ADVERTISEMENT

കോട്ടയംകാരുടെ വിശേഷ വിഭവമായ പിടിയും കോഴിയും പരിചയപ്പെടുത്തുകയാണ് എഴുത്തുകാരൻ എസ്. ഹരീഷ്

‘‘അന്നെനിക്കു പത്തുവയസ്സ്. കൂട്ടുകാരന്റെ വീട്ടിൽ ആദ്യകുർബാന ആഘോഷം നടക്കുകയാണ്. പള്ളിയിലെ ചടങ്ങുകൾക്കൊന്നും പോകാതെ അവന്റെ വീട്ടിലേക്കെത്തുമ്പോഴേ ചിക്കൻകറിയുടെ മണം മൂക്കിലടിച്ചു തുടങ്ങി. കൂട്ടത്തിൽ സമപ്രായക്കാരായ സുഹൃത്തുക്കളുമുണ്ട്. ചങ്ങാതിയുടെ ബന്ധുക്കളോടൊക്കെ ചെറിയ കുശലം പറഞ്ഞു ഞങ്ങൾ തിണ്ണയുടെ ഓരം ചേർന്ന് ഇരിപ്പിടം കരസ്ഥമാക്കി. പള്ളിയിലെ ചടങ്ങൊക്കെ തീർന്ന് ആദ്യകുർബാനയും സ്വീകരിച്ച് കൂട്ടുകാരനെത്തി. എല്ലാവരുടെയും മുഖത്തു സന്തോഷവും വയറ്റിൽ വിശപ്പും. സൽക്കാരം തുടങ്ങിയതും ഞങ്ങൾ കുട്ടികൾ ആദ്യ നിരയിൽ സ്ഥാനം പിടിച്ചു. അന്നാണ് ആദ്യമായി പിടിയും കോഴിയുമെന്ന കൊതിപ്പിക്കുന്ന ആഹാരം കാണുന്നത്.’’

കോട്ടയംകാരുടെ ഭക്ഷ്യസംസ്കാരം സമ്പന്നമാണ്. വ്യത്യസ്ത രുചിക്കൂട്ടുകൾ കണ്ടെത്താൻ പ്രത്യേക വൈഭവം തന്നെയുണ്ട്. ക്രിസ്മസ്, ഈസ്റ്റർ, മാമോദീസ, ആദ്യകുർബാന ഇങ്ങനെ വിശേഷദിവസങ്ങളിൽ ക്രിസ്ത്യൻ കുടുംബങ്ങളിൽ തയാറാക്കുന്ന ഒരു പരമ്പരാഗത വിഭവമാണു പിടിയും കോഴിയും..

‘‘പിടിയിൽ കോഴിക്കറിയൊഴിച്ച് എല്ലാവരെയും പോലെ ഞങ്ങളും ആസ്വദിച്ചു കഴിച്ചു. കുറച്ചുനേരം കഴിഞ്ഞപ്പോൾ തൊട്ടടുത്തിരിക്കുന്ന കൂട്ടുകാരൻ തൊണ്ടയിൽ പിടിച്ചുകൊണ്ടു വെപ്രാളപ്പെടുന്നു. കാര്യം തിരക്കി, ഒന്നും പറയുന്നില്ല. കണ്ണുകൾ നിറയുന്നുണ്ട്. കാരണവൻമാർക്കു കാര്യം പിടികിട്ടി. ആശാൻ, പിടിയുടെ കൂടെ വിഴുങ്ങിയ കോഴിയുടെ എല്ലൊരെണ്ണം തൊണ്ടയിൽ കുടുങ്ങി. ചോറുരുട്ടിക്കൊടുക്കുന്നതടക്കമുള്ള നാടൻ പ്രയോഗങ്ങൾ നടത്തിയിട്ടും രക്ഷയില്ല. പിന്നെ അമാന്തിച്ചില്ല വണ്ടികൂട്ടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പാഞ്ഞു. പിടിയും കോഴിയുമെന്ന വിശേഷ ആഹാരത്തെക്കുറിച്ചുള്ള ആദ്യ ഓർമയിൽ അൽപം നൊമ്പരമുണ്ടെങ്കിലും അന്നത്തെ സ്വാദ് ഇന്നും മനസ്സിലുണ്ട്. പിടിയും കോഴിയും കഴിക്കാൻ എപ്പോഴൊക്കെ അവസരം കിട്ടിയിട്ടുണ്ടോ അപ്പോഴൊക്കെ മുതലെടുത്തിട്ടുമുണ്ട്.’’

pachakam-pidi-kozhi-photograph
പിടിയും കോഴിയും

പിടിക്കാവശ്യമായ ചേരുവകൾ

അരിപ്പൊടി - ഒരു കിലോ

തേങ്ങ ചിരകിയത് - ഒരു കപ്പ്

ജീരകം - ഒരു സ്പൂൺ

വെളുത്തുള്ളി - പത്തെണ്ണം

തേങ്ങാപ്പാൽ ‍- ഒരു കപ്പ്

കറിവേപ്പില - രണ്ടു തണ്ട്

ഉപ്പ് - പാകത്തിന്

 

തയാറാക്കുന്ന വിധം

പിടിയും കോഴിയും
പിടിയും കോഴിയും

ചീനച്ചട്ടി ചൂടാക്കി അരിപ്പൊടി നന്നായി വറക്കുക. പാകമാകുമ്പോൾ കുറച്ചു തേങ്ങ ചിരകിയതും കൂടി ഇടുക. ജീരകവും വെളുത്തുള്ളിയും ചതച്ചിട്ട് വെള്ളം തിളപ്പിച്ച ശേഷം ഈ വെള്ളം ഉപയോഗിച്ചു വറുത്ത അരിപൊടി കുഴച്ചു ചെറിയ ഉരുളകളാക്കുക. ഉരുളി ചൂടാക്കി അതിലേക്കു ജീരകവും വെളുത്തുള്ളിയും ചേർത്തു തിളപ്പിച്ച വെള്ളം അൽപം ഒഴിച്ച് ഒന്നുകൂടി തിളപ്പിച്ച ശേഷം കറിവേപ്പില, തേങ്ങ ചിരകിയത്, തേങ്ങ പാൽ, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് അതിലേക്കു ഉരുട്ടി വെച്ച ഉരുളകൾ കൂടി ഇട്ടു ചെറുതായി ഇളക്കുക. നന്നായി കുറുകി വരുമ്പോൾ‍ വാങ്ങാം. വറുത്തരച്ച കോഴിക്കറി ചേർത്തു കഴിക്കാം.

കോഴിക്കറി ഉണ്ടാക്കുന്ന വിധം

ചിക്കൻ കഷണങ്ങൾ‍ മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്തു വേവിക്കുക. ഒരു മുറി തേങ്ങ ചിരകിയത്, വറ്റൽ മുളക്, മല്ലിപൊടി, ഗരം മസാല എന്നിവ ചേർത്തു വറുത്ത ശേഷം നന്നായി അരച്ചെടുക്കുക. ചീനച്ചട്ടിയിൽ‍ എണ്ണ ചൂടാക്കി സവാള, ചതച്ച പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ഇട്ടു നന്നായി വഴറ്റുക. ചിക്കൻ മസാല ചേർത്തു വഴറ്റുക. ഇതിലേക്ക്, അരച്ചുവെച്ച തേങ്ങയും പാകത്തിന് ഉപ്പും ചേർത്ത് അൽപം വെള്ളം ഒഴിച്ചു തിളപ്പിക്കുക. വേവിച്ചുവെച്ച ചിക്കൻ കഷണങ്ങൾ കൂടി ചേർത്ത് ചാറു കുറുകുമ്പോൾ വാങ്ങാം.

(അവുലോസ് പൊടി കൊണ്ട‌ുള്ള പിടിയും ഹിറ്റാണ്) 

Content Summary : Novelist S. Hareesh's Food Memoir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com