സ്ട്രീറ്റ് ഫുഡിൽ നിന്ന് രാജ്യാന്തര പുരസ്കാരത്തിലേക്ക് ഒരു കബാബിന്റെ യാത്ര; ആ കഥയിങ്ങനെ...

HIGHLIGHTS
  • പുകമറയ്ക്കുള്ളിൽ കനലിൽ എരിയുന്ന കബാബ്
  • വേൾഡ് പിങ്കി ലേഡി ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ 2022 പുരസ്ക്കാരം ലഭിച്ച ചിത്രം
Kebabiyana
Image tweeted by FoodPhotoAward
SHARE

മഞ്ഞു പെയ്യുന്ന പുലരികളിലൊന്നിൽ മുഖപടം നീക്കുന്ന നവവധുവിന്റെ നാണച്ചുവപ്പുപോലെ ഒരു വിഭവം. സ്ട്രീറ്റ് ഫുഡ് എന്ന വിലാസത്തിൽനിന്ന്,  രാജ്യാന്തര ഫുഡ് ഫൊട്ടോഗ്രഫി മൽസരത്തിൽ ഒന്നാമതെത്തിയ ചിത്രം എന്ന ഖ്യാതിയിലേക്ക് ആ കബാബ് യാത്ര തുടങ്ങിയതങ്ങനെയാണ്.

കബാബ് ഗ്രിൽ ചെയ്യുന്ന ഒരു തെരുവുകച്ചവടക്കാരന്റെ ചിത്രത്തിനാണ് ഇന്ത്യൻ ഫൊട്ടോഗ്രഫർ ദേബ്ദത്ത ചക്രവർത്തിക്ക് (Debdatta Chakraborty) ഈ വർഷത്തെ വേൾഡ് പിങ്ക് ലേഡി ഫൊട്ടോഗ്രഫർ ഓഫ് ദി ഇയർ പുരസ്കാരം ലഭിച്ചത്. കെബാബിയാന എന്നു പേരിട്ട ചിത്രം ദേബ്ദത്ത പകർത്തിയത് ശ്രീനഗറിലെ ഖയ്യാം ചൗക്കിൽ നിന്നാണ്. അതിനെപ്പറ്റി ദേബ്ദത്ത പറയുന്നതിങ്ങനെ ‘ആ സായാഹ്ന ഭക്ഷണശാല തുറന്നപ്പോഴാണ് അവിടെയെത്തിയത്. ഇളം കാറ്റിനൊപ്പം ഒഴുകിയെത്തിയ കബാബിന്റെ കൊതിപ്പിക്കുന്ന മണം ആ തെരുവിൽ നിറഞ്ഞു നിന്നിരുന്നു.’

ഭക്ഷണത്തിന്റെ ചിത്രങ്ങൾ എടുക്കാൻ താത്പര്യമുള്ള ദേബ്ദത്തിന്റെ ക്യാമറക്കണ്ണുകൾ, മഞ്ഞുപോലെ പടർന്ന പുകയ്ക്കിടയിൽ തിളങ്ങുന്ന കബാബിന്റെ ചിത്രങ്ങൾ ഒപ്പിയെടുത്തു. അവ കച്ചവടക്കാരനെ കാണിച്ചപ്പോൾ അദ്ദേഹത്തിനും സന്തോഷമായി.

‘മനുഷ്യരെ പരസ്പരം ബന്ധിപ്പിക്കുന്ന ഒന്നാണ് ഭക്ഷണം. അതിന്റെ ചിത്രങ്ങൾ എടുക്കുന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്’ –കൊൽക്കത്ത സ്വദേശിയായ ദേബ്ദത്ത പറയുന്നു.

പുരസ്കാരത്തിന് 60 രാജ്യങ്ങളിൽ നിന്നുള്ള എൻട്രികളുണ്ടായിരുന്നു. റസ്റ്ററന്റ് ഉടമയും മാസ്റ്റർഷെഫും രാജ്യാന്തര പ്രശസ്ത ഷെഫുമായ മോണിക്ക ഗാലെറ്റി യൂട്യൂബിൽ തത്സമയം സംപ്രേഷണം ചെയ്ത ചടങ്ങിൽ വിജയികളെ പ്രഖ്യാപിച്ചു. 2011 ലാണ് പിങ്ക് ലേഡി ഫുഡ് ഫൊട്ടോഗ്രഫർ ഓഫ് ദി ഇയർ പുരസ്കാരം നൽകാൻ ആരംഭിച്ചത്.

‘എല്ലാവർക്കും കൊടുക്കാനുള്ള ഭക്ഷണമാണ് ഇതിൽ തയാറാക്കുന്നത്, പവർ ഫുൾ ചിത്രം’. നിറഞ്ഞു നിൽക്കുന്ന പുകയും ഗോൾഡൻ ലൈറ്റും കബാബിന്റെ ചുവപ്പു നിറവും ചിത്രത്തെ കൂടുതൽ മനോഹരമാക്കിയെന്നും പിങ്ക് ലേഡി ഫുഡ് ഫൊട്ടോഗ്രഫർ ഓഫ് ദി ഇയർ സ്ഥാപകയും ഡയറക്ടറുമായ കരോലിൻ കെനിയോൺ പറഞ്ഞു.  

English Summary : Award-winning Photo of Kashmiri Kebab-seller Shows How 'Food Connects Us'

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA