക്കും. കേക്ക് കട്ട് ചെയ്യുന്നതിന്റെ പിക്ചർ കൂടി ലഭിച്ചിട്ട് സന്തോഷം പങ്കു വയ്ക്കാം എന്നായിരുന്നു വിചാരിച്ചിരുന്നത്. ദൗർഭാഗ്യവശാൽ പിക്ചർ ലഭ്യമായില്ല. Anyways Happy Birthday Mammookkaaaa.....ഇനിയും ഒരുപാടൊരുപാട് നാൾ മലയാളിയുടെ, ഭാരതീയരുടെ അഭിമാനമായി വിളങ്ങാൻ അങ്ങേക്കു സാധിക്കട്ടെ..

English Summary : Mammootty Celebrates 70th birthday in munnar, Cake from a Home baker.