ADVERTISEMENT

നമുക്കു നോവലുകളിലും കഥകളിലുമുള്ള ഭക്ഷണം വിൽക്കുന്ന ഒരു ഹോട്ടൽ തുടങ്ങിയാലോ എന്ന് അരുന്ധതി റോയി പണ്ട് സഹോദരൻ ലളിതിനോടു ചോദിച്ചിരുന്നു. വായിൽ വെള്ളമൂറുന്ന അത്തരം പുസ്തകങ്ങൾ എഴുതിയവരിൽ എസ്.കെ.പൊറ്റെക്കാട്ടും മാധവിക്കുട്ടിയും വികെഎന്നും ബഷീറും സാറാ ജോസഫും പുനത്തിൽ കുഞ്ഞബ്ദുള്ളയും ഒക്കെയുണ്ട്.

sk-pottekkatt
എസ്.കെ. പൊറ്റെക്കാട്ട്

 

എസ്.കെ.പൊറ്റെക്കാട്ടിന്റെ ഒരു ദേശത്തിന്റെ കഥയിലെ കുതിരബിരിയാണി, മാധവിക്കുട്ടി ബാല്യകാല സ്മരണകളിൽ എഴുതിയിട്ടുള്ള നാലുമണിപ്പലഹാരങ്ങൾ, വികെഎന്നിന്റെ പയ്യൻ കഥകളിലെ ദോശ ദോശാന്തരങ്ങൾ, പത്തിൽ പത്തു മാർക്ക് ആരും കൊടുക്കുന്ന പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ പത്തിരി, സാറാ ജോസഫ് ആലാഹയുടെ പെൺമക്കളിൽ എഴുതിയിട്ടുള്ള കോക്കാഞ്ചറ വെള്ളപ്പം.. അങ്ങനെയങ്ങനെ. 

kamala-suraiyya-illustration

 

ഒരു ദേശത്തിന്റെ കഥയിൽ കുതിരബിരിയാണി വിൽക്കുന്ന കുമാരന്റെ ഭാരതമാതാ ടീഷോപ് ഉണ്ട്. ഒരു ചാൺനീളവും മരുന്നരയ്ക്കുന്ന അമ്മിക്കുട്ടിയുടെ വണ്ണവുമുള്ള പുന്നെല്ലരിപ്പുട്ടും കൊഴുത്ത മസാലക്കറിയും വലിയ പപ്പടവും കൂട്ടിക്കുഴച്ച് അടിച്ചാൽ കുതിരബിരിയാണി. അല്ലാതെ അതിൽ കുതിരയുമില്ല, ബിരിയാണിയും ഇല്ല. പഴം, അരിമാവും സുഗന്ധദ്രവ്യങ്ങളും ചേർത്തു വെളിച്ചെണ്ണയിൽ വറുത്തെടുത്ത മധുരപലഹാരമായ തലയണയൊറ. പിന്നെ അതിരാണിപ്പാടത്തിന്റെ ദേശീയഭക്ഷണമായ ആറാം നമ്പർ. ഡയമൺ ആകൃതിയിൽ മുറിച്ചെടുത്ത അമേരിക്കൻ മാവിന്റെ ചെറുപപ്പടങ്ങൾ വറുത്ത് മീതെ പഞ്ചസാരക്കുഴമ്പു ചേർത്തതാണ് ആറാംനമ്പർ എന്ന് എസ്.കെ.

Vaikom Muhammad Basheer
ബഷീർ

 

മാധവിക്കുട്ടി എഴുതുമ്പോൾ നമുക്ക് ഒരമ്മ പലഹാരപ്പൊതി തുറക്കുന്നതുപോലെ തോന്നും. വീട്ടിലേക്കു ചെല്ലുമ്പോൾ പലഹാരം കൊടുത്തിരുത്തിയാൽ എന്ന പോലെയാണ് ‘ബാല്യകാലസ്മരണകളി’ൽ വട്ടക്കണ്ണി മുറുക്കും നെയ്യപ്പവുമൊക്കെ നിരത്തിവച്ചിരിക്കുന്നത്. നാലപ്പാട്ടെ ചേമ്പിൻ പുളിങ്കറി, ചാപ്പൻ നായരുണ്ടാക്കിയ കുമ്പളങ്ങസ്സാമ്പാർ, വടുകപ്പുളി നാരകം കൊണ്ട് ‌വല്യമ്മ ഉണ്ടാക്കിയ അച്ചാർ, ഇളവന്റെയും മത്തന്റെയും തോലും കയ്പയ്ക്കയും പച്ചപ്പയറും ഉപ്പുവെള്ളത്തിൽ മുക്കി മുറങ്ങളിൽ വച്ചുണക്കി ഉണ്ടാക്കിയ വറ്റൽ എന്നിവയുടെ സ്വാദ് പുസ്തകത്തിലാകെ ഒഴുകിപ്പരക്കുന്നു.

 

ബഷീറിന്റെ ബിരിക്കഞ്ചോ

punathil-kunjabdulla
പുനത്തിൽ കുഞ്ഞബ്ദുള്ള

 

എം.മുകുന്ദൻ
എം.മുകുന്ദൻ

പലതരം ബിരിയാണിയുണ്ടെന്നു നമുക്കറിയാം. എന്നാൽ, ബഷീറിന്റെ ബിരിക്കഞ്ചോ കഴിച്ചിട്ടുള്ളവർ എത്രപേരുണ്ട്. ചെന്നൈയിൽ താമസിക്കുമ്പോൾ ഒരു ഞായറാഴ്ചയാണു ബഷീർ ബിരിക്കഞ്ചോ ഉണ്ടാക്കിയത്. അക്കാര്യം ഉമ്മി അബ്ദുല്ല എഴുതിയ വിശിഷ്ടപാചകം എന്ന പുസ്തകത്തിന്റെ അവതാരികയിൽ ബഷീർ എഴുതിയിട്ടുണ്ട്. ബിരിയാണിയുണ്ടാക്കുന്നതിനിടെ ബഷീർ കുറച്ചുസമയം അതിന്റെ ചുമതല ഒരു സ്ത്രീയെ ഏൽപിച്ചു. തിരിച്ചുവന്നപ്പോൾ പാചകം ആകെ കുളമായിരിക്കുന്നു. ആ കുഴഞ്ഞുമറിഞ്ഞ വിഭവം നേരെയാക്കാൻ ബഷീർ ഏറെ പാടുപെട്ടു. അനന്തരം അവിടെയുള്ളവർക്കു വിളമ്പിയ ആ വിഭവത്തിനു ബഷീർ ഇട്ട പേരാണു ബിരിക്കഞ്ചോ.

അരുന്ധതി റോയി
അരുന്ധതി റോയി

 

പിന്നെ പയ്യൻ കഥകളിൽ വികെഎന്നിന്റെ ദോശവിസ്താരം– ഒരു കൺവേയർ ബെൽറ്റിലൂടെ എന്ന വിധം അസംഖ്യം ദോശകൾ പയ്യന്റെ മനസ്സിലൂടെ കടന്നുപോയി. ഒടുവിൽ ദോശകൾ തീർന്നപ്പോൾ ബെൽറ്റ് നിന്നു. ബെൽറ്റ് വീണ്ടും പ്രവർത്തിച്ചുതുടങ്ങിയപ്പോൾ ദോശ മുക്കിത്തിന്നാനുള്ള സാധനങ്ങളാണ് അതിലൂടെ വന്നത്. പൊട്ടുകടലയും കപ്പൽ മുളകും കടുകും വറുത്തിട്ട് വരിക്കത്തെങ്ങിന്റെ വലിയ നാളികേരം അരച്ചുണ്ടാക്കിയ ചട്നിയും ഉള്ളിയും മുളകും ചേർത്തരച്ചു പപ്പടം കാച്ചിയ എണ്ണയിൽ പൊരിച്ചെടുത്ത വെങ്കായച്ചമ്മന്തിയും എന്നിങ്ങനെ പോകുന്നു ആ വർണന. പെണ്ണുങ്ങൾ പൂ പോലത്തെ ചോറിൽ മോരൊഴിച്ചു മോട്ടർ വച്ച് പമ്പ് ചെയ്തുതുടങ്ങി എന്നു വികെഎൻ എഴുതിയതു വായിച്ചാൽ ചിരിക്കാത്തവർ ആരുമുണ്ടാവില്ല.

 

സാറാ ജോസഫിന്റെ ‘ആലാഹയുടെ പെൺമക്കളിൽ’ കോക്കാഞ്ചറ എന്ന സ്ഥലത്തുണ്ടാക്കി പലേടത്തായി ആൾക്കാർ കൊണ്ടുപോയി വിൽക്കുന്ന കോക്കാഞ്ചറ വെള്ളപ്പത്തെക്കുറിച്ചുണ്ട്. നോവലിലെ കുഞ്ഞില എന്ന കഥാപാത്രം, മുഖത്തോടു മുഖം നിരത്തിവച്ച രണ്ടു വെള്ളപ്പങ്ങൾ ഒരു കൂട്ടിലാക്കി വയ്ക്കും. അങ്ങനെ ഒട്ടേറെ കൂടുകൾ അപ്പക്കൊട്ടകളിൽ കൂന കൂട്ടിയിടും. പൊടിനിയിലയിൽ വെള്ളപ്പക്കൂടുകൾ വച്ച് അതിനുമീതെ പഞ്ചസാരയിട്ട തേങ്ങാപ്പാൽ തൂകും. വെള്ളപ്പത്തിന്റെ നേർത്ത അരികുകൾ തേങ്ങാപ്പാലിൽ കുതിർത്തു കൊതിപ്പിക്കുന്ന മണം പരക്കും. അപ്പത്തിനു മീതെ തേങ്ങാത്തരികൾ പൊന്തിക്കിടക്കും. 

 

പത്തിരിയുടെ പുതിയാപ്പിളമാർ

 

ഒരുവിധം വേവാകുമ്പോൾ തബലയിൽ അടിക്കുന്നതുപോലെ അടിച്ചുണ്ടാക്കിയെടുക്കുന്ന പത്തിരി കഴിക്കാനാണ് കൈപ്പുണ്യം എന്ന പുസ്തകത്തിൽ പുനത്തിൽ നമ്മെ ക്ഷണിക്കുന്നത്. തേങ്ങയരച്ചുവച്ച മീൻകൂട്ടാനും ചുവന്നുള്ളി ചേർത്തരച്ച കട്ടിച്ചമ്മന്തിയുമാണു പത്തിരിയുടെ കൂട്ടാൻ. ചക്കക്കുരുവും മുരിങ്ങയിലയും തേങ്ങയരച്ചതും ചേർത്തു താളിച്ച കറി. അല്ലെങ്കിൽ കൊഞ്ചും മുരിങ്ങക്കായും കൊണ്ടുള്ള കറി. ഇവയാണു പത്തിരിയുടെ പുതിയാപ്പിളമാരെന്നു പറഞ്ഞ് പുനത്തിൽ ഊറിച്ചിരിക്കുന്നു. പിന്നെ മരുന്ന് എന്ന നോവലിൽ എത്രയോ വിഭവങ്ങൾ പുനത്തിൽ അവതരിപ്പിക്കുന്നു.  

 

പല രുചികളുടെ ദേശീയ തലസ്ഥാനമാണു ഡൽഹി എന്നു ഡൽഹിഗാഥകൾ എന്ന നോവലിൽ എം.മുകുന്ദൻ തെളിയിക്കുന്നു. പുട്ട് പലതും കൂട്ടിക്കഴിക്കാം എന്നതുപോലെ പുട്ട് പലതരമുണ്ടെന്നു കുഞ്ഞുണ്ണിമാഷ്. മുകളിൽ ഒരുരുള വെണ്ണ വച്ചുണ്ടാക്കുന്ന പുട്ടിനെയോർത്ത് മാഷ് പപ്പടം പൊടിക്കുന്നതുപോലെ പൊട്ടിപ്പൊട്ടിച്ചിരിക്കുന്നു. 

 

വെളുത്തയുടെ വീട്ടിലെ കറുത്ത പുളിയിട്ടുവച്ച ചുവന്ന മീൻകറി മുതൽ ഏത്തപ്പഴം ജാമും തക്കാളി സാൻഡ്‍വിച്ച് വരെയുള്ള വിഭവങ്ങളുമായി അരുന്ധതി റോയി ഗോഡ് ഓഫ് സ്മോൾ തിങ്സിനെ കേരളത്തിന്റെ ഒരു ഷോകേസ് ആക്കി മാറ്റി. മലയാള ഭാഷയിലെ എഴുത്തുകാരും അവരുടെ പുസ്തകങ്ങളെ പലരുചിയുടെ ഷോകേസ് ആക്കി.

English Summary : Variety Food Experience Mentioned in malayalam literature.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com