ADVERTISEMENT

കോഴിക്കോടേയ്ക്കു വന്നാൽ നല്ല മധുരമുള്ള മുളകു കഴിക്കാൻ തരാം. ക്ഷണിക്കുന്നത് എഴുത്തുകാരൻ വി.ആർ. സുധീഷാണ്. മധുരമുള്ള മുളകോ...? സംശയിക്കേണ്ട കോഴിക്കോടിന്റെ പ്രിയ വിഭവം ഹൽവയെക്കുറിച്ചാണു പറയുന്നത്. ഗോതമ്പ്, ഡ്രൈഫ്രൂട്സ്, വത്തക്ക, മാങ്ങ, പൈനാപ്പിൾ, ഇളനീർ തുടങ്ങി ആവശ്യമുള്ള രുചികളിലെല്ലാം ഹൽവ ലഭിക്കും, ഇഷ്ടമുള്ള നിറത്തിലും.

 

ബാല്യത്തിൽ ഹൽവ വിദൂര സ്വപ്നമായിരുന്നെന്നു വി.ആർ. സുധീഷ് പറഞ്ഞു. വിരുന്നുകാരായി ബന്ധുവീടുകളിൽ ചെല്ലുമ്പോൾ മാത്രം ലഭിച്ചിരുന്ന മധുരം. വലിയ കഷ്ണമൊന്നും കിട്ടില്ല, ചെറിയ മിഠായിയോളം വലുപ്പത്തിലൊരെണ്ണം. ബാല്യം വിട്ടാൽ പിന്നെ ഹൽവയ്ക്കു പ്രണയത്തിന്റെ രുചിയാണ്. പ്രണയനിക്ക് (പ്രണയിതാവിന്) ഇഷ്ടമുള്ള നിറത്തിലും രുചിയിലും സമ്മാനിക്കാവുന്ന മധുരം. വിദേശ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം തന്നെയാണ് ഹൽവയുടെ പിറവിക്കു പിന്നിലും. ഹൽവയെന്നും അലുവ എന്നും പറയുന്നവരുണ്ട്. തുടക്കത്തിൽ ചുവപ്പു നിറത്തിലായിരുന്നു ഹൽവ. പിന്നെയതു മഞ്ഞയായി, പതുക്കെ എല്ലാ നിറങ്ങളിലുമായി.

 

കോഴിക്കോടൻ ഹൽവ
Representative Image. Photo Credit : Santhosh Varghese / Shutterstock

ഹൽവയും മിഠായി തെരുവും

കോഴിക്കോടുകാരുടെ സൽക്കാരം ഹൽവ പോലെയാണ്, നുണയുംതോറും രുചി കൂടിക്കൂടി വരും. പൊതികളിൽ നിറച്ച മധുര മിഠായിയുടെ പേരിൽ ഒരു തെരുവു തന്നെയുണ്ടു കോഴിക്കോടുകാർക്ക്. മിഠായി തെരുവ്. പേരിൽ മധുരമുള്ള തെരുവു ലോകത്തിൽ തന്നെ വിരളമായിരിക്കും. ഈ തെരുവിനു പേരു നൽകാൻ പ്രധാന കാരണക്കാരൻ ഹൽവ തന്നെ. ഹൽവയുടെ മധുരം ശരിക്കും ബോധിച്ച യൂറോപ്പുകാർ വ്യത്യസ്ത നിറങ്ങളിൽ ഹൽവകൾ ഒരുക്കുന്ന തെരുവിനെ ‘സ്വീറ്റ് മീറ്റ് സ്ട്രീറ്റ്’ എന്ന് വിളിച്ചു. മധുരമുള്ള ഇറച്ചി വിൽക്കുന്ന തെരുവെന്നാണു സായിപ്പ് ഉദ്ദേശിച്ചത്. അതു ലോപിച്ച് എസ്എം സ്ട്രീറ്റെന്നും പിന്നീടതിനെ മലയാളീകരിച്ചു മിഠായിത്തെരുവെന്നും വിളിച്ചു.

 

ഹൽവ വീട്ടിൽതന്നെ തയാറാക്കിയാലോ

 

 

 

ചേരുവകൾ

 

മൈദ- ഒരു കിലോ

 

വെള്ളം- മൂന്നു കപ്പ്

 

നെയ്യ്- 100 ഗ്രാം

 

പഞ്ചസാര- ഒന്നേകാൽ കിലോ

 

വെളിച്ചെണ്ണ- ഒന്നര ലീറ്റർ

 

കളർ- ഒരു നുള്ള്

 

അണ്ടിപ്പരിപ്പ്- അരക്കപ്പ്

 

മൈദ വെള്ളത്തിൽ കലക്കി കുറച്ചുസമയം വയ്ക്കുക. അതിനുശേഷം നന്നായി ഇളക്കി തുണിയിൽ അരിച്ചെടുത്തു മൈദ പാൽ ശേഖരിക്കുക. ഈ പാൽ മൂന്നു ദിവസം സൂക്ഷിക്കുക. ദിവസവും ഇതിന്റെ മേലെ തെളിഞ്ഞു വരുന്ന വെള്ളം ഒഴിവാക്കി പുതിയത‌ു ചേർക്കുക (പുളിച്ചു പോകാതെ സൂക്ഷിക്കണം)

 

അടി കട്ടിയുള്ള ഒരു ചെമ്പു പാത്രത്തിൽ രണ്ടുഗ്ലാസ് വെള്ളവും പഞ്ചസാരയും ചേർത്തു നന്നായി ഇളക്കി ചൂടാക്കുക. കളറും ചേർത്ത് 500 മില്ലി ലീറ്റർ മൈദപ്പാലും ചേർക്കുക. അഞ്ചു മിനിറ്റിനു ശേഷം ഒന്നര ല‌ീറ്റർ വെളിച്ചെണ്ണ നന്നായി തിളപ്പിച്ച‌ു ഒഴിക്കുക. അതിലേക്കു കുറച്ചു പഞ്ചസാര കൂടി ചേർക്കുക, വെളിച്ചെണ്ണ ഒഴിക്കുമ്പോൾ മൈദ നന്നായി ഒട്ടിപ്പിടിക്കാൻ തുടങ്ങും. അതിൽ നെയ് ചേർത്ത് ഇളക്കുക. കൂടാതെ കശുവണ്ടിപ്പരിപ്പു വിതറുക, തുടർച്ചയായി ഇളക്കി 20 മിനിറ്റു കഴിഞ്ഞാൽ അടുപ്പിൽ നിന്നു മാറ്റാം. അതു കട്ടിയാകുന്നതിനു മുൻപു തന്നെ ഒരു നല്ല പാത്രത്തിലേക്കു മാറ്റി നന്നായി കുത്തിയമർത്തുക, തണുത്ത ശേഷം മുറിച്ചെടുക്കാം.

 

Content Summary : Writer V.R Sudeesh Talks About Kozhikodan Halwa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com