അന്ന് അധികൃതർ കട ഒഴിപ്പിച്ചു; ഇന്നവിടെ കിട്ടും ഉപരാഷ്ട്രപതിയെ വരെ കൊതിപ്പിച്ച ഇഡ്ഡലി

HIGHLIGHTS
  • ഉപരാഷ്ട്രപതിയുടെ ട്വീറ്റോടെ ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും എത്തിയിരിക്കുകയാണ് മില്ലറ്റ് ഇഡ്ഡലിയുടെ പെരുമ.
  • മണിക്കൂറിൽ 200 പ്ലേറ്റ് എന്ന കണക്കിനാണ് ഇഡ്ഡലി വിതരണം
collage-R
SHARE

സൂര്യൻ ഉദിക്കും മുൻപേ ഈ ഇഡ്ഡലിക്കടയുടെ മുൻപിൽ ക്യൂ ആരംഭിക്കും. വിശാഖപട്ടണം എംവിപി കോളനിയിലെ ‘വസെന പൊലി’ വഴിയോരക്കടയിൽ വേവുന്ന ഇഡ്ഡലി സാധാരണ ഇഡ്ഡലിയല്ല, എട്ടു കൂട്ടം പോഷക സമൃദ്ധമായ ധാന്യപ്പൊടികളിൽ നിന്നാണ് ഇവിടെ സ്പെഷൽ രുചി തയാറാക്കുന്നത്. പ്രത്യേക തരം ഇലകളിൽ പൊതിഞ്ഞാണ് ഓരോ ഇഡ്ഡലിയും വേവിച്ചെടുക്കുന്നത്. ആ രുചിക്കു പിന്നിൽ ഒരു ചെറുപ്പക്കാരന്റെ കൈപ്പുണ്യമുണ്ട്, ഒപ്പം അദ്ദേഹം കണ്ട വലിയൊരു സ്വപ്നവും. 

ആന്ധ്രയിലെ കർഷകരുടെ ക്ഷേമത്തിനു വേണ്ടിയാണ് ചിറ്റെം സുധീർ എന്ന യുവാവ് ഈ പുതിയ സംരംഭം ആരംഭിച്ചത്. ചെറു ധാന്യങ്ങൾ അരച്ച് തയാറാക്കുന്ന ഈ ഇഡ്ഡലിയുടെ സ്വാദിനെക്കുറിച്ച് അടുത്തിടെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ട്വീറ്റ് ചെയ്തതോടെ ഒട്ടേറെ പേരാണ് സുധീറിന്റെ സ്റ്റാളിലേക്ക് എത്തുന്നത്. സംരംഭകനെന്നാണ് വെങ്കയ്യ നായിഡു ചിറ്റെം സുധീറിനെ വിശേഷിപ്പിച്ചത്. പാചക വിദഗ്ധൻ കൂടിയായ അദ്ദേഹത്തിന്റെ കഥയാണിനി. ഒപ്പം ഉപരാഷ്ട്രപതിയെ വരെ കൊതിപ്പിച്ച ഇഡ്ഡലിയുടെയും...

chittem-sudheer
ചിറ്റെം സുധീർ

രുചിയും കർഷകരോട് കരുതലും

2018 സെപ്റ്റംബറില്‍ 50,000 രൂപ മുതൽമുടക്കിലാണ് ഈ അപൂർവരുചികളുടെ ഭക്ഷണശാലയ്ക്ക് സുധീർ തുടക്കം കുറിച്ചത്. ഇഡ്ഡലിക്ക് തെലുങ്ക് ഭാഷയിൽ പേര് ‘വസെന പൊലി’യെന്നാണ്, ആ പേരു തന്നെയാണ് കടയ്ക്കും. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദ ജേതാവാണ് സുധീർ. അതോടൊപ്പം ജൈവ കൃഷിയെക്കുറിച്ചും അദ്ദേഹം പഠിച്ചു. രണ്ടു വർഷത്തോളം ആന്ധ്രയുടെ വടക്ക് കർഷകരും ഗോത്രവിഭാഗക്കാരുമായി കൂടുതൽ ഇടപ്പെട്ടു. അങ്ങനെയാണ് ചെറു ധാന്യങ്ങളുടെ ഗുണങ്ങളും കരുത്തും മനസിലാക്കിയത്. 

പോഷകഗുണമേറിയതാണെങ്കിലും അധികമാരും ഈ ധാന്യങ്ങൾ ഉപയോഗിക്കുന്നില്ല. നഗരത്തിലേക്ക് ഇത് എങ്ങനെ എത്തിക്കുമെന്ന ആലോചനയായിരുന്നു പിന്നീട്. ഈ ധാന്യങ്ങൾ ചേർത്തു രുചി ഒരുക്കുന്നതിന് ഒരു യുട്യൂബ് വിഡിയോയും കാണേണ്ടതില്ലെന്ന് ആദ്യമേ തന്നെ സുധീർ തീരുമാനിച്ചിരുന്നു. അങ്ങനെയാണ് സ്വന്തമായി ചില പാചക പരീക്ഷണത്തിന് തയാറായത്. ആന്ധ്ര സർവകലാശാലയിലെ വിദഗ്ധരും ചെറുധാന്യം സംബന്ധിച്ച ഗവേഷണ കേന്ദ്രവുമെല്ലാം ഇതിന്റെ പോഷകമൂല്യം നഷ്ടപ്പെടാതിരിക്കാനുള്ള ‘ടിപ്പുകൾ’ നൽകി.

മില്ലെറ്റ് ഇഡ്ഡലി
മില്ലെറ്റ് ഇഡ്ഡലി

എങ്ങനെയൊരുക്കും മില്ലെറ്റ് ഇഡ്ഡലി?

ധാന്യപ്പൊടി 8 മണിക്കൂർ വെള്ളത്തിൽ കുതിർത്ത ധാന്യങ്ങൾ അരച്ച് 8 മണിക്കൂർ പുളിപ്പിച്ച് എടുത്താണ് തനതായ രുചിയിൽ മില്ലറ്റ് ഇഡ്ഡലി തയാറാക്കുന്നത്. മൂന്ന് ഇഡ്ഡലിയാണ് ഒരു പ്ലേറ്റിലുള്ളത്. അതും മൂന്നു തരം ചെറുധാന്യപ്പൊടി കൊണ്ട് തയാറാക്കിയത്. മൊത്തം എട്ടിനം ധാന്യപ്പൊടികളാണ് കടയിൽ ഉപയോഗിക്കുന്നത്. ഇഡ്ഡലിയോടൊപ്പം ലഭിക്കുന്ന ചമ്മന്തിക്കുമുണ്ട് പ്രത്യേകത. ചുരയ്ക്ക, ഇഞ്ചി, കാരറ്റ് തുടങ്ങിയവ ചേർത്തുള്ള ഈ ചമ്മന്തി എത്ര വേണമെങ്കിലും ഇഡ്ഡലിക്കൊപ്പം ലഭിക്കും. ഇതോടൊപ്പം കടലപ്പരിപ്പു ചേർത്ത സ്ഥിരം ചമ്മന്തിയുമുണ്ടാകും. പ്ലേറ്റ് ഒന്നിന് 50 രൂപയാണു വില.

കേരളത്തിലും മറ്റും കാണുന്ന ഇഡ്ഡലിയുമായി രൂപത്തിൽപ്പോലും സാമ്യമില്ല സുധീറിന്റെ സ്പെഷലിന്. ആന്ധ്രയിലും ഒഡീഷയിലുമെല്ലാം കാണപ്പെടുന്ന ‘അഡ്ഡക്ക്’ എന്ന ഇല കൊണ്ട് കോൺ തയാറാക്കി അതിൽ മാവ് നിറച്ചാണ് ഈ ഇഡ്ഡലി തയാറാക്കുന്നത്. ഇലകളുടെ ഔഷധഗുണവും സുഗന്ധവും ചെറുധാന്യങ്ങളിലേക്ക് ചേർന്ന് വെന്തുചേരുന്നതോടെ രുചി ഇരട്ടിയുമാകും. 

millet-idli-making
മില്ലെറ്റ് ഇഡ്ഡലി

അയൺ, മഗ്നീഷ്യം, പൊട്ടാസ്യം, ചെമ്പ് തുടങ്ങിയ ധാതുക്കളുടെ അംശം ധാരാളം അടങ്ങിയതാണ് കൂവരക്, സൊർഗം, ബജ്റ, കൊടോ, ചാമ, തിന, വരക്, ബാർലി എന്നിങ്ങനെയുള്ള ചെറു ധാന്യങ്ങൾ. വൈറ്റമിൻ ബി6, സി, ഇ, കെ എന്നിവയും ധാരാളമായുണ്ട്. ആന്ധ്രയിലെ ഗോത്ര മേഖലയിൽ വളരെ സുലഭമായി ഇവ ലഭിക്കും. കൃഷിയും എളുപ്പം. 

അരിയേക്കാൾ പോഷകമൂല്യം ഉള്ള ഈ ചെറു ധാന്യങ്ങൾ കർഷകരിൽ‌നിന്ന് നേരിട്ട് വാങ്ങുകയാണ് സുധീർ ചെയ്യുക. ഓരോ മാസവും 700 കിലോയോളം ചെറു ധാന്യങ്ങൾ വിജയനഗർ, ശ്രീകാകുളം, വിശാഖപട്ടണം എന്നിവിടങ്ങളിലെ ഗ്രാമത്തിലെത്തി കർഷകരിൽനിന്നു വാങ്ങും. ഓരോ കിലോയ്ക്കും വിപണിയിലെ അടിസ്ഥാന വില 30 രൂപയാണെങ്കിലും 70 രൂപ നിരക്കിലാണ് സുധീർ കർഷകരിൽനിന്നു വാങ്ങുന്നത്. അതുവഴി കർഷകർക്കുണ്ടാകുന്ന ലാഭവും ചെറുതല്ല.

ആദ്യം പരാതി, പിന്നെ സൂപ്പർഹിറ്റ്

വിശാഖപട്ടണത്ത് ലോസൺസ് ബേ കോളനിയിൽ ബീച്ചിനോടു ചേർന്നായിരുന്നു സുധീർ കച്ചവടം ആരംഭിച്ചത്. തുടക്കത്തിൽ വയോജനങ്ങളായിരുന്നു ഇവിടുത്തെ കസ്റ്റമർമാർ. എന്നാൽ വൈകാതെ ചെറുപ്പക്കാരും എത്തിത്തുടങ്ങി. ഓഫിസിലേക്കുള്ള ഓട്ടത്തിനിടെയും തിരികെ പോകുമ്പോഴും പലരും ആ കൊച്ചു കടയിൽ ഭക്ഷണത്തിനായി കാത്തുനിന്നു. ചെറുതല്ലാത്ത ഗതാഗതക്കുരുക്കും ഇത് സൃഷ്ടിച്ചു. പ്രദേശവാസികളിലൊരാൾ പരാതി കൂടി നൽകിയതോടെ മുൻസിപ്പിൽ അധികൃതരെത്തി കട മാറ്റാൻ പറഞ്ഞു. പക്ഷേ അതിനോടകം ഒരു ‘ഇഡ്ഡലി ഫാൻസ്’ കൂട്ടായ്മയെത്തന്നെ സുധീർ അവിടെ സൃഷ്ടിച്ചിരുന്നു.

അങ്ങനെ എംവിപി കോളനിയിലേക്ക് കട മാറ്റി. ഒപ്പം ഓൺലൈനായുള്ള വിതരണവും ആരംഭിച്ചു. അതോടെ പ്രദേശമാകെ മില്ലറ്റ് ഇഡ്ഡലി ഹിറ്റോടുഹിറ്റ്. വൈകാതെതന്നെ വഴിയോരത്തുനിന്നു മാറി തന്റെ മില്ലറ്റ് ഇഡ്ഡലി സ്പെഷലുമായി ഒരു സ്ഥിരം കട ആരംഭിക്കാനാണ് സുധീറിന്റെ നീക്കം. ഉപരാഷ്ട്രപതിയുടെ ട്വീറ്റോടെ ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും എത്തിയിരിക്കുകയാണ് മില്ലറ്റ് ഇഡ്ഡലിയുടെ പെരുമ. വ്ലോഗർമാർ ഉൾപ്പെടെ കട തേടി വരുന്നുമുണ്ട്. നിലവിൽ, തിരക്കേറിയ ഒരു ദിവസും മണിക്കൂറിൽ 200 പ്ലേറ്റ് എന്ന കണക്കിനാണ് ഇഡ്ഡലി വിതരണം ചെയ്യുന്നതെന്നും സുധീർ പറയുന്നു. വൈകാതെതന്നെ കൂടുതൽ ഇടങ്ങളിലേക്ക് മില്ലെറ്റ് ഇഡ്ഡലിക്കടകൾ എത്തിക്കാനുള്ള ശ്രമത്തിലാണ് സുധീർ.

ചെറുതല്ല ചെറുധാന്യങ്ങൾ

പ്രമേഹവും അനുബന്ധ രോഗങ്ങളും കാൻസറും പിടിമുറുക്കുന്ന ഇക്കാലത്ത് അവയെ ചെറുക്കുന്ന ഭക്ഷണരീതി നാം സ്വീകരിക്കണമെന്ന് പോഷക വിദഗ്ധർ പറയുന്നു. കുറഞ്ഞ തോതിൽ കൊഴുപ്പും ഉയർന്ന അളവിൽ പ്രോട്ടീനും ഭക്ഷ്യനാരും ധാതുലവണങ്ങളും അടങ്ങിയ ഭക്ഷണമാണ് ജീവിതശൈലീരോഗങ്ങളെ മറികടക്കാനുള്ള മന്ത്രമായി ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇങ്ങനെ ഒരു മാന്ത്രികഭക്ഷണമുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നു തന്നെ ഉത്തരം. മേൽപ്പറഞ്ഞ ഗുണങ്ങളെല്ലാം ഒത്തുചേർന്ന ചെറുധാന്യങ്ങളെ സൂപ്പർ ഫുഡ് എന്നു വിശേഷിപ്പിക്കുന്നു ആധുനിക വൈദ്യശാസ്ത്രം.

Finger Millet farming
Finger Millet farming

കൂവരക്, സൊർഗം, ബജ്റ, കൊടോ, ചാമ, തിന, വരക്, ബാർലി എന്നിങ്ങനെ ഒട്ടേറെയുണ്ട് ചെറുധാന്യങ്ങൾ (മില്ലറ്റുകൾ). കാഴ്ചയിൽ ചെറുതാണെങ്കിലും ചെറുതല്ല അവ നമുക്കു നൽകുന്ന ആരോഗ്യസുരക്ഷ. അരി, ഗോതമ്പ് എന്നിവയെ അപേക്ഷിച്ച് വളരെ ഉയർന്ന തോതിലുള്ള പ്രോട്ടീൻ, ഭക്ഷ്യനാര്, ധാതുലവണങ്ങൾ, ജീവകങ്ങൾ എന്നിവയും കുറഞ്ഞ ഊർജമൂല്യവും ഇവയെ വിശിഷ്ടമാക്കുന്നു.

ചെറുധാന്യങ്ങളും ഗുണങ്ങളും

റാഗി: കൂവരക്, മുത്താറി, കഞ്ഞിപ്പുല്ല്, പ‍ഞ്ഞിപ്പുല്ല് (Finger millet) എന്നീ പേരുകളിൽ അറിയപ്പെടുന്ന ഏറ്റവും ചെറിയ ധാന്യമാണിത്. കാൽസ്യ സമ്പുഷ്ടമായ കൂവരകിനെ ‘പാവപ്പെട്ടവന്റെ പാൽ’ എന്നു വിളിക്കാറുണ്ട്. കുഞ്ഞുങ്ങളുടെ ഭക്ഷണത്തിൽ പഴമക്കാര്‍ ഇതു നിർബന്ധമായും ഉൾപ്പെടുത്തിയിരുന്നു. കാൽസ്യത്തിനു പുറമെ, വളരെ ഉയർന്ന അളവിൽ ഇരുമ്പ്, ഫോസ്ഫറസ്, പ്രോട്ടീൻ, നാരുകൾ എന്നിവയും അടങ്ങിയ റാഗി വരൾച്ചയെ അതിജീവിക്കുന്ന വിളയാണ്. അതിനാൽ വരുംനാളുകളിൽ നമ്മുടെ ആരോഗ്യ സംരക്ഷണത്തിന് മുതൽക്കൂട്ടാകും റാഗി.

Millet
Millet

ബജ്റ: കമ്പം, പേൾ മില്ലറ്റ് എന്നെല്ലാം അറിയപ്പെടുന്ന ബജ്റ ചെറുധാന്യങ്ങളിലെ വിശേഷ ഇനമാണ്. മുത്തിന്റെ ആകൃതിയും നിറവുമുള്ള ബജ്റ ചെറുധാന്യങ്ങളിലെ മുത്താണ്. അപൂരിത കൊഴുപ്പുകൾ ധാരാളം അടങ്ങിയ ബജ്റ ഹൃദയാരോഗ്യത്തിനു ഫലപ്രദമാണ്. ഇരുമ്പ്, സിങ്ക്, ഭക്ഷ്യനാര്, പ്രോട്ടീൻ എന്നിവയാൽ സമ്പന്നം. ഉയർന്ന താപനിലയെ അതിജീവിച്ച് മികച്ച വിളവു നല്‍കുന്നു.

സൊർഗം (Sorghum): ചോളം, കാഫിർകോൺ എന്നെല്ലാം അറിയപ്പെടുന്ന ധാന്യം. കുലകുലയായി വളരുന്ന പൂങ്കുലയിൽ വെളുത്ത നിറമുള്ള വിത്തോടുകൂടിയ ഈ ധാന്യത്തിൽ പ്രോട്ടീനും നാരുകളും ധാരാളമുണ്ട്. ഇരുമ്പു സത്ത് ധാരാളം അടങ്ങിയ സൊർഗം വിളർച്ച (അനീമിയ) രോഗം തടയാൻ നന്ന്.

Food Healthy Bibimbap
Millet Bibimbap

കൊടോ മില്ലറ്റ് (Kodo millet): വരക് എന്ന് അറിയപ്പെടുന്ന കൊടോ മില്ലറ്റില്‍ കൂടുതലളവില്‍ നാരുകൾ അടങ്ങിയിരിക്കുന്നു. ഉയർന്ന തോതിൽ പ്രോട്ടീൻ, ആന്റി ഓക്സിഡന്റ് (നിരോക്സീകാരികൾ) അടങ്ങിയ കൊടോ മില്ലറ്റ് പ്രമേഹരോഗികൾക്കു പ്രയോജനപ്രദമാണ്.

ചാമ (ലിറ്റിൽ മില്ലറ്റ്): നെല്ലിനൊപ്പം വളരുന്ന കളയാണ് ചാമ. ഉയർന്ന അളവിൽ പ്രോട്ടീൻ, ഭക്ഷ്യനാര്, അപൂരിത കൊഴുപ്പ് എന്നിവ അടങ്ങിയ ചാമ ഏറെ രുചികരവും പോഷകപ്രദവുമാണ്.

തിന (ഫോക്സ്ടെയിൽ മില്ലറ്റ്): പക്ഷികൾക്കു തീറ്റയായിട്ടാണ് തിന ഉപയോഗിച്ചുവരുന്നതെങ്കിലും ഭക്ഷ്യയോഗ്യമായ ചെറുധാന്യമാണിത്.

ചെറുധാന്യങ്ങളിൽ പ്രധാന ധാന്യങ്ങളെ അപേക്ഷിച്ച് പ്രോട്ടീന്റെ അളവ് കൂടുതലാണ്. ഉയർന്ന ധാതുലവണ സാന്നിധ്യവും ജീവകങ്ങളുടെ അളവും അവയെ ശരീരസംരക്ഷണത്തിന് സഹായിക്കുന്ന സംരക്ഷിതാഹാരമാക്കുന്നു. (Protective food). ഗോതമ്പിലുള്ള ഗ്ലൂട്ടൻ എന്ന പ്രോട്ടീൻ ഇല്ലാത്തതിനാൽ ഗ്ലൂട്ടൻ അലർജിയുള്ളവർക്ക് ചെറുധാന്യങ്ങൾ യോജ്യമാണ്.‌ 

Farmers-From-Vidarbha
Farmers

ഭക്ഷ്യനാരുകളുടെ സമ്പന്നതയും അന്നജത്തിന്റെ കുറവും പ്രമേഹരോഗികൾക്കു പറ്റിയ ലോഗ്ലൈസീക് ഇൻഡക്സ് (Low GI food) ഭക്ഷണമായും ചെറുധാന്യങ്ങളെ മാറ്റുന്നു. അതായത് ദഹനത്തിനു ശേഷം വളരെ താഴ്ന്ന അളവിലേ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുകയുള്ളൂ. ഇവ കഴിച്ചാല്‍ ഇൻസുലിന്റെ ആവശ്യകതയും കുറയും. ഇക്കാരണങ്ങളാല്‍ ചെറുധാന്യങ്ങള്‍ ഉപയോഗിച്ചു തയാറാക്കുന്ന ഭക്ഷ്യവസ്തുക്കള്‍ക്ക് വിപണിയില്‍ ആവശ്യക്കാരേറുന്ന കാലമാണിപ്പോള്‍. ഇത്തരം ഭക്ഷ്യവസ്തുക്കള്‍ തയാറാക്കി വിപണിയിലെത്തിക്കുന്ന ‘മില്ലറ്റ് ഇഡ്ഡലി’ പോലുള്ള സംരംഭങ്ങള്‍ക്കു വൻ സാധ്യതകളാണ് ഉരുത്തിരിയുന്നതും. 

ചെറുധാന്യങ്ങള്‍ ഉപയോഗിച്ചു ചപ്പാത്തി, ഹെൽത്ത് മിക്സുകൾ, നൂഡിൽസ്, ബിസ്കറ്റുകൾ, കേക്കുകൾ, മുറുക്ക്, പക്കാവട തുടങ്ങി പാചകം ചെയ്തോ നേരിട്ടോ കഴിക്കാവുന്ന ഏതു ഭക്ഷ്യവസ്തുവും ഉണ്ടാക്കാം.

Tribal Villagers Collect Herb
Tribal Villagers Collect Herb.

ജീവിതശെലീരോഗമുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും ഇവ മികച്ച ആരോഗ്യ ഭക്ഷണമായിരിക്കുമെന്നതില്‍ സംശയമില്ല. ചെറുധാന്യങ്ങള്‍ മുളപ്പിച്ച് ഉണക്കിപ്പൊടിച്ചു ചേര്‍ത്താൽ ഇവയുടെ ഗുണം പതിന്മടങ്ങാകും. മുളപ്പിച്ച ധാന്യങ്ങൾ അരച്ച് വെള്ളം ചേർത്തു നേർപ്പിച്ച് അരിച്ചു കുറുക്കി കഴിക്കുന്നതും ശരീരത്തിനു ഗുണം ചെയ്യും. റാഗി പോലുള്ള ചെറുധാന്യങ്ങൾ ഇപ്രകാരം കഴിക്കുന്നത് പ്രായമായവർക്കും ഗർഭിണികൾക്കും പാലൂട്ടുന്ന അമ്മമാർക്കും വളരെ പ്രയോജനപ്രദമാണ്.

English Summary: Why Vice President M. Venkaiah Naidu Tweeted about this Millet Idlis from Visakhapatnam? 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA