ADVERTISEMENT

മന്ത്രി പി. രാജീവിന്റെ പ്രഭാത ഭക്ഷണത്തിൽ ചെറു ധാന്യങ്ങൾ(മില്ലറ്റ്സ്) ഇടം പിടിച്ചിട്ട് വർഷങ്ങളായി. മലയാളിയുടെ പുതിയ ആരോഗ്യ ശീലത്തിൽ ചെറുധാന്യങ്ങളും ഉൾപ്പെടും. വൈകിട്ടു മട്ടയരിക്കഞ്ഞി കുടിച്ചിരുന്നു എന്ന് അഭിമാനത്തോടെ പറഞ്ഞിരുന്നിടത്ത് റാഗിയോ, ചാമയോ കുറുക്കി രാത്രിയിൽ കഴിക്കുന്നു എന്നു പറയുന്നതിലേക്കു മാറിക്കഴിഞ്ഞു. ചോറു കഴിക്കാതെ ഉറങ്ങാൻ പറ്റാതിരുന്നവർ ഷുഗറും പൊണ്ണത്തടിയും പേടിച്ച് ചെറുധാന്യങ്ങളിലേയ്ക്കു മാറിയിട്ടുണ്ടെന്നതും വസ്തുത. പുതിയ സാധ്യതകൾ തിരിച്ചറിഞ്ഞു സൂപ്പർ മാർക്കറ്റുകളിലെ ഷെൽഫുകളിൽ വിവിധ ബ്രാൻഡുകളിലുള്ള ചെറു ധാന്യങ്ങൾക്കൊപ്പം മൾട്ടി മില്ലറ്റ് ഉൽപന്നങ്ങളും സ്ഥാനം പിടിച്ചു കഴിഞ്ഞു.

ഹരിത വിപ്ലവം കൊണ്ടുവന്ന നീണ്ട ഒരു കാലം അരിയും ഗോതമ്പും മലയാളിക്കു ഒഴിവാക്കാൻ പറ്റാത്തതായി മാറിയിരുന്നു. ഇപ്പോൾ കടകളിൽ ചെറു ധാന്യങ്ങൾ ആവശ്യപ്പെട്ട് എത്തുന്നവരുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ട്. സൂപ്പർമാർക്കറ്റുകളിൽ മില്ലറ്റ് റെഡിടു കുക്ക് ഉൽപന്നങ്ങളുടെ ഡിമാന്‍ഡും കാര്യമായി കൂടിയിട്ടുണ്ട്. ബിസ്കറ്റ്, പാസ്ത, മൾട്ടി ഗ്രെയിൻ ആട്ട ഇവയെല്ലാം വിപണിയിൽ ഇറങ്ങിയിട്ടു കുറച്ചു നാളായെങ്കിലും ഈ അടുത്ത കാലത്തായി മില്ലറ്റ് ഉൽപന്നങ്ങളുടെ വിപണി ആവശ്യം കൂടിയിരിക്കുകയാണ്. ചെറുധാന്യങ്ങൾ ഉപയോഗിച്ചുള്ള ദോശ, ഇഡ്ലി മാവു മുതൽ ചപ്പാത്തി വരെ ഇതിനകം വിപണിയിലെത്തി. കാലാനുസൃതമായി ആരോഗ്യകരമായ ഭക്ഷണം ജനങ്ങളിലെത്തിക്കുന്നതിനുള്ള ശ്രമമാണ് നടത്തുന്നതെന്ന് സംസ്ഥാന വ്യാപകമായി ആദ്യമായി ഇൻസ്റ്റന്റ് മൾട്ടി മില്ലറ്റ് ദോശ, ഇഡ്ഡലിമാവ് എത്തിച്ച എഫ്ഇബിസി മാനേജിങ് ഡയറക്ടർ മനു ചന്ദ്രൻ പറയുന്നു. നിലവിൽ 4ഇ ബ്രാൻഡിൽ ഏഴു ചെറു ധാന്യങ്ങളുമായി ദോശമാവ് ഇറക്കുന്ന കമ്പനി വരും മാസങ്ങളിൽ ചെറു ധാന്യങ്ങൾ ഉപയോഗിച്ചുള്ള കൂടുതൽ ഉൽപന്നങ്ങൾ വിപണിയിൽ ഇറക്കാനുള്ള തയാറെടുപ്പിലാണെന്നും അദ്ദേഹം പറയുന്നു.

പ്രമേഹ രോഗികൾക്ക് അരിക്കു പകരം ചെറു ധാന്യങ്ങൾ

ചോളം, തിന, ചാമ, കമ്പം, റാഗി, കൂവരക്, സ്വർഗം എന്നു തുടങ്ങി ഏഴോളം ചെറുധാന്യങ്ങളാണ് അരിയുടെ സ്ഥാനം തിരിച്ചു പിടിക്കുന്നത്. സംസ്ഥാനത്ത് ഇവയുടെ ഉൽപാദനം താരതമ്യേന കുറവാണെങ്കിലും തമിഴ്നാട്ടിൽ നിന്നും തെലങ്കാനയിൽ നിന്നും മറ്റും ഇവ ധാരാളമായി കേരളത്തിലേയ്ക്കും എത്തുന്നുണ്ട്. ആന്ധ്രയിൽ മില്ലറ്റ് ഉൽപാദനവും ഉപഭോഗവും പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ സംവിധാനങ്ങൾ തന്നെ പ്രവർത്തിക്കുന്നുണ്ട്. ഒരുകാലത്ത് നമ്മുടെ പാടങ്ങളിൽ വിളഞ്ഞിരുന്ന ചെറു ധാന്യങ്ങളുടെ സ്ഥാനം നെല്ലും ഗോതമ്പും ഏറ്റെടുത്തതാണ് ഇവയ്ക്കു തിരിച്ചടിയായത്. ചെറുധാന്യങ്ങൾ ഉപയോഗിക്കുന്നത് പ്രമേഹ രോഗികൾക്കു നല്ലതാണെന്ന പഠനം ജനങ്ങളിലേയ്ക്ക് എത്തിയതോടെ ഡിമാൻഡ് ഉയർന്നിരിക്കുന്നതെന്ന് ഹൈദരാബാദിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യ‍ൂട്ട് ഓഫ് മില്ലറ്റ്സ് റിസർച്ച് സെന്ററിലെ ഗവേഷക ജിനു ജേക്കബ് പറയുന്നു.

ഗോതമ്പിൽ ഗ്ലൂട്ടൻ എന്ന പ്രോട്ടീൻ ഉണ്ട്. ഇതു വയറിനെയും ദഹനത്തെയും ബാധിക്കും. ഇത് ഒരു രോഗമായി തന്നെയാണ് പല രാജ്യങ്ങളിലും പരിഗണിക്കുന്നത്. അരിയിൽ ഗ്ലൂട്ടൺ ഇല്ല പകരം അന്നജം കൂടുതലാണ്. ചെറു ധാന്യങ്ങളിൽ അന്നജം ഉണ്ടെങ്കിലും അരിയിലേതു പോലെ പെട്ടെന്നു ദഹിച്ച് പഞ്ചസാരയായി രക്തത്തിൽ കലരില്ല. മില്ലറ്റിൽ ഫൈബർ അളവു കൂടുതലായതിനാൽ ഷുഗറായി മാറുന്നതിനുള്ള സമയം കൂടുതലെടുക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടു തന്നെ ലോഗ്ലൈസമിക് ഫുഡ് എന്നാണ് മില്ലറ്റുകളെ വിളിക്കുക. ദഹിക്കാൻ കൂടുതൽ സമയമെടുക്കുന്നതിനാൽ ഷുഗർ രോഗികൾക്ക് ഇതു കഴിക്കുന്നതിലൂടെ പെട്ടെന്നു വിശക്കുകയുമില്ല. കുറവു ഭക്ഷണം മികച്ച ആരോഗ്യ ശീലമാകുന്നത് അങ്ങനെയാണ്. 

കാൽസ്യത്തിന്റെ കലവറ; അയണും സിങ്കും സമൃദ്ധം

അരിയെക്കാൾ ഇതിൽ കുടുതൽ അളവിൽ ചെറുധാന്യങ്ങളിൽ ശരീരത്തിനു വേണ്ട കാൽസ്യവും മറ്റു ധാതുക്കളും അടങ്ങിയിട്ടുണ്ട്. പലതിനും പല കോമ്പോസിഷനായതിനാൽ മാറി മാറി ഉപയോഗിക്കുകയോ നിശ്ചിത അളവുകളിൽ ചേർത്തു കഴിക്കുകയോ ചെയ്യാം. റാഗിയിൽ കൂടുതലുള്ളത് കാൽസ്യമാണെങ്കിൽ ചില ധാന്യങ്ങളിൽ സിങ്കും അയണുമെല്ലാം ഉണ്ടാകും. കുഞ്ഞുങ്ങൾക്കും പ്രസവിച്ചവർക്കും റാഗി കുറുക്കി കൊടുക്കുന്നത് ഇതിനാലാണ്. കേരളത്തിൽ റാഗി മാത്രമാണ് സാധാരണ ഉപയോഗിക്കുന്നതു കണ്ടു വരുന്നത്. കമ്പം എന്ന ചെറു ധാന്യത്തിൽ ഇരുമ്പിന്റെ അളവു കൂടുതലുണ്ട്. അരിയിലും ഗോതമ്പിലും ഇരുമ്പ് ലഭ്യമല്ല. തിന നമ്മൾ കിളികൾക്കു കൊടുക്കാനാണ് ഉപയോഗിക്കുന്നത്. ആഗോള തലത്തിൽ ചെറു ധാന്യങ്ങളുടെ ഉപഭോഗവും ഉൽപാദനവും വർധിപ്പിക്കാൻ 2023 നെ മില്ലറ്റ് വർഷമായി യുഎൻ പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് എന്നാണു വിവരം. 

100 ശതമാനം ശീലം പെട്ടെന്നു വേണ്ട

സാധാരണ അരി, ഗോതമ്പ് ഭക്ഷണം കഴിച്ചിരുന്നവർ പെട്ടെന്ന് ഒരു ദിവസം ചെറു ധാന്യങ്ങൾ കഴിച്ചു ശീലിക്കാം എന്നു കരുതുന്നതു മണ്ടത്തരമാകുമെന്ന് ഗവേഷക ജിനു ജേക്കബ് പറയുന്നു. ഇപ്പോൾ ഇഡ്ഡലിയിലും മറ്റും മൂന്നിലൊന്ന് ഉഴുന്ന് ഇടുന്നതു പോലെ മൂന്നിലൊന്നു മാത്രം ചെറുധാന്യങ്ങൾ ആഹാരത്തിൽ ചേർത്തു കഴിച്ചു തുടങ്ങാം. ഇതു കാര്യമായ അരുചി ഉണ്ടാക്കില്ലെന്നു മാത്രമല്ല, വയറിനും ആരോഗ്യകരമായ ഭക്ഷണ ശീലമായി മാറും. ഫൈബർ അളവു കൂടുതലായതിനാൽ ദഹിക്കാൻ സമയമെടുക്കുന്നതു കൊണ്ടാണ് കുറഞ്ഞ അളവിൽ ഉപയോഗിച്ചു തുടങ്ങണമെന്ന നിർദേശം. മലയാളികൾക്ക് ചോറിനു പകരമായി ചാമ ഉപയോഗിക്കുന്നതിനു സാധിക്കും. ഒപ്പം പായസവും ഉപ്പുമാവും എല്ലാം ഇതുവച്ചുണ്ടാക്കാനാകും. ഇപ്പോൾ കേക്ക് മുതൽ പോപ്കോൺ പോലെയുള്ള സ്നാക്കുകൾ ഉണ്ടാക്കാനും ചെറു ധാന്യങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് അവർ പറയുന്നു. 

വിപണിയിൽ മാറ്റം പ്രകടം

മലയാളിയുടെ ഭക്ഷണ ശീലത്തിൽ അടുത്ത കാലത്തായി ഗൗരവമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് വിദ്യാഭ്യാസ സോഫ്ട്‍വെയറുകളിൽ നിന്നു ഫുഡ് ഫ്ലേവേഴ്സ് എന്ന സ്റ്റാർട്ടപ്പിന്നു തുടക്കമിട്ട ആലുവ സ്വദേശി രഞ്ജിത് ജോർജ് പറയുന്നു. ആരോഗ്യകരമായ ഭക്ഷണം നൽകുക എന്ന ലക്ഷ്യത്തിൽ വിപണിയിൽ വ്യത്യസ്ഥമായ അഞ്ച് ഇനം ഉൽപന്നങ്ങളാണ് ഇവർ ഫ്രഷ് സ്റ്റാർട്ട് എന്ന ബ്രാൻഡിൽ പുറത്തിറക്കിയിരിക്കുന്നത്. ഇവയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഉൽപന്നമാണ് റാഗിയും തെനയും ഫ്ലാക്സീഡുകളും ഉപയോഗിച്ചുള്ള ചപ്പാത്തി. തെനയും റാഗിയും ഉപയോഗിച്ചുള്ള നൂഡിൽസിനും ആവശ്യക്കാരുണ്ട്. ഇതിനൊപ്പം മുരിങ്ങയില, പാലക്ക് തുടങ്ങിയവ ഉപയോഗിച്ചുള്ള ചപ്പാത്തിയും വിപണിയിൽ ഇറക്കി. ഒരിക്കലെങ്കിലും ഉപയോഗിച്ചവർ നമ്പർ കണ്ടെത്തി വിളിച്ച് ഓർഡർ ചെയ്യുന്നത് വിപണി പിന്തുണ വർധിക്കുന്നതിന്റെ സൂചനയായാണ് കാണുന്നതെന്നും അദ്ദേഹം പറയുന്നു.

millet-food-02
ഫ്രഷ് സ്റ്റാർട് ഉൽപന്നങ്ങളുമായി ആലുവ സ്വദേശി രഞ്ജിത് ജോര്‍ജും ചിഞ്ജു റാണിയും

English Summary : Millets are a storehouse of iron, calcium and fibre and can be enjoyed by everyone.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com