ADVERTISEMENT

ഇത് മിന്നൽ വിജയൻ. മലയിൻകീഴിന്റെ സ്വന്തം വിജയൻ. മിന്നൽ മുരളിയായിട്ട് യാതൊരു ബന്ധം ഇല്ലെങ്കിലും മിന്നൽ വിജയൻ എന്നാണ് അദ്ദേഹത്തെ എല്ലാവരും വിളിക്കുന്നത്. ഫുഡ് വ്ലോഗർ മുകേഷ് എം നായരാണ് ഈ വിഡിയോ പങ്കുവച്ചത്....

തിരുവനന്തപുരം മലയിൻകീഴിലുള്ള വിജയൻ ചേട്ടന്റെ കടയിൽ നല്ല വെടിച്ചില്ല് ചിക്കൻ ഫ്രൈ കിട്ടും, വില 50 രൂപ !.ഒരു പൊളി ഐറ്റമാണ്. കാരണം ഒറ്റയ്ക്ക് ഒരു കടയിൽ ബീഫ് കറി, ചിക്കൻ കറി, ചിക്കൻ പെരട്ട്, ചിക്കൻ ഫ്രൈ, പൊറോട്ട അടി, കാശ് വാങ്ങല്‍, സപ്ലൈ, ചായ അടിപ്പ് എല്ലാം ഒറ്റയ്ക്കു ചെയ്യുന്ന ഒരു മനുഷ്യൻ. അദ്ഭുത പ്രതിഭയാണ്. പ്രതിഭാസമാണ് അദ്ദേഹത്തിന്റെ ബീഫ് കറി. അതിന്റെ ഒരു െടക്സ്ചറും കളറുമൊക്കെ ഒന്നു കാണേണ്ടതാണ്. ഇന്നൊരു ചെറിയ കട ആണെങ്കിൽ പോലും കട നടത്താനും ക്യാഷിലിരിക്കാനും പൊറോട്ട അടിക്കാനുമായിട്ട് അഞ്ചും ആറും ആൾക്കാരാണ്. ബീഫ് കറി, ചിക്കൻ കറി, ചിക്കൻ പെരട്ട്, ചിക്കൻ ഫ്രൈ, പൊറോട്ട, ദോശ ഇതെല്ലാം കൂടി ഒറ്റയ്ക്ക് ഒരുക്കുന്ന വിജയണ്ണൻ മിന്നൽ വിജയനെന്നല്ലാതെ പിന്നെ എന്താണ് വിളിക്കേണ്ടത്.   

 

ഇവിടുത്തെ ബീഫ് കറി അന്യായ ബീഫ് കറി ആണ്. ഒരു പക്ഷേ നിങ്ങളിതു വരെ കഴിച്ചിട്ടില്ലെങ്കിൽ  ഇനി കഴിക്കാൻ പോകുകയാണെങ്കിൽ നിങ്ങളും പറയും. സ്വർഗം മാമാ സ്വർഗം എന്ന്. അത്ര കിടിലൻ ബീഫ് കറി ആണ്. 

 

കട്ടൻ ചൂടുള്ളതാണെങ്കിലും തണുത്തതാണെങ്കിലും നല്ല മൊരിഞ്ഞ പൊറോട്ടയും അതിനോടൊപ്പം അടുപ്പിൽ തിളയ്ക്കുന്ന ബീഫും കൂടി ഉണ്ടെങ്കിൽ പൊളിക്കും. കസ്റ്റമർ എത്തിയതിനു ശേഷം കല്ല് ചൂടാക്കി അതിലേക്ക് പൊറോട്ട അടിക്കുന്നതാണ് വിജയേട്ടന്റെ രീതി. പൊറോട്ട അടിച്ചുരുട്ടി വച്ചിരിക്കും. കൈകൊണ്ട് പരത്തി എടുത്ത് കല്ലിലിട്ട് നമുക്ക് ലൈവായിട്ട് ചുട്ട് തരും. അതുകൊണ്ടാണ് നല്ല പൊരിഞ്ഞ പൊറോട്ട മൊരിഞ്ഞത് എന്നു പറഞ്ഞാൽ പോര പൊരിഞ്ഞ പൊറോട്ട നമുക്ക് വിജയേട്ടന്റെ കടയിൽ നിന്ന് കിട്ടും. പൊറോട്ടയ്ക്ക് അന്യായ വലിപ്പമാണ്. അടിപൊളി അഡാറ് പൊറോട്ട നല്ല സിൽക്കി ഫ്ലേക്കി ക്രിസ്പി പൊറോട്ട നല്ല സോഫ്റ്റുമാണ്. പൊറോട്ട അടിച്ച് കാസറോളിൽ വയ്ക്കും. ആൾക്കാരു വരുമ്പോൾ കാസറോളിൽ നിന്നാണ് പൊറോട്ട കൊടുക്കുന്നത്. ആള്‍ക്കാരു വന്ന് ഇരുന്നാൽ മാത്രമേ അണ്ണൻ പൊറോട്ട ചുട്ടു തുടങ്ങൂ എന്നുള്ളത് പരമാർഥമാണ്. പക്ഷേ മിനിമം ഒരു പത്തു പൊറോട്ട എങ്കിലും അടിച്ച് സെറ്റ് ചെയ്തു വയ്ക്കും. പിന്നെ ബീഫ് കോരുന്നതാണ് നമ്മൾ കാണുന്നത്. ബീഫ് നല്ല ക്വാണ്ടിറ്റിയിൽ കിട്ടും ഒരു പ്ലേറ്റ് എന്നു പറയുമ്പോൾ അത്യാവശ്യം ലാവിഷായിട്ട് കൂട്ടാനുള്ള ഗ്രേവിയും പീസും ഒക്കെയുള്ള നല്ല സ്പൈസി ബീഫ് കറി. 

 

രാവിലെ എട്ടു മണിക്കു തുറക്കുന്ന കടയിൽ രാത്രി പത്തു മണി വരെ കച്ചവടം ഉണ്ട്. അപ്പോഴും ഫുൾടൈം ബീഫും പൊറോട്ടയും, ചിക്കൻ കറിയും ചിക്കൻ പെരട്ടും ഒക്കെ കിട്ടും. തെറ്റില്ലാത്ത വലിയൊരു പീസും കുറച്ചു പൊടിയും കൂടിയുളള ചിക്കൻ ഫ്രൈ 50 രൂപയ്ക്ക് നല്ല ലാഭമാണ്. 

 

തിരുവനന്തപുരത്ത് എത്തിയാൽ ഉറപ്പായും ട്രൈ ചെയ്യാനുള്ള ഒരു ഫുഡ് സ്പോട്ടാണ് ഈ സ്ഥലം. പല കടകളിലും ബീഫിലിപ്പോൾ മായം ചേർക്കുന്നുണ്ടെങ്കിലും അല്ലെങ്കിൽ ക്വാളിറ്റിൽ കോംപ്രമൈസ് ചെയ്യുന്നുണ്ടെങ്കിലും വർഷങ്ങളായിട്ട് വിജയേട്ടന്റെ ഈ കൊച്ചു കടയിൽ ബീഫ് ഒരേ അളവിലാണു വിൽക്കുന്നത്. ചിക്കൻ ഫ്രൈയുടെ കൂടെ കിട്ടുന്ന ആ ചെറിയ പൊടിയിൽ വെളുത്തുള്ളി ചതച്ചതും ഇഞ്ചി ചതച്ചതും അന്യായ ടേസ്റ്റാണ്. നല്ല ചുവന്ന വറ്റൽ മുളക്, കശ്മീരി മുളക് ഇതാണ് അണ്ണന്റെ മസാല.

 

English Summary : Spicy special chicken fry is tasty.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com