ADVERTISEMENT

റമസാനിൽ നോമ്പു തുറക്കാൻ മസാലക്കഞ്ഞിയുടെ രുചിക്കൂട്ട് വിളമ്പി മണ്ണാർക്കാട് ടൗൺ ഹനഫി ജുമാ മസ്ജിദ്. നോമ്പുതുറക്കുള്ള ഇവിടുത്തെ മസാലക്കഞ്ഞിയുടെ രുചിക്കൂട്ടിന് അരനൂറ്റാണ്ടിന്റെ പാരമ്പര്യമുണ്ട്.    മിക്ക പള്ളികളിലും നോമ്പു തുറക്കാൻ വിവിധ വിഭവങ്ങൾ ഒരുക്കാറുണ്ട്. ഇക്കൂട്ടത്തിൽ ഹനഫി മസ്ജിദിലെ കഞ്ഞിയുടെയും ചെമ്മീൻ ചമ്മന്തിയുടെയും രുചി വേറിട്ടു നിൽക്കുന്നു. കഞ്ഞി തയാറാക്കാനായി തമിഴ്നാട്ടിൽനിന്ന് ജീരകശാല അരി നേരത്തെ എത്തിക്കും. അണ്ടിപ്പരിപ്പ്, മുന്തിരി, സവാള, ഉള്ളി, ഗ്രാമ്പു, പട്ട, വെളുത്തഉള്ളി, ഇ‍ഞ്ചി, മല്ലിയില, കുരുമുളക്, കറിവേപ്പില, തക്കാളി, പച്ചമുളക്, നെയ്യ് തുടങ്ങി പതിനെട്ടോളം ചേരുവകൾ ചേർത്താണ് കഞ്ഞി തയാറാക്കുന്നത്. 

 

കഞ്ഞിക്ക് ആവശ്യമായ മസാലകൾ അതതു ദിവസം പൊടിച്ചെടുക്കുകയാണു പതിവ്. രാവിലെ 7ന് തുടങ്ങും ഒരുക്കം. വൈകിട്ട് 5ന് വിതരണം തുടങ്ങും. ഗ്ലാസിൽ കുടിക്കാവുന്ന പരുവത്തിൽ കട്ടികുറഞ്ഞാണ് കഞ്ഞി തയാറാക്കുന്നത്. പകൽ മുഴുവൻ വ്രതമനുഷ്ഠിച്ച ശേഷം ആദ്യം കുടിക്കുന്ന വിഭവങ്ങളിലൊന്ന് ആയതിനാൽ ദഹന പ്രശ്നങ്ങളൊന്നും ഉണ്ടാകാതിരിക്കാനാണ് ഇത്തരത്തിൽ കട്ടികുറഞ്ഞ കഞ്ഞി തയാറാക്കുന്നത്. ഒരു തവണ കഴിച്ചവർ വീണ്ടും ഇവിടെ എത്തുമെന്നതാണ് ഇവിടുത്തെ മസാലക്കഞ്ഞിയുടെ പ്രത്യേകത. കഞ്ഞി വാങ്ങാനെത്തുന്നവരുടെയും കുടിക്കാനെത്തുന്നവരുടെയും എണ്ണം നോക്കിയാലറിയാം കഞ്ഞിയുടെ രുചിപ്പെരുമ. 5ന് കഞ്ഞി വിതരണം ആരംഭിക്കും മുൻപ് വാങ്ങാനെത്തുന്നവരുടെ നിര ദേശീയപാതയിലക്കു നീളും. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും നോമ്പു തുറക്കാനായി ദിവസവും ശരാശരി അഞ്ഞൂറിലേറെ പേരാണ് കഞ്ഞി വാങ്ങാനെത്തുന്നത്. ആരു വന്നാലും കഞ്ഞി നൽകും. 

 

നോമ്പു തുറക്കാൻ പള്ളിയിൽ എല്ലാ ദിവസവും ശരാശരി 250 പേരുണ്ടാവും. ഇവർക്ക് പള്ളിയുടെ മുകളിൽ നിരയായി പാത്രത്തിൽ കഞ്ഞി വിളമ്പി വയ്ക്കും. നോമ്പു തുറക്കുന്ന സമയത്ത് മണ്ണാർക്കാടെത്തുന്നവർക്ക് പ്രയാസമുണ്ടാവില്ല. നൂറ് വർഷത്തെ പാരമ്പര്യമുള്ള ടൗൺ ഹനഫി ജുമാ മസ്ജിദിൽ കഞ്ഞി വിതരണം തുടങ്ങിയിട്ട് 50 വർഷം പിന്നിട്ടു.തുടക്കത്തിൽ മൂന്ന് കിലോ അരിയായിരുന്നു വച്ചിരുന്നത്. ഇപ്പോൾ ദിവസവും 60 കിലോ അരി വയ്ക്കുന്നുണ്ട്. ഉദാരമതികളുടെ സഹകരണത്തോടെയാണ് പൂർവികർ തുടങ്ങിവച്ച കഞ്ഞിവിതരണം പള്ളിക്കമ്മിറ്റി ഭാരവാഹികൾ മുടങ്ങാതെ നടത്തിക്കൊണ്ടുപോകുന്നത്. കഞ്ഞി വയ്ക്കാനും വിതരണം ചെയ്യാനുമെല്ലാം മഹല്ലിലെ യുവാക്കളടങ്ങുന്ന സംഘമാണു നേതൃത്വംനൽകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com