ചാന്ദ്നി ചൗക്കിലെ പ്രസിദ്ധമായ ദൗലത് കി ഛാട്ട്...അലിഞ്ഞു തീരില്ല മനസ്സിലെ മധുരം

HIGHLIGHTS
  • ഛാട്ട് എന്നു പേരിലുണ്ടെങ്കിലും ഇതൊരു പാൽ വിഭവമാണ്.
  • മഞ്ഞിന്റെ വെൺമയും അൽപ്പം മഞ്ഞയും ഇടകലർന്നിരിക്കുന്നു. മധുരമെന്നു പേരിനു പറയാം.
daulat-ki-chaat
Image Credit : 27_Pixel/Shutterstock.
SHARE

ശൈത്യകാലത്ത് മഞ്ഞിന്റെ നൈർമല്യം പേറുന്ന മധുരത്തിനു  ‘ദൗലത് കി ഛാട്ട്’ എന്നല്ലാതെ മറ്റെന്താണു  പേരിടേണ്ടത്. മഞ്ഞു പോലെ നേർത്ത, വായിലിട്ടാൻ ഉടൻ അലിഞ്ഞു പോകുന്ന, നേരിയ മധുരം മാത്രമുള്ള ‘തണുപ്പി’നായി ശൈത്യകാലം വരെ കാത്തിരിക്കണം. ഓൾഡ് ഡൽഹിയിൽ, ചാന്ദ്നി ചൗക്കിലും ചാവ്ടി ബസാറിലുമെല്ലാം, രാവിലെ ചെറു ഉന്തുവണ്ടിയിലെത്തുന്നവരുടെ  ഛാട്ട് കഴിക്കാൻ പതിവായെത്തുന്നവർ ഏറെയുണ്ട്.  മണിക്കൂറുകൾക്കുള്ളിൽ  വിൽപനക്കാരുടെ പാത്രം കാലിയാകുന്നതും  ഈ പ്രിയം കാരണം. 

ഛാട്ട് എന്നു പേരിലുണ്ടെങ്കിലും  ഇതൊരു പാൽ വിഭവമാണ്.  മഞ്ഞിന്റെ വെൺമയും  അൽപം മഞ്ഞയും  ഇടകലർന്നിരിക്കുന്നു. മധുരമെന്നു  പേരിനു പറയാം അത്രമാത്രം. സൂര്യൻ ഉദിച്ചുയർന്നു കഴിഞ്ഞാൽ  ഇത് അലിഞ്ഞു പോകുമെന്നാണു  വിശദീകരണം.  വിൽപനക്കാർ രാവിലെ തന്നെ സജീവമാകുന്നതും  ഉച്ചയോടെ  കച്ചവടം അവസാനിപ്പിക്കുന്നതുമെല്ലാം  ഇതുമായി ചേർത്തുവയ്ക്കാം. ചാന്ദ്നി ചൗക്കിലെ ‘ജിലേബി വാല’യുടെ മുന്നിലൂടെയുള്ള  കിനാരി ബസാർ  റോഡിലും സമീപത്തെ സീതാറാം ബസാറിലുമെല്ലാം ദൗലത് കി ഛാട്ട് വിൽക്കുന്ന പലരെയും കാണാം. തലമുറകളായി, നൂറ്റാണ്ടുകളായി  ഡൽഹിയുടെ ശൈത്യത്തിൽ  മധുരം പകരുന്നവർ. 

1. ദൗലത് കി ഛാട്ട്, 2. ദൗലത് കി ഛാട്ട് വിൽപനക്കാരൻ

ഇത് എങ്ങനെ നിർമിക്കുന്നുവെന്നതിൽ കഥകളേറെയുണ്ട്. നൂറ്റാണ്ടുകൾക്കു മുൻപ് രാത്രിയിൽ  ചന്ദ്രവെളിച്ചത്തിലാണ്  ഇതു തയാറാക്കിയിരുന്നതെന്നു ചരിത്രം. ഇന്നു ചന്ദ്രവെളിച്ചത്തിനു വേണ്ടി കാത്തിരിക്കേണ്ടതില്ലെങ്കിലും താപനില വളരെ കുറഞ്ഞിരിക്കുന്ന സമയത്തു മാത്രമേ ഇതു തയാറാക്കാൻ സാധിക്കൂ. ഇല്ലെങ്കിൽ അലിഞ്ഞ് ദ്രവരൂപത്തിലായി മാറുമെന്നതു തന്നെ കാരണം. ഐസ് പെട്ടിയുടെ മുകളിലാണു ഛാട്ട് നിറഞ്ഞ പാത്രങ്ങളുമായി  വിൽപ്പനക്കാർ എത്തുന്നതെന്നും  ഓർക്കണം.  പതപോലെ നിൽക്കുന്ന ഛാട്ടിനെ ഒരു ചെറുപാത്രത്തിലാക്കിയ ശേഷം അതിനു മുകളിൽ അൽപ്പം കൂടി മധുരം വിതറി നൽകുമ്പോൾ അത് ഓരോ ശൈത്യകാലത്തിന്റെയും ഓർമയായി മാറുന്നു.

English Summary : Old delhi famous sweet dish daulat ki chaat,Traditional indian sweet.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘ആളുകൾ തിരിച്ചറിയാതിരുന്നാൽ അവിടെത്തീർന്നു താര പദവി’ | Indrans Interview

MORE VIDEOS
FROM ONMANORAMA