ADVERTISEMENT

ചിലയാളുകളുണ്ട്. അടുത്ത നിമിഷത്തിൽ എന്തുചെയ്യുമെന്ന് അവർക്കുപോലും വലിയ പിടിയുണ്ടാകില്ല. അങ്ങനെയൊരാളാണ് അമേരിക്കൻ ആർട്ടിസ്റ്റും അധ്യാപികയും സെലിബ്രിറ്റി ഷെഫുമായ നതാലി മേരി സൈഡ്സെർഫ്. ഓരോ ആഴ്ചയും വളരെ അപ്രതീക്ഷിതമായൊരു കേക്ക് ഡിസൈൻ ഒരുക്കിക്കൊണ്ടാണ് അവർ ഭക്ഷണപ്രേമികളുടെ മനസ്സു കവരുന്നത്.

കണ്ടാൽ യഥാർഥ വസ്തുവെന്നു തോന്നുന്ന ഹൈപ്പർ റിയലിസ്റ്റിക് കേക്ക് മേക്കിങ്ങിലാണ് കക്ഷിയുടെ സ്പെഷലൈസേഷൻ. അടുത്തിടെ നതാലി പങ്കുവച്ച ഒരു സ്പെഷൽ കേക്ക് വിഡിയോ ഭയത്തോടെയാണ് ആളുകൾ സ്വീകരിച്ചത്. ആദ്യ കാഴ്ചയിൽ ഭയം തോന്നുമെങ്കിലും പിന്നെ അത് നതാലിയുടെ കഴിവിനോടുള്ള ആരാധനയായി മാറുമെന്നു പറഞ്ഞുകൊണ്ടാണ് പലരും ആ വിഡിയോ പങ്കുവച്ചത്. ബനാന പൈതൺ എന്ന പേരിൽ ഒരു പാമ്പിന്റെ രൂപത്തിലുള്ള കേക്കൊരുക്കിയാണ് നതാലി ആളുകളെ ഭയപ്പെടുത്തിയത്.

 

കേക്ക് ഒരുക്കാൻ തീരുമാനിച്ചതു മുതലുള്ള കാര്യങ്ങൾ വളരെ വിശദമായിത്തന്നെ നതാലി പ്രേക്ഷകരോട് വിഡിയോയിലൂടെ പങ്കുവയ്ക്കുന്നുണ്ട്. പാമ്പിന്റെ രൂപത്തിലുള്ള കേക്കുണ്ടാക്കണമെന്ന് തീരുമാനിച്ച ശേഷം ഏതിനത്തിലുള്ള പാമ്പ് വേണമെന്ന് ഉറപ്പിക്കാൻ താൻ നടത്തിയ ചില അന്വേഷണങ്ങളെക്കുറിച്ചും നതാലി വിശദീകരിക്കുന്നു. ആദ്യം റാറ്റിൽ സ്നേക്കിന്റെ രൂപത്തിൽ കേക്കുണ്ടാക്കിയാലോ എന്ന് ആലോചിച്ചു. പക്ഷേ ഒരു ക്യൂട്ട് സ്നേക്കിന്റെ രൂപം വേണ്ടിയിരുന്നതിനാൽ ആ തീരുമാനം ഉപേക്ഷിച്ചു. പിന്നെ ചിന്ത കോറൽ സ്നേക്ക് ആയാലോ എന്നായി. അതു വളരെ ചെറുതായതിനാൽ വേണ്ടെന്നു വച്ചു. പിന്നീടാണ് പെറ്റ് സ്നേക്കായ ബോൾ പൈത്തണിന്റെ രൂപത്തിൽ കേക്ക് ഉണ്ടാക്കാമെന്ന് തീരുമാനിച്ചു.

 

ചോക്ലേറ്റ് കേക്കുണ്ടാക്കി അതിനു മുകളിൽ പിസ്ത ക്രീം തേച്ചുപിടിപ്പിച്ച് അതു മിനുക്കിയുരുട്ടി പാമ്പിന്റെ ആകൃതിയാക്കി. ഐവറി വൈറ്റ് ചോക്ലേറ്റ് ഉപയോഗിച്ചാണ് പാമ്പിന്റെ തൊലിക്കു സമാനമായ ബേസ് കോട്ട് ഉണ്ടാക്കിയത്. പിന്നെ കോട്ടിങ് ടൂൾസ് ഉപയോഗിച്ച് കേക്കിന് പാമ്പിന്റെ രൂപം നൽകി.  പാമ്പിന്റെ ശരീരത്തിലുള്ള ശൽക്കങ്ങൾ സൃഷ്ടിക്കാൻ ലൂഫർ (കുളിക്കുമ്പോൾ ശരീരത്തിൽ സോപ്പ് തേച്ച് ഉരച്ചു കഴുകാനുപയോഗിക്കുന്ന വല പോലെയുള്ള വസ്തു) ഉപയോഗിച്ചു. ലൂഫറിന്റെ വലക്കണ്ണികൾ കേക്കിനു പുറത്തു വച്ച് അമർത്തിയാണ് ശൽക്കങ്ങൾ സൃഷ്ടിച്ചത്. പേസ്റ്റൽ യെല്ലോ നിറം കൊണ്ട് മഞ്ഞപ്പുള്ളികൾ വരച്ചു. 

 

താനുണ്ടാക്കിയ കേക്കുകളിൽ ഏറെ പ്രയാസമുള്ള ഒന്നായിരുന്നു ബനാന പൈതൺ കേക്കെന്ന് നതാലി പറയുന്നു. ചുരുണ്ടിരിക്കുന്ന പാമ്പിന്റെ രൂപം കേക്കിലുണ്ടാക്കിയെടുക്കുക എന്നത് വളരെ ശ്രമകരമായിരുന്നു. സ്വന്തം രൂപത്തിലുള്ള കേക്ക് (സെൽഫി കേക്ക്), പക്ഷിമൃഗാദികൾ, ഭക്ഷണ സാധനങ്ങൾ അങ്ങനെ മുന്നിൽക്കാണുന്ന എന്തു രൂപത്തിലും കേക്കുണ്ടാക്കുന്ന നതാലി സ്വന്തം രൂപത്തിൽ സെൽഫി കേക്കുമുണ്ടാക്കിയിട്ടുണ്ട്. റിയലിസ്റ്റിക് കേക്ക് മേക്കിങ്ങിലെ ഏറ്റവും കഴിവുള്ള യുവകേക്ക് ആർട്ടിസ്റ്റുകളിലൊരാൾ എന്ന വിശേഷണമാണ് ഫൂഡ്നെറ്റ്‌വർക്ക് നതാലിക്കു നൽകിയിരിക്കുന്നത്. ഒഹിയോയിലെ ബേൺസ്വിക്കിൽ ജനിച്ച നതാലി ഒഹിയോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഫൈൻ ആർട്‌സിൽ ബിരുദവും നേടിയിട്ടുണ്ട്. 

 

അടുത്താഴ്ച എന്തു സർപ്രൈസ് കേക്കാകും ഒരുക്കുന്നതെന്ന് ആരാധകർ ചോദിച്ചാൽ ചിരിച്ചുകൊണ്ട് നതാലിയുടെ ഉത്തരം ഇങ്ങനെ: അതെനിക്കുപോലും അറിയില്ല!

Content Summary : Realistic Banana Python Cake By Natalie Sideserf

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com