പരീക്ഷണങ്ങൾക്കായി ഏതറ്റംവരെയും പോകുന്ന ചിലരുണ്ട്. അതിപ്പോൾ ഗംഭീരമായാലും പൊട്ടിപ്പാളീസായാലും അവർ അതെടുത്തങ്ങ് ആഘോഷമാക്കും. അതുപോലൊരു പൊട്ടിത്തെറി വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്നത്. മൈക്രോവേവ് അവനിൽ നിക്ഷേപിച്ച മുട്ടയുടെ വിഡിയോയാണ് ആളുകളുടെ ശ്രദ്ധയാകർഷിക്കുന്നത്.
നൈൽ. റെഡ് (nile.red) എന്ന ഇൻസ്റ്റഗ്രാം പേജിലാണ് കഴിഞ്ഞമാസം ആദ്യമായി മുട്ടയുടെ വിഡിയോ പ്രത്യക്ഷപ്പെട്ടത്. മൈക്രോവേവിൽ മുട്ടയിട്ടാൽ എന്ന തലക്കെട്ടോടെയാണ് വിഡിയോ പ്രചരിച്ചത്. വേവിക്കാത്ത മുട്ടയെടുത്ത് മൈക്രോവേവ് അവനിൽ വയ്ക്കുന്ന കാഴ്ചയിലാണ് വിഡിയോ തുടങ്ങുന്നത്. വച്ച് കുറച്ചു നേരമായിട്ടും മുട്ടയ്ക്ക് കാര്യമായ മാറ്റമൊന്നും സംഭവിക്കുന്നില്ല. പക്ഷേ പതുക്കെ പതുക്കെ മുട്ടയുടെ തോടിനുമുകളിൽ വിയർപ്പു തുള്ളികൾ പോലെ വെള്ളത്തുള്ളികൾ വരുകയും അധികം വൈകാതെ മുട്ടപൊട്ടിത്തെറിക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിൽ കാണാനാവുക. കഴിഞ്ഞ ദിവസമാണ് യുട്യൂബ് അവരുടെ ഇൻസ്റ്റഗ്രാം പേജിൽ വിഡിയോ പോസ്റ്റ് ചെയ്തത്. മുട്ടപൊട്ടിത്തെറിക്കുന്ന അവസാന നിമിഷം വരെ ക്ഷമയോടെ കാണുക എന്ന തലക്കെട്ടോടെയാണ് യുട്യൂബ് ആ സ്ലോമോഷൻ വിഡിയോ പങ്കുവച്ചത്.
പങ്കുവെച്ച് ദിവസങ്ങൾ കഴിയുന്തോറും പൊട്ടിത്തെറിക്കുന്ന മുട്ടയുടെ വിഡിയോ വെർച്വൽ ലോകത്തെ ആളുകളുടെ ഇഷ്ടം സമ്പാദിച്ച് മുന്നേറുകയാണ്.‘മുട്ട വല്ലാതെ വിയർക്കുന്നുണ്ടല്ലോ’, ‘എന്തിനാണ് ഈ വിഡിയോ കണ്ടപ്പോൾ ഞാൻ പേടിച്ച് ചാടിപ്പോയത്’ എന്നൊക്കെയുള്ള കമന്റുകളുമായാണ് ആളുകൾ മൈക്രോവേവിലിട്ട മുട്ടയുടെ വിഡിയോ പങ്കുവയ്ക്കുന്നത്.
Content Summary : Putting an egg in the microwave