മധുരയിലെ പരുത്തിപ്പാലിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? മധുരയിലെ കൊടുചൂടിൽനിന്നു രക്ഷ പകരുന്ന ആരോഗ്യപാനീയമാണിത്. പരുത്തിക്കുരു (Cotton seed) അരച്ച് അതിന്റെ പാൽ അരിച്ചെടുത്തുണ്ടാക്കുന്ന ഈ ഐറ്റം സർവരോഗ സംഹാരിയാണെന്നും ഹൃദയാഘാതം തടയുന്നതിനും ഹൃദയത്തിലെ ബ്ലോക്ക് അലിയിച്ച് കളയുന്നതിനും ഉത്തമമാണെന്നും പറയപ്പെടുന്നു. മധുരയിൽ പരുത്തിപ്പാൽ കിട്ടുന്ന കടകളിൽ പേരെടുത്തതാണ് ‘ശ്രീ തിരുമല മടൈ കറുപ്പുസാമി പരുത്തിപ്പാൽ കടൈ’. ജലദോഷവും തൊണ്ടവേദനയുമൊക്കെ പമ്പ കടത്തുന്ന ഒറ്റമൂലിയെന്നാണ് കടയുടമ കറുപ്പുസാമി പരുത്തിപ്പാലിനെക്കുറിച്ച് പറയുന്നത്.
ശർക്കരയിൽ വളരെ നേർപ്പിച്ചു കാച്ചിയ കൂവയിൽ നിറച്ചും തേങ്ങയും ചുക്ക് കാപ്പിയുടെ കൂട്ടുമൊക്കെ ഇട്ടു ചൂടോടെ കുടിച്ചാലുണ്ടായേക്കാവുന്ന സ്വാദിനോടു സാമ്യം തോന്നുന്ന രുചിയാണിതിന്. പരുത്തിക്കുരു അരച്ചെടുക്കുന്ന പാലിലേക്ക് പച്ചരി അരച്ചുചേർക്കും. ഒപ്പം ശര്‍ക്കരപ്പാനിയും ചേര്‍ക്കും. ശേഷം ഏലയ്ക്ക, ചുക്ക്, ഇഞ്ചി, തിപ്പലി, ഇരട്ടിമധുരം, കുരുമുളക് എന്നിവ ഒരുമിച്ച് പൊടിച്ച്, ആ പൊടിയും ചേര്‍ത്ത് തിളപ്പിക്കും. തിള വന്നാല്‍ തേങ്ങ തിരുമ്മിച്ചേര്‍ക്കും. പരുത്തിപ്പാല്‍ തയാര്‍. മധുരയിലെ പരുത്തിപ്പാൽ രുചിയെക്കുറിച്ച് ഹിത വേണുഗോപാലൻ എഴുതിയത് വായിക്കാം.
English Summary : Paruthi Paal is a unique herbal drink found in Madurai.